Image

വോട്ട് പോര് 2016: പാലായില്‍ മാണിമാരുടെ പവര്‍ പ്ലേ-21 (എ.എസ് ശ്രീകുമാര്‍)

Published on 30 April, 2016
വോട്ട് പോര് 2016: പാലായില്‍ മാണിമാരുടെ പവര്‍ പ്ലേ-21 (എ.എസ് ശ്രീകുമാര്‍)
പോളിങ് ദിനം അടുക്കുന്തോറും പാലായിലെ സൂര്യാഘാതം ശക്തമാവുകയാണ്. ഇവിടെ മാണിമാര്‍ തമ്മിലുള്ള മത്സരം വാക്ക് പോരുകൊണ്ട് ആവേശം കടുകട്ടിയാവുന്നു. ജനാധിപത്യ ഗുസ്തി കൂടുതല്‍ ആവേശത്തിലേക്ക് കടന്നതോടെ ആര്‍ക്കും വ്യക്തമായ മേല്‍ക്കൈ നേടാനായിട്ടില്ലെന്നതാണ് മണ്ഡലവിശേഷം. കെ.എം മാണിക്ക് അനുകൂല തരംഗമുള്ള സ്ഥലമാണ് പാലാ. എങ്കിലും ഇത്തവണ അത്തരത്തിലുള്ള ഒരു തരംഗം പാലായില്‍ ഇല്ലെന്നാണ് എല്‍.ഡി.എഫ് ആത്മവിശ്വാസത്തോടെ പറയുന്നത്. 

എന്‍.സി.പി. സ്ഥാനാര്‍ഥിയായി മാണി സി. കാപ്പന്‍ മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇരുവരും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. കെ.എം. മാണി തുടര്‍ച്ചായ പതിമൂന്നാം തവണ വിജയം നേടുകയെന്ന ലക്ഷ്യത്തോടെ കളത്തിലിറങ്ങുമ്പോള്‍ അട്ടിമറിയാണ് മാണി സി. കാപ്പന്റെ സ്വപ്‌നം. 1965ല്‍ പാലാ മണ്ഡലം രൂപീകൃതമായത് മുതല്‍ ഇവിടെനിന്നു കെ.എം. മാണി മാത്രമാണു ജയിച്ചിട്ടുള്ളത്...പാലാ മാണിയുടെ കുത്തകയാണ്. 1970ലെ തിരഞ്ഞെടുപ്പില്‍ മാത്രമാണ് മാണിയെ എതിരാളികള്‍ക്ക് വിറപ്പിക്കാനായത്. അന്ന് കോണ്‍ഗ്രസിലെ എം.എം. ജേക്കബ് മാണിയോട് പരാജയപ്പെട്ടത് കേവലം 364 വോട്ടുകള്‍ക്കാണ്. മാണിയുടെ ഭൂരിപക്ഷം പിന്നീടുള്ള ഓരോ തിരഞ്ഞെടുപ്പുകളിലും കയറുകയും ഇറങ്ങുകയും ചെയ്തു. 

1996ല്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച സി.കെ. ജീവനെതിരേ നേടിയ 23790 എന്ന ഭൂരിപക്ഷമാണ് ഏറ്റവും ഉയര്‍ന്നത്. 2001ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പാലാ സീറ്റ് എന്‍.സി.പിയെ ഏല്‍പ്പിച്ചു. ഉഴവൂര്‍ വിജയന്‍ മത്സരിച്ചുവെങ്കിലും 22,301 വോട്ടിന് മാണി ജയിച്ചു. 2006ലും 2001ലും മാണി സി. കാപ്പനാണ് മത്സരിച്ചത്. 2006ല്‍ 7759 വോട്ടിലേക്കും 2011ല്‍ 5259 വോട്ടിലേക്കും ഭൂരിപക്ഷം താഴ്ന്നു.  കഴിഞ്ഞ തവണത്തെ കുറഞ്ഞ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. റബര്‍ പാക്കേജ് മുതല്‍ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും ചെന്നെത്തിയ വികസനംവരെ ചര്‍ച്ചയാകുമെന്നും മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കാന്‍ കഴിയുമെന്നുമാണ് യു.ഡി.എഫ്. ക്യാമ്പിന്റെ വിശ്വാസം. 

റബര്‍ വിലയിടിവ് മുതല്‍ ഒട്ടേറെ പ്രശ്‌നങ്ങള്‍ എല്‍.ഡി.എഫ്. ക്യാമ്പ് ആയുധമാക്കുന്നു. മണ്ഡലത്തിലെ 10 പഞ്ചായത്തുകളും പാലാ നഗരസഭയും യു.ഡി.എഫ്. ഭരണത്തിന്‍ കീഴിലാണ്. മീനച്ചില്‍ പഞ്ചായത്തില്‍ എല്‍.ഡി.എഫ്. പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് വിമതയാണ് ഭരിക്കുന്നത്. എലിക്കുളത്ത് ഇരുമുന്നണികളും തുല്യത പുലര്‍ത്തിയതോടെ നറുക്കെടുപ്പിലൂടെ എല്‍.ഡി.എഫിന് ഭരണം ലഭിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മണ്ഡലത്തില്‍ 31399 വോട്ടിന്റെയും തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ 30,726 വോട്ടിന്റെയും ഭൂരിപക്ഷം ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണത്തെ മത്സരത്തില്‍  ഇതൊന്നും വിലയിരുത്തിയിട്ട് കാര്യമില്ലയെന്ന നിലയിലാണ്  കാര്യങ്ങളുടെ പോക്ക്. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി ജില്ലാ പ്രസിഡന്റ് എന്‍. ഹരിയും ശക്തമായ മത്സരമാണ് മണ്ഡലത്തില്‍  നടത്തുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ബി.ജെ.പിയുടെ മുഴുവന്‍ വോട്ടുകളും തങ്ങളുടെ  പെട്ടിയിലാക്കുകയെന്ന ലക്ഷ്യവും ഇവര്‍ക്കുണ്ട്.
***
പാര്‍ട്ടി അംഗങ്ങള്‍ പൂര്‍ണമായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിട്ടില്ലെന്ന വിലയിരുത്തലിനെതുടര്‍ന്ന് ലോക്കല്‍ കമ്മിറ്റികളുടെ ജനറല്‍ ബോഡി വിളിക്കാന്‍ ജില്ലാ സെക്രട്ടറിമാര്‍ക്ക് സി.പി.എം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയത് ശ്രദ്ധേയമായി. 70 ശതമാനം പ്രവര്‍ത്തകര്‍ മാത്രമെ ഇതുവരെ സജീവമായിട്ടുള്ളൂവെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പ്രവര്‍ത്തനങ്ങളില്‍ സജീവമാകാത്ത പ്രവര്‍ത്തകര്‍ അടിയന്തരമായി രംഗത്തിറങ്ങണമെന്നാണ് നിര്‍ദേശം. ഇതിനായി അതത് ജില്ലാ സെക്രട്ടറിമാര്‍ മുന്‍കൈ എടുക്കണമെന്നും സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

ബൂത്തുകമ്മിറ്റി സെക്രട്ടറിമാര്‍ മെയ് ഒന്നു മുതല്‍ മറ്റെല്ലാ ജോലികളില്‍ നിന്നും അവധിയെടുത്ത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവണമെന്നാണ് ഇണ്ടാസ്. പാര്‍ട്ടി അംഗങ്ങള്‍ മെയ് 10 മുതല്‍ തിരഞ്ഞെടുപ്പ് കഴിയുംവരെ അവരവരുടെ ബൂത്ത് അതിര്‍ത്തിയില്‍ ക്യാംപ് ചെയ്ത് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഓരോ ബൂത്ത് അതിര്‍ത്തിയിലും 25 വീതം വീടുകളുടെ ചുമതല രണ്ട് പാര്‍ട്ടി അംഗങ്ങള്‍ വീതം ഏറ്റെടുത്ത് തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. ഇവരെ ബോധവല്‍ക്കരിച്ച് വോട്ട് ചെയ്യിക്കുന്നതടക്കമുളള പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതലയുള്ള അംഗങ്ങള്‍ ചുക്കാന്‍ പിടിക്കണമെന്നും പാര്‍ട്ടി നിര്‍ദേശിക്കുന്നു.

വോട്ടര്‍മാരെ നേരിട്ട് കണ്ട് കാര്യങ്ങള്‍ ബോധ്യപ്പെടുത്തണം. ഈഴവ സമുദായ അംഗങ്ങളുടെ വീട്ടില്‍ എത്തുന്ന അംഗങ്ങള്‍ വെള്ളാപ്പള്ളി നടേശന്റെയും തുഷാര്‍ വെള്ളാപ്പള്ളിയുടെയും നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്ന ബി.ഡി.ജെ.എസിന്റെ ലക്ഷ്യം എന്താണെന്ന് തുറന്നു കാട്ടണമെന്നും നിര്‍ദേശമുണ്ട്. സി.പി.എമ്മിനും എല്‍.ഡി.എഫിനും ലഭിച്ചുകൊണ്ടിരിക്കുന്ന ഈഴവ സമുദായങ്ങളുടെ വോട്ടുകള്‍ ബി.ജെപ.ിക്കും ബി.ഡി.ജെ.എസിനും പോവുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഈ വോട്ടുകള്‍ എല്‍.ഡി.എഫിനു തന്നെ ലഭിക്കാനുള്ള പ്രവര്‍ത്തനം നടത്തണമെന്നുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എസ്.എന്‍.ഡി.പി ശാഖകളുടെ യോഗങ്ങളില്‍ ബി.ഡി.ജെ.എസ്-ബി.ജെ.പി സ്ഥാനാര്‍ഥികള്‍ വോട്ട് തേടിയെത്തുന്നുണ്ട്. ഇതേ തുടര്‍ന്നാണ് അങ്കലാപ്പിലായ സി.പി.എം  പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
***

ബി.ജെ.പിയുടെ ഏറ്റവും പ്രമുഖരായ ഒ.രാജഗോപാല്‍ മത്സരിക്കുന്ന നേമത്തും സംസ്ഥാന പ്രസിഡന്റ് കുമ്മനം മത്സരിക്കുന്ന വട്ടിയൂര്‍ക്കാവിലും അടിയൊഴുക്കിന് സാധ്യത. ദേശീയതലത്തില്‍ തന്നെ നേമവും വട്ടിയൂര്‍ക്കാവും പിടിച്ചെടുക്കാന്‍ ബി.ജെ.പി നടത്തുന്ന നീക്കങ്ങള്‍ക്ക് എതിരെ വിശാലമായ മതേതരത്വ കൂട്ടായ്മയ്ക്കാണ് നീക്കം. എന്ത് വില കൊടുത്തും ബി.ജെ.പി അക്കൗണ്ട് തുറക്കുന്നത് തടയുകയാണ് ലക്ഷ്യം. നേമത്ത് ഒ.രാജഗോപാലും സി.പി.എമ്മിന്റെ പ്രമുഖ നേതാവ് വി.ശിവന്‍കുട്ടിയും യു.ഡി.എഫിന്റെ സുരേന്ദ്രന്‍ പിള്ളയും തമ്മിലാണ് മത്സരം. അടുത്ത കാലം വരെ എല്‍.ഡി.എഫിന്റെ മുഖ്യ പ്രചാരകനായിരുന്നു സുരേന്ദ്രന്‍ പിള്ള. അതുകൊണ്ട് തന്നെ കോണ്‍ഗ്രസിലെ നേതാക്കള്‍ക്കും അണികള്‍ക്കും പോലും സുരേന്ദ്രന്‍ പിള്ളയുടെ വിജയത്തിനായി രംഗത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. 

ഈ സാഹചര്യത്തിലാണ് നേമത്തെ മതേതര കൂട്ടായ്മ ഒ.രാജഗോപാലിനെതിരെ കരുക്കള്‍ നീക്കുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിലും നേമത്ത് ബി.ജെ.പിക്കുണ്ടായ  മുന്നേറ്റം തടയുകയാണ് മതേതരത്വ ശക്തികളുടെ ലക്ഷ്യം. മുന്‍ കെ.പി.സി.സി പ്രസിഡന്റും ലീഡറുടെ മകനുമായ കെ.മുരളീധരനാണ് വട്ടിയൂര്‍ക്കാവില്‍ കുമ്മനത്തിന്റെ മുഖ്യ പ്രതിയോഗി. എന്ത് വിലകൊടുത്തും കുമ്മനത്തെ ജയിപ്പിക്കാനുള്ള ബി.ജെ.പിയുടെ യുദ്ധസന്നാഹങ്ങളെ നേരിട്ടില്ലെങ്കില്‍ വട്ടിയൂര്‍ക്കാവില്‍ അപകടമാണെന്ന് ഇരുമുന്നണികളും തിരിച്ചറിഞ്ഞിട്ടുണ്ട്. സിറ്റിംഗ് എം.എല്‍.എ ആയ മുരളീധരന്‍ തോറ്റ് പോയാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാകും. സി.പി.എമ്മിന്റെ ടി.എന്‍ സീമയാണ് വട്ടിയൂര്‍ക്കാവിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ബി.ജെ.പി കണക്ക് കൂട്ടുന്ന സാധ്യതയുള്ള സീറ്റുകളില്‍ ഏറ്റവും പ്രധാനമാണ് നേമവും വട്ടിയൂര്‍ക്കാവും. രാഷ്ട്രീയത്തിന് അതീതമായി ബി.ജെ.പിക്ക് എതിരെയുള്ള വിശാല കൂട്ടായ്മക്കാണ് ഈ രണ്ട് മണ്ഡലങ്ങളിലും തുടക്കമിട്ടിരിക്കുന്നത്. 

അടിയൊഴുക്കുകള്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്ക് എതിരായി മാറുമ്പോള്‍ ഈ മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ജയിച്ച് കയറുമെന്നാണ് കൂട്ടായ്മയുടെ കണക്ക് കൂട്ടല്‍. ഈ നീക്കത്തെ തടയിടാന്‍ ബി.ജെ.പിയും ആവനാഴിയിലെ എല്ലാ അമ്പുകളും എടുത്ത് പയറ്റുകയാണ്. വട്ടിയൂര്‍ക്കാവിനേയും നേമത്തേയും തിരഞ്ഞെടുപ്പ് ഫലം കേരളം ഉറ്റ് നോക്കുന്ന ഒന്നായി മാറിയിരിക്കുകയാണ്. 

വോട്ട് പോര് 2016: പാലായില്‍ മാണിമാരുടെ പവര്‍ പ്ലേ-21 (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക