Image

100 ലേക്ക് ഒരു ചോദ്യം: എന്താണ് ആരോഗ്യരഹസ്യം? ഉത്തരം : ദൈവം സ്‌നേഹം നന്മ

അനില്‍ പെണ്ണുക്കര Published on 28 April, 2016
100 ലേക്ക് ഒരു ചോദ്യം: എന്താണ് ആരോഗ്യരഹസ്യം? ഉത്തരം : ദൈവം  സ്‌നേഹം  നന്മ
നമ്മുടെ വലിയ തിരുമേനിക്ക്  100 വയസാകാന്‍ ഇനി ഒരു വര്‍ഷം  കൂടി. ഇന്നലെ തിരുവല്ലയില്‍ പത്രപ്രവര്‍ത്തകരോട് സംസാരിക്കവെ ഒരു ലേഖകന്‍  ചോദിച്ചു .  എന്താണ് നൂറാം വയസിലേക്ക് കടക്കുമ്പോള്‍ അങ്ങയുടെ ആരോഗ്യത്തിന്റെ രഹസ്യം?
ഉത്തരം ഉടനെ വന്നു 'ദൈവം  സ്‌നേഹം  നന്മ'. ഹൃദയത്തില്‍ തൊട്ടു   ഇത്തരം ഒരു ഉത്തരം പറയാന്‍ നമുക്ക് ആര്‌ക്കെങ്കിലും ആകുമോ? ഡോ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത നൂറാം വയസിലേക്ക് കടക്കുമ്പോള്‍ ദൈവം ഏല്‍പ്പിച്ച എത്രയോ കാര്യങ്ങള്‍  അദ്ദേഹം ചെയ്തു  തീര്‍ക്കാനിരിക്കുന്നു.   ചിരിയും ചിന്തയും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള് ഏതെങ്കിലും മതത്തിന്റെയുള്ളില് ഒതുങ്ങിനില്ക്കുന്നതല്ല. ജാതിമതഭേദമന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില് ഒരാളായി, ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്.  

ഭര്തൃഹരിയുടെ ഒരു ശ്ലോകം ഉദ്ധരിച്ചുകൊണ്ട് ക്രസോസ്റ്റത്തെ നമുക്ക് വിശദീകരിക്കാം എന്ന് ഡി. ബാബുപോള് പറയുന്നു.
'കാന്താകടാക്ഷവിശിഖാ ന ലുനന്തി യസ്യ
ചിത്തം ന നിര്ദ്ദഹതി കോപകൃശാനുതാപഃ
കര്ഷന്തി ഭുരിവിഷയാശ്ച ന ലോഭപാശാഃ
ലോകത്രയം ജയതി കൃത്സ്‌നമിദം സ ധീരഃ'

ഏതൊരുവന്റെ ഹൃദയത്തെ കടാക്ഷബാണങ്ങള് മുറിക്കാതെയും കോപാഗ്‌നിയുടെ ചൂട് ദഹിപ്പിക്കാതെയും സുഖഭോഗങ്ങള് പ്രലോഭിക്കാതെയും ഇരിക്കുന്നുവോ അങ്ങനെയുള്ള ധീരനാണ് മൂന്നു ലോകങ്ങളെയും കീഴടക്കുന്നത്. നമുക്ക് അങ്ങനെ ഒരു ധീരനെ ക്രിസോസ്റ്റം എന്നു വിളിക്കാം.
 
ക്രിസോസ്റ്റം തിരുമേനിയെപ്പോലെ വിശാലമായ ലോകവീക്ഷണവും ദര്‍ശനവും തിരിച്ചറിവുമുള്ളവരായിരുന്നു എല്ലാ മത നേതാക്കളുമെങ്കില്‍ മതങ്ങള്‍ക്ക് ഇന്നത്തെപ്പോലെ 'മദ'മിളകില്ലായിരുന്നു. എല്ലാ മതങ്ങളിലെയും മനുഷ്യരിലെയും നന്മയെ ഉള്‍ക്കൊള്ളാനും തിന്മയെ തള്ളിക്കളയാനും ആ 'വലിയമനസ്സിനു' കഴിഞ്ഞു. 'സ്വന്തം മതം മാത്രമാണു ശരി...ബാക്കിയെല്ലാം പൊട്ട!' എന്ന് ഉദ്‌ഘോഷിച്ചു നടക്കുന്ന പല മതപുരോഹിതരും ക്രിസോസ്റ്റം തിരുമേനിയെപ്പോലെയുള്ള മഹാന്മാരെ  കണ്ടുപഠിക്കണം. 

ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര് ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ല. 

99 വയസ്സിന്റെ ചെറുപ്പവുമായി കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമാണ് അദ്ദേഹം. നര്മ്മം പൊതിഞ്ഞ വാക്കുകളിലും വിമര്ശനങ്ങളിലും ചിന്തയുടെ മഹാസാഗരമൊളിഞ്ഞിരിക്കുന്നു. കുഞ്ചന് നമ്പ്യാര്ക്കും ഇ.വി കൃഷ്ണപിള്ളയ്ക്കും ശേഷം മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച വ്യക്തി എന്ന നിലയിലാണ് ക്രിസോസ്റ്റം തിരുമേനി പൊതുസമൂഹത്തില് അറിയപ്പെടുന്നതെങ്കിലും ആ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ബഹുമുഖഭാവം അടുത്തറിയുന്നവര്ക്കും വായിച്ചറിയുന്നവര്ക്കും അപരിചിതമല്ല. സംന്യാസം എന്ന പദത്തിന്റെ ആഴവും പരപ്പും നാം മനസ്സിലാക്കുന്നത് ക്രിസോസ്റ്റം തിരുമേനിയെപ്പോലെയുള്ള അപൂര്‍വ്വം  വ്യക്തിത്വങ്ങളുടെ ജീവിതത്തെ അടുത്തറിയുമ്പോഴാണ്. 

ദുരിതമനുഭവിക്കുന്നവനോടു കാണിക്കുന്ന കരുണയാണ് യഥാര്ഥ ഈശ്വരപ്രാര്ഥന എന്ന് കര്മ്മം കൊണ്ട് അദ്ദേഹം കാണിച്ചുതരുന്നു. താന് ചെയ്യുന്ന കാരുണ്യപ്രവര്ത്തികളെ പര്വതീകരിക്കുവാനോ കൊട്ടിഘോഷിക്കുവാനോ അദ്ദേഹം തയ്യാറുമല്ല. െ്രെകസ്തവ സഭകളില് ഏറ്റവും കൂടുതല് കാലം മെത്രാന് പദവിയില് ഇരുന്ന വ്യക്തി എന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. എട്ടുവര്ഷം മാര്‌ത്തോമാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‌ത്തോമാ മെത്രാപ്പോലീത്ത സ്ഥാനം അദ്ദേഹം 2007ല് സ്വയം ഉപേക്ഷിക്കുകയായിരുന്നു. അങ്ങനെ എല്ലാ അര്ഥത്തിലും അദ്ദേഹം ഒരു യോഗിവര്യനായി മാറുന്നു. വിമര്ശനങ്ങളുടെ തീക്ഷ്ണത തിരുമേനിയെപ്പോലെ അനുഭവിപ്പിച്ചവര് കേരളസമൂഹത്തില് അധികമുണ്ടാവില്ല. ആത്മീയകാര്യങ്ങളില് മാത്രമല്ല, കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക പ്രശ്ങ്ങളിലെല്ലാം തിരുമേനിക്ക് തന്റേതായ ഉത്തരമുണ്ട്. ബാര് പ്രശ്‌നം കത്തി നില്ക്കുന്ന സമയത്ത് പള്ളികളിലെ വീഞ്ഞുപയോഗത്തെപ്പറ്റി അദ്ദേഹം ശക്തമായ അഭിപ്രായം പറഞ്ഞു. വീഞ്ഞ് ഒരിക്കലും ആരാധനയുടെ അവിഭാജ്യ ഘടകമല്ലെന്നും മുന്തിരിങ്ങ വെള്ളത്തിലിട്ട് ആരാധനയ്ക്കുപയോഗിക്കുന്നതില് ഒരു തെറ്റുമില്ലെന്നും അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി.

 എത്ര വിമര്ശനങ്ങളുണ്ടായാലും തനിക്കു ശരിയെന്നു തോന്നുന്ന നിലപാടുകള് ഉറക്കെ പ്രഖ്യാപിക്കുവാന് അദ്ദേഹത്തിനു മടിയില്ല.

എപ്പോഴും വായിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന, പുതിയ ചിന്തകള്‍  കുട്ടികള്ക്കും മുതിര്‍ന്നവര്‍ക്കുമായി പങ്കുവയ്ക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന തിരുമേനി പത്രം വായനയെ കുറിച്ച് പറഞ്ഞ ഒരു തമാശയുണ്ട്. മനോരമ പത്രം മാത്രം വായിച്ചാല് സത്യം അറിയാനാകില്ലെന്ന് ഒരിക്കല്‍ മാര്‌ത്തോമ വലിയ മെത്രാപോലീത്ത ഡോ. ഫിലിപ്പോസ് മാര് ക്രിസോസ്റ്റം പറയുകയുണ്ടായി. 'സത്യം അറിയാന് ദേശാഭിമാനികൂടി വായിക്കണം. ഭരണപക്ഷത്തിന്റെ തെറ്റുകള് തിരുത്താന് പ്രതിപക്ഷം വേണം. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങള് അവഗണിച്ചാല് കോണ്ഗ്രസും ഭരണപക്ഷവും ശക്തി ക്ഷയിച്ച് ഇല്ലാതാകും. ജനങ്ങളുടെ യഥാര്ഥ പ്രശ്‌നങ്ങള് മനസ്സിലാക്കാനും അവ പരിഹരിക്കാനും ഭരണകര്ത്താക്കള്ക്ക് കഴിയണം. ഇത്തരം പ്രശ്‌നങ്ങള് കാണാനും പരിഹാരനടപടികള് സ്വീകരിക്കാനും മന്ത്രിമാര്ക്ക് ആകുന്നുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ വേദനകള് കാണാനും അവരുടെ കണ്ണീരൊപ്പാനും കഴിയുന്നവര് മാത്രമേ യഥാര്ഥ മനുഷ്യരാകൂ'.

ശരിക്ക് വേണ്ടി രാഷ്ട്രീയത്തിലും ജീവിതത്തിലും നിലപാട് മാറ്റുകതന്നെ വേണം എന്നാ അഭിപ്രായം  മാര് ക്രിസോസ്റ്റം തിരുമെനിക്കുണ്ട്. രാഷ്ട്രീയത്തിലും ജീവിതത്തിലും മുന്കാല നിലപാട് തെറ്റെന്നുതോന്നിയാല് മാറ്റുക തന്നെ വേണം . ഇന്ത്യയില് വൈസ്രോയി വലിയ ആളെന്നാണ് നാം കരുതിയിരുന്നത്. പക്ഷേ, ഗാന്ധിജി വന്നപ്പോള് നമ്മളെല്ലാം നിലപാട് മാറ്റിയില്ലേ. ഗാന്ധിജി വന്നശേഷവും വൈസ്രോയിയാണ് ശരിയെന്ന നിലപാട് തുടരാന് കഴിയുമോ. മുന്കാല വാക്കും നിലപാടും തെറ്റെന്നുതോന്നിയാല് മാറ്റുക തന്നെ  വേണം . അപ്പന് പറഞ്ഞാല് പോലും സ്വന്തം തീരുമാനം മാറ്റി വോട്ടുചെയ്യരുതെന്നാണ്  അദ്ദേഹത്തിന്റെ  അഭിപ്രായം . സ്വത്ത് കിട്ടില്ലെന്നു കരുതി നമ്മള് പേടിച്ചേക്കാം . പക്ഷേ, സ്വത്തില്ലെങ്കിലും സ്വന്തം തീരുമാനം വോട്ടില് മാറ്റരുത്. രാജ്യത്തിന്റെ ഭാവിനിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില് നിശ്ചയമായും കഴിയുന്നവരെല്ലാം വോട്ടുചെയ്യണം. പാര്ട്ടി മാറാന് അവകാശം  എല്ലാവര്ക്കും  ഉണ്ട് .ഹിന്ദുവിനെ ക്രിസ്ത്യാനി ആക്കാന് ശ്രമിക്കുന്നവര് ക്രിസ്ത്യാനിയെ ഹിന്ദു ആക്കാന് ശ്രമിച്ചാല് കുറ്റപ്പെടുത്തരുത്. പക്ഷേ, എല്ലാ മാറ്റവും സമൂഹത്തെ ബഹുമാനിച്ചാകണം.തെരഞ്ഞെടുപ്പു  പ്രചാരണത്തിനിടെ മോശം വാക്കുകള് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരിക്കല്‍ ഒരു പത്ര പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള് മോശവും നല്ലതും എതാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. വാക്കുപയോഗിച്ച ആളിന്റെ മനോഭാവവും നോക്കണം. മകനെ ദേഷ്യപ്പെട്ട് എന്തെങ്കിലും അപ്പന് വിളിച്ചാല് അത് മനസ്സ്‌നൊന്തിട്ടാകും എന്ന് മനസ്സിലാക്കണം. പക്ഷേ, അന്യനെ ബഹുമാനിക്കുന്നവനാണ് മാന്യന്. മോശം വാക്കുപയോഗിച്ച് സ്വയം മോശമാകാതിരിക്കാന് എല്ലാവരും ശ്രമിക്കണം. ദേശത്തിനുവേണ്ടി പ്രവര്ത്തിക്കുന്നവര്ക്ക് വോട്ടുചെയ്യണം. സ്വന്തക്കാര്ക്ക് ഒത്താശചെയ്യുന്നവരെ ഒഴിവാക്കണം. വോട്ടിന് പണം നല്കുന്ന രീതി ഇല്ലാതാക്കണം. വോട്ടിന് പണം കൈപ്പറ്റുന്നത് രാജ്യത്തെ വില്ക്കുന്നതിനുതുല്യമാണെന്നും അദ്ദേഹത്തിനു അഭിപ്രായമുണ്ട് .

ഒരു പക്ഷെ ഇത്രത്തോളം ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയ ഒരു ഇടയ ശ്രേഷ്ടന്‍ വേറേ  ഉണ്ടാകില്ല .ആഗോള മലയാളികളുടെ തിരുമേനിയാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി എന്ന ക്രെടിട്ടും അദ്ദേഹത്തിനു തന്നെ . 1999 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ ഇദ്ദേഹം മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സ്ഥാനവും അലങ്കരിച്ചിരുന്നു. 2007ല്‍ സ്ഥാനത്യാഗം ചെയ്ത ഇദ്ദേഹം 'മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത' എന്നറിയപ്പെടുന്നു. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഈ.ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 17ന് മാര്‍ ക്രിസോസ്റ്റം ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു ആദ്യനാമം. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ആലുവാ യു.സി.കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.1944ല്‍ ശെമ്മാശ  കശീശ്ശ സ്ഥാനങ്ങള്‍ ലഭിച്ചു.1953ല്‍ എപ്പിസ്‌കോപ്പാ സ്ഥാനത്തെത്തിയ മാര്‍ ക്രിസോസ്റ്റം വിവിധ ഭദ്രാസനങ്ങളുടെ ചുമതലക്കാരനും മിഷണറി ബിഷപ്പായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറിക്കുകൊള്ളുന്ന, നര്‍മ്മോക്തികള്‍ നിറഞ്ഞ സംഭാഷണശൈലി അദേഹത്തിന് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. 'ക്രിസോസ്റ്റം' എന്ന പേരിന്റെ അര്‍ഥം 'സ്വര്‍ണനാവുള്ളവന്‍' എന്നാണ്. ദേശീയ ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം 1954ലും 1968 ലും നടന്ന ആഗോള ക്രിസ്ത്യന്‍ കൗണ്‍സില്‍ സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.രണ്ടാം വത്തിക്കാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാര്‍ ക്രിസോസ്റ്റം സഭൈക്യ പ്രസ്ഥാനത്തിന് ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 

1999 ഒക്ടോബര്‍ 23 ന് സഭയുടെ 20മത് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റു. 2007ല്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനത്യാഗം ചെയ്തുവെങ്കിലും കേരളത്തിലെ സാമൂഹിക സംസ്‌കാരിക രംഗങ്ങളില്‍ സജീവമായി ഇടപെടുന്ന ആത്മീയ നേതാക്കളിലൊരാളാണ് മാര്‍ ക്രിസോസ്റ്റം. കഥ പറയും കാലം (ആത്മകഥ),കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യം, ആകാശമേ കേള്‍ക്ക ഭൂമിയേ ചെവി തരിക, വെള്ളിത്താലം, ക്രിസോസ്റ്റം പറഞ്ഞ നര്‍മ്മകഥകള്‍, തിരുഫലിതങ്ങള്‍ എന്നിവ  തിരുമേനിയുടെ രചനകളാണ് .

 എല്ലാവര്‍ക്കും പോസിറ്റീവ് എനേര്‍ജ്ജി പകരുന്ന ക്രിസോസ്റ്റം എന്ന സ്‌നേഹമനസ്സിനു Eമലയാളിയുടെ ഒരായിരം നന്മകളും പിറന്നാള്‍ ആശംസകളും നേരുന്നു.
100 ലേക്ക് ഒരു ചോദ്യം: എന്താണ് ആരോഗ്യരഹസ്യം? ഉത്തരം : ദൈവം  സ്‌നേഹം  നന്മ100 ലേക്ക് ഒരു ചോദ്യം: എന്താണ് ആരോഗ്യരഹസ്യം? ഉത്തരം : ദൈവം  സ്‌നേഹം  നന്മ100 ലേക്ക് ഒരു ചോദ്യം: എന്താണ് ആരോഗ്യരഹസ്യം? ഉത്തരം : ദൈവം  സ്‌നേഹം  നന്മ100 ലേക്ക് ഒരു ചോദ്യം: എന്താണ് ആരോഗ്യരഹസ്യം? ഉത്തരം : ദൈവം  സ്‌നേഹം  നന്മ100 ലേക്ക് ഒരു ചോദ്യം: എന്താണ് ആരോഗ്യരഹസ്യം? ഉത്തരം : ദൈവം  സ്‌നേഹം  നന്മ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക