Image

ഹൈബി ഈഡന്‍ വിവാഹിതനായി

Published on 30 January, 2012
ഹൈബി ഈഡന്‍ വിവാഹിതനായി
കൊച്ചി: ഹൈബി ഈഡന്‍ എംഎല്‍എ വിവാഹിതനായി. മാധ്യമ പ്രവര്‍ത്തകയായിരുന്ന ഗുരുവായൂര്‍ സ്വദേശിനി അന്ന ലിന്റയാണ് വധു. വൈകീട്ട് കലൂര്‍ സെന്റ് ഫ്രാന്‍സീസ് സേവ്യര്‍ പള്ളിയില്‍ നടന്ന വിവാഹചടങ്ങ് വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ.ഫ്രാന്‍സീസ് കല്ലറയ്ക്കല്‍ ആശൂര്‍വദിച്ചു. വിവാഹത്തിലും തുടര്‍ന്ന് ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സ്വീകരണച്ചടങ്ങിലും കേന്ദ്രമന്ത്രി കെവി.തോമസ്, സംസ്ഥാന നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ.ബാബു, കെ.ബി. ഗണേഷ്‌കുമാര്‍, എംഎല്‍എമാരായ ബെന്നി ബഹ്‌നാന്‍, ജോസഫ് വാഴയ്ക്കന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. 

ഗുരുവായൂര്‍ താമരയൂരില്‍ വാഴപ്പിള്ളി വീട്ടില്‍ ജോസിന്റേയും ജാന്‍സിയുടേയും മകളാണ് ഹൈബിയുടെ വധു അന്ന. സ്വകാര്യ ചാനല്‍ അവതാരികയായിരുന്ന അന്ന ചാനല്‍ അഭിമുഖത്തിലൂടെയാണ് ഹൈബിയുടെ മനസില്‍ ഇടം കണെ്ടത്തിയത്. കെ.എസ്.യുവിന്റെ സംസ്ഥാനപ്രസിഡന്റായിരുന്നു ഹൈബിയന്ന്. ഒരു വര്‍ഷത്തിനു ശേഷമാണ് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നത്. ഹൈബി അപ്പോള്‍ എന്‍എസ്‌യു പ്രസിഡന്റായിരുന്നു. അന്ന എഫ്.എം റേഡിയോയിലേക്കും മാറിയിരുന്നു. ഇരുവരുടേയും മനസില്‍ പ്രണയം കതിരിടുന്നത് ഈ കൂടിക്കാഴ്ചയിലായിരുന്നു. കലാരംഗത്തെ തിളങ്ങുന്ന താരമായിരുന്നു അന്ന. കഥകളി, കഥാപ്രസംഗം, ചാക്യാര്‍കൂത്ത്, മോണോആക്ട് എന്നിവയില്‍ മികവ് തെളിയിച്ചിട്ടുണ്ട്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായും ടി.വി. അവതാരകയായും എഫ്.എം.റേഡിയോകളിലും പ്രവര്‍ത്തിച്ചു.

ഇരുപത്തിയേഴുകാരനായ ഹൈബി ഈഡന്‍ മുന്‍ എം.പി. പരേതനായ ജോര്‍ജ് ഈഡന്റെ പുത്രനാണ്. അമ്മ റാണിയും മരിച്ചു. ടിനുവാണ് ഹൈബിയുടെ സഹോദരി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെയാണ് 27 കാരനായ ഹൈബി എറണാകുളത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ടത്.

ഹൈബി ഈഡന്‍ വിവാഹിതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക