Image

പ്രഥമ അറബ്‌ വനിതാ കായിക മേള ഫെബ്രുവരിയില്‍ ഷാര്‍ജയില്‍

Published on 30 January, 2012
പ്രഥമ അറബ്‌ വനിതാ കായിക മേള ഫെബ്രുവരിയില്‍ ഷാര്‍ജയില്‍
ഷാര്‍ജ: അറബ്‌ ലോകത്തെ വനിതകളുടെ കായിക മികവ്‌ കണ്ടെത്തുന്നതിനായുള്ള പ്രഥമ അറബ്‌ വനിതാ കായികമേള ഫെബ്രുവരിയില്‍ ഷാര്‍ജയില്‍ നടക്കും. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജാ ഭരണാധികാരിയുമായ ഷെയ്‌ഖ്‌ ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ പത്‌നിയും ഫാമിലി അഫയേഴ്‌സ്‌ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്‌സനും ഷാര്‍ജാ ലേഡീസ്‌ ക്ലബ്‌ ചെയര്‍പേഴ്‌സനുമായ ഷെയഖ ജവാഹിര്‍ ബിന്‍ത്‌ മുഹമ്മദ്‌ അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ്‌ പരിപാടി.

ഷാര്‍ജാ ലേഡീസ്‌ ക്ലബിന്റെ വുമന്‍സ്‌ സ്‌പോര്‍ട്ട്‌സ്‌ വിഭാഗം സമര്‍പ്പിച്ച അപേക്ഷയിന്മേല്‍ ഷെയ്‌ഖ്‌ ഡോ.സുല്‍ത്താന്‍ അംഗീകാരം നല്‍കിയതോടെയാണ്‌ കായികമേളയ്‌ക്ക്‌ വഴിതെളിഞ്ഞത്‌. 13 അറബ്‌ രാഷ്‌ട്രങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ പങ്കെടുക്കും. ബാസ്‌കറ്റ്‌ബോള്‍, വോളിബോള്‍, അത്‌ലറ്റിക്‌സ്‌, ഷൂട്ടിങ്‌, ടേബിള്‍ ടെന്നീസ്‌ തുടങ്ങിയ ഇനങ്ങളാണ്‌ ഷാര്‍ജ ലേഡീസ്‌ ക്ലബ്‌ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരവിഭാഗത്തിലുള്ളത്‌.

അറബ്‌ ലോകത്തെ ആദ്യത്തെ വനിതാ കായികമേളയ്‌ക്ക്‌ ഷാര്‍ജാ ലേഡീസ്‌ ക്ലബ്‌ ആതിഥേയത്വം വഹിക്കാന്‍ സാധിക്കുന്നതില്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന്‌ ഷെയ്‌ഖ ജവാഹിര്‍ അല്‍ ഖാസിമി എക്‌സിക്യുട്ടീവ്‌ ഓഫീസ്‌ ജനറല്‍ ഡയറക്‌ടറും അറബ്‌ വനിതാ കായികമേളയുടെ ഹൈയര്‍ ഓര്‍ഗനൈസിങ്‌ കമ്മിറ്റി പ്രസിഡന്റുമായ നൗറാ അല്‍ നോമാന്‍ പറഞ്ഞു. അറബ്‌ വനിതകളുടെ കായിക കരുത്ത്‌ പ്രകടമാക്കുന്ന മേളയില്‍ പങ്കെടുക്കാന്‍ അത്യധികം ആഹ്ലാദത്തോടെയാണ്‌ ഏവരും തയ്യാറെടുക്കുന്നതെന്നും വിവിധ കമ്മിറ്റികളുടെ ഒളിംപിക്‌ യൂണിയന്‍, ലീഗ്‌ ഓഫ്‌ അറബ്‌ സ്‌റ്റേറ്റ്‌സ്‌, യുഎഇയിലെ പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത്‌ ആന്‍ഡ്‌ സ്‌പോര്‍ട്‌സ്‌ തുടങ്ങിയ സംഘടനകളുമായി കൂടിയാലോചിച്ച ശേഷമാണ്‌ മേള ആസൂത്രണം ചെയ്‌തതെന്നും നൗറ അറിയിച്ചു. മേളയ്‌ക്ക്‌ എല്ലാ ഭാഗത്തു നിന്നും മികച്ച പിന്തുണയാണ്‌ ലഭിച്ചിട്ടുള്ളതെന്ന്‌ സംഘാടക സമിതി അംഗവും മേളയുടെ ഡയറക്‌ടറുമായ നദാ നഖ്‌ബി പറഞ്ഞു. മേളയോടനുബന്ധിച്ച്‌ വനിതാ സെമിനാറുകളും നടക്കുന്നതാണ്‌.
പ്രഥമ അറബ്‌ വനിതാ കായിക മേള ഫെബ്രുവരിയില്‍ ഷാര്‍ജയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക