Image

അമേരിക്ക നോവല്‍ - 8 (മണ്ണിക്കരോട്ട് )

മണ്ണിക്കരോട്ട് Published on 25 April, 2016
അമേരിക്ക നോവല്‍ - 8 (മണ്ണിക്കരോട്ട് )
പരിഭ്രമിച്ചിരുന്നവര്‍ക്ക് അല്പം ആശ്വാസത്തിന് വകയുണ്ടായി. ആദ്യദിവസം ആര്‍ക്കും പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതായി വന്നില്ല. പല കരാറുകളില്‍ ഒപ്പുവെച്ചു. ടാക്‌സിന്റെ പേപ്പര്‍, സോഷ്യല്‍ സെക്യൂരിറ്റിക്കുള്ളത്, ഹോസ്പിറ്റല്‍ പോളിസികള്‍, അങ്ങനെ പലതായി.

ആദ്യത്തെ ദിവസം ജോലി ചെയ്തില്ലെങ്കിലും എട്ടുമണിക്കൂര്‍ നേരത്തേയ്ക്കുള്ള ഓരോ പരിപാടികളുണ്ട്. ഒപ്പുവെയ്ക്കല്‍ കഴിഞ്ഞപ്പോള്‍ കോഫി ബ്രെയ്ക്കിനുള്ള സമയമായി. മറ്റുള്ളവര്‍ കാപ്പി കുടിച്ചു. നമ്മുടെ നേഴ്‌സുമാര്‍ വാചകമടിച്ചു. 

അതുകഴിഞ്ഞ് ആശുപത്രി മുഴുവന്‍ ചുറ്റിക്കറങ്ങിക്കാണിക്കുന്ന പരിപാടിയാണ്. എല്ലാ ആശുപത്രികളിലും ആരംഭ ദിവസങ്ങളില്‍ മിക്കവാറും ഒരേ പരിപാടി തന്നെ. 
മൗണ്ട് സെനായ് ഹോസ്പിറ്റലില്‍ അമ്മിണിയും റോസിയും ലില്ലിക്കുട്ടിയും മാത്രമല്ല അന്ന് ജോലി തുടങ്ങിയത്. വേറെ അഞ്ചു മദാമ്മമാര്‍, രണ്ടു കറുമ്പികള്‍, മൂന്ന് ഫിലിപ്പൈന്‍സ്‌കാര്‍. ഒരു മെക്‌സിക്കന്‍ പെണ്ണ്, ഒരു ബ്രിട്ടീഷ്‌കാരി, ഒരു ലാറ്റിന്‍ അമേരിക്കക്കാരി.

എല്ലാവരേയും ഇന്‍സ്ട്രക്ടര്‍ മദാമ്മ ആശുപത്രിയുടെ ഓരോ ഭാഗങ്ങളിലും കാണിച്ചു കൊടുത്തു ഓരോന്നും വിവരിച്ചു നല്‍കി.

എത്ര മനോഹരമായിരിക്കുന്നു. നിലത്തെങ്ങും ഒരു പൊടി പോലുമില്ല. നല്ല അടുക്കും ചിട്ടയും വൃത്തിയും.

രോഗികള്‍ക്ക് പ്രത്യേകം പ്രത്യേകം മുറികളാണ്. ചുരുക്കമായി രണ്ടു രോഗികളുള്ള മുറികളുമുണ്ട്. എല്ലാം ഇലക്ട്രിക് ബെഡ്ഡുകള്‍. ബട്ടണ്‍ ഞെക്കി രോഗിക്ക് വേണ്ടവിധത്തില്‍ അഡ്ജസ്റ്റ് ചെയ്യാം. 

ടി.വി.യുടെ ബട്ടന്‍, നേഴ്‌സിനെ വിളിക്കാനുള്ള ബട്ടന്‍ എല്ലാം ബെഡ്ഡില്‍ തന്നെ. എല്ലാ മുറികളിലും എപ്പോഴും മിതോഷ്ണം. ഓരോ മുറികള്‍ക്കും ബാത്ത്‌റൂം അവിടെ ചൂടു വെള്ളവും തണുത്ത വെള്ളവും ഒരു പോലെ സുലഭം.

രോഗികള്‍ക്ക് ഉപയോഗിക്കുന്ന സാധനങ്ങള്‍ മിക്കവാറും എല്ലാം തന്നെ ഡിസ്‌പോസബിള്‍ ആണെന്ന് മദാമ്മ പറഞ്ഞു. ഒരു സിറിഞ്ച് ഒരിക്കല്‍ ഉപയോഗിച്ചു കളയുമെന്ന് കേട്ടപ്പോള്‍ നമ്മുടെ നേഴ്‌സുമാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

ഹോസ്പിറ്റലിലെ കംപ്യൂട്ടര്‍ സിസ്റ്റം കാണിച്ച് മദാമ്മ വിവരിച്ചു കൊടുത്തു. രോഗികളുടെ എല്ലാ വിവരങ്ങളും കംപ്യൂട്ടറില്‍ ശേഖരിച്ചിരിക്കും. അതുപോലെ ഹോസ്പിറ്റലിലെ ഓരോ വിഭാഗങ്ങളും കംപ്യൂട്ടറുമായി ബന്ധപ്പെടുത്തിയിരിക്കും.

മദാമ്മ അത് ഉദാഹരിച്ചു കാട്ടി. ഒരു രോഗിക്ക് വേണ്ട മരുന്നുകളെല്ലാം കംപ്യൂട്ടറില്‍ പകര്‍ത്തി. ഫാര്‍മസിക്കുള്ള കോഡ് കുത്തി. ഒരു ട്യൂബ് വഴി മരുന്നുകളെല്ലാം എത്തിക്കഴിഞ്ഞു. അത്ഭുതം.

ആശുപത്രിയിലെ എല്ലാ പ്രധാന വിഭാഗങ്ങളും ട്യൂബ് സിസ്റ്റം വഴി ബന്ധപ്പെടുത്തിയിരിക്കുന്നു. ലാബ്രട്ടറിയില്‍ സ്‌പെസിമെന്‍ അയക്കാനും അതുപോലെ പലതിനും ഈ ട്യൂബ് സിസ്റ്റം സഹായിക്കുന്നു.
ജോലിക്ക് വരുന്ന സമയം കുറിക്കുന്ന രീതിയും അതനുസരിച്ച് ശമ്പളം കണക്കു കൂട്ടുന്ന രീതിയും അവര്‍ കാണിച്ചു കൊടുത്തു.

ടൈംക്ലോക്കില്‍ ഓരോരുത്തര്‍ക്കും കൊടുത്തിരിക്കുന്ന കാര്‍ഡ് കുത്തണം. ആ സമയം റിക്കാര്‍ഡ് ചെയ്യും. ഏഴ് മിനിട്ട് താമസിച്ചാല്‍ പതിനഞ്ച് മിനിറ്റിന്റെ ശമ്പളം കുറയും. ഇരുപത്തിരണ്ട് മിനിറ്റ് കഴിഞ്ഞാല്‍ അരമണിക്കൂറും അങ്ങനെ.

താമസിച്ച് ചെന്നാല്‍ പണം കുറയുമെന്ന് മാത്രമല്ല. ആദ്യം വാണിംഗ്. പിന്നെ സസ്‌പെന്‍ഷന്‍. അതുകഴിഞ്ഞ് ഡിസ്മിസല്‍. അതിനുളള പോളിസികളില്‍ ഓരോരുത്തരും ഒപ്പുവച്ചിട്ടുണ്ടെന്ന് എടുത്തു പറയാന്‍ മദാമ്മ മറന്നില്ല.

നാട്ടിലെ പരിപാടി അമേരിക്കയില്‍ നടപ്പില്ലെന്ന് മനസ്സിലാക്കന്‍ നമ്മുടെ ആളുകള്‍ക്ക് കൂടുതല്‍ സമയം വേണ്ടിവന്നില്ല. 

രോഗികള്‍ക്കുണ്ടാവുന്ന ചെലവുകളെപ്പറ്റിയും മദാമ്മ പറഞ്ഞുകൊടുത്തു.

ഒരു ദിവസം ഒരു രോഗിക്ക് ആയിരമോ പതിനായിരമോ ചിലപ്പോള്‍ അതില്‍ കൂടുതലോ ഡോളര്‍ ചിലവായെന്നിരിക്കും. ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ആണെങ്കില്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ടായിരിക്കും. പതിനായിരം ഡോളര്‍ ആകുന്നത്.

ഈ ചിലവ് പരിഹിക്കാന്‍ ഓരോരുത്തര്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഉണ്ടായിരിക്കും. അതിന് കഴിവില്ലാത്തവര്‍ക്ക് ഗവണ്‍മെന്റ് ആശുപത്രികളില്‍ പോകേണ്ടിവരും. അവിടെ ഇതുപോലുള്ള സൗകര്യങ്ങളുണ്ടായിരിക്കില്ല.

അമേരിക്കന്‍ ആശുപത്രികളിലെ സജ്ജീകരണങ്ങളും മോഡേണ്‍ ടെക്‌നോളജിയും കണ്ട് ഓരോരുത്തര്‍ക്കും അതിശയം തോന്നി. 

ഇനിയും ആറാഴ്ച ഓറിയന്റേഷന്‍ ആണ്. ഹോസ്പിറ്റലിലെ രീതികളും രോഗികളും മറ്റ് ജോലിക്കാരും എല്ലാമായി ശരിയായ പരിചയം പ്രാപിക്കാനുള്ള സമയം. ശമ്പളം കിട്ടുകയും ചെയ്യും.
ദൈവത്തിന് സ്തുതി. പരിഭ്രമിച്ചിരുന്നവര്‍ക്ക് ആശ്വാസം.

വൈകുന്നേരമായപ്പോള്‍ ഓരോരുത്തരായി അപ്പാര്‍ട്ടുമെന്റിലെത്തി. മിക്കവരുടെ മുഖത്തും സന്തോഷം. ചിലരുടെ മുഖത്ത് എന്തുകൊണ്ടോ ഗൗരവം തെളിഞ്ഞു കണ്ടു.

എല്ലാവരും വിവരങ്ങള്‍ കാണിച്ച് നാട്ടിലേക്ക് കത്തുകളെഴുതി.

അമ്മിണിയും റോസിയും ലില്ലിക്കുട്ടിയും പല ദിവസങ്ങളായി സബ് വേ വഴി പോകുന്നു. യാത്രയില്‍ അവര്‍ അമേരിക്കക്കാരെപ്പറ്റി പലതും മനസ്സിലാക്കി. 

അവര്‍ പൊതുവെ വായനപ്രിയരാണ്. രാവിലെ പോകുന്നവരില്‍ അധികം പേരും ന്യൂസ് സ്റ്റാന്‍ഡില്‍ നിന്ന് ന്യൂസ് പേപ്പര്‍ വാങ്ങിക്കും. ട്രെയിനില്‍ കയറിക്കഴിഞ്ഞാല്‍ ശാന്തമായി വായിക്കും. ന്യൂസ് പേപ്പറില്ലാത്തവരുടെ കയ്യില്‍ പുസ്തകങ്ങള്‍ കാണും. ആരില്‍ നിന്നും ഒരു ശബ്ദം പോലും കേള്‍ക്കാനില്ല.

അമ്മിണിയും മറ്റും നാട്ടിലെ യാത്രയെപ്പറ്റി ഓര്‍ത്തുപോയി. ഒന്നുകില്‍ സംസാരവും ബഹളവും അല്ലെങ്കില്‍ വായും പൊളിച്ചിരുന്ന് ഉറങ്ങും. സംസാരം പതിവ് വിഷയമാണ്-ഒന്നുകില്‍ പരദൂഷണം അല്ലെങ്കില്‍ രാഷ്ട്രീയം. 

രാവിലെ വാങ്ങുന്ന പത്രം സബ് വേ യാത്ര കഴിഞ്ഞാല്‍ കളയും. വൈകീട്ട് വീണ്ടും വാങ്ങിക്കും. കൂടെ ജോലി ചെയ്യുന്നവര്‍ പത്തു മിനിട്ട് ബ്രെയിക്ക് കിട്ടുമ്പോഴും എന്തെങ്കിലും വായിച്ചുകൊണ്ടിരിക്കുന്നത് അമ്മിണിയും മറ്റും ശ്രദ്ധിച്ചു. അല്ലെങ്കില്‍ ബോയ്ഫ്രണ്ടിനോടോ ഗേള്‍ഫ്രണ്ടിനോടോ ടെലിഫോണില്‍ സൊള്ളലായിരിക്കും.

കള്ള•ാര്‍ തോക്കു ചൂണ്ടി കൊള്ള നടത്തുന്നതും അവര്‍ മനസ്സിലാക്കി. ആള്‍ക്കൂട്ടത്തിലായാലും തൊട്ടടുത്ത് നിന്ന് തോക്കു ചൂണ്ടും. ഒരക്ഷരം മിണ്ടാല്‍ കഴിയാതാകും. മിണ്ടിയാല്‍ മണ്ട പൊളിയും. ആരെങ്കിലും കണ്ടാല്‍ മിണ്ടുകയില്ല. നോക്കുകപോലുമില്ല. അല്ലെങ്കില്‍ സ്ഥലം കാലിയാക്കും. കള്ള•ാര്‍ കയ്യിലുള്ളതൊക്കെ തട്ടിക്കൊണ്ടു പോകുകയും ചെയ്യും.

അമേരിക്കയില്‍ ഒരാളുടെ കാര്യത്തില്‍ മറ്റൊരാള്‍ ഇടപെടുകയില്ലെന്ന് അമ്മിണിയും മറ്റും മനസ്സിലാക്കി. അതിന് പോലീസും നിയമങ്ങളും, വക്കീലും, കോര്‍ട്ടും ഒക്കെയുണ്ടെന്നാണ് അവര്‍ പറയുന്നത്. ആരും പരസ്പരബന്ധം പുലര്‍ത്തുന്നത് കാണുന്നില്ല.

നാട്ടില്‍ ഒരാളുടെ കാര്യത്തില്‍ നാട്ടുകാര്‍ ഇടപെട്ടെന്നിരിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കും. മനുഷ്യത്വം കാണിക്കും. അതേസമയം വയറുവേദന കാരണം കൊച്ചുപെണ്ണ് ശര്‍ദ്ദിച്ചത് ഗര്‍ഭമാക്കി നാടെല്ലാം പരത്തി, ഭാവി നശിപ്പിക്കുകയും ചെയ്യും.

എല്ലാവര്‍ക്കും ശമ്പളം കിട്ടാന്‍ സമയമായി. അമേരിക്കയില്‍ ഒരാഴ്ചയോ രണ്ടാഴ്ചയോ കഴിഞ്ഞുള്ള വെള്ളിയാഴ്ചയാണ് ശമ്പളം. മിക്ക അമേരിക്കക്കാരും കിട്ടുന്ന പണം വാരാന്ത്യത്തില്‍ തന്നെ ജീവിതസുഖങ്ങളില്‍ ലയിച്ച് തീര്‍ക്കുന്നു.

അമ്മിണിക്കും മറ്റും ശമ്പളം കിട്ടിക്കഴിഞ്ഞപ്പോള്‍ പോള്‍ കണക്കുമായി ചെന്നു. കള്ളക്കണക്കിന്റെ കയ്യാങ്കളി കണ്ട് അവരുടെ കണ്ണ് നിറഞ്ഞു. 

മോനിക്കു മാത്രം കണക്കില്ല. മറ്റുള്ളവര്‍ക്ക് കണക്ക് കൊടുത്ത് പോള്‍ മോനിയുമായി പോയി. 
പോയിരിക്കുവാ കണക്കു തീര്‍ക്കാന്‍
.....   .....    .....  ...... ...... ...... ......

മറ്റുള്ളവര്‍ പിറുപിറുത്തു.

കണക്ക് മാത്രമല്ല. അസഭ്യങ്ങളും അധികാരഭാവവും. അതു പോളില്‍ നിന്ന് മാത്രമേ, മോനിയില്‍ നിന്നുപോലും. 

ഇനീം ഇന്‍ഷ്വറന്‍സ് വരാനിരിക്കുന്നതേയുള്ളൂ. പിന്നെ അതിനും ചോദിക്കുന്നതു കൊടുക്കണം.
മടുത്തു. ഇവിടെ നിന്ന് മറ്റെങ്ങാനും മാറി താമസിക്കണം. അമ്മിണിയും കൂട്ടരും തീരുമാനിച്ചു.

സ്ഥലങ്ങളൊന്നും പരിചയമില്ല. ആളുകളെ അറിയില്ല. വേണ്ടത്ര പണമില്ല. എന്തുചെയ്യും? 

എങ്ങനെയെങ്കിലും മാറിയാല്‍ തന്നെ പോളിന്റെ പ്രതികരണം എന്തായിരിക്കും? സ്വാതന്ത്ര്യം കൊതിച്ചവരുടെ ചിന്തയില്‍ കൊടുങ്കാറ്റടിച്ചു.



അമേരിക്ക നോവല്‍ - 8 (മണ്ണിക്കരോട്ട് )
Join WhatsApp News
American 2016-04-25 09:24:41
അമേരിക്ക സ്വപ്നം കണ്ടു വരുന്നവർ കുണ്ടിപൊട്ടിച്ചു പണിതാലേ ജീവിക്കാൻ പറ്റുകയുള്ളൂ എന്നത് കളത്തിൽ ഇറങ്ങുമ്പോഴെ മനസിലാകൂ.  ജോലി ചെയ്യാതെ ജീവിക്കാൻ പറ്റിയ സ്ഥലം കേരളത്തിലെ സര്ക്കാര് ജോലിയാണ്.  ഭരണകർത്താക്കളും . കേരളത്തിലെ അളിഞ്ഞ രാഷ്ട്രീയക്കാരും അതിനു പറ്റിയ കുറെ അമേരിക്കൻ  മലയാളികളും കൂട്ട് ചേർന്ന് ആ നാട് കുട്ടിചോർ ആക്കും .  എഴുത്ത്കാരാൻ കേരളത്തിന്റെയും അമേരിക്കയുടെയും ജീവിതത്തോടും ജോലിയോടും ഒക്കെയുള്ള ഒരു സമീപനത്തിന്റെ ചിത്രം വരച്ചു കാണിക്കുന്നു . ഈ നാട്ടിൽ വന്നിട്ട് ഇതുവരെയും ശരിയാകാതെ ഫോമ ഫൊക്കാന എന്നൊക്കെ പറഞ്ഞു നടക്കുന്നവന്മാരെ കൂട്ടത്തോടെ നാട് കടത്തണം .ഇവന്മാര് എവിടെ പോയാലും ശരിയാകില്ല . 
നുണച്ചി തള്ള 2016-04-25 17:46:08
ഉച്ച ഊണ്  കഴിഞ്ഞു  കയ്യാല  പുറത്തുള്ള  നുണ  പറച്ചില്‍ പോലെ ഉള്ള സുഖം .

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക