Image

ഒരു അമേരിക്കന്‍ ലൈഫ്‌ബോട്ട് (part 2)

മീനു എലിസബത്ത് Published on 30 January, 2012
ഒരു അമേരിക്കന്‍ ലൈഫ്‌ബോട്ട് (part 2)
അന്നേരം ആണ്ട് കാതറിന്‍ എന്നെ ഇന്ത്യക്ക് പോകാന്‍ വിളിക്കുന്നു. കം ഓണ്‍ ജോണ്‍ ബേബി!! ഞാന്‍ വേഗം പെട്ടി പായ്ക്ക് ചെയ്തിറങ്ങി. ഇന്ത്യയ്ക്ക് വിമാനം കയറി. നെടുമ്പാശേരിയില്‍ നിന്നും നേരെ ടാക്‌സി പിടിച്ചു. ആദ്യം മൈസൂര്‍ ഊട്ടി വഴി കൊടൈക്കനാല്‍! സ്‌കൂളില്‍ നിന്നും പത്താം ക്ലാസ്സില്‍ പഠിച്ചപ്പോള്‍ ഇവിടെ വന്നതാണ്. അന്നാണ് ഞാന്‍ ആദ്യമായി അന്നത്തെ എന്റെ കാമുകി ഏലിക്കുട്ടിടെ കുഞ്ഞു വിരലേല്‍ ഒന്ന് തൊടുന്നത്. ബസിലിരുന്ന്. അന്നേരമേ ഏലിക്കുട്ടി കൈ വലിച്ചു. എല്ലാം കണ്ടു, ഞങ്ങള്‍ തിരികെ കേരളത്തിലേക്ക്!! വന്ന വഴി മദാമ്മേ കോന്നിയില്‍ കൊണ്ടുപോയി ആന പിടിത്തം കാണിച്ചു. ആനപ്പുറത്തു കയറ്റി!! തിരികെ വരുന്ന വഴിക്ക് പാമ്പാട്ടി മകുടി ഊതുന്നത് കണ്ടു കാതറിന്‍ കാറ് നിര്‍ത്തിച്ചു. പാമ്പാട്ടിടെ വലിയ ഒരു മൂര്‍ഖനെ അവള്‍ കഴുത്തില്‍ ഇട്ടു ചുറ്റി. ഉമ്മ കൊടുത്തു. നാട്ടുകാരന്‍ ആയിട്ടും എനിക്ക് പാമ്പിനെ തൊട്ടുള്ള കളിയൊക്കെ പേടിയാണേ. പിന്നല്ലേ ഉമ്മ. ഞങ്ങള്‍ അവിടുന്ന് കരിമ്പും കാലാഷാപ്പില്‍ പോയി കള്ളും കപ്പയും ഞണ്ട് കറിയും കഴിച്ചു. ഓട്ടോറിക്ഷ പിടിച്ചു മുണ്ടോത്തിക്കടവില്‍ ചെന്ന് ഹൗസ്‌ബോട്ടില്‍ പാതിരാമണലില്‍ കറങ്ങി ഇവിടെ കുറച്ചു സ്ഥലം വാങ്ങിച്ചു ഓരോലപ്പുര കെട്ടി കൂടാം എന്ന് കാതറിന്‍ എന്റെ ചെവിയില്‍ കിന്നാരം പറഞ്ഞു. ഞാന്‍ അവളുടെ കയ്യില്‍ അടിച്ചു സത്യം ചെയ്തു ഞാനും ഇനി അമേരിക്കക്കില്ലെന്ന്. അതെ എനിക്ക് സന്തോഷം, കാതറിനും സന്തോഷം. പഴയ ഒരു പാട്ട് ഞാന്‍ കാതറിനെ പാടി കേള്‍പ്പിച്ചു. ''എനിക്കും നാവില്‍ എന്‍ പാട്ടുണ്ടല്ലോ... '' പൂമാനം... പൂത്തുലഞ്ഞേ... പൂവള്ളിക്കുടിലെന്റെ കരള്‍ ഉണര്‍ന്നോ കിളി. ഇതു കേട്ട് ഹൗസ് ബോട്ടിലെ കുശിനിക്കാരനും സന്തോഷം. പുള്ളി വേഗം പോയി കരിമീന്‍ വറുത്തതും കൊഞ്ച് ഇലയില്‍ പൊള്ളിച്ചതും ഉണ്ടാക്കി കൊണ്ട് ഞങ്ങള്‍ക്ക് തന്നു. ''സാറ് വലിയ പാട്ടുകാരനാ അല്ലെ? യ്യോ സാറങ്ങു അമേരിക്കക്ക് പോയത് നമ്മുടെ യേശുദാസിന്റെയും ജയചന്ദ്രന്റെയും ഒക്കെ ഒരു ഭാഗ്യം. എന്നാ പാട്ടാ സാറേ ഇത്!! സംഗതികള്‍ എല്ലാം അങ്ങ് വീഴുവല്ലെ!!'' പുള്ളി എന്നെ പ്രോത്സാഹിപ്പിച്ചു. കള്ളുകുപ്പികള്‍ നിറഞ്ഞു പതഞ്ഞു ഗ്ലാസ്സിലേക്കൊഴുകി. സാറിതൊന്നു കഴിച്ചേ.. മദാമ്മക്കും കൊട്... ഞാന്‍ വറുത്ത കരിമീന്‍ ഒന്നെടുത്തു കടിച്ചു. കാതറിനും കൊടുത്തു. ഇടക്ക് കക്ക വാരുന്ന ബാര്‍ജു അതിലെ വന്നപ്പോള്‍ വള്ളം ഒന്നുലഞ്ഞു. എല്ലാരും ഒന്നിളകി. ആ ഇളക്കത്തില്‍ ഒരു മീന്‍ മുള്ള് കാതറിന്റെ തൊണ്ടയില്‍ കുടുങ്ങി. അവള് കരഞ്ഞു. മരണവെപ്രാളം കാണിക്കാന്‍ തുടങ്ങി.!! അയ്യോ ഞാന്‍ വേഗം കാതറിന്റെ തൊണ്ടയില്‍ ഞെക്കി പിടിച്ചു വായില്‍ കയ്യിട്ടു മുള്ള് പുറത്തെടുത്തു മുള്ള് കിട്ടി പക്ഷെ മദാമ്മക്ക് ശ്വാസം മാത്രം ഇല്ല.
കാതറിനെ, കാതറിനെ,,, എന്റെ അമ്മച്ചിയെ ഞാന്‍ ഇനി എന്നാ ചെയ്യും എന്നോര്‍ത്ത് കണ്ണ് തള്ളി വന്ന കാതറിന് ഞാന്‍ വേഗം സി പി ആര്‍ കൊടുക്കാന്‍ അവരുടെ ചുണ്ടില്‍ എന്റെ ചുണ്ട് വെച്ചത് മാത്രം ഓര്‍മയുണ്ട്. പെട്ടെന്ന് ആരോ എന്നെ ഒരൊറ്റ തള്ള്!! ആഞ്ഞുള്ള തള്ളലില്‍ ഞാന്‍ കായലിലോട്ട് ഒരൊറ്റ വീഴ്ച!! അയ്യോ... അയ്യോ...
വെള്ളം കുടിച്ചു മുങ്ങിപ്പൊങ്ങി. '' ആര്‍. യു ഓകെ കാതറിന്‍'' എന്ന് ചോദിച്ചു. ഞാന്‍ നീന്തി വന്നപ്പോള്‍ കാണുന്നത് അന്നമ്മ കട്ടിലില്‍ ഒരു ഭദ്രകാളിയെ പോലെ ഇരുന്നു ചിറിതൊടക്കുന്നതാണ്. ''എന്നതാ മനുഷ്യാ, നിങ്ങക്കെന്നതിന്റെ പ്രാന്താന്നാ എനിക്ക് മനസിലാകാത്തെ? എന്റെ ചുണ്ട് തൊട്ട് മുറിഞ്ഞെന്നാ തോന്നുന്നെ!! പ്രായം ആയാലും അടക്കമില്ലാത്ത ഒരു മനുഷ്യന്‍!! എന്ന് വെച്ചാല്‍ പതിനാറു വയസ്സല്ലെ മുതുക്കന്!!'' അവള്‍ വാ തോരാതെ എന്നെ ചീത്ത വിളിച്ചു കൊണ്ടിരുന്നു. ഞാന്‍ അപ്പോള്‍ ധ്യാനം കൂടിക്കാന്‍ നാട്ടില്‍ നിന്നും വന്ന കപ്പുചിയന്‍ അച്ചന്‍, ഫാദര്‍ പുത്തന്‍പുരക്കലിനെ ഓര്‍ത്തു. അച്ചന്‍ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍ത്തു. അച്ചന്‍ ഇനി എന്നാണോ അമേരിക്കക്ക് വരുന്നത്? ഇനി നാട്ടില്‍ പോകുമ്പോള്‍ അന്നമ്മയെ ഒന്ന് കൊണ്ട് അച്ചനെ കാണിച്ചു കൗണ്‍സില്‍ നടത്തണം. അല്ലെങ്കില്‍ എന്റെ കാര്യം കട്ടപ്പൊക. ഞാന്‍ മിണ്ടാതെ കട്ടിലില്‍ കയറി കിടന്നു. മുറിക്കു കാര്‍പ്പെറ്റ് ഉണ്ടായിട്ടും ഇപ്രാവശ്യം വീണപ്പോള്‍ എനിക്ക് നൊന്തു. ഞാന്‍ കാതരിനെ പേര് വിളിച്ചു കരഞ്ഞത് അന്നമ്മ കേട്ടുകാണുമോ ആവോ?
ഞാന്‍ വീണ്ടും തലയണ കെട്ടിപ്പിടിച്ചു. കണ്ണടച്ച് ഉറങ്ങാന്‍ കിടന്നു. പാതിരാ മണലിലേക്ക് വള്ളം തുഴഞ്ഞു. അവിടെ അതാ സ്വിം സൂട്ടിട്ട കൊച്ചു പെണ്‍പിള്ളരെ അച്ചന്‍ ധ്യാനിപ്പിക്കുന്നു. കൂട്ടത്തില്‍ മെലിഞ്ഞു സ്ലിം ആയി അന്നമ്മയും ഉണ്ട്. കൂടെ പത്താം ക്ലാസ്സിലെ എന്റെ കാമുകി ഏലിക്കുട്ടിയും. ഏലിക്കുട്ടി ഞാന്‍ തൊട്ട് അവളുടെ കുഞ്ഞു വിരല്‍ തലോടുന്നു. അവളെന്നെ നോക്കി ഒന്ന് കണ്ണിറുക്കി!! ഏലിക്കുട്ടി ഇപ്പോള്‍ എവിടെയാണോ എന്തോ? ഹോ എന്നാലും എന്റെ അച്ചാ!! അച്ചനെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നെ...!! അച്ചന്‍ ആരാ മോനെന്നു ചുമ്മാതെയല്ല എല്ലാരും പറയുന്നെ! ഞാന്‍ വീണ്ടും സ്വപ്നത്തില്‍ നിന്നും ഉണര്‍ന്നു. എന്തെല്ലാം സ്വപ്നങ്ങള്‍ ആണെന്റെ അമ്മെ ഇന്ന് കണ്ടു കൂട്ടിയത്. ഈ ഞാനാരാ മോന്‍? യ്യോ എന്നാലും വേണ്ടാ, സ്വപ്‌നങ്ങള്‍ എല്ലാം അങ്ങനെ തന്നെ ഇരിക്കട്ടെ... പാവം എന്റെ അന്നമ്മ!! അവളെ വേദനിപ്പിക്കാന്‍ വയ്യ. ഞാന്‍ അന്നമ്മയോട് ചേര്‍ന്നു കിടന്നു. പിശാചുക്കളുടെ ഈ കൊലവെറികളില്‍ നിന്നും നീ എന്നെ കാക്കണേ ഈശോയെന്നും പറഞ്ഞൊരു കുരിശും വരച്ചു. ഒരു കുരിശ് അന്നമ്മെടെ നെറ്റിയിലും വരച്ചു. അവള്‍ വല്ല സ്വപ്നങ്ങളും കാണാറുണ്ടോ ആവോ?

meenuelizabeth@yahoo.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക