Image

അമേരിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മുളപ്പിച്ച മലയാളി സംഘാടനം (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

Published on 19 April, 2016
അമേരിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ് മുളപ്പിച്ച മലയാളി സംഘാടനം (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
ഉപരിപഠനാര്‍ത്ഥം ഒരാള്‍ അമേരിക്കയിലേയ്ക്ക് പോകുന്നു എന്ന വാര്‍ത്ത മലയാള ദിനപത്രങ്ങളില്‍ വെണ്ടയ്ക്കാ വലുപ്പത്തില്‍ അച്ചടിച്ചുവന്നിരുന്ന കാലഘട്ടത്തിലാണ്  ചെങ്ങന്നൂര്‍ കല്ലിശേരി തേക്കാട്ടില്‍  കുടുംബത്തിലെ ജോര്‍ജ് എബ്രഹാം ഉപരിപഠനത്തിയായി ഏഴുകടലുകള്‍ താണ്ടുന്നത്. കൗമാരം പ്രസരിക്കുന്ന 18-ാമത്തെ വയസില്‍, 1968ല്‍ ന്യൂയോര്‍ക്കില്‍ വിമാനമിറങ്ങുമ്പോള്‍ അഖില കേരള ബാലജനസഖ്യത്തില്‍ നിന്നാര്‍ജിച്ച സംഘാടനത്തികവിന്റെ കാമ്പും കരുത്തും കൈമുതലായുണ്ടായിരുന്നു, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ഈ അഭിജാത സ്ഥാപക നേതാവിന്.

ബാലജനസഖ്യത്തിന്റെ സര്‍വസ്വവുമായിരുന്ന പാലാ കെ.എം മാത്യുവിന്റെ മാനസ പുത്രന്‍മാരിലൊരാളായി, ആ അതുല്യ ഗുരുസന്നിധിയില്‍ ഇഛാശക്തിയും അര്‍പണ മനോഭാവവും ദക്ഷിണയായി സമര്‍പ്പിച്ച് ഗാന്ധിമാര്‍ഗവും ധാര്‍മിക മൂല്യങ്ങളുമൊക്കെ ഭയഭക്തി ബഹുമാനത്തോടെ പഠിച്ച് നേതൃപാടവവും നേട്ടപ്പട്ടികയിലെഴുതിച്ചേര്‍ത്ത ജോര്‍ജ് എബ്രഹാം, അന്തര്‍ദേശീയ തലത്തില്‍ കേരളത്തിന്റെ അഭിമാനക്കൊടി ആകാശത്തോളമുയര്‍ത്തിയ അസാധാരണ വ്യക്തിത്വത്തിനുടമയാണ്. ബാലജനസഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ജോര്‍ജ് എബ്രഹാമിന്റെ സഹചാരികളായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി ജോസഫ്, എം.എം ഹസന്‍, ഫിലപ്പോസ് തോമസ് തുടങ്ങി ഇന്നത്തെ ഒട്ടനവധി കോണ്‍ഗ്രസ് നേതാക്കളും. ഉമ്മന്‍ ചാണ്ടി സീനിയറായിരുന്നുവെങ്കില്‍ രമേശ് ചെന്നിത്തല, ബാലജനസഖ്യത്തില്‍ ഇദ്ദേഹത്തിന്റെ ജൂനിയറായാണ് പ്രവര്‍ത്തിച്ചത്. ശശി തരൂരിനൊപ്പം ഐക്യരാഷ്ട്രസഭയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാനത്ത് ജോലി ചെയ്തിട്ടുണ്ട്. 

തിരഞ്ഞെടുപ്പ് കാലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണത്തിനായി നാട്ടിലെത്തുന്ന ജോര്‍ജ് എബ്രഹാം ഈ തിരഞ്ഞെടുപ്പ് കാലത്തും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നേതാക്കളുമായുള്ള ആത്മബന്ധം ഇന്നും ഉലയാതെ സൂക്ഷിക്കുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ കോണ്‍ഗ്രസിന്റെ അച്ചടക്കമുള്ള പൊതു പ്രവര്‍ത്തകനായി മാറിയ ഇദ്ദേഹം ന്യൂയോര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലും ടെക്‌നോളജിയിലും ബാച്ചിലര്‍ ബിരുദവും ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റില്‍ മാസ്റ്റേഴ്‌സ് ബിരുദവും സ്വന്തമാക്കി. 1974ല്‍ യു.എന്നിന്റെ ന്യൂയോര്‍ക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ആരംഭിച്ച ഔദ്യോഗിക ജീവിതം 36 വര്‍ഷം സഫലമായി നീണ്ടു നിന്നു. യു.എന്‍ പെന്‍ഷന്‍ ഫണ്ടിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായാണ് വിരമിച്ചത്.

സാമൂഹിക പ്രതിബദ്ധതയുടെ ദീപശിഖയേന്തി, കാര്യക്ഷമമായ ഔദ്യോഗിക കൃത്യനിര്‍വഹണത്തിരക്കിനിടയിലും ജോര്‍ജ് എബ്രഹാം സംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായി. നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ എന്ന് എക്കാലത്തും വിശേഷിപ്പിക്കപ്പെടുന്ന കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ ജനറല്‍ സെക്രട്ടറി പദം അലങ്കരിച്ച ഇദ്ദേഹം ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ ഡയറക്ടറും നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് ഫോര്‍ സെക്യുലറിന്റെ സ്ഥാപകാംഗവും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയും ഊര്‍ജ്വസ്വലതയും ദീര്‍ഘദര്‍ശിത്വവുമുള്ള പ്രസിഡന്റുമായി തിളക്കമാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ചു. 

മലയാളി കുടിയേറ്റത്തിന്റെ ഏതാണ്ട് ആരംഭകാലത്ത് അമേരിക്കയിലെത്തി ഔദ്യോഗിക രംഗത്തും സാമൂഹിക സാംസ്‌കാരിക മേഖലയിലും തനതായ കൈയ്യൊപ്പു ചാര്‍ത്തിയ ജോര്‍ജ് എബ്രഹാം തന്റെ സംഭവബഹുലവും സഫലവുമായ ജീവിത വീക്ഷണങ്ങളെക്കുറിച്ചും അനുഭവസമ്പന്നതയെപ്പറ്റിയും ഭൂതകാല അമേരിക്കയുടെ പരിഛേദത്തെപ്പറ്റിയും ഇ-മലയാളിയുടെ മാന്യ വായനക്കാരോടും അഭ്യുദയകാംക്ഷികളോടും സംസാരിക്കുകയാണിവിടെ. അഭിമുഖ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങളിലേയ്ക്ക്.

? അഖിലകേരള ബാലജനസഖ്യത്തിന്റെ മികച്ച ഉത്പന്നം എന്ന നിലയ്ക്കുള്ള ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍... 
* പാലാ കെ.എം മാത്യു സാര്‍ ഉണ്ടായിരുന്ന കാലത്ത് ബാലജനസഖ്യത്തിലുണ്ടായിരുന്ന പൂര്‍വ സുഹൃത്തുക്കളുടെ സംഗമങ്ങള്‍ പലപ്പോഴും നടത്തുകയുണ്ടായി. അന്ന് ഏവരും സന്തോഷത്തോടെ എത്തുമായിരുന്നു. പഴയകാല സുഹൃത്തുക്കളുമായുള്ള പരിചയം പുതുക്കുവാനുള്ള അസുലഭ വേദിയായിരുന്നു അത്. സാറിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ ജന്മദിനമായ എല്ലാ ജനുവരി 11-ാം തീയതിയും കുട്ടികള്‍ക്ക് മികച്ച സാഹിത്യ രചനയ്ക്കുള്ള അവാര്‍ഡ് നല്‍കി വരുന്നു. ഇക്കഴിഞ്ഞ ജനുവരിയിലും കോട്ടയത്തു വച്ച് അവാര്‍ഡ് നല്‍കുകയുണ്ടായി. 

? അമേരിക്കയില്‍ ആദ്യമായി കാലുകുത്തിയപ്പോള്‍ ഉണ്ടായ അനുഭവം...
* തീര്‍ച്ചയായും അതൊരു കള്‍ച്ചറല്‍ ഷോക്കായിരുന്നു. നാം ജനിച്ചു ജീവിച്ചു വന്ന ദേശത്തെ രീതികളില്‍ നിന്ന് തികച്ചും വിഭിന്നമായ സാമൂഹിക സാംസ്‌കാരിക അന്തരീക്ഷമുള്ള ഒരു വലിയ രാജ്യത്തേക്കുള്ള കൂടുമാറ്റം, അപരിചിതത്വത്തിന്റെ അല്പം അങ്കലാപ്പുണ്ടാക്കി എന്നു തന്നെ പറയാം. 

? അന്നത്തെ മലയാളികളുടെ ശക്തി... 
* 1968ല്‍ ഇവിടെയെത്തുമ്പോള്‍ ന്യൂയോര്‍ക്ക് ട്രൈ സ്റ്റേറ്റ് ഏരിയയില്‍ മൊത്തം 100 മലയാളികള്‍ പോലും ഉണ്ടായിരുന്നില്ല. സ്റ്റുഡന്റ്‌സ് വിസയിലും നേഴ്‌സസ് എക്‌സ്‌ചേഞ്ച് വിസയിലും ഒക്കെ വന്നവരായിരുന്നു അവര്‍. 1969ലാണ് അമേരിക്കയിലെ എന്റെ ആദ്യത്തെ ഓണം. അതൊരു വലിയ അനുഭവമായിരുന്നു. ഞങ്ങള്‍ ഏകദേശം നൂറോളം പേര്‍ മന്‍ഹാട്ടനിലെ മിഡ് ടൗണിലുള്ള കമ്മ്യൂണിറ്റി ചര്‍ച്ചില്‍ ഒത്തുകൂടിയാണ് ആദ്യത്തെ ഓണം ആഘോഷിച്ചത്. സിറിയക് താന്നിക്കരിയാണ് ആ കൂട്ടായ്മയ്ക്ക് നേതൃത്വം നല്‍കിയത്. അമേരിക്കയിലെത്തിയ ശേഷം അന്നാണ് ഞാന്‍ ആദ്യമായി അത്രയും മലയാളികളെ ഒരുമിച്ച് കാണുന്നത്. 

? പ്രഥമ യാത്രയുടെ അനുഭവം
* ഉപരിപഠനാര്‍ത്ഥം അമേരിക്കയിലേക്ക് പോകുന്നു എന്നുള്ളത് അക്കാലത്ത് പത്രങ്ങളിലെ വാര്‍ത്തയാണ്. നാടുവിട്ട് ഇത്രയും ദൂരം സഞ്ചരിച്ച് അമേരിക്കയിലെത്തുക എന്നത് വലിയ അത്ഭുതമായിരുന്നു പലര്‍ക്കും. രണ്ടും മൂന്നും ആഴ്ചകള്‍ എടുത്താണ് കത്തുകള്‍ കിട്ടുക. പിന്നെ ട്രങ്ക് ടെലഫോണ്‍ ഉണ്ടായിരുന്നു. പക്ഷേ എന്റെ നാട്ടില്‍ ടെലിഫോണ്‍ ഉള്ള ഒരേയൊരു വീടു മാത്രമേ ഉണ്ടായിരുന്നുള്ളു. ട്രങ്ക് ബുക്കു ചെയ്ത് മൂന്ന് നാല് മണിക്കൂര്‍ പോസ്റ്റോഫീസില്‍ ഇരുന്നാലേ കണക്ഷന്‍ കിട്ടുകയുള്ളു. അന്നും അമേരിക്കയിലെ ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനം വളരെ അഡ്വാന്‍സ്ഡ് ആയിരുന്നു. 

? മലയാളികളുടെ കാര്യം പറഞ്ഞു, ഇന്ത്യക്കാരുടെയോ...
* ഇന്ത്യക്കാരുടെ എണ്ണവും വളരെ കുറവായിരുന്നു. അന്ന് ന്യൂയോര്‍ക്ക് സിറ്റിയിലൂടെ പോകുമ്പോള്‍ പലരും വാഹനം നിര്‍ത്തി ചോദിക്കുമായിരുന്നു, നിങ്ങള്‍ ഇന്ത്യക്കാരന്‍ ആണോ എന്ന്. അങ്ങനെ സ്ട്രീറ്റുകളില്‍ മീറ്റ് ചെയ്യുമ്പോള്‍ എല്ലാവരും അവരവരുടെ വീടുകളിലേയ്ക്ക് പരസ്പരം ക്ഷണിക്കുമായിരുന്നു. പരിചയപ്പെടാനും ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുമൊക്കെയായിരുന്നു ആ വിലപ്പെട്ട ക്ഷണം. 

? പഠനകാലത്തെ രസകരമായ അനുഭവം
* അന്ന് മന്‍ഹാട്ടനിലെ ലക്‌സിങ്ടണ്‍ അവന്യുവില്‍ മാത്രമായിരുന്നു ഒരു സ്‌പൈസ് സ്റ്റോര്‍ ഉണ്ടായിരുന്നത്. വൈകിട്ട് അഞ്ചു മണിക്കു മുമ്പ് അവിടെ എത്തിയാലേ ആവശ്യത്തിനുള്ള മുളകുപൊടിയും മല്ലിപ്പൊടിയുമൊക്കെ കിട്ടൂ. അതിനാല്‍ കോളേജില്‍ നിന്നോ ജോലി സ്ഥലത്തു നിന്നോ നേരത്തെ തന്നെ ഇറങ്ങിയാണ് സാധനങ്ങള്‍ വാങ്ങിക്കുവാന്‍ പോയിരുന്നത്. അന്നത്തെ അമേരിക്കയിലെ ഈസ്റ്റേണ്‍ സ്വാധീനം അത്രമാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് അമേരിക്കക്കാര്‍ക്കും സ്‌പൈസി ഹോട്ട് ഫുഡ് ഇഷ്ടമായി തുടങ്ങി. എന്നു പറഞ്ഞാല്‍ അവരെ പോലും നമ്മള്‍ ഇപ്പോള്‍ സ്വാധീനിച്ചു കഴിഞ്ഞു എന്നര്‍ത്ഥം. 

?  സ്ട്രീറ്റിലെ കൂടുതല്‍ പരിചയം പുതുക്കലും മറ്റും...
* ഒരിക്കല്‍ ന്യൂയോര്‍ക്ക് സിറ്റിയിലൂടെ പോകുമ്പോള്‍ കാര്‍ നിര്‍ത്തി ഒരു അമേരിക്കക്കാരന്‍ നിങ്ങള്‍ ആരാണ് എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇന്ത്യക്കാരനെന്ന് പറഞ്ഞു. നിങ്ങള്‍ ഏത് ട്രൈബില്‍ പെട്ടതാണ് എന്നതായിരുന്നു അടുത്ത ചോദ്യം. അമേരിക്കക്കാരന്‍ വിചാരിച്ചത് ഞാന്‍ ഒരു ഇന്ത്യന്‍ അമേരിക്കക്കാരന്‍ ആണെന്നാണ്. അവര്‍ക്ക് അന്ന് ഇന്ത്യക്കാരെ പറ്റിയുള്ള വിവരം പോലും ചുരുക്കമായിരുന്നു. ന്യൂയോര്‍ക്ക് ടൈസ് വായിച്ചിരുന്നവര്‍ക്ക് ഇന്ത്യയെ പറ്റി ഒരു നെഗറ്റീവ് ചിത്രമാണ് കിട്ടിയിരുന്നത്, അതായത് ഇന്ത്യ തീര്‍ത്തും ഒരു പിന്നോക്ക രാഷ്ട്രം എന്ന സൂചനകള്‍. 

?  ആ ചിന്താഗതിയിലെ മാറ്റം എപ്രകാരമായിരുന്നു... കാരണങ്ങള്‍...
* വളരെ മാറി. അതിന്റെ കാരണക്കാര്‍ ഇന്ത്യക്കാര്‍ തന്നെയാണ്. ഇന്ന് ഈ നാട്ടില്‍ പ്രൊഫഷണല്‍ മേഖലകളില്‍ അതിവിദഗ്ധരായ ഇന്ത്യക്കാരെയാണവര്‍ നിത്യവും കാണുന്നത്. ഏതൊരു കോര്‍പ്പറേറ്റ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലും ഏത് ഓഫീസിലും ചെന്നു കഴിഞ്ഞാല്‍ അവിടെ ഐ.ടിയുടെ വിദഗ്ധരില്‍ ഇന്ത്യക്കാരുമുണ്ടായിരിക്കും. ആശുപത്രികളില്‍ ചെന്നുകഴിഞ്ഞാല്‍ ലോകം തന്നെ ആദരിക്കുന്ന ഒരു ഹാര്‍ട്ട് സര്‍ജനെയോ ഒരു ഓങ്കോളജിസ്റ്റിനെയോ കാണാം. പിന്നെ നേഴ്‌സ്മാരുടെ വന്‍ നിരയും. പ്രൊഫഷണല്‍സാണ്  ഇന്ത്യയില്‍ നിന്ന് വരുന്നത്. അവര്‍ നന്നായി കോണ്‍ട്രിബ്യൂട്ട് ചെയ്യുന്നു. അത് അമേരിക്കന്‍ എക്കണോമിക്കും പല വിധത്തില്‍ ഗുണകരമാവുന്നുണ്ട്. അതിന്റെ ബഹുമാനം ഇന്ത്യക്കാര്‍ക്കും പ്രത്യേകിച്ച് മലയാളികള്‍ക്കും തിരികെ ലഭിക്കുന്നുണ്ട്. 

? കര്‍മഭൂമിയിലെ അങ്ങയുടെ സംഘടന പ്രവര്‍ത്തനത്തെക്കുറിച്ച്...
*  ഞാന്‍ കേരള സമാജത്തിന്റെ ആദ്യകാല ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളാണ്. 1972-73 കാലഘട്ടത്തിനു ശേഷം രൂപീകരിച്ച ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സിന്റെ ഡയറക്ട് ബോര്‍ഡ് മെമ്പറായി. ആദ്യത്തെ ജീവകാരുണ്യ സംഘടനയായ ഫോറം ഓഫ് കെയര്‍ അണ്ടര്‍സ്റ്റാന്‍ഡിങ് ആന്‍ഡ് സര്‍വീസിന്റെ (ഫോക്കസ്) ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പിന്നെ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ ഉള്‍പ്പെടെ സംഘടനകളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. 

?  മതസംഘടനകളുടെ വരവറിയിച്ചതെപ്പോള്‍... 
* ഈ സമയത്തു തന്നെയാണ് മതസംഘടനകളും രൂപമെടുക്കാന്‍ തുടങ്ങിയത്. നേരത്തെ ഇന്ത്യാ ക്രിസ്റ്റ്യന്‍ അസംബ്ലി എന്നൊരു സംഘടനയുണ്ടായിരുന്നു. അവിടെയാണ് ആരാധനയ്ക്കും മറ്റുമായി മര്‍ത്തോമക്കാരും യാക്കോബക്കാരും പെന്തക്കോസ്തുകാരുമൊക്കെ സമ്മേളിച്ചിരുന്നത്. ആദ്യത്തെ മലയാളി ചര്‍ച്ച് ആയിരുന്നു അത്. എന്നാല്‍ 70 കളുടെ തുടക്കത്തില്‍ കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തിയതോടെ ഇന്ത്യ ക്രിസ്റ്റ്യന്‍ അസംബ്ലിയില്‍ നിന്ന് മര്‍ത്തോമക്കാര്‍ മാറി അവരുടേതായ സഭയുണ്ടാക്കി. ക്‌നാനായക്കാര്‍ മാറി അവരുടേതായ ആരാധനാലയങ്ങള്‍ സ്ഥാപിച്ചു. അങ്ങനെ യാക്കോബായ, ഓര്‍ത്തഡോക്‌സ് തുടങ്ങിയ വിഭാഗങ്ങള്‍ വ്യത്യസ്തങ്ങളായ രീതിയില്‍ തനതായ സമൂഹമായി തീര്‍ന്നുകൊണ്ട് അവരുടേതായ രീതിയില്‍ സംഘടനകളും മറ്റും രൂപീകരിച്ചു വന്നു. 

?  ഫെഡറേഷനുകളുടെ തുടക്കം...
* സാമൂഹിക സംഘടനകള്‍ ഒരുപാട് പിറന്നപ്പോള്‍ ജാതി മത ചിന്തകള്‍ക്കതീതമായി ഏവര്‍ക്കും ഒന്നിച്ചു കൂടാനുള്ള വേദി എന്ന നിലയ്ക്കാണ് 1981ല്‍ ഫൊക്കാന രൂപീകരിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് യാതൊരു അര്‍ത്ഥവുമില്ലാതെ സംഘടനകള്‍ പെരുകുന്ന കാഴ്ചയാണ്. 

?  ഇതിലൂടെ മലയാളികളുടെ ഐക്യം നഷ്ടപ്പെട്ടു എന്ന് കരുതാമോ...
* കരുതാം. ഉദാഹരണത്തിന് ഗുജറാത്തികളുടെ കാര്യമെടുക്കാം. ഇന്ത്യന്‍ കമ്മ്യൂണിറ്റികളില്‍ ഗുജറാത്തികള്‍ ഒന്നാം സ്ഥാനത്താണെങ്കില്‍ മലയാളികള്‍ രണ്ടാമതു നില്‍ക്കുന്നു. എന്നാല്‍ ഗുജറാത്തികളെല്ലാം ഒരുമിച്ച് ചേര്‍ന്ന് നിന്നു കൊണ്ട് അവരുടേതായ വലിയ സാമ്രാജ്യമാണ് വിവിധ ആവശ്യങ്ങള്‍ക്കായി അമേരിക്കയില്‍ കെട്ടിപ്പടുക്കുന്നത്. മലയാളികളാകട്ടെ വിഭജിക്കപ്പെട്ടു പോയി. വലിയ ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് വ്യക്തിനിഷ്ടമായ ദ്വീപുകളിലേയ്ക്ക് നാം ചുരുങ്ങിപ്പോയി. പക്ഷേ, പലരും അവരവരുടേതായ രീതിയില്‍ ചാരിറ്റി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടത്തുവെന്നത് സന്തോഷകരമാണ്. 

?  ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ജന്മം എങ്ങനെ...
* അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ധാരാളം സാംസ്‌കാരികവും സാമൂഹികവും മതപരവും ജീവകാരുണ്യ സംബന്ധവുമായ ധാരാളം സംഘടനകള്‍ അന്നുണ്ടായിരുന്നുവല്ലോ. ഈ സാഹചര്യത്തില്‍ ഒരു രാഷ്ട്രീയ സംഘടനയുടെ ആവശ്യകതെക്കുറിച്ചും അനിവാര്യതയെക്കുറിച്ചും ഞാന്‍ ചിന്തിക്കുകയുണ്ടായി. അന്ന് വാജ്‌പേയ് സര്‍ക്കാരിന്റെ കാലമാണ്. അന്ന് ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്നിരുന്നത് ബി.ജെ.പി അനുകൂല വാര്‍ത്തകളും വിശകലനങ്ങളുമൊക്കെയായിരുന്നു. അമേരിക്കയിലെ ഗുജറാത്തി സമൂഹം മൊത്തത്തില്‍ ബി.ജി.പി അനുകൂല നിലപാടിലായിരുന്നു ഉറച്ച് നിന്നിരുന്നത്. അപ്പോള്‍ കോണ്‍ഗ്രസിനെ പ്രതിരോധിക്കാനോ  കോണ്‍ഗ്രസിന്റെ തത്വസംഹിതകളെ പറ്റി സംസാരിക്കുവാനോ വളരെ നേര്‍ത്ത ഒരു പ്രതലം മാത്രമേ ഉണ്ടായിരുന്നുള്ളു. 

? ഈ ന്യൂനത എപ്രകാരമാണ് മറി കടന്നത്...
* നമ്മള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ജനിച്ചു. അവിടെ നിന്ന് ഏറ്റവം പുരാതനവും സുശക്തവും മഹത്തരവുമായ മറ്റൊരു ജനാധിപത്യ രാജ്യമായ അമേരിക്കയിലേക്ക് കുടിയേറി. ഇന്ത്യന്‍ ജനാധിപത്യം വളര്‍ച്ചയുടെ ഘട്ടത്തിലാണ്. ബാലാരിഷ്ടിതകള്‍ ഇപ്പോഴുമുണ്ട്. അതേ സമയം അമേരിക്കന്‍ ജനാധിപത്യത്തിന്റെ ജുഡീഷ്യറി, ലെജിസ്ലേച്ചര്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ സുശക്തവുമാണ്. ഈ രാജ്യത്ത് നാം ജീവിക്കുമ്പോള്‍ നാമിവിടെ നിന്നു പഠിക്കുന്ന കാര്യങ്ങളും നമ്മെ സ്വാധീനിച്ച വസ്തുതകളും അമേരിക്കന്‍ ജനാധിപത്യത്തിന്റെ ഉരുക്ക് കവചത്തിന്റെ പ്രത്യേകതകളും എങ്ങനെ ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയിലേക്ക് സംപ്രേക്ഷണം ചെയ്യാം, അതിലൂടെ ഇന്ത്യയെ എപ്രകാരം നമുക്ക് സഹായിക്കാം, ഇന്ത്യയെ എപ്രകാരം സ്വാധീനിക്കാം എന്നൊക്കെയുള്ള താത്പത്യമാണ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് തുടങ്ങാന്‍ എന്നെ പ്രേരിപ്പിച്ചത്.

? ഈ കാല്‍വയ്പിന്റെ ഗുണഫലങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തില്‍ പ്രതിഫലിക്കുകയുണ്ടായോ...
*  തീര്‍ച്ചയായും ഉണ്ടായി എന്നു ഞാന്‍ വിശ്വസിക്കുന്നു. 1947 മുമ്പുള്ള ഇന്ത്യയല്ല ഇന്നുള്ളത്. ഉച്ചനീചത്വങ്ങളും സാമ്പിത്തിക അസമത്വങ്ങളും തുടച്ചു മാറ്റപ്പെട്ടു. ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും തത്വസംഹിതകളും അംബേദ്ക്കറിന്റെ ഭരണഘടനയും വിഭാവനം ചെയ്തിട്ടുള്ള മതേതരത്വവും തുല്യ നീതിയും പൗരാവകാശവും ഇത്രത്തോളം ഇന്ത്യയില്‍ നടപ്പാക്കാന്‍ കഴിഞ്ഞതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്റെ പങ്ക് വളരെ വലുതാണ്. അതൊരിക്കലും അപകടപ്പെടരുത് എന്ന ചിന്തയിലാണ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. 

? ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണത്തെക്കുറിച്ച്...
* കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണം വികസിത കേരളം എന്ന മുദ്രാവാക്യത്തിലൂന്നിയാണ് മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നത്. ആ വികസന നയത്തിന്റെ വിധിയെഴുത്തായിരിക്കും ഇക്കുറി ഉണ്ടാവുക. 

? ബാലജനസഖ്യത്തിലൂടെ കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് വന്നവര്‍ പാലാ കെ.എം മാത്യു സാര്‍ പഠിപ്പിച്ച മൂല്യബോധത്തിന്റെ പാതയിലാണോ ഇന്നും സഞ്ചരിക്കുന്നത്...
* സാറ് പഠിപ്പിച്ചവരാണ് ഇന്നത്തെ പല നേതാക്കന്മാരും. കുറച്ചുപേരൊക്കെ സാറ് പ്രതീക്ഷിച്ച വിധത്തില്‍ ആ നിലയിലേക്ക് ഉയര്‍ന്നിട്ടില്ലെന്നത് സത്യമാണ്. പ്രത്യേകിച്ച് ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍

? സ്വന്തം ജീവിതത്തെ അങ്ങ് സ്വയം വിലയിരുത്തുന്നതെങ്ങനെ...
* യു.എന്നില്‍ ജോലിചെയ്യാന്‍ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. അതൊരു പ്രിവിലേജായിരുന്നു. എന്നാല്‍ കഴിവത് ചെയ്യാന്‍ സാധിച്ചുവെന്നാണ് വിശ്വാസം. യു.എന്‍ മിഷനുവേണ്ടി ആഫ്രിക്കയിലും ജോലി ചെയ്തിട്ടുണ്ട്. യുഎന്നില്‍ ജോലി ചെയ്യുമ്പോള്‍ മനുഷ്യാവകാശത്തിന് വളരെ പ്രാധാന്യം നല്‍കിയിരുന്നു ലോകത്തെവിടെയാണെങ്കിലും മനുഷ്യാവകാശം ഒരിക്കലും ഹനിക്കാന്‍ പാടില്ല. നോണ്‍ റസിഡന്റ് ഇന്ത്യന്‍സ് ഫോര്‍ സെക്യുലര്‍ ആന്‍ഡ് ഹാര്‍മോണിയസ് ഇന്ത്യ(എന്‍.ആര്‍.ഐ സാഹി), എന്നൊരു സംഘടന രൂപീകരിച്ച് ഗുജറാത്ത് കലാപം പോലെയുള്ള വര്‍ഗീയ സംഭവങ്ങളില്‍ സജീവമായി ഇടപെട്ട് സര്‍ക്കാരിന്റെ ശ്രദ്ധ മതേതര മൂല്യങ്ങളിലേയ്ക്ക്  ആകര്‍ഷിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

***
ഇനിയുമുള്ള വലിയ സ്വപ്നം എന്ന ചോദ്യത്തിന് ''വലിയ സ്വപ്നങ്ങളൊന്നും ബാക്കിയില്ല. ഇന്ത്യന്‍ ജനാധിപത്യം ഒരിക്കലും തളരരുത് എന്ന നിരന്തര പ്രാര്‍ത്ഥനയുണ്ട്. നമ്മുടെ മാതൃഭൂമിയില്‍ ഇനി ഒരു വര്‍ഗീയ കലാപവും ഉണ്ടാവരുത്. ഏവരും ഒരൊറ്റ ഇന്ത്യക്കാരായി ഒരു മനസ്സോടെ ജീവിക്കണം എന്ന  വലിയ ആഗ്രഹമാണുള്ളത്. സമത്വ സുന്ദരമായ നല്ല നാളെയുടെ പുലര്‍വെട്ടം ഈ മണ്ണില്‍ വീഴുകയാണ് വേണ്ടത്...'' എന്ന് പറഞ്ഞുകൊണ്ടാണ് ജോര്‍ജ് എബ്രഹാം എന്ന മനുഷ്യസ്‌നേഹിയും സംഘാടകനും അന്തര്‍ദേശീയ തലത്തില്‍ ഔദ്യോഗിക വിജയം നേടിയ വ്യക്തിയുമായ അമേരിക്കന്‍ മലയാളി സംഭാഷണം നിര്‍ത്തിയത്. ലോണയാണ് ഭാര്യ, വിലാസ്, സ്റ്റീവന്‍ എന്നിവര്‍ മക്കള്‍. സുനിലയാണ് വിലാസിന്റെ ഭാര്യ. ഡെനിയേല്‍ സ്റ്റീവന്റെ സഹധര്‍മിണിയും.
അമേരിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ് മുളപ്പിച്ച മലയാളി സംഘാടനം (അഭിമുഖം: എ.എസ് ശ്രീകുമാര്‍)അമേരിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ് മുളപ്പിച്ച മലയാളി സംഘാടനം (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Starly 2016-04-26 04:29:52
All bedt wishes
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക