Image

ഐസ്‌ക്രീം പാര്‍ലര്‍ കേസ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published on 30 January, 2012
ഐസ്‌ക്രീം പാര്‍ലര്‍ കേസ്: അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിന്റെ അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറിയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. ജയ്‌സന്‍ കെ.എബ്രഹാം നേരിട്ടെത്തിയാണ് ഡിവിഷന്‍ ബെഞ്ച് മുമ്പാകെ മുദ്രവെച്ച കവറില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. കേസ് മാര്‍ച്ച് ആറിന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.വി.എസ്.അച്യുതാനന്ദന്റെ അഭിഭാഷകന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടെങ്കിലും റിപ്പോര്‍ട്ട് കോടതി പരിശോധിച്ച ശേഷം നല്‍കാമെന്ന് കോടതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അറിയിച്ചു.

കേസില്‍ വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, ഹൈക്കോടതി ജഡ്ജിമാരായ കെ.നാരായണക്കുറുപ്പ്, തങ്കപ്പന്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ എം.കെ.ദാമോദരന്‍, മുന്‍ അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.സി പീറ്റര്‍, മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പി.സി ഐപ്പ്, വ്യവസായി റഊഫ്, മുഖ്യസാക്ഷി റജീന എന്നിവരുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് മൊഴിയെടുത്ത ശേഷമാണ് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് തെളിവോ സാക്ഷി മൊഴികളോ ഇല്ലെന്നു പറഞ്ഞ് കോഴിക്കോട് അസിസ്റ്റന്റ് സെഷന്‍സ് കോടതി തള്ളിയതായിരുന്നു. വിവാദ വ്യവസായി കെ.എ. റഊഫിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് വി.എസ്. സര്‍ക്കാറാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ഈ കേസ് സി.ബി.ഐ. അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് ഇതിന്റെ മേല്‍നോട്ടം കോടതി ഏറ്റെടുക്കുകയായിരുന്നു. ജനവരി 22നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും 30 വരെ നീട്ടി വാങ്ങുകയായിരുന്നു.

എ.ഡി.ജി.പി. വിന്‍സെന്റ് പോളാണ് അന്വേഷണ സംഘത്തലവന്‍. കണ്ണൂര്‍ എസ്.പി.അനൂപ് കുരുവിള ജോണ്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്‍, എമിഗ്രേഷന്‍ ഡിവൈ.എസ്.പി. വേണുഗോപാല്‍ എന്നിവര്‍ സംഘത്തിലുണ്ടെങ്കിലും ജെയ്‌സന്‍ കെ.എബ്രഹാമാണ് മുഴുവന്‍ സമയ അന്വേഷണച്ചുമതല വഹിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക