Image

സമാധാനം പുനസ്ഥാപിക്കുന്നതിനായി താലിബാനുമായി കര്‍സായി ചര്‍ച്ച നടത്തും

Published on 30 January, 2012
സമാധാനം പുനസ്ഥാപിക്കുന്നതിനായി താലിബാനുമായി കര്‍സായി ചര്‍ച്ച നടത്തും
കാബൂള്‍: അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിനായി അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി താലിബാന്‍ പ്രതിനിധികളുമായി നേരിട്ട് ചര്‍ച്ച നടത്തിയേക്കുമെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി. സൗദിയില്‍ വച്ചായിരിക്കും ചര്‍ച്ച നടക്കുക. എന്നാല്‍ ഇതിന്റെ തിയതി തീരുമാനിച്ചിട്ടില്ലെന്നും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ചര്‍ച്ചയുണ്ടാകുമെന്നാണ് കരുതുന്നതെന്നും വക്താവ് അറിയിച്ചു.

എന്നാല്‍ അമേരിക്കയുമായി ചര്‍ച്ചയാവാമെന്നും അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ചയ്ക്കു തയാറല്ലെന്നുമുള്ള നിലപാടാണ് താലിബാന്‍ ഇതുവരെ സ്വീകരിച്ചിരുന്നത്. അഫ്ഗാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയേക്കുമെന്ന വാര്‍ത്തയോടുള്ള താലിബാന്റെ പ്രതികരണം ഇതുവരെ പുറത്തു വന്നിട്ടില്ല.

എന്നാല്‍ താലിബാന്‍ പ്രതിനിധികളും യു.എസ്. ഉദ്യോഗസ്ഥരും നേരിട്ടുള്ള അനുരഞ്ജന ചര്‍ച്ച ആരംഭിച്ചതായി 'ന്യൂയോര്‍ക്ക് ടൈംസ്' ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലാണു ചര്‍ച്ച. ഗ്വാണ്ടനാമോ തടവറയിലുള്ള താലിബാന്‍കാരെ മോചിപ്പിക്കുന്നതുസംബന്ധിച്ചാണ് ഇപ്പോള്‍ സംഭാഷണം നടക്കുന്നതെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

അഫ്ഗാനിസ്താനിലെ മുന്‍ താലിബാന്‍ ഭരണകൂടത്തില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്ന അര്‍സല റഹ്മാനി, പാപ-പുണ്യകാര്യങ്ങളുടെ മന്ത്രിയായിരുന്ന മൗലവി കലാമുദീന്‍, സംഘടനയുടെ മേധാവി മുല്ല ഒമറിന്റെ മുന്‍ സെക്രട്ടറി എന്നിവരടക്കം ഏതാനും പേരാണ് താലിബാന്‍ പ്രതിനിധിസംഘത്തിലുള്ളതത്രെ.

താലിബാന്റെ ചില മുന്‍ നേതാക്കളെ ഉദ്ധരിച്ചാണ് 'ന്യൂയോര്‍ക്ക് ടൈംസി'ന്റെ റിപ്പോര്‍ട്ട്. ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നതു പൂര്‍ണതോതിലുള്ള സമാധാനസംഭാഷണമല്ലെന്നും പരസ്പരവിശ്വാസം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള പ്രാരംഭചര്‍ച്ചയാണെന്നും ഈ കേന്ദ്രങ്ങള്‍ പറയുന്നു. താലിബാന്‍ തടവുകാരുടെ മോചനം ചര്‍ച്ച ചെയ്യുന്നത് ഇതിന്റെ ഭാഗമായാണ്. അത്തരമൊരു നടപടിക്കു പക്ഷേ, യു.എസ്. കോണ്‍ഗ്രസ്സിന്റെ അനുമതി വേണ്ടിവരും.

അമേരിക്കയുമായുള്ള സന്ധിസംഭാഷണങ്ങള്‍ക്കായി താലിബാന്‍ ഖത്തറില്‍ സ്ഥിരം ഓഫീസ് തുറക്കുമെന്നു നേരത്തേ വാര്‍ത്തയുണ്ടായിരുന്നു. അമേരിക്കയുടെ ഒത്താശയോടെത്തന്നെയായിരുന്നു ഈ നീക്കം. യു.എസ്സിന്റെ ഉറ്റ സുഹൃദ്‌രാജ്യമാണ് ഖത്തര്‍.

പാകിസ്താന്റെ രഹസ്യസമ്മതത്തോടെയാണ് ഇപ്പോള്‍ ചര്‍ച്ച നടക്കുന്നതത്രെ. ക്വെറ്റയിലെ ഒളികേന്ദ്രത്തില്‍നിന്നു ഖത്തറിലേക്കു യാത്ര ചെയ്യാന്‍ താലിബാന്‍ നേതാക്കള്‍ക്കു പാക് അധികൃതര്‍ അനുമതി നല്‍കിയതുതന്നെ ഇതിനു തെളിവാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭാഷണനീക്കത്തെ പാകിസ്താന്‍ നേരത്തേ എതിര്‍ത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക