Image

അജയപ്രസാദ് വധക്കേസ്: ആറ് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ്

Published on 30 January, 2012
അജയപ്രസാദ് വധക്കേസ്: ആറ് പ്രതികള്‍ക്കും 10 വര്‍ഷം കഠിന തടവ്
കൊല്ലം:എസ്.എഫ്.ഐ. നേതാവ് ക്ലാപ്പന വടക്ക് കുളങ്ങേരത്തുവീട്ടില്‍ അജയപ്രസാദിനെ വധിച്ച കേസില്‍ ആര്‍.എസ്.എസ്.പ്രവര്‍ത്തകരായ ആറ് പ്രതികളെയും 10 വര്‍ഷം കഠിന തടവിനും 5,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍.സുധാകരനാണ് വിധി പറഞ്ഞത്.

ക്ലാപ്പന തെക്ക് വൈഷ്ണവത്തില്‍ ശ്രീനാഥ്(25), ക്ലാപ്പന വടക്ക് വലിയ കണ്ടത്തില്‍ സബിന്‍ (28), ചാണപ്പള്ളി ലക്ഷംവീട്ടില്‍ സനില്‍ (30), ലക്ഷംവീട്ടില്‍ രാജീവ് (24), ക്ലാപ്പന വരവിള കോട്ടയില്‍വീട്ടില്‍ കുറുപ്പ് എന്നുവിളിക്കുന്ന സുനില്‍ (26), പ്രയാര്‍ തെക്ക് ശിവജയ ഭവനില്‍ ശിവറാം (27) എന്നിവരാണ് പ്രതികള്‍.

കുറ്റക്കാരെന്ന് കണ്ടെത്താന്‍ 304-ാം വകുപ്പുപ്രകാരം നരഹത്യയാണ് പ്രതികളുടെമേല്‍ പ്രധാനമായും കോടതി ചുമത്തിയിട്ടുള്ള കുറ്റം. സംഘംചേരല്‍ (149-ാംവകുപ്പ്), മാരകായുധങ്ങളുമായി സംഘടിക്കല്‍ (143), ആക്രമണ ഉദ്ദേശ്യത്തോടെ ആയുധങ്ങളുമായി സംഘംചേരല്‍ (147, 148) തുടങ്ങിയ കുറ്റങ്ങളും പ്രതികളുടെമേല്‍ ചുമത്തിയിട്ടുണ്ട്. എസ്.എഫ്.ഐ.കരുനാഗപ്പള്ളി ഏരിയാ ജോയിന്‍റ് സെക്രട്ടറിയായിരുന്നു അജയപ്രസാദ്.

2007 ജൂലായ് 19 നാണ് കേസിന് ആസ്പദമായ സംഭവം. ക്ലാപ്പന തോട്ടത്തില്‍ ജങ്ഷനിലെ സ്റ്റേഷനറിക്കടയില്‍ നില്‍ക്കുകയായിരുന്ന അജയപ്രസാദിനെ രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികള്‍ പിടിച്ചിറക്കി വെട്ടിയും അടിച്ചും കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. രാഷ്ട്രീയവൈരമായിരുന്നു ആക്രമണത്തിന് കാരണം. ജൂലായ് 19ന് പകല്‍ 3.30ന് ആണ് ആക്രമണം നടന്നത്. ഗുരുതരമായി മുറിവേറ്റ അജയപ്രസാദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ അടുത്തദിവസം പുലര്‍ച്ചെ 3.20ന് മരിച്ചു.

പ്രതികള്‍ ഇരുമ്പ് പൈപ്പുകള്‍ ഉപയോഗിച്ച് അജയപ്രസാദിന്റെ കൈകാലുകള്‍ അടിച്ചുതകര്‍ത്തു. അടികൊണ്ടുവീണ അജയപ്രസാദിനെ സ്‌ക്രൂ ഡ്രൈവര്‍കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തും കുത്തുകയും താടിക്ക് ചവിട്ടുകയും ചെയ്തു. കമഴ്ന്നുവീണുകിടന്ന അജയപ്രസാദിനെ പ്രതികള്‍ അരയില്‍ കെട്ടിയിരുന്ന തോര്‍ത്ത് അഴിച്ചെടുത്ത് കഴുത്തില്‍ ചുറ്റി നട്ടെല്ലിന് ചവിട്ടി പുറകോട്ട് വലിച്ച് അസ്ഥികള്‍ക്ക് സ്ഥാനചലനം ഉണ്ടാക്കിയതായും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു.

2011 ജൂലായ് നാലിനാണ് കോടതിയില്‍ കേസിന്റെ സാക്ഷിവിസ്താരം ആരംഭിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍, അജയപ്രസാദിനെ ചികിത്സിച്ച കരുനാഗപ്പള്ളി താലൂക്ക് ആസ്പത്രിയിലെയും തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആസ്പത്രിയിലെയും ഡോക്ടര്‍മാര്‍, ആക്രമണമുണ്ടായപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന നാലുപേര്‍ എന്നിവര്‍ ഉള്‍പ്പെടെ 24 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. വിചാരണവേളയില്‍ ഒന്നും രണ്ടും 13-ഉം സാക്ഷികളെ പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി പരാതി ഉയര്‍ന്നിരുന്നു. അജയപ്രസാദിനെ ആക്രമിക്കാന്‍ ഉപയോഗിച്ച ഇരുമ്പ് ദണ്ഡുകള്‍, സ്‌ക്രൂഡ്രൈവര്‍, കഴുത്തില്‍ ചുറ്റിയ കാവി തോര്‍ത്തുമുണ്ട്, പ്രതികള്‍ വന്ന രണ്ട് ബൈക്ക് എന്നിവ ഉള്‍പ്പെടെ 9 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

കേസിന്റെ അന്വേഷണസംഘത്തിലുണ്ടായിരുന്ന ശാസ്താംകോട്ട മുന്‍ സി.ഐ. പ്രസന്നകുമാര്‍, കരുനാഗപ്പള്ളി മുന്‍ സി.ഐ.അനില്‍ദാസ്, ഓച്ചിറ എസ്.ഐ. ആയിരുന്ന ബിജു എന്നിവരെയും കോടതി വിസ്തരിച്ചു. ഗള്‍ഫിലായിരുന്ന 13-ാം സാക്ഷി ഓച്ചിറ ക്ലാപ്പന ധര്‍മ്മാശ്ശേരി തറയില്‍ നുജുമുദീനെ കോടതി കോണ്‍സലേറ്റുവഴി നോട്ടീസ് നല്‍കിയാണ് വിസ്താരത്തിന് നാട്ടിലെത്തിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പാരിപ്പള്ളി ആര്‍.രവീന്ദ്രന്‍, അഭിഭാഷകരായ ഓച്ചിറ അനില്‍കുമാര്‍, ഷിബു തങ്കപ്പന്‍, ആസിഫ് റിഷിന്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക