Image

മുല്ലപ്പെരിയാര്‍: അവകാശം വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട്‌

Published on 30 January, 2012
മുല്ലപ്പെരിയാര്‍: അവകാശം വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട്‌
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്‌നാടിനുള്ള അവകാശം കേരളത്തിനു വിട്ടുകൊടുക്കില്ലെന്ന് തമിഴ്‌നാട് വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തില്‍ നയപ്രഖ്യാപന പ്രസംഗം നടത്തവേ ഗവര്‍ണര്‍ കെ.റോസയ്യയാണ് തമിഴ്‌നാടിന്റെ നിലപാട് വ്യക്തമാക്കിയത്.

അണക്കെട്ടിന്റെ ഉടമസ്ഥതയുള്ള സംസ്ഥാനത്തിന് അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാന്‍ അധികാരം നല്‍കണമെന്നും ഇതിനായി ഡാം സുരക്ഷാ ബില്‍ ഭേദഗതി ചെയ്യണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാട് കേന്ദ്രസര്‍ക്കാരിന്റെ നിരന്തരമായ അനാസ്ഥയ്ക്ക് ഇരയാകുകയാണെന്നും കേരള സര്‍ക്കാര്‍ ജനങ്ങളില്‍ അനാവശ്യമായ ഭീതി നിറയ്ക്കുകയാണന്നും പ്രസംഗത്തില്‍ കുറ്റപ്പെടുത്തി.

കേരളം വ്യാജപ്രചാരണങ്ങളിലൂടെ ജനങ്ങളില്‍ ആശങ്കയുണര്‍ത്തുകയാണ്. അടുത്തിടെയുണ്ടായ സംഘര്‍ഷത്തിന് കാരണമിതാണ്. അണക്കെട്ടിന്റെ സുരക്ഷയ്ക്കായുള്ള നടപടികളെല്ലാം തമിഴ്‌നാട് സ്വീകരിച്ചിട്ടുണ്ടെന്നും വ്യാജപ്രചാരണങ്ങള്‍ക്ക് കേരളത്തിലെ ജനങ്ങള്‍ വശംവദരാകരുതെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

അയല്‍ സംസ്ഥാനങ്ങളുമായി നല്ല ബന്ധം പുലര്‍ത്താനാണ് തമിഴ്‌നാട് സര്‍ക്കാര്‍ എന്നും ആഗ്രഹിക്കുന്നത്. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നത്. സുപീംകോടതി വിധി അനുസരിക്കാന്‍ കേന്ദ്രം കേരളത്തിനു കര്‍ശന നിര്‍ദേശം നല്‍കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ കര്‍ഷകരുടെ ജീവനും സ്വത്തിനും നാശം വരുന്ന ഒന്നും തമിഴ്‌നാട് സര്‍ക്കാരിന് അനുവദിക്കാനാവില്ല. കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ നിയമ സഹായവും സര്‍ക്കാര്‍ ലഭ്യമാക്കും. സമീപകാലത്തുണ്ടായ അനിഷ്ട സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ തമിഴ്‌നാട് സര്‍ക്കാര്‍ വിജയിച്ചുവെന്നും ഗവര്‍ണര്‍ അവകാശപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക