Image

സാര്‍ത്ഥകമായ ദൈവാരാധന!(ലേഖനം)തോമസ് ഫിലിപ്പ് റാന്നി

തോമസ് ഫിലിപ്പ് റാന്നി Published on 19 April, 2016
സാര്‍ത്ഥകമായ ദൈവാരാധന!(ലേഖനം)തോമസ് ഫിലിപ്പ് റാന്നി
കഴിഞ്ഞ ഏപ്രില്‍ 9 ശനിയാഴ്ച രാത്രി 12 മണിക്കാരംഭിച്ച മൂന്നുമണിക്കൂറിലധികം നീണ്ടുനിന്ന പരവൂര്‍ പുറ്റിങ്ങല്‍ ദേവീക്ഷേത്രത്തിലെ മത്സര വെടിക്കെട്ട് ഒരു മഹാദുരന്തമായി അവസാനിച്ചപ്പോള്‍ മലയാളികള്‍ മാത്രമല്ല മനസ്സാക്ഷിയുള്ള മാനവരാശി മുഴുവനും ഞെട്ടിപ്പോയി. അത്രയ്ക്ക് അതിദാരുണവും അവര്‍ണ്ണനീയവുമായ ഒരു കൂട്ടക്കൊലയായിരുന്നു കൊല്ലത്തുണ്ടായത്.

ഉല്ലാസത്തില്‍ ആമഗ്നമായി കഴിഞ്ഞ അമ്പലപ്പറമ്പ് നൊടി നേരത്തിനുള്ളില്‍ അഭിശപ്തമായ ഒരു ശവപറമ്പായി തീര്‍ന്നു. ശരീരത്തില്‍ നിന്നും ഛേദിക്കപ്പെട്ടുപോയ ശരീരാവയവങ്ങള്‍ വാരിക്കൂട്ടി മാറ്റി. വെന്തുകരിഞ്ഞ ശവശരീരങ്ങള്‍ തിരിച്ചറിയുവാന്‍ പോലും സാധിക്കാത്തവിധം വിരൂപങ്ങളായി തീര്‍ന്നു. ഇതിനകം 115 ഓളം ആളുകള്‍ മരിച്ചതായി അിറയുന്നു. 350 ആളുകള്‍ മുറിവേല്‍ക്കപ്പെട്ടു. ഇവരിലും ഇനിയും മരണാസന്നരായി കഴിയുന്നവരുണ്ട്. നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. 1 കിലോ മീറ്റര്‍ ദൂരത്തിലും ഈ വെടിക്കെട്ടിന്റെ പ്രകമ്പന പ്രത്യാഘാതത്തില്‍ ജീവന്‍ പൊലിഞ്ഞു യുദ്ധകാലത്ത് ശത്രുരാജ്യം നടത്തുന്ന ക്രൂരമായ ബോംബിങ്ങില്‍ ഉണ്ടാകാവുന്ന മരണത്തെയും നാശനഷ്ടങ്ങളെയും പോലും നിഷ്പ്രഭമാക്കും വിധത്തിലുള്ള ഭീകരവും ഭീതിദവുമായ വെടിക്കെട്ട്! രാജ്യാന്തര പ്രശസ്തിയാര്‍ജ്ജിച്ച മലയാളി വെടിക്കെട്ട്! ദൈവം ഈ വഴിപാടില്‍ പ്രസാദിച്ചോ? അതോ അവന്‍ ദുഃഖഭാക്കായോ?

മലയാളികള്‍ക്ക് എന്നും പ്രിയങ്കരമായിട്ടുള്ള ഷോകളില്‍ സുപ്രധാനമായിട്ടുള്ളത് വെടിക്കെട്ടാകുന്നു! മത്സരവെടിക്കെട്ട്! പണത്തിന്റെയും അളവറ്റഹംങ്കാരത്തിന്റെയും ധാര്‍ഷ്ട്യപ്രകടനങ്ങള്‍! അല്ലാതെന്ത് ? പള്ളികളും ഒപ്പമുണ്ട്. മലയാളികള്‍ ഭൂമുഖത്ത് ഉള്ളിടത്തോളം കാലം അവരുടെ ജീവിതത്തില്‍ നിന്നും വെടിക്കെട്ടും, വെള്ളമടിയും, വഞ്ചനയും വേലവെപ്പും ഒഴിവാക്കപ്പെടാന്‍ പോകുന്നില്ല. അപാരമായ സാങ്കേതികവിജ്ഞാനം കരസ്ഥമാക്കിയിട്ടുള്ള മലയാളിക്ക് ഇല്ലാതെ പോയിരിക്കുന്നത് ഇടംവലം ബോധവും വകതിരിവുമാണ്. കേരളത്തിന്റെ പകുതിപോലും ശരിക്ക് കണ്ടിട്ടില്ലാത്ത അമേരിക്കന്‍ മലയാളികളുടെ കൂട്ടത്തിലാണെങ്കില്‍ ഷേക്‌സ്പിയറേക്കാള്‍ വലിയ വിജ്ഞാനപ്രതിഭകള്‍ തന്നെയുണ്ട്! എന്റെ കാര്യം തുറന്നു പറഞ്ഞാല്‍ റാന്നിയില്‍ ജനിച്ചു വളര്‍ന്ന എനിക്ക് റാന്നി താലൂക്കിന്റെ പകുതിപോലും ശരിക്ക് കാണാന്‍ സാധിച്ചിട്ടില്ല. ഷോ യും വെടിക്കെട്ടുമാണ് ഇവിടെ പ്രതിപാദ്യ വിഷയം.

മതാനുഷ്ഠാനങ്ങളും നിര്‍ദ്ദോഷങ്ങളായിരിക്കണം. ഈശ്വരസ്തുതികള്‍ക്കും ക്ഷേത്രോല്‍സവങ്ങള്‍ക്കും പള്ളിപ്പെരുന്നാളിലുമൊക്കെ വെടിക്കെട്ടും ആന എഴുന്നള്ളെത്തുകളുമൊക്കെ അനിവാര്യം തന്നെയോ? ഈശ്വരപ്രസാദത്തിന് ഇവ രണ്ടും അവശ്യം വേണ്ടുന്നതു തന്നെയെങ്കില്‍ ആര്‍ക്കും ജീവഹാനി വരുത്താത്തവിധത്തില്‍ കരിമരുന്ന് പ്രയോഗങ്ങളെയും ആന എഴുന്നെള്ളെത്തുകളെയുമൊക്കെ നിയന്ത്രിക്കേണ്ടതാകുന്നു.

എത്ര വികലവും നിരര്‍ത്ഥകവും അപലപനീയവുമാകുന്ന ഈശ്വരവിശ്വാസികളുടെ ഇന്നത്തെ ദൈവാരാധന! നേര്‍ച്ച കാഴ്ചകള്‍ കൊണ്ടും ഉപരിപ്ലവമായ ആചാരാനുഷ്ഠനാങ്ങള്‍ കൊണ്ടും ദൈവത്തെ പ്രസാദിപ്പിച്ച് ആത്മരക്ഷപ്രാപിക്കാമെന്നാണ് ബഹുഭൂരിപക്ഷം ദൈവവിശ്വാസികളും ഇന്ന് വിശ്വസിക്കുന്നത്. അതിനുള്ള ഉപാധികളില്‍ ചിലതാകുന്നു അമ്പലങ്ങളിലെയും പള്ളികളിലെയും വെടിക്കെട്ടുകളും ചെണ്ടമേള, അലുക്കിട്ട കൊടഘോഷയാത്രകളുമൊക്കെ. സാ•ാര്‍ഗ്ഗിക സദാചാരധാര്‍മ്മിക മൂല്യങ്ങളെ മാനിക്കാതെയും പാപങ്ങള്‍ ഉപേക്ഷിച്ച് ആത്മശുദ്ധി പ്രാപിക്കാതെയും ദൈവത്തെ പ്രാപിപ്പാന്‍ മനുഷ്യന് കഴിയുമോ? അങ്ങനെ കഴിയുമെങ്കില്‍ പരിശുദ്ധനായ ദൈവമേ എന്ന് വാഴ്ത്തപ്പെടുവാന്‍ ആ ദൈവം യോഗ്യനുമല്ല. ആണ്ടുതോറും നടക്കുന്ന കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രോല്‍സവത്തില്‍ ഭഗ്ത•ാര്‍ അശ്ലീലപാട്ടുകള്‍ പാടാറുണ്ടെന്ന് കേട്ടിട്ടുണ്ട്. കണ്ണൂരുള്ള ഒരമ്പലത്തില്‍ കോഴിവെട്ടും പരസ്യമായ മദ്യസേവയും ഉണ്ടെന്ന് കേട്ടിട്ടുണ്ട്. ബാഗ്ലൂരിലെ ഒരു പ്രൊട്ടസ്റ്റന്റെ ദേവാലയത്തിലെ ഹാര്‍വെസ്റ്റ് ഫെസ്റ്റിവെലില്‍ പള്ളിയിലെ ലേലത്തിനായി കൊണ്ടു വരപ്പെട്ട സാധനങ്ങളില്‍ സ്‌കോച്ചും വിസ്‌കിയും ഒരു വെളുത്ത പാമേറിയന്‍ നായും ഉണ്ടായിരുന്നു. യെരുശലേം ദേവാലയത്തില്‍ പൊന്‍വാണിഭക്കാര്‍ക്ക് നേരെ ചാട്ടവാര്‍ ഓങ്ങിയ ക്രിസ്തുവിനെ ഞാന്‍ അപ്പോള്‍ അവിടെ ഓര്‍ത്തു. വിശ്വാസികളുടെ പ്രതിഷേധത്തില്‍ പിന്നീട് ഇവയൊക്കെ പള്ളിയങ്കണത്തിലെ ലേലത്തില്‍ നിന്നും ഒഴിവാക്കപ്പെടുകയും ചെയ്തു.

കേരളം ഉള്‍പ്പെടെയുള്ള ലോകത്തിലെ അധികം ക്രൈസ്തവ ദേവാലയങ്ങളിലും ദൈവം അനുശാസിക്കുന്ന ശാരീരികമായ വിശുദ്ധി പോലും അനുശാസിക്കുന്ന ശാരീരികമായ വിശുദ്ധിപോലും ആരാധനയ്ക്ക് വരുന്ന വിശ്വാസികല്‍ കാത്തു സൂക്ഷിക്കുന്നില്ല എന്നുള്ളതാണ് പരിതാപകരമായ സത്യം. ഇത് ശരിയാണോ എന്ന് നമുക്കൊന്ന് പരിശോധിക്കാം. ദൈവം മോശയോടു പറഞ്ഞു. 'നീ നില്‍ക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാല്‍ കാലില്‍ നിന്നു ചെരിപ്പ് അഴിച്ചു കളയുക' എന്നു കല്‍പിച്ചു. സര്‍വ്വേശ്വരന്റെ ഈ അനുശാസനത്തെ ആദരിച്ചും അനുസരിച്ചും കാലില്‍ നിന്നും ചെരിപ്പും ഷൂവുമൊക്കെ വെളിയില്‍ ഊരിയിട്ട് ദൈവാരാധനയ്ക്കായി ദേവാലയത്തിലേക്ക് പ്രവേശിക്കുന്ന എത്ര ശതമാനം ക്രിസ്ത്യാനികള്‍ ഇന്നുണ്ട്? വളരെ വളരെ പരിമിതമാകുന്നു നഗ്നപാദമായി ആരാധനയ്ക്കായി പള്ളികളിലേക്ക് പ്രവേശിക്കുന്നവരുടെ സംഖ്യ ഇന്ന്. അതേസമയം ഈശ്വരനെ തൊഴുതു പ്രാര്‍ത്ഥിപ്പാനായി ചെരിപ്പോ ഷൂവോ ധരിച്ചു കൊണ്ട് ഹൈന്ദവ ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്ന ഒരൊറ്റ ഹിന്ദു വിശ്വാസിയെയും (ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയെപ്പോലും) കാണാന്‍ ആര്‍ക്കും സാധ്യമല്ല! ആത്മീയ ലോകത്തിന്റെ കപടഭക്തിയെയും അശുദ്ധിയെയുമൊക്കെ ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ ആത്മീയ നേതൃത്വത്തിന്റെയും മേലദ്ധ്യക്ഷ•ാരുടെയുമൊക്കെ അമര്‍ഷണത്തിനും ശത്രുതയ്ക്കും അവന്‍ പാത്രമാകുകയായിരിക്കും ഫലം.

വിശുദ്ധിയില്‍ അധിവസിക്കുന്ന ദൈവത്തിന് പ്രസാദകരമായിട്ടുള്ളത് എന്താകുന്നു? പരവതാനി വിരിച്ചലംകൃതമായ മനോഹരമായ മാര്‍ബിള്‍ ദേവാലമയങ്ങളില്‍ വന്ന് പാര്‍ക്കുന്നതാണോ അവന് ഏറെ ഇഷ്ടം? അതോ നെറ്റിപ്പട്ടം കെട്ടിയ ആനപ്പുറത്തോ സ്വര്‍ണ്ണരഥങ്ങളിലോ എഴുന്നളളിക്കപ്പെടുന്നതാണോ അവന് ഇഷ്ടം? അതോ വെടിക്കെട്ടോ വാദ്യഘോഷങ്ങളോ സ്തുതി സ്‌ത്രോത്രങ്ങളോ കേള്‍ക്കുന്നതും കാണുന്നതുമാണോ അവന് പ്രസാദകരമായിട്ടുള്ളത്? അല്ലേയല്ല. പിന്നെ എന്താകുന്നു ദൈവത്തിന് പ്രിയപ്പെട്ട നേര്‍ച്ച കാഴ്ച? നിന്റെ ദൈവത്തിന്റെ മുമ്പില്‍ നീ നിഷ്‌ക്കളങ്കന്‍ ആയിരിക്കണം. പ്രഥമവും പ്രധാനമായും ദൈവത്തിന് തന്റെ ഭക്തന്‍ അര്‍പ്പിക്കേണ്ട വലിയ കാണിക്ക ഇതാകുന്നു. അല്ലാതുള്ള അധരസേവകള്‍ അവന് വെറുപ്പാകുന്നു. അറപ്പാകുന്നു. അസ്വീകാര്യമാകുന്നു.
ദൈവത്തിന് മനുഷ്യര്‍ ചെയ്യേണമെന്ന് അവന്‍ ആഗ്രഹിക്കുന്ന അടുത്ത വലിയ സേവനം ഉണ്ണുവാനും ഉടുക്കുവാനും നിവൃത്തിയില്ലത്ത രോഗദുഃഖങ്ങളിലും കഷ്ടതയിലും കഴിയുന്ന ആയിരമായിരം എളിയവരെയും അനാഥരെയും അവരുടെ സങ്കടത്തില്‍ ചെന്നുകണ്ട് അവരെ സഹായിക്കുന്നതും അവര്‍ക്ക് സ്വാന്തനമേകുന്നതുമാകുന്നു. കല്‍ക്കട്ടായില്‍ മദര്‍തെരേസ്സാ ചെയ്ത നിഷ്‌ക്കാമ സേവനം എന്നും പ്രകാശനം പരത്തുന്ന മനോഹരമായ ദൈവാരാധന ആയിരുന്നെന്ന് ഞാന്‍ ഇവിടെ പറഞ്ഞു കൊള്ളട്ടെ. അക്രൈസ്തവരായ ആരെയും അവര്‍ ക്രിസ്ത്യാനികളാക്കി തീര്‍ത്തതുമില്ല!
എന്താണ് സാര്‍ത്ഥകമായ ദൈവ ആരാധന? ദൈവ മുമ്പാകെ ശുദ്ധവും നിര്‍മ്മലവുമായുള്ള ദൈവഭക്തി എങ്ങനെയുള്ളതാകുന്നു? ആരാകുന്നു ദൈവഭക്തി എങ്ങനെയുള്ളതാകുന്നു? ആരാകുന്നു തന്റെ യഥാര്‍ത്ഥ ഭക്തന്‍ എന്ന് ഗീതയിലൂടെ ഭഗവാന്‍ കൃഷ്ണന്‍ ഉദ്‌ബോധിപ്പിക്കുന്നതുകൂടി ഉദ്ധരിച്ചു കൊണ്ട് ഞാനിത് ഇവിടെ ഉപസംഹരിച്ചു കൊള്ളട്ടെ.

അദ്വേഷ്ടാ സര്‍വ്വഭൂതാനാം
മൈത്ര:കരുണ ഏവ ച
നിര്‍മ്മമോ നിരഹങ്കാര:
സമദുഃഖസുഖഃക്ഷമീ

സന്തുഷ്ട:സതതം യോഗീ
യതാത്മാ ദൃഋനിശ്ചയ:
മയ്യര്‍പ്പിത മനോബുദ്ധിര്‍-
യോ മദ്ഭക്ത:സമേപ്രിയ:

ഒരു ജീവിയെയും ദ്രോഹിക്കാത്തവനും എല്ലാവരെയും സ്‌നേഹിക്കുന്നവനും എല്ലാവരിലും കരുണയുള്ളവനും ഒന്നിലും സ്വാര്‍ത്ഥബുദ്ധിയും അഹങ്കാരവും ഇല്ലാത്തവനും സുഖദുഃഖങ്ങളെ സമമായി കരുതുന്നവനും ക്ഷമയുള്ളവനും സന്തുഷ്ട ഹൃദയനും, ദൃഢനിശ്ചയത്തോട് മനസ്സിനെയും ബുദ്ധിയെയും എന്നില്‍ സമര്‍പ്പിക്കുകയും ചെയ്തിട്ടുള്ള എന്റെ ഭക്തന്‍ എനിക്ക് പ്രിയപ്പെട്ടവനാകുന്നു.


സാര്‍ത്ഥകമായ ദൈവാരാധന!(ലേഖനം)തോമസ് ഫിലിപ്പ് റാന്നി
Join WhatsApp News
Mohan Parakovil 2016-04-19 09:03:07
ഷേക്സ്പിയരേക്കാൾ വലിയ വിജ്ഞാന പ്രതിഭകൾ അമേരിക്കൻ മലയാളികളിൽ ഉണ്ടെന്ന് കേൾക്കുന്നത് സന്തോഷം . താങ്കളും അമേരിക്കൻ മലയാളിയാണോ? പിന്നെ മിസ്റ്റർ റാന്നി , വെടിക്കെട്ടും ആനയെ എഴുന്നെള്ളിക്കുന്നത് ദേവ പ്രീതിക്കല്ല, അത് മനുഷ്യരുടെ സന്തോഷത്തിനു. അപകടം പിണഞ്ഞത് സൂക്ഷിക്കാനിഞ്ഞിട്ട് ഇനിയും അപകടങ്ങൾ ഉണ്ടാകും . ഗീതയും ബൈബിളുമൊക്കെ ഉദ്ധരിച്ച് മതസൗഹാർദ്ദത്തോടെ എഴുതിയ ലേഖനം എല്ലാവരും വായിക്കണം. ദൈവത്തിന്റെ പേരില്  അടി പിടി കൂടരുതെന്ന മിസ്റ്റർ റാന്നിയുടെ ഉദ്ദേശ്യശുദ്ധി നല്ലത്  അവിടെ അമേരിക്കയിൽ ഒരു മാത്തുള്ളയും അന്തപ്പനും ആൻഡ്രുവുമൊക്കെ ദൈവത്തിന്റെ പേരില് വാദപ്രതിവാദങ്ങൾ നടത്താരുണ്ട്. പിന്നെ ഹിന്ദുക്കൾ ചെരിപ്പഴിച്ച് വച്ച് ദർശനം കഴിക്കാൻ  പോകുന്നത് ഇപ്പോൾ അമ്പല നടയിൽ ഒരു വ്യവസായത്തിനു മാർഗമായിട്ടുണ്ട് . ചെരിപ്പ് ദൈവത്തിന്റെ ഉറപ്പിൽ ഊരി വച്ച് പോയാൽ പോയത് തന്നെ . കൃസ്ത്യൻ സഹോദരർ
കാലിൽ നിന്നും  ചെരിപ്പ്
ഊരാത്തതിൽ വളരെ ദയാലുവായ  യേശുനാതൻ കോപിക്കില്ലെന്ന് വിശ്വസിക്കാം 

Teresa antony 2016-04-19 19:55:40
Philip has written a very sensible article on the futility of too much fire works. Every year the money spent on these is going up and up. If only part of the money spent could be used for uplifting the life of the poor, it will be in the spirit of true religion. I am not suggesting that the fire works should be eliminated, But there should be a limit to the money spent for this and make it safer10
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക