Image

വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

Published on 30 January, 2012
വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു
ന്യൂഡല്‍ഹി: താനുള്‍പ്പെടെ നാലു ശാസ്ത്രജ്ഞര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. വിലക്കിനെ പറ്റി ഇതുവരെ ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമങ്ങളില്‍ നിന്ന്് ഇക്കാര്യം അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കത്ത് അയച്ചതെന്നും മാധവര്‍ നായര്‍ പറഞ്ഞു.സര്‍ക്കാരിന്റെ ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെയാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിലക്ക് സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിളിച്ചുവരുത്തണമെന്നും വിലക്ക് പിന്‍വലിക്കാന്‍ ആവശ്യപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

എസ്. ബാന്‍ഡ് സ്‌പെക്ട്രം ഇടപാട് ആരോപണത്തെത്തുടര്‍ന്നാണ് ജി. മാധവന്‍ നായരടക്കം നാല് ഉന്നത ശാസ്ത്രജ്ഞരെ നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ എല്ലാ സര്‍ക്കാര്‍ നിയമനങ്ങളില്‍ നിന്നും വിലക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിട്ടത്.

മാധവന്‍ നായരെക്കൂടാതെ ഐ.എസ്.ആര്‍.ഒ.യിലെ മുന്‍ സെക്രട്ടറി എ. ഭാസ്‌കരനാരായണ, ഐ.എസ്.ആര്‍.ഒ.യുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സിന്റെ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍. സിദ്ധമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ. സാറ്റലൈറ്റ് സെന്റര്‍ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവരെയാണ് സര്‍ക്കാര്‍ വിലക്കിയത്.

ജി. മാധവന്‍ നായര്‍, എ.എസ്.ആര്‍.ഒ. ചെയര്‍മാനായിരുന്നപ്പോഴാണ് ദേവാസ് കോര്‍പ്പറേഷനുമായി എസ്.ബാന്‍ഡ് നല്‍കാനുള്ള കരാര്‍ ഒപ്പിടുന്നത്.വിവാദമായതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഫിബ്രവരിയില്‍ കരാര്‍ റദ്ദാക്കി. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ രണ്ട് ഉന്നതാധികാര സമിതിയെ നിയമിച്ചു. ഈ സമിതിയുടെയും മെയ് മാസത്തില്‍ നിയമിച്ച മറ്റൊരു സമിതിയുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നാലു പേര്‍ക്കെതിരെയും നടപടിയെടുത്തതത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക