Image

ദളിത് ഇതിഹാസത്തിന്റെ പൈതൃകത്തിനായി രാഷ്ട്രീയ തെരുവു യുദ്ധം.(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ്) Published on 18 April, 2016
 ദളിത് ഇതിഹാസത്തിന്റെ പൈതൃകത്തിനായി രാഷ്ട്രീയ തെരുവു യുദ്ധം.(ഡല്‍ഹികത്ത് : പി.വി.തോമസ്)
മുന്നറിയിപ്പ്: അംബേദ്ക്കറെ തട്ടിക്കൊണ്ടുപോകുവാന്‍ ഹീനമായ രാഷ്ട്രീയ ഗുഢാലോചന അരങ്ങേറുന്നു. രക്ഷിക്കണം. ശക്തമായ പ്രതിരോധ നടപടികള്‍ വേണ്ടപ്പെട്ടവര്‍ യഥാസമയം സ്വീകരിക്കണം. സംഘപരിവാറും പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസും കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും അതിന്റെ നേതാവ് മായാവതിയും ആണ് ഈ തട്ടിക്കൊണ്ട് പോകല്‍ യജ്ഞത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നത്. ഏവര്‍ക്കും അംബേദ്ക്കറെയും അദ്ദേഹത്തിന്റെ കോടിക്കണക്കിനു വരുന്ന അനുയായികളെയും വോട്ട് ബാങ്ക് ആക്കണം. അംബേദ്ക്കറുടെ ആശയങ്ങളോട് ഇവര്‍ക്ക് പുലബന്ധം ഇല്ലെങ്കിലും ഇവര്‍ അദ്ദേഹത്തിന്റെ ആശയങ്ങളുടെ പേരില്‍ പ്രതിജ്ഞാബദ്ധരാണെന്ന് നടിക്കുന്നു.
ഭരണഘടനയുടെ പിതാവും ദളിത് ബിംബവും ആയ ഡോ.ഭീമറാവു അംബേദ്ക്കറുടെ 125-ാം ജന്മദിന വേളയില്‍ ആണ്(ഏപ്രില്‍ 14) അദ്ദേഹത്തിന്റെ പൈതൃകത്തിന്റെ(ലെഗസി) കൈവശാവകാശത്തിനായി സംഘപരിവാറും കോണ്‍ഗ്രസും ബി.എസ്.പി.യും ഇടതുപക്ഷവും അപഹാസ്യമായ ഈ രാഷ്ട്രീയ തെരുവു യുദ്ധം അരങ്ങേറിയത്. കാരണം നിസാരമാണ്. ഇന്‍ഡ്യയുടെ ജനസംഖ്യയുടെ 16 ശതമാനം അംബേദ്ക്കറുടെ ജാതിയായ ദളിതര്‍ ആണ്. അടുത്തവര്‍ഷം നിമയസഭ തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്ന പഞ്ചാബിലും(32 ശതമാനം) ഉത്തര്‍പ്രദേശിലും (21 ശതമാനം) നല്ല ഒരു വിഭാഗം ദളിത് സമ്മതിദായകര്‍ ഉണ്ട്. ഇവരുടെ പിന്തുണ ജയിക്കുവാന്‍ ഈ പാര്‍ട്ടികള്‍ക്ക് നിര്‍ണ്ണായകം ആണ്.

ദളിത് ഗവേഷക വിദ്യാര്‍ത്ഥി(ഹൈദ്രാബാദ് സെന്‍ട്രല്‍ യൂണിവേഴ്സ്റ്റി) രോഹിത് വെമൂലയുടെ ആത്മഹത്യയോട് ഒരു ഇറ്റ് സഹതാപം പോലും പ്രതികരണത്തിലൂടെയോ പ്രവര്‍ത്തിയിലൂടെയോ പോലും പ്രകടിപ്പിക്കാത്ത മോഡി നേരേ പോയത് അംബേദ്ക്കറുടെ ജന്മദേശമായ മൗവിലേക്കാണ്(മദ്ധ്യപ്രദേശ്). വെമൂലയെന്ന ദളിതനെ ബി.ജെ.പി. യും സംഘപരിവാറും കേന്ദ്രമന്ത്രി ബന്ധാരുഭത്താത്രെയും സ്മൃതിഇറാനിയും അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്തും നായാടി കൊന്നതാണ്. പക്ഷേ, മോഡിക്ക് അംബേദ്ക്കറുടെ പൈതൃകം വേണം. അദ്ദേഹം പ്രധാനമന്ത്രിയായത് അംബേദ്ക്കര്‍ മുഖാന്തിരം ആണെന്നും അദ്ദേഹം മൗവില്‍ ഉദ്‌ഘോഷിച്ചു. അതായത് ഒരു ചായ വില്പനക്കാരന്‍, ഒരു ചായക്കടക്കാരന്റെ മകന്‍, അയല്‍ വീടുകളില്‍ പാത്രം കഴുകി ഉപജീവനം കഴിച്ച ഒരു സ്ത്രീയുടെ മകന്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി ആയത് അംബേദ്ക്കറുടെയും അദ്ദേഹം ഇന്‍ഡ്യക്ക് നല്‍കിയ ഭരണഘടനയുടെയും ശക്തികൊണ്ടാണെന്ന് മോഡി സ്വന്തം ജീവിതത്തെ ഉദാഹരിച്ചുകൊണ്ട് പറഞ്ഞു. ഇതുകേട്ട് മറ്റൊരു മാതാവ്- രോഹിത് വെമൂലയുടെ മാതാവ്-മകനോടൊപ്പം (വെമൂലയുടെ സഹോദരന്‍) ഹിന്ദുമതം വെടിഞ്ഞ് ബുദ്ധമതം സ്വീകരിച്ചു. (ഏപ്രില്‍ 14) അതാണ് മോഡിയുടെ ഈ വക മൈതാന പ്രസംഗങ്ങള്‍ക്ക് ജനം നല്‍കുന്ന മുഖ വില. ഓര്‍മ്മിക്കുക, ഇത് നിര്‍ബന്ധിത മതപരിവര്‍ത്തനം അല്ല. സംഘപരിവാറിന്റെയും മോഡിയെപ്പോലെയുള്ള ഭരണാധികാരികളുടെയും ജാതി-മതാഹിഷ്ണുതയില്‍ മനം മടുത്ത്, മനംനൊന്ത സാധു ദളിത് ഹിന്ദുക്കളുടെ പ്രതികരണം ആണ്. 

അംബേദ്ക്കര്‍ ജന്മദിനത്തില്‍ മൗവില്‍ മോഡി ഒരു പുതിയ പദ്ധതി ഉദ്ഘാടനം ചെയ്തു. ഇതിന്റെ പേര് 'ഗ്രാമോദയ സെ ഭാരത് ഉദയ്' എന്നാണ്. അതായത് ഗ്രാമവികസനത്തിലൂടെ ഭാരതത്തിന്റെ വികസനം. വളരെ നല്ല ഒരു മുദ്രാവാക്യം ആണ് ഇത്. നടപ്പിലാക്കട്ടെ മോഡി ഇത്. അംബേദ്ക്കറിന്റെ ജന്മദിനത്തില്‍ തന്നെ ഇത് ആരംഭിച്ചതും നല്ലതു തന്നെ. ഇതേ ജന്മദിന ആഘോഷ പരിപാടിയില്‍ തന്നെ മോഡി പ്രഖ്യാപിക്കുകയുണ്ടായി ഇന്‍ഡ്യയുടെ വികസനം എന്നത് ഏതാനും ചില നഗരങ്ങളുടെ മാത്രം വികസനം അല്ല. അല്ലെങ്കില്‍ ചില വ്യക്തികളുടെ മാത്രം വികസനം അല്ല. കാതലായ വികാസം സാധിക്കേണ്ടത് ഗ്രാമങ്ങളുടെ വികാസത്തിലൂടെയാണ്. ഇതും വളരെ ശരിതന്നെ.

ദളിതരുടെ സംവരണവും മോഡി ഈ അവസരത്തില്‍ ഏറ്റെടുത്തു. ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഇതിനെതിരെ സംഘപരിവാര്‍ സംസാരിക്കുകയും ഫലം അറിയുകയും ചെയ്തതാണ്. അതിനാല്‍ മോഡി ദളിതര്‍ക്ക് ഉറപ്പു നല്‍കി സംവരണം എടുത്തുകളയുവാന്‍ ആര്‍ക്കും സാധിക്കുകയില്ല. അത് ഭരണഘടന അനുശാസിച്ചിട്ടുള്ളതാണ്. സാക്ഷാല്‍ അംബേദ്ക്കര്‍ക്ക് പോലും ഇത് നിറുത്തലാക്കുവാന്‍ സാധിക്കുകയില്ല. മോഡിയുടെ ഈ ദളിത് പ്രേമവും അംബേദ്ക്കര്‍ ആരാധനയും, വെമൂല പോലുള്ള സംഭവങ്ങളുമായി യോജിച്ച് പോകുന്നില്ലെന്നതാണ് വാസ്തവം. അല്ലെങ്കില്‍ അനുദിനമെന്നവണ്ണം നടക്കുന്ന ദളിത് ബലാല്‍സംഗവും ദളിത് കൊലപാതകവും.
മോഡി അധികാരത്തില്‍ വന്നതിന് ശേഷം അദ്ദേഹവും സംഘപരിവാറും ഇന്‍ഡ്യ ചരിത്രത്തിലെ അതികായനായ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മുതല്‍ അധികമൊന്നും അറിയപ്പെടാത്ത അയ്യങ്കാളിവരെയും സാമൂഹ്യപരിഷ്‌ക്കര്‍ത്താവും ആത്മീയ ഗുരുവും ആയ ശ്രീനാരായണഗുരുവരെയും ഉള്ളവരെ സംഘവല്‍ക്കരിക്കുവാനുള്ള ശ്രമം നടക്കുന്നുണ്ട്. അംബേദ്ക്കര്‍ ഈ രാഷ്ട്രീയ  നാടകത്തിലെ ഒടുവിലത്തെ കണ്ണിയാണ്. ഇനിയും പുതിയ പുതിയ മഹാരഥന്മാരെ മോഡിയും സംഘപരിവാറും കണ്ടെത്തും എന്നതില്‍ യാതൊരു സംശയവും വേണ്ട.

സോണിയ ഗാന്ധിയും അംബേദ്ക്കര്‍ ജന്മദിനത്തില്‍ അദ്ദേഹത്തെ പാര്‍ട്ടിയുടെ സ്വന്തം ആക്കുവാന്‍ ഒരു ശ്രമം നടത്തി. അംബേദ്ക്കര്‍ ഗാന്ധിയെപ്പോലെയും നെഹ്‌റുവിനെപ്പോലെയും സര്‍ദാര്‍ പട്ടേലിനെപ്പോലെയും ഇന്‍ഡ്യയുടെയും കോണ്‍ഗ്രസിന്റെയും ഉത്തുംഗപ്രതീകം ആണ്. അദ്ദേഹത്തെ ഭരണഘടന നിര്‍മ്മാണത്തിന്റെ ഭാരം ഏല്‍പിച്ചത് കോണ്‍ഗ്രസ് ആണ്. സ്വതന്ത്ര ഇന്‍ഡ്യയുടെ  ആദ്യത്തെ നിയമ മന്ത്രിയായി അദ്ദേഹത്തെ നിയമിച്ചതും കോണ്‍ഗ്രസ് തന്നെ. അങ്ങനെപോകുന്നു അവകാശ വാദങ്ങള്‍. പക്ഷേ, 1951-ല്‍ ഹിന്ദുകോഡ് ബില്ലില്‍ അദ്ദേഹത്തിന് വിജയം ലഭിക്കാത്ത സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത് മറ്റൊരു ചരിത്രസത്യം. ഭരണഘടന എല്ലാവര്‍ക്കും സമത്വം നല്‍കിയെന്നും അത് അംബേദ്ക്കറുടെ സംഭാവനയാണെന്നും സോണിയ ഉദ്‌ഘോഷിക്കുന്നു. പക്ഷേ, അത് ഉറപ്പു വരുത്തുവാന്‍ സ്വതന്ത്രാനന്തര ഇന്‍ഡ്യയില്‍ ഏറെക്കാലം ഭരണം നടത്തിയ സോണിയയുടെ പാര്‍ട്ടിക്ക് സാധിച്ചോ? ഇല്ല. ഇന്നും ദളിതരുടെ ജോലിയായ തോട്ടിപ്പണി ഇന്‍ഡ്യയില്‍ നിലനില്‍ക്കുന്നു. 1300 പേരോളം ആണ് ഒരു വര്‍ഷം ഈ ജോലിക്കിടെ സെപ്റ്റിക്ക് ടാങ്കുകളില്‍ മരിക്കുന്നത്. ഈ നികൃഷ്ടമായ ജോലി നിറുത്തലാക്കുവാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? അടുത്ത പ്രാവശ്യം അംബേദ്ക്കറെ പ്രകീര്‍ത്തിക്കുന്നതിന് മുമ്പ് സോണിയ ഇതു സാധിക്കണം. അടുത്ത പ്രാവശ്യം അംബേദ്ക്കര്‍ പ്രതിമയെ മാലചാര്‍ത്തി അദ്ദേഹത്തിന്റെ പൈതൃകത്തെ തട്ടിയെടുക്കുവാന്‍ ശ്രമിക്കുന്നതിനു മുമ്പ് മോഡി ഇത് നടപ്പിലാക്കണം.

മായാവതിയും പാര്‍ട്ടിയും ദളിതരെന്ന കാരണവശാല്‍ അംബേദ്ക്കറെ ജന്മസ്വത്തായി അവകാശപ്പെട്ടിരിക്കുകയാണ്. ആ പേരില്‍ മായാവതി ഇന്‍ഡ്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയും ആയതാണ്. ഇപ്പോള്‍ ലക്ഷ്യം ലക്‌നൗ മാത്രം അല്ല ദല്‍ഹിയും ആണ്. മായാവതിയും സോണിയയും മായാവതി-ബി.ജെ.പി. കൂട്ടുകെട്ടും എല്ലാം ഭരിച്ചിട്ടും ഉത്തര്‍പ്രദേശിലെ ദളിതരുടെ അവസ്ഥ ഇന്നും ഏറ്റവും പിന്നോക്കം ആണ്. മായാവതി അംബേദ്ക്കറുടെയും കാന്‍ശിറാമിന്റെയും സ്വന്തം തന്നെയും കുറെ പ്രതിമകള്‍ സ്ഥാപിച്ചതുമാത്രം മിച്ചം. പാരീസിലെ ബ്യൂട്ടിപാര്‍ലറുകള്‍ സന്ദര്‍ശിച്ചതുകൊണ്ടോ വജ്രാഭരണ വിഭൂഷിത ആയതുകൊണ്ടോ ഒന്നും മായാവതി യഥാര്‍ത്ഥ ദളിത് ആവുകയില്ല. യഥാര്‍ത്ഥ അംബേദ്ക്കറൈയിറ്റ് ആവുകയില്ല.

ഇടതുപക്ഷം പൊതുവെ ദളിത്-ദരിദ്ര വര്‍ഗ്ഗത്തിന്റെ ബന്ധുവാണെന്നാണ് വയ്പ്പ്. പക്ഷേ, എന്തുകൊണ്ടാണ് ഉത്തര്‍പ്രദേശ്, ബീഹാര്‍, പഞ്ചാബ് എന്നീ ദളിത് ആസ്ഥാന സംസ്ഥാനങ്ങളില്‍ ഇവര്‍ക്ക് പേരിന് പോലും സാന്നിദ്ധ്യം ഇല്ലാത്തത്? ഇവരും അംബേദ്ക്കറുടെപേരില്‍ ദളിത് കണ്ണീര്‍ വാര്‍ക്കുന്നുണ്ട്. 

അംബേദ്ക്കര്‍ക്ക് ഇവരില്‍ ആരുമായിട്ടാണ് അടുപ്പം ഉണ്ടായിരുന്നത്? ഇവരില്‍ ആര്‍ക്കാണ് അംബേദ്ക്കറുടെ പൈതൃകം അവകാശപ്പെടുവാന്‍ സാധിക്കുന്നത്?
ഹിന്ദുമതത്തെയും അതിന്റെ ജാതിവ്യവസ്ഥയെയും സാമൂഹ്യ അനാചാരങ്ങളെയും അനീതികളെയും എതിര്‍ത്തുകൊണ്ടാണ് അംബേദ്ക്കര്‍ 1956 ഒക്ടോബര്‍ 14ന് ബുദ്ധമതം സ്വീകരിച്ചത്. അതേ അംബേദ്ക്കറെ ഇന്ന് സംഘപരിവാറും മോഡിയും ആശ്ലേഷിക്കുവാന്‍ ഭഗീരഥ പ്രയത്‌നം നടത്തുമ്പോള്‍ അതിലെ വിരോധാഭാസം വലുതാണ്. ഇത് സംഘപരിവാറിന്റെ ഹിന്ദുഏകോപന നയപരിപാടിയുടെ ഭാഗം ആണ്. ശുദ്ധ രാഷ്ട്രീയം ആണ്. അംബേദ്ക്കറുടെ ബുദ്ധമത പരിവര്‍ത്തനത്തിലും പരിവാര്‍ ആശ്വാസം കണ്ടെത്തുന്നുണ്ട്. അദ്ദേഹം ഒരു ഇന്‍ഡ്യന്‍ മതത്തിലാണല്ലോ ആശ്രയം കണ്ടെത്തിയത്. ഒരു വിദേശമതത്തില്‍ അല്ലല്ലോ(ക്രിസ്തുമതം-ഇസ്ലാം). പക്ഷേ, അംബേദ്ക്കര്‍ ക്രിസ്തുമത്തെയും ഇസ്ലാമിനെയും പ്രകീര്‍ത്തിച്ചിട്ടും ഉണ്ട്. മൊഹമ്മദന്‍ ക്രൂരന്‍ ആണെന്ന് ഹിന്ദുമതം അധിക്ഷേപിച്ചാല്‍ ഹിന്ദുമതം ഹീനം ആണെന്ന് താന്‍ പറയുമെന്നാണ് അംബേദ്ക്കര്‍ പറഞ്ഞത്. ഹീനം എന്നത് ക്രൂരതയെക്കാള്‍ അധമം ആണെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിന്റേതില്‍ നിന്നും തികച്ചും വ്യത്യസ്തമായ നിലപാട് ആണ് അംബേദ്ക്കര്‍ക്ക് ഹിന്ദുമതത്തോട് ഉണ്ടായിരുന്നത്. അത് ജാതികളുടെ ഒരു സമ്മേളനം മാത്രം ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേദിക്ക് മതത്തെയും അദ്ദേഹം നിരാകരിച്ചിരുന്നു. വേദങ്ങളെയും മനുസ്മൃതിയെയും അദ്ദേഹം വിമര്‍ശനബുദ്ധ്യ ആണ് വീക്ഷിച്ചിരുന്നത്. നിശിതമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. 1927 ഡിസംബറില്‍ അദ്ദേഹം മഹാദില്‍ വച്ച് പരസ്യമായി മനുസ്മൃതി കത്തിച്ചു. ഗോമാംസം കഴിക്കുന്നതിനും അദ്ദേഹം അനുകൂലം ആയിരുന്നു. ഋഗ് വേദത്തെ ഉദ്ധരിച്ചുകൊണ്ട്(x.86.14) അദ്ദേഹം പറഞ്ഞു ആര്യന്മാര്‍ ധാരാളമായി ഗോമാംസം ഭക്ഷിക്കുമായിരുന്നുവെന്ന്. കോണ്‍ഗ്രസിന്റെയും ഗാന്ധിയുടെയും ഒട്ടേറെ നയപരിപാടികളുമായി അദ്ദേഹം വിയോജിച്ചിരുന്നു. 1932-ലെ പൂനാ പാക് ഇതില്‍ ഒന്ന് മാത്രം ആണ്. 1939-ല്‍ അംബേദ്ക്കര്‍ പറയുകയുണ്ടായി ഗാന്ധിയുടെ കാലഘട്ടം ഇന്‍ഡ്യയുടെ ഇരുണ്ട യുഗം ആയിരുന്നുവെന്ന്.

ഇതിലെല്ലാം വൈരുദ്ധ്യങ്ങള്‍ കണ്ടേക്കാം ചില തലത്തില്‍. പക്ഷേ പെട്ടെന്നുണ്ടായ സംഘപരിവാറിന്റെ അംബേദ്ക്കര്‍ ഭക്തിയുടെ ആത്മാര്‍ത്ഥത ആഴം സംശയാസ്പദം ആണ്. അത് അംബേദ്ക്കറോടോ ദളിതരോടൊ അംബേദ്ക്കറുടെ ആശയങ്ങളോടൊ ഉള്ള പ്രതിപത്തിയില്‍ നിന്നും ഉളവായതല്ല. വെറും രാഷ്ട്രീയം ആണ്. ഇതുതന്നെയാണ് കോണ്‍ഗ്രസിന്റെയും മായാവതിയുടെയും കഥ. അംബേദ്ക്കര്‍ സംഘപരിവാറിന്റെ തീവ്രദേശീയതയോട് യോജിച്ചിരുന്നില്ല. അദ്ദേഹം മനുഷ്യന്റെ അന്തസ്സിലും അന്തസ്സോടെയുള്ള ജീവിതത്തിനും ആണ് ദേശീയതക്കും ഉപരിപ്രാധാന്യം നല്‍കിയിരുന്നത്. പ്രത്യേകിച്ചും ദളിതരുടെ.

 ദളിത് ഇതിഹാസത്തിന്റെ പൈതൃകത്തിനായി രാഷ്ട്രീയ തെരുവു യുദ്ധം.(ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
Mohan Parakovil 2016-04-19 07:50:53
ഭാരതത്തിന്റെ ഭരണഘടന ജാതി -മത -വർണ്ണ വിവേചനം ( ആർടിക്കിൾ 15 ??) പാടില്ലെന്നു എഴുതിയിരിക്കുന്നു  അത് എഴുതിയുണ്ടാക്കിയത്
ശ്രീ അംബേക്കരാണെങ്കിൽ അദ്ദേഹം ജാതി വ്യവസ്ഥയെ പിന്തുണച്ചിരുന്നുവെന്ന് വ്യക്തം. മുപ്പത്തിമുക്കോ ടി ദൈവങ്ങൾ  ഉള്ള പോലെ ഭാരതത്തിൽ കാക്ക തൊള്ളായിരം ജാതികളും ഉപജാതികളുമുണ്ട്. ഭരണഘടന എഴുതിയപ്പോൾ ജാതി മത നൂലാമാലകൾക്ക് പകരം സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർ എന്നെഴുതി ജാതി നിയമം മൂലം തുടച്ച് മാറിയിരുന്നെങ്കിൽ പ്രശ്നങ്ങൾ ഇല്ലാതാക്കാമായിരുന്നു. പ്രശ്നം പണവും നിറവുമാണ്. നിറത്തിന്റെ കാര്യത്തിൽ ഒന്നും
ചെയ്യാൻ പറ്റില്ല അപ്പോൾ പിന്നെ ജീവിക്കാൻ മാര്ഗം ഉണ്ടാക്കുന്ന പണത്തിന്റെ സമ്പാദനം
ഉറപ്പ് വരുത്തുക. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ഗുരു പറഞ്ഞത് അദ്ദേഹം ഇഴവൻ ആയത്കൊണ്ടാണെന്ന് ചെല്ലെഴുമാര്യന്മാർ
പറയുകയുണ്ടായി . ജാതി എന്ന വിത്ത് വിതച്ചവൻ ആയിരം മേനി കൊയ്യുന്നു .സമ്പത്തുള്ളവർ /സമ്പത്തില്ലാത്തവർ
അങ്ങനെ   രണ്ടു തട്ട് മതിയെന്ന് ആര്ക്കും
തോന്നുകയില്ല;   , അതാണു ജാതി സ്രുഷ്ടിച്ചവ ന്റെ  ദീർഘദ്രുഷ്ടി .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക