Image

അമേരിക്ക നോവല്‍ - 7 മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 18 April, 2016
അമേരിക്ക നോവല്‍ - 7 മണ്ണിക്കരോട്ട്
അമ്മിണി അമേരിക്കയില്‍ കാലുറപ്പിക്കാനുള്ള നടപടികള്‍ തുടങ്ങി. പെര്‍മിറ്റിന് അപേക്ഷിച്ചു.

അമേരിക്കയില്‍ ജോലി ചെയ്യാന്‍ മറ്റൊരു അംഗീകാരവും ആവശ്യമാണെന്ന് അമ്മിണി മനസ്സിലാക്കി. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍. അതിനും അപേക്ഷിച്ചു.

ദിവസങ്ങള്‍ കടന്നുപോയി. ഇന്ത്യയില്‍ നിന്നുള്ള നേഴ്‌സ്മാരുടെ പ്രവാഹം വര്‍ദ്ധിച്ചുകൊണ്ടിരുന്നു. പോളിന് മറ്റൊരപ്പാര്‍ട്ട്‌മെന്റുകൂടി എടുക്കേണ്ടതായി വന്നു.

ബന്ധുമിത്രാദികള്‍ സ്‌പോണ്‍സര്‍ ചെയ്തും ചുരുക്കമായി ഹോസ്പിറ്റലുകള്‍ സ്‌പോണ്‍സര്‍ ചെയ്തും വേറെയും നേഴ്‌സുമാര്‍ വന്നുകൊണ്ടിരുന്നു. 

ഒരു മാസം കഴിഞ്ഞപ്പോള്‍ പെര്‍മിറ്റുകള്‍ കിട്ടിത്തുടങ്ങി. സോഷ്യല്‍ സെക്യൂരിറ്റി നമ്പര്‍ അതിനു മുമ്പെ കിട്ടിയിരുന്നു. 

ഇനിയും ജോലി തേടിപ്പിടിക്കണം. അതിനു ഭാഷ ശരിക്കറിയണം, വാഹനം വേണം. ആശുപത്രികള്‍ എവിടെയെന്നറിയണം. നമ്മുടെ നേഴ്‌സുമാര്‍ക്ക് ഇതൊന്നുമില്ല.

എന്നാല്‍ അവര്‍ക്ക് ജോലി കിട്ടാന്‍ പ്രയാസമുണ്ടായില്ല. പോള്‍ അത് ചെയ്തു കൊടുക്കും. കാരണം, അവര്‍ക്ക് പണി കിട്ടിയെങ്കിലെ പോളിന് പണം കിട്ടുകുയുള്ളൂ.

പെര്‍മിറ്റ് കിട്ടിയവരെയും കൊണ്ട് പോള്‍ തിരിച്ചു. വേക്കന്‍സി അനുസരിച്ച് ഒന്നു രണ്ടുപേര്‍ക്കുവീതം ഓരോ ആശുപത്രികളില്‍ ജോലി കിട്ടി. മോനിക്ക് പോളിന്റെ അപ്പാര്‍ട്ട്‌മെന്റിനടുത്തുള്ള 
ഒരാശുപത്രിയില്‍ തന്നെ ജോലി ശരിയാക്കി.

അമ്മിണിക്കും റോസിക്കും ലില്ലിക്കുട്ടിക്കും അവസാനമാണ് അവസരം ലഭിച്ചത്. അതും ദൂരെ. അടുത്ത ദിവസം പോള്‍ അവരെയും കൊണ്ട് മന്‍ഹാട്ടനിലേയ്ക്ക് തിരിച്ചു.

ന്യൂയോര്‍ക്ക് പട്ടണത്തിന്റെ ഹൃദയഭാഗം. ബ്രോണ്‍സിനെ അപേക്ഷിച്ച് മന്‍ഹാട്ടന്‍ എത്ര 
മനോഹരമായിരിക്കുന്നു. തെരുവുകള്‍ മലിനമായിരിക്കുന്നില്ല. ആളുകള്‍ അലഞ്ഞുനടക്കുന്നില്ല.

എങ്ങും ആകാശം തൊട്ടുനില്‍ക്കുന്ന കൂറ്റന്‍ കെട്ടിടങ്ങള്‍. റോഡുകളില്‍ നല്ല കാറുകള്‍ ഓടുന്നു. അവയില്‍ നിന്ന് ബ്രോണ്‍സില്‍ കേട്ടതുപോലെ കാത് തുളയ്ക്കുന്ന ശബ്ദം ഉയരുന്നില്ല.

പോളിന്റെ കാര്‍ മന്‍ഹാട്ടനിലെ പ്രസിദ്ധമായ ഫിഫ്ത് അവന്യൂവില്‍ തൊണ്ണൂറ്റി എട്ടാമത്തെ സ്ട്രീറ്റിലായി. എങ്ങും പാര്‍ക്കിംഗിന് ഇടം കിട്ടുന്നില്ല. ബ്രോണ്‍സില്‍ അത്രയും പ്രയാസമില്ലായിരുന്നു.

റോഡുകളുടെ ഇരുവശത്തും കാറുകള്‍ നിരന്നു കിടക്കുന്നു. പോള്‍ കാര്‍ പാര്‍ക്ക് എന്നെഴുതിയിരിക്കുന്ന ഒരു സ്ഥലത്തേയ്ക്ക് കാര്‍ കയറ്റി. ഒരു ജോലിക്കാരന്‍ വന്ന് രസീത് കൊടുത്തു. പോള്‍ കാറില്‍ നിന്നിറങ്ങി. പുറകെ മറ്റുള്ളവരും.

ഭൂമിക്ക് മുകളില്‍ കാറുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. അതും അനേകം നിലകളില്‍. ഇത്രയും ഉയരത്തില്‍ കാറുകള്‍ എങ്ങനെ ഓടിച്ചുകൊണ്ടുപോകുമെന്നോര്‍ത്ത് അവര്‍ അത്ഭുതപ്പെട്ടു. ന്യൂയോര്‍ക്കിലെ പല വലിയ ഷോപ്പിംഗ് സെന്ററിന്റെയും മുകളിലാണ് പാര്‍ക്കിംഗ് എന്ന് ആരോ പറഞ്ഞിട്ടുള്ളത് അവരോര്‍ത്തു.

അല്‍പം നടന്ന് അവര്‍ അനേകം നിലകളുള്ള ഒരു കെട്ടിടത്തിന്റെ മുമ്പിലെത്തി. അവിടെ തങ്കലിപികളില്‍ എഴുതിവെച്ചിരിക്കുന്നു. മൗണ്ട് സെനായ് മെഡിക്കല്‍ സെന്റര്‍. പോള്‍ ഒരക്ഷരം സംസാരിക്കുന്നില്ല. അയാള്‍ പ്രധാന വാതില്‍ വഴി അകത്തു കയറി. വിശാലമായ ഒരു ഹാള്‍. ശാന്തമായ അന്തരീക്ഷം.

അയാള്‍ ഇന്‍ഫര്‍മേഷനില്‍ എന്തോ ചോദിച്ചു. അവിടെയിരുന്ന മദാമ്മ പുഞ്ചിരി നിറഞ്ഞ മുഖത്തോടെ എന്തൊക്കെയോ പറഞ്ഞു. പരിചയമുള്ളവരെപ്പോലെയാണ് മദ്ദാമ്മയുടെ പെരുമാറ്റം. 

അവര്‍ എലിവേറ്ററില്‍ മൂന്നാം നിലയില്‍ ഇറങ്ങി. പോള്‍ പേഴ്‌സണല്‍ ഓഫീസില്‍ പോയി സംസാരിച്ചു. ക്ലാര്‍ക്ക് മദാമ്മ ജോലിക്കുള്ള അപേക്ഷ മൂന്നുപേര്‍ക്കും കൊടുത്തു. അവര്‍ അറിയാവുന്നതുപോലെ  പൂരിപ്പിച്ചു കൊടുത്തു. മദാമ്മ ഓരോരുത്തരുടെയും പെര്‍മിറ്റിന്റെ കോപ്പിയെടുത്തു. മറ്റ് യാതൊരു ചടങ്ങുമില്ല. ജോലിയായി.

അവര്‍ക്ക് സന്തോഷമായി. അതോടൊപ്പം അമേരിക്കയില്‍ ജോലി എങ്ങനെയൊക്കെ എന്ന ഭയവും. എങ്കിലും ഇത്ര വലിയ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടുന്നതു തന്നെ ഭാഗ്യം എന്ന് കരുതി.

ഇത്ര വലിയ സ്ഥാപനമായിട്ടും അവിടെയെങ്ങും യാതൊരു തിരക്കോ ബഹളമോ അവര്‍ കണ്ടില്ല. ആളുകള്‍ ചിരിച്ചുകൊണ്ട് സൗഹാര്‍ദ്ദമായി പെരുമാറുന്നു.

അവിടെയിരുന്ന മദാമ്മ ആശുപത്രിയെക്കുറിച്ചുള്ള ഒരു ലഘുവിവരണം നല്‍കി.

1100-ല്‍ ഏറെ രോഗികളെ കിടത്തി ശുശ്രൂഷിക്കാന്‍ കഴിയുന്ന വലിയ കെട്ടിടം. കൂടാതെ പല പരീക്ഷണശാലകളും ഡിപ്പാര്‍ട്ടുമെന്റുകളുമുണ്ട്. 1400-ല്‍ പരം ഡോക്ടറ•ാരും അതിലേറെ നേഴ്‌സുമാരും മറ്റനേകം ജോലിക്കാരുമുണ്ട്. ലോകത്തിന്റെ നാനാഭാഗത്തുനിന്നും വിദഗ്ദ്ധ ചികിത്സയ്ക്കായി രോഗികള്‍ എത്തുന്നു.

ജോലി ചെയ്യാന്‍ പോകുന്ന സ്ഥാപനത്തെപ്പറ്റി കൂടുതല്‍ അറിയും തോറും അവരുടെ ഹൃദയം പുളകം കൊണ്ടു.

എല്ലാവര്‍ക്കും ഒരു ദിവസമാണ് ജോലി തുടങ്ങുന്നത്. അടുത്ത തിങ്കളാഴ്ച.
അമേരിക്കയില്‍ ആദ്യമായി ഉദ്യോഗത്തിനു പോകുന്ന ദിവസം. സന്തോഷത്തോടൊപ്പം പരിഭ്രമവും ഉള്ളില്‍ ഓളമിട്ടു.

ഞായറാഴ്ചയായി.

നാളെയാണ് ജോലിക്ക് പോകേണ്ട ദിവസം.

ഓരോരുത്തരും എങ്ങനെ പോകുമെന്നാലോചിച്ചു. തൊട്ടടുത്തുള്ളവര്‍ക്കും അല്പം അകലെ 
ഉള്ളവര്‍ക്കും നടന്നുപോകാം. അതിലും അല്പം കൂടി ദൂരമുള്ളവര്‍ക്കും സാരമില്ല. സിറ്റി ബസില്‍ പോകാം. അല്ലെങ്കില്‍ ഒരു സബ് വേ ട്രെയിന്‍ എടുത്താല്‍ മതി. നിമിഷങ്ങള്‍കൊണ്ട് സ്ഥലത്തെത്തും. മോനിയുടെ കാര്യം പ്രശ്‌നമില്ല. അത് പോള്‍ വേണ്ടതുപോലെ ചെയ്തുകൊള്ളും.

അമ്മിണി, റോസി, ലില്ലിക്കുട്ടുമാര്‍ക്കായിരുന്നു ഏറ്റവും കൂടുതല്‍ പ്രയാസം. സബ്‌വേ വഴി പോകണം. ഒന്നിലധികം ട്രെയിന്‍ കയറണം. വളരെ സമയമാകും. തിരികെ വരാനും അതുപോലെ.

ഇത്രയും ദൂരം സബ്‌വേ വഴി പോകണമെന്നോര്‍ത്തപ്പോള്‍ അവര്‍ക്ക് പ്രയാസവും ഭയവും തോന്നി. ഇതിനകം അവര്‍ ന്യൂയോര്‍ക്ക് സബ് വേ സിസ്റ്റത്തെപ്പറ്റി ചിലതൊക്കെ മനസ്സിലാക്കിയിരുന്നു.

കാറില്ലാത്തവര്‍ക്കും കാറില്‍ പോകാത്തവര്‍ക്കും വേണ്ടിയുള്ള സഞ്ചാരമാര്‍ഗം. ഭൂഗര്‍ഭ റെയില്‍വെ സര്‍വീസ്, ന്യൂയോര്‍ക്ക് നഗരത്തിന്റെ അടിഭാഗം മുഴുവനും ഈ ഭൂഗര്‍ഭഗതാഗതം നിരന്നു കിടക്കുന്നു.

സബ്‌വേ യാത്ര എപ്പോഴും നല്ല സുരക്ഷിതമല്ല. പലപ്പോഴും പലയിടത്തും കവര്‍ച്ചയും കൊലപാതകങ്ങള്‍പോലും നടക്കുന്നു. ബലാല്‍സംഗം നടക്കുന്നതായും പറയുന്നു.

എന്നാല്‍ രാവിലെയും വൈകീട്ടുമുള്ള യാത്ര വലിയ കുഴപ്പമില്ല. അനേകം യാത്രക്കാര്‍ ഒരുമിച്ച് യാത്ര ചെയ്യുന്ന സമയമാണ്. അപ്പോഴും ആഭരണങ്ങളും മറ്റും അപഹരിച്ചുകൊണ്ട് പോകുന്നതായി പറയുന്നു. 

ഏതായാലും പോകുക തന്നെ. അല്ലാതെ മറ്റ് മാര്‍ഗമില്ല. കൂടുതല്‍ സൂക്ഷിക്കാം.

സബ്‌വേ വഴി പോകേണ്ടതുകൊണ്ട് അവര്‍ ഒരു ചെറിയ ബുദ്ധി പ്രയോഗിച്ചു. പിറ്റേ ദിവസം വേണ്ടത് തലേ ദിവസം ഒരു റിഹേഴ്‌സല്‍ നടത്തി നോക്കി. 

ഞായറാഴ്ച രാവിലെ അവര്‍ പള്ളിയില്‍ പോയി പ്രാര്‍ത്ഥിച്ചു. അതു കഴിഞ്ഞ് ബ്രോണ്‍സില്‍ നിന്ന് മന്‍ഹാട്ടനിലേയ്ക്ക് സബ്‌വേ വഴി ഒരു യാത്ര നടത്തി. അവര്‍ പടം നോക്കി പഠിച്ചു. പലരോടും ചോദിച്ചു മനസ്സിലാക്കി.

ഭൂനിരപ്പില്‍ നിന്ന് സബ്‌വേയിലേക്ക് ഇറങ്ങി ചെല്ലാനുള്ള മാര്‍ഗം അവരുടെ അപ്പാര്‍ട്ടുമെന്റിന് അടുത്തുതന്നെയുണ്ട്. അത് മിക്കവാറും എല്ലാ ബ്ലോക്കുകളിലും കാണും. അത് മനസ്സിലാക്കാന്‍ പ്രയാസമില്ല. നീലച്ചായം തേച്ച ഇരുമ്പഴികള്‍ പ്രത്യേകം തിരിച്ചറിയാം. അതില്‍ കൂടി ഇറങ്ങി ചെല്ലുമ്പോള്‍ ഒരു ഗുഹയിലേക്ക് പോകുന്നതുപോലെ തോന്നും.

അമ്മിണിയും റോസിയും ലില്ലിക്കുട്ടിയും ആ മാര്‍ഗത്തില്‍ കൂടി ഇറങ്ങി. പല പടികള്‍ കടന്ന് താഴെ ചെന്നപ്പോള്‍ വിശാലമായ അന്തര്‍ഭാഗം കണ്ടു. അവിടെ ടിക്കറ്റ് ബൂത്തുണ്ട്. ചില്ലറ കൊടുത്തപ്പോള്‍ ടിക്കറ്റല്ല ടോക്കനാണ് കിട്ടിയത്. ടോക്കണ്‍ നിക്ഷേപ ദ്വാരത്തിലിട്ടപ്പോള്‍ ട്രെയിന്‍ വരുന്ന ഭാഗത്തേയ്ക്ക് പ്രവേശനം തുറന്നു കാട്ടി. അവര്‍ പ്ലാറ്റുഫോമില്‍ ഇറങ്ങി.

ഇനി അതിനുള്ളില്‍ എവിടെയും എങ്ങോട്ടും സഞ്ചരിക്കാം. ഏത് ട്രെയിനിലും കയറാം. എവിടെയും ഇറങ്ങാം. പക്ഷേ, പ്ലാറ്റുഫോമിന്റെ പ്രവേശനവേലിക്ക് പുറത്തിറങ്ങിയാല്‍ വീണ്ടും ടോക്കണ്‍ ഇടണം.
അവര്‍ ഡൗണ്‍ ടൗണിലേയ്ക്കുള്ള ഒരു എക്‌സ്പ്രസ് ട്രെയിനില്‍ കയറി. പലയിടത്തും ഇറങ്ങി.

സബ്‌വേയിലെ കാഴ്ചകള്‍ കണ്ട് അവര്‍ അതിശയിച്ചു. ഭൂമിക്കടിയില്‍ കൂടി രണ്ടും മൂന്നും നിലകളിലായി ഒരേസമയം ട്രെയിന്‍ ഓടുന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പല  കെട്ടിടങ്ങളും ഈ പൊള്ളയായ ഭൂമിക്ക് മുകളിലാണ് നില്‍ക്കുന്നതെന്ന സത്യം അവര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല.

മല്‍ഹാട്ടനിലെ ഗ്രാന്‍ഡ് സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ അതൊരു ചെറിയ പട്ടണമോ എന്നു തോന്നിപ്പോയി. ന്യൂസ് സ്റ്റാന്‍ഡുകളും റസ്റ്റോറന്റുകളുമാണ് കൂടുതലും. ന്യൂസ് സ്റ്റാന്‍ഡുകളില്‍ കൂടുതലും ഇന്ത്യക്കാരെയാണ് കാണുന്നത്.

ഇന്ത്യാക്കാര്‍ വ്യവസായവുമായി ഈ അമേരിക്കന്‍ ഭൂഗര്‍ഭത്തിലും കടന്നുകൂടിയോ. ചന്ദ്രനില്‍ ചെന്നാല്‍ ഇക്കൂട്ടര്‍ അവിടെയും കണ്ടേക്കുമെന്ന് അവര്‍ സംശയിച്ചു.

അവര്‍ വീണ്ടും ട്രെയിന്‍ കയറി. മൗണ്ട് സെനായ് മെഡിക്കല്‍ സെന്ററിന് അടുത്തുള്ള സ്റ്റേഷനില്‍ ഇറങ്ങി. ഭൂഗര്‍ഭത്തില്‍ നിന്ന് പുറത്തുവന്നപ്പോള്‍ തങ്ങള്‍ ഏതു ലോകത്താണെന്നറിയാന്‍ പ്രയാസം. 

വഴി കണ്ടുപിടിക്കാന്‍ കുറച്ചു സമയം എടുത്തു. ആദ്യം വന്നപ്പോള്‍ കണ്ട ഓരോ അടയാളങ്ങളും ഓര്‍ത്തു.

അവര്‍ ഹോസ്പിറ്റലിലേയ്ക്ക്  നടന്നു. ചുറ്റുപാടെല്ലാം ശ്രദ്ധിച്ചു. എല്ലാം ഒന്നു ചുറ്റിക്കറങ്ങി കണ്ടു.
തിരികെ സബ്‌വേയില്‍ ചെന്നു ഭക്ഷണം കഴിച്ചു. വീണ്ടും ട്രെയിന്‍ കയറി വൈകുന്നേരം ആയപ്പോഴേയ്ക്കും തിരികെ അപ്പാര്‍ട്ടുമെന്റിലെത്തി. നേരം ഇരുണ്ടു വെളുത്തു.

അരയന്നപ്പിടകളെപ്പോലെ നമ്മുടെ നേഴ്‌സുമാര്‍ അണിഞ്ഞൊരുങ്ങി ജോലിക്കിറങ്ങി. മോനിയെ കൊണ്ടുപോകാന്‍ പോള്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു.

അമേരിക്കയിലെ ആദ്യത്തെ ഉദ്യോഗദിനം. ഉള്ളില്‍ താളമേളങ്ങള്‍. മറ്റ് പല രാജ്യക്കാരുടെയും 
കൂടെയാണ് ജോലി ചെയ്യേണ്ടത്. സായിപ്പ•ാരും കറുമ്പ•ാരും ഒക്കെയാണ് രോഗികള്‍.

എങ്ങനെയൊക്കെ ആയിരിക്കുമോ? എങ്കിലും കയ്യില്‍ വരാന്‍ പോകുന്ന ഡോളര്‍ ഓര്‍ത്തപ്പോള്‍ പ്രശ്‌നങ്ങളൊന്നും പ്രതിബന്ധമായില്ല.

പരിഭ്രമത്തോടെയെങ്കിലും ആയിരം സ്വപ്നങ്ങളുമായി ഓരോരുത്തരും ജോലിയില്‍ കയറി.


അമേരിക്ക നോവല്‍ - 7 മണ്ണിക്കരോട്ട്
Join WhatsApp News
Mohan Parakovil 2016-04-18 07:13:23
ഇത് ഒരു സുവിശേഷ പ്രസംഗം പോലെയുണ്ട്, നമ്മുടെ കര്ത്താവ് ശിഷ്യന്മാരോദു പരഞ്ഞു , അവർ മേലോട്ട് നോക്കി മേഘങ്ങൾക്കുള്ളിൽ
നിന്നും ദൈവം മുഖം കാണിച്ചു എല്ലാവരും
റബ്ബേ എന്ന് വിളിച്ചു  പിന്നെ അവർ വീട്ടില് പോയി
ഭക്ഷണം കഴിച്ചു . പത്രാധിപര് ഒരു പക്ഷെ
ഈ കമന്റ് എടുകയില്ലായിരിക്കാം  ചില വായന്കാർ
സത്യം പറയില്ലയിരിക്കാം, എന്നാൽ  ഇത് വരെ വായിച്ച ഈ നോവലിന് മൂല്യം ഇല്ലെന്ന്
വ്യസന സമേതം മോഹൻ പാറകോവിൽ എന്ന ഞാനും കൂട്ടുകാരും അഭിപ്രായപ്പെടുന്നു ഞങ്ങൾ
നാട്ടിൽ ചൊറി കുത്തിയിരിക്കുന്നവർ എന്നു അമേരിക്കയിലെ ധനികനായ ഒരു വ്യക്തി
(പാവം പേരില്ലായിരുന്നു)  എഴുതിയത് ഞങ്ങള്ക്ക് ഓർമ്മയുണ്ട്. പാവങ്ങൾ ജീവിച്ച് പോട്ടെ മുതലാളി പ്രഭുവേ ...
 
Aniyankunju 2016-04-18 07:53:33
മൂല്യം ഉണ്ട്. Dear MaNNikkarott, please keep writing. One needs empathy to appreciate this type of writing.
ഹവിൽധാർ തോമസ്‌ 2016-04-18 09:50:34
പ്രിയ പാറക്കോവിലെ നിങ്ങൾ എത്രമാത്രം ഇതിനെ വെറുക്കാൻ തുടങ്ങുന്നോ അത്രമാത്രം ഇത് നിങ്ങളിൽ ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കും.  അമേരിക്കയിലെ ആദ്യകുടിയേറ്റ വർഗ്ഗക്കാരായ നെർസ്മാരുടെയും അവരെ ചുറ്റിപ്പറ്റി ഇവിടേക്ക് കുടിയേറിയ പട്ടാളക്കാരുടെയും ജീവിതത്തിന്റെ ഒരു തറ ആവിഷക്കാരം ആയിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.  എന്റെ കഥ അതിനു ഉദാഹരണമാണ്.  ഞാൻ ഒരു പട്ടാളക്കാരൻ ആയിരുന്നു. എന്റെ ഭാര്യ അമേരിക്കയിൽ എത്തിയതോടെ അവളുടെ വിധം മാറി.  പോളിനെപ്പോലെ ഒരുത്തന്റെ കൂടെ കൂടി അവളും നശിച്ചു എന്റെ ജീവിതം അവൾ നശിപ്പിക്കാനും നോക്കി.  പ്കഷെ ലഡാക്കിലെ യുദ്ധത്തിൽ ശതുരുവിന്റ്റ് വെടിയുണ്ടക്ക് വീഴ്ത്താൻ കഴിയാത്ത ഈ പട്ടാളക്കാരനെ തോല്പ്പിക്കാൻ അവൾക്ക്‌ കഴിഞ്ഞില്ല.  ഞാൻ മറ്റൊരു വിവാഹം കഴിച്ചു അമേരിക്കയിൽ എത്തി. പിന്നെത്തെ കാര്യം എഴുതിയാൽ നിങ്ങൾ ഓടും എന്നതുകൊണ്ട്‌ എഴുതുന്നില്ല.  മണ്ണിക്കരോട്ട് സത്യം വിളിച്ചു പറയുമ്പോൾ ഇതൊക്കെ നുണയാണ് എന്ന് വിശ്വസിക്കുന്ന നിങ്ങൾക്ക് അത് മനസിലാകില്ല. പക്ഷെ എന്നെപ്പോലെയുള്ള തറ പട്ടാളക്കാർക്ക് അതും മനസിലാകും.  കേരളത്തിന്റെ ഒരറ്റത്ത് ലഡാക്ക് യുദ്ദത്തിനെ ശബ്ദം പോലും കേട്ടിട്ടില്ലാതെ ഇരുന്നു കമന്റ് എഴുതുന്ന നിങ്ങൾക്ക് ഇതെല്ലാം തറ ആയിട്ടെ അനുഭവപ്പെടൂ .  അതുകൊണ്ട് ഈ കമന്റ് ഒരു ക്ഷാമാപണത്തോടെ പിൻവലിക്കണം എന്ന് ഞാൻ അഭ്യർഥിക്കുന്നു 

ജയ്‌ ഹിന്ദ്‌, ജയ്‌ ഭാരത്‌  (ഇതെഴുതിയത് കൊണ്ട് ഞാൻ ഒരു ക്കാരനാണെന്ന് നൈനാൻ മാത്തുള്ള തെറ്റ് ധരിക്കരുതെന്ന് അപേക്ഷിക്കുന്നു 
ജോൺ മുതലാളി 2016-04-18 12:34:43
പണം ഇല്ലാത്തവൻ പിണമാണ് പാറക്കൊവിലെ. അതില്ലങ്കിൽ ചുമ്മാ ചൊറിന്ജോണ്ടിരുന്നോ. പണം ഉണ്ടെങ്കിൽ ചരിത്രം തിരുത്തി കുറിക്കാം മൈ ഫ്രണ്ട്  .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക