Image

ആന്റണിയുടെ ആശങ്കകള്‍ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 15 April, 2016
ആന്റണിയുടെ ആശങ്കകള്‍ (ലേഖനം: സാം നിലമ്പള്ളില്‍)
അമേരിക്കയും ഇന്‍ഡ്യയുമായി സൈനിക സഹകരണക്കരാറില്‍ (Logistics Exchange Memoradum Agreement- LEMOA ) ഏര്‍പ്പെടാന്‍പോകുന്നെന്ന് കേട്ടപ്പോള്‍ മുന്‍പ്രതിരോധമന്ത്രിയായ എ.കെ. ആന്റണി ചില പ്രവചനങ്ങള്‍ നടത്തുകയുണ്ടായി. കാരാറിന്റെ ഫലമായി രാജ്യത്തിന്റെ പരമാധികാരം തകരാറിലാകും; ഇന്‍ഡ്യ ക്രമേണ അമേരിക്കന്‍ സൈനികചേരിയുടെ ഭാഗമായി മാറും; ഇന്‍ഡ്യയുടെ ചേരിചേരാ നയത്തെിന് അര്‍ത്ഥമില്ലാതാകും; അമേരിക്കന്‍ സൈന്യത്തിന്റെ ആയുധങ്ങള്‍ സൂക്ഷിക്കനുള്ള ഇടത്താവളമായി ഇന്‍ഡ്യമാറും; മറ്റ് രാജ്യങ്ങളുമായിട്ടുള്ള സൗഹൃദം തകരാന്‍ ഇടയാകും; ഇന്‍ഡ്യയുടെ സൈനിക നീക്കങ്ങള്‍ അമേരിക്കക്ക് നിഷ്പ്രയാസം വീക്ഷിക്കന്‍ സൗകര്യമുണ്ടാകും; അതോടുകൂടി സ്വതന്ത്രമായ സൈനികനീക്കങ്ങള്‍ നടത്താന്‍ ഇന്‍ഡ്യക്കാകില്ല.

രാജ്യം അന്തിമമായി ഇന്‍ഡ്യന്‍ മഹാസമുദ്രത്തില്‍ മുങ്ങിപ്പോകുംമെന്നുമാത്രം പ്രവചനത്തില്‍ ഇല്ല.

ആന്റണി പ്രതിരോധമന്ത്രിയായിരുന്ന എട്ടുവര്‍ഷംകൊണ്ട് ഇന്‍ഡ്യന്‍ സൈന്യത്തിന്റെ പ്രഹരശേഷി പത്തുവര്‍ഷം പിന്നോട്ടടിച്ചെന്ന് സൈനികതലവന്മാര്‍ തന്നെയാണ് പറഞ്ഞത്. അഴിമതിയാരോപണങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് ആന്റണി സൈന്യത്തിന് ആവശ്യമായിട്ടുള്ള ആയുധങ്ങള്‍ വാങ്ങാന്‍ മടിച്ചു. രാജ്യരക്ഷയേക്കാള്‍ ഉപരിയായി സ്വന്തം പ്രതിശ്ചായ നിലനിറുത്താനാണ് അദ്ദേഹം ഊന്നല്‍നല്‍കിയത്. അന്താരാഷ്ട്ര ആയുധക്കമ്പോളത്തില്‍ കമ്മീഷന്‍ ഇല്ലാതെ കച്ചവടം നടക്കത്തില്ല. അമേരിക്ക ഇസ്രായേല്‍ മുതലായ രാജ്യങ്ങളില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുമ്പോള്‍ കമ്മീഷന്‍ കൊടുത്തതിന്റെപേരില്‍ അഴമതിയാരോപണം നേരിടേണ്ടിവരുമോ എന്ന് ഭയന്നാണ് ആന്റണി മടിച്ചുനിന്നത്. ബോഫോഴ്‌സ് പീരങ്കിയിടപാടില്‍ കമ്മീഷന്‍ തട്ടിയതിന്റെപേരില്‍ സോണിയകുടുംബം ഇപ്പോഴും സംശയത്തിന്റെ കരിനിഴലില്‍ ആണല്ലോ. അങ്ങനെയൊരു കരിനിഴല്‍ തന്റമേല്‍ വീഴേണ്ടെന്ന് കരുതിയായിരിക്കും ആന്റണി നിഷ്‌ക്രിയനായി ഇരുന്നത്. സൈനികര്‍ക്ക് ലീവ് അനുവദിക്കുക ശമ്പളവര്‍ദ്ധനവ് നടപ്പിലാക്കുക (അതെല്ലാം ആവശ്യംതന്നെ) മുതലായ കയ്യടികിട്ടുന്ന പരിഷ്‌കാരങ്ങളാണ് അദ്ദേഹം എട്ടുവര്‍ഷംകൊണ്ട് ചെയ്തത്. അതിനിടയില്‍ സൈന്യത്തിന്റെ ആയുധബലംകൂട്ടുകയെന്ന പരമപ്രധാനമായകാര്യം ചെയ്യാന്‍ അദ്ദേഹം മറന്നുപോയി. ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യം യുദ്ധത്തെ അഭിമുഖീകരിക്കേണ്ടി വന്നില്ല, ഭാഗ്യം ആന്റണിയുടേയും.

കേരള മുഖ്യമന്ത്രിയായിരുന്ന് താനൊരു പരാജയമാണെന്ന് തെളിയിച്ച ആന്റണിയെ ഇന്‍ഡ്യയുടെ പ്രതിരോധമന്ത്രിയായി നിയമിച്ചെന്ന് കേട്ടപ്പോള്‍ ഞെട്ടാത്തവര്‍ വളരെ ചുരുക്കം. ഒരു ചെറിയ സംസ്ഥാനം ഭരിക്കാന്‍ അറിയാന്‍ വയ്യാത്ത വ്യക്തിയാണോ രാജ്യത്തിന്റെ സൈന്യത്തെ നയിക്കാന്‍ പോകുന്നതെന്ന് സാധാരണക്കാര്‍ ചോദിച്ചുപോയി. സോണിയ ഗാന്ധിക്ക് സ്തുതിപാടിയതിനുള്ള പ്രത്യുപകാരമായിരുന്നു പ്രതിരോധമന്ത്രിപദം. പ്രതിരോധമന്ത്രി ശക്തമായ തീരുമാനങ്ങള്‍ എടുക്കാനും കാര്യങ്ങള്‍ മുന്‍കൂട്ടികാണാനും കഴിവുള്ളവന്‍ ആയിരിക്കണം. ഇത്തരം ഗുണങ്ങള്‍ ആന്റണിക്കുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യപോലും പറയുമെന്ന് തോന്നുന്നില്ല. പാക്കിസ്ഥനില്‍നിന്നുള്ള ഭീകരര്‍ കടല്‍വഴിവന്ന് രാജ്യത്തെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുചെയ്തകാര്യം അദ്ദേഹം പാര്‍മെന്റില്‍ പ്രസ്താവിക്കയുണ്ടായി. അതിനുശേഷമാണ് മുംബയില്‍ ഭീകരര്‍ അഴിഞ്ഞാടിയത്. നിസ്സഹായനായി നോക്കിനില്‍കുന്ന പ്രതിരോധമന്ത്രിയെയാണ് രാജ്യംകണ്ടത്. ബാലിശമായ കാരണങ്ങള്‍പറഞ്ഞ് കേരള മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചിട്ടുള്ള ആന്റണി മുംബെ ഭീകരാക്രമണത്തിന്റെപേരില്‍ പ്രതിരോധമന്ത്രിസ്ഥാനം രാജിവെയക്കാന്‍ എന്തുകൊണ്ട് തയ്യാറായില്ല?

ഐ എന്‍ എസ് വിക്രമാദിത്യ എന്ന വിമാനവാഹിനികപ്പല്‍ വാങ്ങാന്‍ എഴുതി ഒപ്പിട്ടകാരാര്‍ ലഘിച്ച് കൂടുതല്‍പണംവാങ്ങി കാലതാമസവുംവരുത്തിയ റഷ്യയുമായി സൈനികക്കരാറില്‍ ഏര്‍പ്പെടുന്നതില്‍ ആന്റണിക്ക് വൈമനസ്യമില്ല. അവിടെ മേല്‍പറഞ്ഞ ആരോപണങ്ങള്‍ക്കൊന്നും പ്രസക്തിയില്ലേ? അമേരിക്കയോടും ഇസ്രായേലിനോടും അദ്ദേഹത്തിന് വിരോധമുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം പ്രതിരോധമന്ത്രി ആയിരുന്ന എട്ടുവര്‍ഷം ഈ രണ്ടുരാജ്യങ്ങളും സന്ദര്‍ശ്ശിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. കടുത്ത കമ്മ്യൂണിസ്റ്റുകാരായ അച്ചുതാനന്ദനും പിണറോയി വിജയനുംവരെ അമേരിക്ക സന്ദര്‍ശ്ശിച്ചു. അമേരിക്ക ആനന്ദലബ്ദിയില്‍ ആറാടിയിരിക്കണം, ആന്റണി വരാത്തതിലുള്ള നിരാശയിലും.

ഇന്‍ഡ്യന്‍ മഹാസമുദ്രത്തിലും പെസഫിക്കിലും ചൈനയുടെ സൈനികസാന്നിധ്യം വര്‍ധിച്ചുവരുന്നതില്‍ അമേരിക്കയെപ്പോലെതന്നെ ഇന്‍ഡ്യയും അസ്വസ്ഥയാണ്. ചൈനയുടെ കടന്നുകയറ്റം തടയാന്‍ രാജ്യത്തിന് അമേരിക്കയുടെ സഹായം ആവശ്യമാണ്. അതിനാണ് സൈനികക്കരാര്‍. കരാര്‍പ്രകാരം അമേരിക്കന്‍ നേവിയുടെ കപ്പലുകള്‍ക്ക് ഇന്ധനം നല്‍കാനുള്ള സൗകര്യം ഇന്‍ഡ്യ ചെയ്തുകൊടുക്കും, കപ്പലുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യങ്ങളും. ഇതെങ്ങനെ രാജ്യത്തിന്റെ പരമാധികാര്യത്തെ ബാധിക്കുമെന്ന് ആന്റണി വിശദീകരിക്കേണ്ടിയിരിക്കുന്നു. അടുത്ത ആരോപണം ഇന്‍ഡ്യയുടെ ചേരിചേരാനയത്തിന് പ്രസക്തിയില്ലാതായിത്തീരും എന്നാണ്. ചേരികളെല്ലാം ഇല്ലാതായി തീര്‍ന്നില്ലേ, ഇനിയെന്ത് ചേരിചേരാനയം? ചേരിയില്ലാതിരുന്ന രാജ്യങ്ങളെല്ലാം ഇപ്പോള്‍ ഏതെങ്കിലും ചേരിയിലാണ്. പിന്നെ ഇന്‍ഡ്യമാത്രം ചേരിചേരാന്ന് പറഞ്ഞിരുന്നിട്ട് എന്തുകാര്യം?

ഇന്‍ഡ്യയും ചൈനയുംതമ്മില്‍ ഇപ്പോള്‍ കൂടുതല്‍ അടുത്തുകൊണ്ടിരിക്കയാണെന്നാണ് ആന്റണിയുടെ മറ്റൊരു കണ്ടുപിടുത്തം. കൂടുതല്‍ അടുക്കുന്നതിന്റെ ഫലമാണല്ലോ ചൈനീസ് പട്ടാളം ഇടക്കിടെ അതിര്‍ത്തിലംഘിച്ച് എട്ടുപത്തും മൈലുകള്‍ ഉള്ളിലേക്ക് കടന്നുവരുന്നതും പരിസരം വൃത്തികേടാക്കിയിട്ട് തിരിച്ചുപോകുന്നതും. പാക്കിസ്ഥാനെ ചൈന വളര്‍ത്തിക്കൊണ്ടുവരുന്നത് ഇന്‍ഡ്യക്കെതിരെ തിരിച്ചുവിടാനാണ്. അവര്‍ക്ക് അണ്വായുധം ഉണ്ടാക്കാനുള്ള സഹായങ്ങളെല്ലാം ചെയ്തുകൊടുക്കുന്നത് ചൈനയാണ്. അടുത്തിടെ സയീദെന്ന പാക്കിസ്ഥനി ഭീകരനെതിരായിട്ടുള്ള പ്രമേയം യുഎന്‍ സെക്യൂറിറ്റി കൗണ്‍സിലില്‍ കൊണ്ടുവന്നപ്പോള്‍ ചൈനയാണ് വീറ്റോചെയ്ത് പ്രമേയം അസാധുവാക്കിയത്. ഇതൊക്കെയാണ് ആന്റണി ഗുഡ്‌സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുള്ള ചൈനയുടെ ചെയ്തികള്‍. ഇന്‍ഡ്യക്ക് ചുറ്റും ശത്രുക്കളാണ്. രാജ്യത്തിന്റെ വികസനത്തില്‍ അസൂയപൂണ്ടവര്‍.

ഇന്‍ഡ്യ ക്രമേണ അമേരിക്കന്‍ സൈനികചേരിയുടെ ഭാഗമായി മാറുമെന്നുള്ളത് ആന്റണിയുടെമാത്രം ആശങ്കയാണ്. അതില്‍ ചേരണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഇന്‍ഡ്യയാണ്. അധവാ ചേര്‍ന്നാലും രാജ്യത്തിന് ഗുണമല്ലാതെ ദോഷമൊന്നും ഉണ്ടാകില്ല. ജര്‍മനി, ജപ്പാന്‍ സൗത്ത് കൊറിയ മുതലായ അമേരിക്കന്‍ ചേരിയിലുളള രാജ്യങ്ങളുടെയെല്ലാം സംരക്ഷണം ആ രാജ്യമാണല്ലോ ഏറ്റെടുത്തിരിക്കുന്നത്. ആ രാജ്യങ്ങളുടെയൊന്നും പരമാധികാരത്തിന് ഒരു കോട്ടവും ഇന്നുവരെ സംഭവിച്ചിട്ടില്ല. അമേരിക്കന്‍ കപ്പലുകള്‍ക്ക് ഇന്ധനം കൊടുത്തതുകൊണ്ടും റിപ്പയര്‍ചെയ്യാന്‍ സൗകര്യങ്ങള്‍ നല്‍കുന്നതുകൊണ്ടും രാജ്യത്തിന് കുറെ ഡോളര്‍ കിട്ടുമെന്നല്ലാതെ ആന്റണി വിചാരിക്കുന്നതുപോലെ ദോഷമൊന്നും ഉണ്ടാകില്ല. പിന്നെന്തിനാണ് അദ്ദേഹം കമ്മ്യൂണിസ്റ്റുകാരുടെ മുദ്രാവാക്യം ഏറ്റുവിളിക്കുന്നത്?

ഇസ്‌ളാമിക്ക് ഭീകരന്മാരെ ചെറുക്കുന്നതും അവരുടെ ഗൂഢലക്ഷ്യങ്ങള്‍ ഇന്‍ഡ്യാഗവണ്‍മെന്റിനെ യധാസമയം അറിയിക്കുന്നതും അമേരിക്കയാണ്. മറ്റൊരു ആരോപണം രാജ്യത്തിന്റെ സൈനികനീക്കങ്ങള്‍ നിരീക്ഷിക്കാന്‍ അമേരിക്ക് നിഷ്പ്രയാസം സാധിക്കുമെന്നാണ്. നമ്മള്‍ അമേരിക്കയെ അക്രമിക്കാന്‍ പോകാത്തതുകൊണ്ട് നമ്മുടെ നീക്കങ്ങള്‍ അവര്‍ മനസിലാക്കിയതുകൊണ്ട് എന്താണ് തെറ്റ്? ഇന്‍ഡ്യ അമേരിക്കയുടെ സൗഹൃദ രാജ്യമായതുകൊണ്ട് നമ്മുടെ സൈനികനീക്കങ്ങള്‍ ചുഴിഞ്ഞുനോക്കാന്‍ അവര്‍ സമയം ചിലവാക്കുമെന്ന് ആന്റണി കരുതുന്നെങ്കില്‍ അത് വെറും ഭോഷത്തമാണ്. 
ആന്റണിയുടെ ആശങ്കകള്‍ (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
Darsan V 2016-04-18 05:50:44
Sri. Oommen Chandi is best for this position- Definse Minister of India
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക