Image

മായ (ഗദ്യകവിത) ജോണ്‍ വേറ്റം

ജോണ്‍ വേറ്റം Published on 16 April, 2016
മായ (ഗദ്യകവിത) ജോണ്‍ വേറ്റം
ആധുനികതയുടെ ആത്മീയതയില്‍ ആരാധാനക്കേകോപനമില്ല! 
ഭക്തിയും വിശുദ്ധിയും വെടിപ്പും സത്യവും സമര്‍പ്പണശക്തിയുമില്ല!

ആധുനികതയുടെ ആത്മാവബോധത്തില്‍ സ്‌നേഹമെന്ന വികാരമില്ല! 
അനുകമ്പയും അഭിമാനവും സമഭാവനയും സാഹോദര്യവുമില്ല!

തിളയ്ക്കും വര്‍ഗ്ഗവര്‍ണ്ണദ്വേഷത്താല്‍ ഉരുകുന്നു മാനവീയകത!
ധനികതയ്ക്കുതണലായി വളര്‍ത്തുന്നുണ്ടന്ധത, ദുരാചാരങ്ങള്‍.

മരണം, പാപഫലമല്ല, പ്രാപഞ്ചികപരിണാമക്രമമാണെങ്കിലും; 
മരണഭയം ചാര്‍ത്തുന്നുണ്ടനവധി മതങ്ങള്‍, ജാതിഗ്രന്ഥങ്ങള്‍.

മരണാനന്തരജീവിതമിന്നൊരു കടങ്കഥ! സംശയിതസങ്കല്പം.
മരണഭീതി തറയ്ക്കുന്നു, മനുജനെയിപ്പോഴും, ദണ്ഡസ്തംഭനത്തില്‍!

ആശയശില്പികളാവിഷ്‌കരിച്ച മരണാനന്തരശിക്ഷകളൊക്കെയും, 
വിന്യസിക്കുന്നിപ്പോഴും, വിശ്വാസികളില്‍, പാപഭയമുയര്‍ത്തുവാന്‍.

മന:സ്വസ്ഥതയോടെ മരിക്കുവാന്‍ ജനത്തെയനുവദിക്കണം മതം,
ത്യജിക്കണം വന്ധ്യവഴികളെ, മനസ്സിലേറ്റിടും വ്യാജപ്രമാണങ്ങളെ.

മരണമൊരു ശിക്ഷയോ? മനുഷ്യനുമാത്രമുള്ളൊരു കര്‍മ്മഫലമോ?
സാക്ഷരത്വം വേര്‍തിരിച്ചറിയണം മിഥ്യയെ, വ്യര്‍ത്ഥസിദ്ധാന്തങ്ങളെ.

അവസ്ഥിതികളും ആചരണങ്ങളുടെ ആജീവനമുറകളും മാറും.
മുന്നിലെ സമയദൂരത്തിന്റെ അതിരുകള്‍ എവിടെയെന്നാരറിയും?


മായ (ഗദ്യകവിത) ജോണ്‍ വേറ്റം
മായ (ഗദ്യകവിത) ജോണ്‍ വേറ്റം
Join WhatsApp News
Sudhir Panikkaveetil 2016-04-17 04:40:54
മുന്നിലെ സമയദൂരത്തിന്റെ അതിരുകൾ എവിടെയെന്നാരരിയും  എത്ര മനോഹരമായ വരി ..
ദൈനം ദിന ജീവിതത്തിലെ സംഭവങ്ങളുടെ
താത്വികമായ അവലോകനം,  ഒരു കവിയുടെ
ദർശനം.. അഭിനന്ദനം ശ്രീ വേറ്റം സാർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക