Image

വിവേകാനന്ദ ചെയര്‍: ഇന്ത്യാ-യുഎസ് ബന്ധം ദൃഢമാക്കുമെന്ന് പ്രണാബ്; ഒക്യുപൈ ഓക്‌ലന്‍ഡ് പ്രതിഷേധം അക്രമാസക്തമായി; ഫ്‌ളോറിഡയില്‍ റോംനിക്കു മുന്‍തൂക്കമെന്ന് സര്‍വേ

Published on 29 January, 2012
വിവേകാനന്ദ ചെയര്‍: ഇന്ത്യാ-യുഎസ് ബന്ധം ദൃഢമാക്കുമെന്ന് പ്രണാബ്; ഒക്യുപൈ ഓക്‌ലന്‍ഡ് പ്രതിഷേധം അക്രമാസക്തമായി; ഫ്‌ളോറിഡയില്‍ റോംനിക്കു മുന്‍തൂക്കമെന്ന്  സര്‍വേ
ഷിക്കാഗോ: ഇന്ത്യന്‍ ധനസഹായത്തോടെ ഷിക്കാഗോ സര്‍വകലാശാലയില്‍ ഭാരതീയ പഠനങ്ങള്‍ക്കായി വിവേകാനന്ദ ചെയര്‍ സ്ഥാപിക്കാനുള്ള തീരുമാനം ഇന്ത്യാ-യുഎസ് ബന്ധം കൂടുതല്‍ ദൃഢമാക്കുമെന്ന് ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി. വിവേകാനന്ദന്റെ 150-ാം ജയന്തിയില്‍ തന്നെ ഇത്തരമൊരു സംരഭം ആരംഭിക്കാനായതില്‍ ഇന്ത്യയ്ക്ക് അതിയായ സന്തോഷമുണ്‌ടെന്നും ഷിക്കാഗോ സര്‍വകലാശാലയില്‍ നടത്തിയ ഹൃസ്വ പ്രസംഗത്തില്‍ പ്രണാബ് പറഞ്ഞു. സഹകരണത്തിന്റെ പുത്തന്‍ അധ്യായം തുറക്കാനായി ലോകപ്രശസ്തമായ ഷിക്കാഗോ സര്‍വകലാശാലയില്‍ എത്താനായതില്‍ അഭിമാനമുണ്ട്. ലോകത്തിലെ ഏറ്റവും വലയി രണ്ടു ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യുടെയും അമേരിക്കയുടെയും സംസ്കാരങ്ങളെക്കുറിച്ചും ജനങ്ങളുടെ ജീവിതരീതികളെക്കുറിച്ചുമെല്ലാമുള്ള പഠനത്തിനായി ആരംഭിക്കുന്ന ചെയര്‍ ഇരുരാജ്യങ്ങളെയും കൂടുതല്‍ അടുപ്പിക്കുമെന്നും വിവേകാനന്ദ ചെയര്‍ ആരംഭിക്കാനുള്ള ധാരണാ പത്രത്തില്‍ ഒപ്പുവെച്ചുകൊണ്ട് പ്രണാബ് പറഞ്ഞു.

യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപരമാ റാവു, യൂണിവേഴ്‌സിറ്റിയിലെ ഹ്യുമാനിറ്റീസ് ഡീന്‍ മാര്‍ത്താ റോത്ത്, ഷൗന്‍സെ എസ്.ബൗച്ചര്‍, ചരിത്ര ഗവേഷകന്‍ ദിപേഷ് ചക്രവര്‍ത്തി പ്രഫസര്‍ ലോറന്‍സ് എ.കിംപ്ടണ്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഷിക്കാഗോ സര്‍വകലാശാലയില്‍ ഭാരതീയ പഠനങ്ങള്‍ക്കായി വിവേകാനന്ദ ചെയര്‍ സ്ഥാപിക്കുന്നതിന് 15 ലക്ഷം ഡോളറാണ്(ഏകദേശം 7.8കോടി രൂപ) ഇന്ത്യ നല്‍കുക. ഇതിനുപുറമെ സ്വാമി വിവേകാനന്ദന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിന് 1893ല്‍ വേദിയായ ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഷിക്കാഗോയ്ക്ക് ഇന്ത്യ അഞ്ചുലക്ഷം ഡോളറും(ഏകദേശം 2.6 കോടി രൂപ) ധനസഹായം നല്‍കും. ഇന്ത്യയിലെ വിവിധ മ്യൂസിയങ്ങളുമായി ആശയങ്ങള്‍ പങ്കുവയ്ക്കുന്നതിനാണിത്.

"അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരേ' എന്ന സംബോധനയാല്‍തന്നെ ശ്രോതാക്കളുടെ മനം കവര്‍ന്നുകൊണ്ട് സര്‍വമതസമ്മേളനത്തില്‍ സ്വാമി വിവേകാനന്ദന്‍ ഹിന്ദുമത ദര്‍ശനം വിശദമാക്കി മതസഹിഷ്ണുതയ്ക്കുവേണ്ടി ആഹ്വാനം ചെയ്ത സെപ്റ്റംബര്‍ 11ലെ പ്രസംഗം ഇന്ത്യയുടെ സാസ്കാരിക ചരിത്രത്തിലെ തിളക്കമാര്‍ന്ന ഏടാണ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃക സംരക്ഷണവും പ്രദര്‍ശനവും പ്രചാരണവും ലക്ഷ്യമിടുന്ന പദ്ധതിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ആര്‍ട്ട് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഷിക്കാഗോയെ പങ്കാളിയാക്കുന്നത് വലിയ അംഗീകാരവും ആദരവുമാണെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡഗ്ലസ് ഡ്രുയിക് പറഞ്ഞു.

ഒക്യുപൈ ഓക്‌ലന്‍ഡ് പ്രതിഷേധം അക്രമാസക്തമായി; മുന്നോറോളം പേര്‍ അ­റസ്റ്റില്‍

കാലിഫോര്‍ണിയ: ഒക്യുപൈ ഓക്‌ലന്‍ഡ് പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. ഓക്‌ലന്‍ഡിലെ പ്രതിഷേധക്കാരുടെ താവളം ബലംപ്രയോഗിച്ച് പൊളിച്ചു നീക്കാനുള്ള ഓക്‌ലന്‍ഡ് പോലീസിന്റെ ശ്രമമാണ് അക്രമത്തില്‍ കലാശിച്ചത്. ശനിയാഴ്ച പ്രതിഷേധക്കാരും പോലീസും തെരുവില്‍ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്നോറോളം പേരെ ഫെഡറല്‍ പോലീസ് അറസ്റ്റു ചെയ്തു. സിറ്റി ഹാളിന് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പ്രതിഷേധക്കാര്‍ അമേരിക്കന്‍ പതാക കത്തിച്ചു. പോലീസിനു നേരെ കല്ലും കുപ്പിയും വലിച്ചറിഞ്ഞ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ ഗ്യാസും ബീന്‍ ഗ്യാസും പ്രയോഗിച്ചു.

നവംബറില്‍ ആരംഭിച്ച ഒക്യുപൈ ഓക്‌ലന്‍ഡ് പ്രക്ഷോഭം ഏറ്റവും അക്രമാസക്തമായ ദിനമായിരുന്ന ശനിയാഴ്ചയെന്ന് പോലീസ് മേധാവി ഹൊവാര്‍ഡ് ജോര്‍ദാന്‍ പറഞ്ഞു. ഓക്‌ലന്‍ഡിനെ പ്രതിഷേധക്കാരുടെ കളിസ്ഥലമാക്കാനാവില്ലെന്ന് മേയര്‍ ജീന്‍ ക്വാന്‍ വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു പോലീസ് ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചത്. ഇതോടെ പ്രതിഷേധക്കാര്‍ അക്രമാസക്തരാവുകയായിരുന്നു.

റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം: ഫ്‌ളോറിഡയില്‍ റോംനിക്കു മുന്‍തൂക്കമെന്ന് സര്‍വേ

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായുള്ള പോരാട്ടം ചൂടുപിടിക്കെ മുന്‍ മാസാചുസെറ്റ്‌സ് ഗവര്‍ണര്‍ മിറ്റ് റോംനിയ്ക്ക് ആശ്വാസ വാര്‍ത്ത. ഈ മാസം 31ന് നടക്കുന്ന ഫ്‌ളോാറിഡ പ്രൈമറിയില്‍ റോംനിക്കു തന്നെയാണ് മുന്‍തൂക്കമെന്ന് അഭിപ്രായ സര്‍വെകള്‍ വ്യക്തമാക്കുന്നു. ഫ്‌ളോറിഡയിലെ വിവിധ അഭിപ്രായ സര്‍വേകളില്‍ പാര്‍ട്ടിയിലെ എതിര്‍ സ്ഥാനാര്‍ഥി ന്യൂട്ട് ഗിന്‍ഗ്രിച്ചിനെതിരെ റോംനി 11 പോയിന്റിന്റെ ലീഡാണ് നേടിയത്. സണ്‍ഷൈന്‍ സ്റ്റേറ്റ് ന്യൂസ് നടത്തിയ അഭിപ്രായ സര്‍വെയില്‍ ഫ്‌ളോാറിഡയിലെ പ്രൈമറി തെരഞ്ഞെടുപ്പില്‍ റോംനിക്ക് 40% വോട്ടും ഗിന്‍ഗ്രിച്ചിന് 31 % വോട്ടുമാണ് പ്രവചിക്കുന്നത്. അതേസമയം ക്വനിപിയാക് സര്‍വകലാശാലയുടെ അഭിപ്രായ സര്‍വെ അനുസരിച്ച് റോംനിയ്ക്ക് ഫ്‌ളോറിഡയില്‍ 38 ശതമാനവും ഗിന്‍ഗ്രിച്ചിന് 29 ശതമാനവും വോട്ടു ലഭിക്കും. അതേസമയം, ഗാലപ് പോള്‍ അനുസരിച്ച് ഫ്‌ളോറിഡയില്‍ റോംനി ഗ്രിന്‍ഗ്രിച്ചിനേക്കാള്‍ എട്ടു ശതമാനം കുറവ് വോട്ടു മാത്രമെ നേടൂ. 31-നാണ് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്കായുള്ള ഫ്‌ളോറിഡയിലെ തിരഞ്ഞെടുപ്പ്.

ഇറാനെ തകര്‍ക്കാന്‍ അമേരിക്കയുടെ പുതിയ ബോംബ്

വാഷിംഗ്ടണ്‍: ഇറാന്റെ ഭൂഗര്‍ഭ ആണവ പരീക്ഷണകേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ട് അമേരിക്ക കുപ്രസിദ്ധ "ബങ്കര്‍ ബസ്റ്റര്‍' ബോംബുകള്‍ നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയുടെ പരമ്പരാഗത ആയുധശ്രേണിയില്‍പ്പെട്ട ബങ്കര്‍ ബസ്റ്റര്‍ ബോംബിന് 13.6 ടണ്‍ ഭാരമുണ്ട്. ഭൂഗര്‍ഭ അറകളും ബങ്കറുകളും തകര്‍ക്കാനാണ് പ്രധാനമായും ഇത്തരം ബോംബുകള്‍ അമേരിക്ക ഉപയോഗിച്ചിരുന്നത്. ഇറാന്റെ ആണവ പരീക്ഷണകേന്ദ്രങ്ങള്‍ ഭൂമിക്കടിയിലാണുള്ളതെന്ന നിഗമനത്തെത്തുടര്‍ന്നാണ് ഇത്തരം ബോംബുകള്‍ വീണ്ടും നിര്‍മിക്കാന്‍ അമേരിക്ക നീക്കം തുടങ്ങിയത്. വ്യാപക നാശനഷ്ടം വരുത്താന്‍ ശേഷിയുള്ള ആയുധങ്ങളുടെ പട്ടികയിലാണ് ബങ്കര്‍ ബസ്റ്ററിനെയും പെടുത്തിയിരിക്കുന്നത്.

5,300 പൗണ്ട് സ്‌ഫോടകവസ്തു അടങ്ങിയിട്ടുള്ള 20 അടി നീളമുള്ള ഒരു ബങ്കര്‍ ബസ്റ്റര്‍ ബോംബിന് ഭൂമിക്ക് 200 അടി ആഴത്തിലേക്ക് തുളച്ചുകയറി സ്‌ഫോടനം നടത്താന്‍ കഴിയും. 212 അടി ഉയരമുള്ള മലനിരകള്‍ക്കുള്ളിലാണ് ഫോര്‍ഡോയിലെ ഇറാന്റെ ആണവകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഇറാനിലെയും വടക്കന്‍ കൊറിയയിലെയും ദുര്‍ഘട പ്രതിബന്ധങ്ങള്‍ തരണംചെയ്യാന്‍ പ്രത്യേകം രൂപകല്‍പന ചെയ്താണ് ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കുന്നതെന്ന് യുഎസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഭൂഗര്‍ഭ പരീക്ഷണശാലകളുടെ സംരക്ഷണകവചത്തിന്റെ ശേഷി ഇറാന്‍ വര്‍ധിപ്പിച്ച സാഹചര്യത്തില്‍, നേരത്തേ പരീക്ഷിച്ച ബോംബുകള്‍ ഫലപ്രദമാകില്ലെന്നാണ് അമേരിക്കന്‍ വിലയിരുത്തല്‍.

ഭൂഗര്‍ഭ അറകളുടെ ഉരുക്ക് കോണ്‍ക്രീറ്റ് കവചങ്ങള്‍ തകര്‍ക്കണമെങ്കില്‍ ബങ്കര്‍ ബസ്റ്റര്‍ ബോംബിന്റെ പ്രഹരശേഷി വര്‍ധിപ്പിക്കണം. ഇതിനായി പെന്റഗണ്‍ കൂടുതല്‍ ഫണ്ട് ആവശ്യപ്പെട്ട് കോണ്‍ഗസിനെ സമീപിച്ചിരുന്നു. 20 ബങ്കര്‍ ബ്ലസ്റ്റര്‍ ബോംബുകള്‍ നിര്‍മിക്കാന്‍ യു.എസ്. പ്രതിരോധ വകുപ്പിന് 330 മില്യണ്‍ ഡോളറാണ് ചെലവ്. പ്രഹരശേഷി വര്‍ധിപ്പിക്കാന്‍ 82 മില്യണ്‍ ഡോളര്‍ കൂടി ചെലവാക്കേണ്ടി വരും. കൂടുതല്‍ ശേഷിയുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് വൈകാതെ തയാറാകുമെന്നാണു പ്രതീക്ഷയെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വ്യക്തമാക്കി. ഒഴുകുന്ന സേനാ താവളമായി യു.എസ്.എസ്. പോണ്‍സ് എന്ന കപ്പലും അമേരിക്ക ഇവിടേക്ക് അയച്ചിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക