Image

ആധുനികത : വീണ്ടും ഒരു ചര്‍ച്ച (ജോണ്‍ മാത്യു)

Published on 14 April, 2016
ആധുനികത : വീണ്ടും ഒരു ചര്‍ച്ച (ജോണ്‍ മാത്യു)

ന്യൂയോര്‍ക്കില്‍ ഈയ്യിടെ നടന്ന ഒരു സാഹിത്യസമ്മേളനത്തില്‍ ആധുനികത ചര്‍ച്ചാവിഷയമായ തായി വായിച്ചു. അവിടെയുണ്ടായ ചില പരാമര്‍ശനങ്ങള്‍ എന്നെ അത്ഭുതപ്പെടുത്തി.

ഞാന്‍ വായിച്ചത്, മനസ്സിലാക്കിയത്, ഇങ്ങനെ: 
'ആധുനികത സമകാലീന പ്രശ്‌നങ്ങളോട് പ്രതികരിച്ചിട്ടില്ല. സാഹിത്യത്തിന് പ്രസ്ഥാനങ്ങള്‍ വേണ്ട.'
ശരിയാണ്, 'പ്രസ്ഥാനത്തിനുവേണ്ടി', സ്വയം വിശ്വാസമില്ലാത്ത ഒരു പ്രസ്ഥാനത്തിനുവേണ്ടി ആരോ പറഞ്ഞതുകേട്ട് എഴുതുന്നതിനോട് ഞാനും യോജിക്കുന്നില്ല. എന്നാല്‍ പ്രസ്ഥാനത്തിന്റെ ദാര്‍ശനിക വശം മനസ്സിലാക്കി, അത് പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് എഴുതുന്നതിലെന്താണ് തെറ്റ്? അല്ലെങ്കില്‍, ശൈലിയിലും അവതരണത്തിലും പ്രമേയത്തിലും വെല്ലുവിളി ഉയര്‍ത്തി എഴുതുന്നത്, അതൊരു പ്രസ്ഥാനമാക്കി മാറ്റുന്നതുതന്നെ ഒരു നേട്ടമല്ലേ?

മറ്റൊരു ലേഖന കര്‍ത്താവ് തന്റെ ഒരു ലേഖനത്തില്‍ 'അത്യന്താധുനികം' എന്ന് പലവട്ടം ഉപയോഗിച്ചു കണ്ടു. ആധുനികം, ഉത്തരാധുനികം, അത്യന്താധുനികം തുടങ്ങിയ വാക്കുകള്‍ 'ഇന്നത്തേത്' എന്ന സാധാരണ അര്‍ത്ഥത്തിലാണെങ്കില്‍ പരാതിയില്ല. പക്ഷേ, ഈ വാക്കുകള്‍ക്കെല്ലാം സാങ്കേതികമായ നിര്‍വചനങ്ങളും ഞാന്‍ പലപ്പോഴും എഴുതിയിട്ടുള്ള വിഷയമാണെങ്കിലും സാഹിത്യ-കലാപ്രസ്ഥാനങ്ങളെപ്പമലയാളത്തില്‍ അതിന്റെ പ്രസക്തിയെപ്പറ്റി ചുരുക്കമായി ഇവിടെ ചര്‍ച്ച ചെയ്യട്ടെ.

യൂറോപ്പിലെ വ്യവസായ വിപ്ലവത്തോട്, കൊളോണിയലിസത്തോട്, യുദ്ധങ്ങളോടെ പ്രതികരിച്ചുകൊണ്ടാണ് ഇംപ്രഷനിസവും മോഡേണിസവും എക്‌സപ്രഷനിസവും ചിത്രകലയിലും സാഹിത്യത്തിലും മാത്രമല്ല ശില്പ കലയിലും മറ്റു കലാരൂപങ്ങളിലുംകൂടി സ്വാധീനം ചെലുത്തിയത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പാതിമുതല്‍ പാരീസിലെ ചില ചിത്രകാരന്മാരാണ് ഇംപ്രഷനിസത്തിന്റെ തുടക്കക്കാര്‍. ക്ലാസിക്ക് വരകളെ നിഷേധിച്ച നേര്‍ത്ത ബ്രഷുപയോഗിച്ച് തനതും വ്യത്യസ്തവുമായലോകം ചിത്രീകരിക്കുകയായിരുന്നു അവര്‍ ചെയ്തത്. മാനുഷിക വശങ്ങളും അനുഭവങ്ങളും അപൂര്‍വയമായ ദര്‍ശനവിശേഷങ്ങളും പ്രകടിപ്പിക്കാന്‍ ഇംപ്രഷനിസം ഉപകരിച്ചു. ഇവിടെയാണ് ക്ലാസിക്ക് രൂപങ്ങളില്‍നിന്നുള്ള മാറ്റം വ്യക്തമായി വെളിപ്പെട്ടുവരുന്നത്.

സാമൂഹിക പ്രശ്‌നങ്ങളെ, അതായത് വ്യവസായ വിപ്ലവത്തിന്റെ, മുതലാളിത്തത്തിന്റെ, ക്രൈസ്തവ സഭയുടെ, കമ്മ്യൂണിസത്തിന്റെ വെല്ലുവിളികളെ ഉള്‍ക്കൊള്ളാന്‍ ആധുനികതക്കാണ് പിന്നീട് കഴിഞ്ഞത്.

യൂറോപ്പിലെ അവസാനിക്കാത്ത യുദ്ധങ്ങളില്‍നിന്ന് മനുഷ്യമനസ്സിനെ മോചിപ്പിക്കുന്നതായിരുനനുആധുനികത. അക്കാലത്തെ യൂറോപ്യന്‍ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക സംഭവ വികാസങ്ങളോടുള്ള പ്രതികരണമായിരുന്നു ആധുനികത. പാരമ്പര്യവിശ്വാസങ്ങളെയും ക്ലാസിസത്തെയും അതുമല്ലെങ്കില്‍ കമ്മ്യൂണിസമെന്ന സാമൂഹിക ജന്മിത്തത്തെയും പുണര്‍ന്നിരുന്ന ചിന്തയില്‍നിന്നൊരു കുതിപ്പ്.

ആധുനികത വിശ്വാസത്തെ എന്നപോലെ അതിന്റെ മറുവശമായിരുന്ന 'ജ്ഞാന'ത്തെ അല്ലെങ്കില്‍ അറിവിനെയും നിരാകരിച്ചു. സോഷ്യലിസ്റ്റ്-പുരോഗമന സാഹിത്യത്തിന് കടകവിരുദ്ധമായിരുന്നു ആധുനികത.

സമൂഹത്തിന്റെ ദുരിതങ്ങളെ മുതലെടുത്ത 'പുരോഗമന'ത്തിനു പകരം ആധുനികത വ്യക്തിയിലേക്ക് വിരല്‍ചൂണ്ടി. ഇതേ കാലഘട്ടത്തില്‍ യൂറോപ്പില്‍ ഉടലെടുത്ത ചിത്രകലയിലെ മറ്റൊരു പ്രസ്ഥാനമായിരുന്നു എക്‌സ്പ്രഷനിസം.  നേരില്‍ കാണുന്നതിനപ്പുറമായി കലാകാരന്‍ തന്റെ മനസ്സിനെ സ്വതന്ത്രമായി വിടുന്നു. ഇതെല്ലാം അടിസ്ഥാന പ്രമാണമായിരുന്നെങ്കിലും അവ ചിത്രകലയില്‍ മാത്രം ഒതുങ്ങിനിന്നില്ല, എഴുത്തിലും ഏറെ സ്വാധീനം ചെലുത്തി.

യൂറോപ്പിലെ മൂന്നു ചിന്താധാരകള്‍ ഇവിടെ ചര്‍ച്ചാവിഷയമാണ്. ക്രൈസ്തവ സഭ, കമ്മ്യൂണിസം, ആധുനികത. ഇവയെല്ലാം വിവിധ തട്ടുകളിലാണ്, ലളിതമായി വിശദീകരിച്ചാല്‍ ആധുനികതയും കമ്മ്യൂണിസവും 'ദൈവം' എന്ന ചിന്ത നിഷേധിക്കുന്നു. കമ്മ്യൂണിസവും സഭഭയും സമൂഹത്തെ അംഗീകരിക്കുന്നു. അതായത് അത്മീകമായി 'ക്രിസ്തുവിന്റെ സഭ', ഭൗതീകമായി കമ്മ്യൂണിസത്തിലെ 'കമ്മ്യൂണ്‍' അല്ലെങ്കില്‍ സഹകരണം എന്ന സമൂഹം. ഇതിനുപകരം ആധുനികത ദൈവത്തെയും സമൂഹത്തെയും നിഷേധിച്ച് സ്വന്തം ലോകം സൃഷ്ടിക്കുന്ന 'വ്യക്തി'യെയാണ് ഉയര്‍ത്തിക്കാണിച്ചത്. മനസ്സിന്റെ അവസ്ഥയിലും വ്യക്തിയിലും ആധുനികത കേന്ദ്രീകരിച്ചുവെന്ന് ചുരുക്കം. എങ്കിലും ആധുനികതയ്ക്ക് ക്രൈസ്തവതയോടു യോജിക്കാവുന്ന ചിലതുണ്ട് വിശ്വാസം എന്ന 'അസംബന്ധം', മനുഷ്യന്റെ ഭൗതീകജ്ഞാനം നിഷേധിക്കുന്നത്.

ഞാന്‍ പലപ്പോഴും ചോദിച്ചിട്ടുള്ള ഒരു ചോദ്യം ആവര്‍ത്തിക്കുകയാണ്. മതസംഘടനകള്‍ക്കും അല്ലെങ്കില്‍ കമ്മ്യൂണിസം തുടങ്ങിയ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുവേണ്ടിയും സമര്‍പ്പിക്കപ്പെട്ട ഒരാള്‍ക്ക് എങ്ങനെ 'ആധുനിക' (ഉത്തര, അത്യന്ത തുടങ്ങിയ വിശേഷണങ്ങളും ചേര്‍ത്തുകൊള്ളൂ) ചിത്രകാരനോ സാഹിത്യകാരനോ ആവാന്‍ കഴിയും?

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ രണ്ടാം ലോകമഹായുദ്ധം വരെയുള്ള കാലത്താണ് ആധുനികതയിലെ ഈടുറ്റ കൃതികള്‍ എഴുതപ്പെട്ടത്. ആധുനികതയെന്നു പറയുമ്പോള്‍ ഈ പ്രസ്ഥാനവുമായി ചേര്‍ന്ന കലാകാരന്മാര്‍ എല്ലാവരും കൃത്യമായി ചേര്‍ത്തുവെച്ച നിയമങ്ങളൊന്നും പാലിച്ചിരുന്നില്ല. 'യുള്ളീസസും' 'അപരിചിതനുമൊക്കെ' വ്യത്യസ്ത തലങ്ങളിലാണ്. അവയിലെ പ്രശ്‌നങ്ങളും വ്യത്യസ്തമാണ്. എങ്കിലും ചില സമാനത ചൂണ്ടിക്കാണിച്ചാല്‍ സമൂഹത്തിലെ 'ദിവ്യന്മാര്‍' ഉണ്ടാക്കിവച്ച യുദ്ധങ്ങള്‍ക്ക് എന്തിന് 'ഞാന്‍' മരിക്കണം? അത് ആര്‍ക്കുവേണ്ടിയാണ്? എന്നും അതിരുകള്‍  മാറിക്കൊണ്ടിരിക്കുന്ന രാജ്യത്തിനു വേണ്ടിയോ, നാളെ കാലഹരണപ്പെടുന്ന രാജാവിനുവേണ്ടിയോ, 'രാജ്യഭക്തി'യുടെ ലഹരി ബാധിച്ച ചിലര്‍ക്കുവേണ്ടിയോ?

ഇനിയും പറയട്ടെ വര്‍ത്തമാനകാല പ്രശ്‌നങ്ങള്‍ക്ക് ആധുനികത പ്രതികരിച്ചിട്ടില്ലെന്ന്. എല്ലാ വര്‍ത്ത മാന പ്രശ്‌നങ്ങളോടും പ്രതികരിക്കേണ്ടുന്ന ആവശ്യം ആധുനികതയെന്ന പ്രസ്ഥാനത്തിനില്ല. ആ പ്രസ്ഥാനത്തിന്റെ പരിധിയില്‍ വരുന്നവയോട് പ്രതികരിക്കുക തന്നെയായിരുന്നു ആധുനികതയുടെ ഉദ്ദേശ്യം.

രണ്ടാംലോകമഹായുദ്ധത്തിനുശേഷം മാറ്റം വന്ന സാമ്പത്തികവും സമൂഹികവുമായ വ്യവസ്ഥിതി ആധുനികതയെയും സ്വാധീനിച്ചു. പ്രത്യേകിച്ച് പെയ്ന്റിംഗിലുണ്ടായ വ്യതിയാനങ്ങള്‍.  

മലയാളത്തില്‍ എന്തോ ഒരു ധാരണയുണ്ട് സമൂഹത്തിലെ പ്രശ്‌നങ്ങളോടെല്ലാം സാഹിത്യവും സാഹിത്യനായകന്മാരും പ്രതികരിക്കണമെന്ന്. ആധുനികത ഒരു പ്രസ്ഥാനമെന്ന നിലയില്‍ സാമൂഹിക പ്രശ്‌നങ്ങളോടു പ്രതികരിക്കാറില്ല. നമുക്ക്, മലയാളത്തില്‍ ഏതാണ്ടൊരു മുപ്പതു വര്‍ഷക്കാലമായിരുന്നു ഏറ്റവമധികം തെറ്റിദ്ധരിക്കപ്പെട്ട് ഈ 'ആധുനികത' ഒരു സാഹിത്യരൂപമായിട്ടുണ്ടായിരുന്നത്.

അമ്പതുകളുടെ തുടക്കത്തില്‍ പോഞ്ഞിക്കര റാഫിയുടെ 'സ്വര്‍ഗ്ഗദൂതന്‍' മുതല്‍. സി.ജെ. തോസിന്റെ നാടകങ്ങളിലൂടെ, അയ്യപ്പപ്പണിക്കരുടെ 'കുരുക്ഷേത്ര' ത്തില്‍ക്കൂടി എന്‍.എന്‍.കക്കാടിന്റെ '1962' എന്നിങ്ങനെ.

എങ്കിലും അറുപതുകളിലെ കഥകളും നോവലുകളുമാണ് ആധുനികതയായി അംഗീകരിക്കപ്പെട്ടത്.

കാക്കനാടനും ഒ.വി. വിജയനും, എം.പി. നാരായണപിള്ളയും, എം. മുകുന്ദന്‍ തുടങ്ങിയവ നേരത്തെ, മുപ്പതുകള്‍ മുതല്‍ ഏതാണ്ട് അറുപതുകള്‍വരെ നമുക്ക് പുരോഗമനസാഹിത്യകാലമായിരുന്നു. പുരോഗമനവും കാല്പനികതയും തോളോടുതോളുരുമ്മി നീങ്ങിയ നാളുകള്‍.

സാധാരണ ജനത്തിന് പ്രസ്ഥാനങ്ങള്‍ വിഷയമല്ലായിരുന്നു. സമൂഹത്തിന്റെ കദനകഥകള്‍, അതുമല്ലെങ്കില്‍ ഹാസ്യം കേള്‍ക്കാനായിരുന്നു സാധാരണ ജനം ആഗ്രഹിച്ചത്. പ്രശ്‌നങ്ങളോട് പ്രതികരിക്കുന്നത് റീയലിസത്തിന്റെ സ്വഭാവമാണ്. അതെപ്പോഴും നമ്മുടെയൊപ്പമുണ്ടുതാനും. 'വ്യക്തിയിലേക്കുള്ള
ഒരു എത്തിനോക്കല്‍' എന്നു വേണമെങ്കില്‍ ആധുനിക സാഹിത്യത്തെ വിശേഷിപ്പിക്കാം. ആധുനികതക്ക് എത്രയോ മുഖങ്ങളുണ്ട്. അതെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നത് തത്വചിന്തകരുടെ ജോലിയും.

പുതുതായി സ്വാതന്ത്ര്യം നേടിയ മുന്‍ കോളനികളില്‍ സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും വേരോടാന്‍ പാകത്തിലുള്ള മണ്ണ്. വിപ്ലവത്തില്‍ പ്രതീക്ഷയര്‍പ്പിച്ച നാളുകള്‍. ബഹുജനപ്രസ്ഥാനമായിത്തീര്‍ന്നു കൊണ്ടിരുന്നു അന്ന് കമ്മ്യൂണിസം.

ഇതായിരുന്നു അമേരിക്കയുടെ പേടിസ്വപ്നം. അവര്‍ക്ക് എന്നും തുണയായിരുന്ന ചൈന വീണു.

വിയറ്റ്‌നാമും, ലാവോസും തായ്‌ലാന്‍ഡും അതേ പാത തുടരാം. പിന്നെ വലിയ നേട്ടമായി ഇന്ത്യയും. അതായിരുന്നു കണക്കുകൂട്ടല്‍. ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും ബംഗാളും ബീഹാറും പിന്നെ ഒറീസായും. ഇനിയും ആന്ധ്രയും വീഴാന്‍ ഒരുങ്ങിനില്ക്കുന്ന കേരളവും. ഇത്രയുമായാല്‍ ഇന്ത്യയുടെ പാതിയിലേറെ പിടിയിലമര്‍ന്നു. അതായത് എത്രയും വേഗം ചൈനാ മോ 
ഡലില്‍ ഇന്ത്യയിലൊരു വിപ്ലവം. നേരത്തെ പറഞ്ഞതുപോലെ റിയലിസത്തില്‍  ഉറച്ച പുരോഗമന-ജീവല്‍ സാഹിത്യം ഇതിനൊരു ആയുധമായി കമ്മ്യൂണിസ്റ്റുകള്‍ കരുതി. അക്കാലത്ത് കേരളത്തില്‍ കമ്മ്യൂണിസ്റ്റ്
ഭരണത്തിനു വഴിയൊരുക്കിയത് 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' തുടങ്ങിയ 'പുരോഗമന' നാടകങ്ങളായിരുന്നല്ലോ.

സംഭവങ്ങളുടെ ഈ പരമ്പര സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി എന്ന ചാരസംഘടനയെ വിറളിപിടിപ്പിച്ചു. ഇങ്ങനെയൊരു സാഹചര്യത്തില്‍ അവര്‍ സംഘടിപ്പിച്ച ഒളിയമ്പായിരുന്നു ലണ്ടനില്‍നിന്ന് പ്രസിദ്ധീകരിച്ച 'എന്‍കൗണ്ടര്‍' മാസിക. അത് ഇന്ന് എത്ര പേര്‍ക്ക് ഓര്‍മ്മയുണ്ടാകും എന്നെനിക്കറിയില്ല. അക്കാലത്ത് ഇന്ത്യയിലെ യുവസാഹിത്യകാരന്മാര്‍ക്ക് എന്‍കൗണ്ടര്‍ മാസിക ഹരമായിരുന്നു, സ്വപ്നമായിരുന്നു.

ന്യൂഡല്‍ഹിയിലെ കൊണാട്ട്‌പ്ലേസില്‍ വരാന്തകളില്‍പ്പോലും എന്‍കൗണ്ടര്‍ കോപ്പികള്‍ ചൂടപ്പം പോലെ  വില്പനക്ക് നിരത്തിവെച്ചിരുന്നു. കറങ്ങിയടിച്ചുനടക്കുന്ന ബുദ്ധിജീവികളുടെ കക്ഷത്തില്‍ ആകര്‍ഷണീയമായി ഒരു എന്‍കൗണ്ടറും. ഈ മാതൃക അനുകരിക്കുന്നതില്‍ മലയാളവും ഒട്ടും പിന്നിലായിരുന്നില്ല - 'അന്വേഷണം' എന്ന പ്രസിദ്ധീകരണത്തില്‍ക്കൂടി!

പുരോഗമന സാഹിത്യത്തിന് തടയിടാന്‍, നേരത്തെ പറഞ്ഞതുപോലെ, ദൈവവിശ്വാസമില്ലാത്ത ആധുനികതയുടെ മുഖപത്രമായ 'എന്‍കൗണ്ടര്‍' അങ്ങനെ രംഗത്തുവന്നു. ദൈവനിഷേധം കാരണം ഇത് കമ്മ്യൂണിസത്തിന്റെ ഒരു വകഭേദമെന്നേ സാധാരണ ജനം കരുതിയുള്ളൂ. ചാരസംഘടനയുടെ ഒളി
യമ്പ് ഫലിച്ചു. യുവസാഹിത്യകാരന്മാരും പുരോഗമനവാദികളും ഒന്നടങ്കം 'ആധുനികത' കാലത്തിന്റെ പരിഷ്‌ക്കാരസമ്പ്രദായമായി കണക്കാക്കി. മുരടിച്ച 'സോവിയറ്റ് ലാന്‍ഡി'നുപകരം ബുദ്ധിജീവികള്‍ക്ക് 'എന്‍കൗണ്ടര്‍'പോലും!

അറുപതുകളായപ്പോഴേക്കും പുരോഗമന സാഹിത്യം പിന്നോട്ടു വലിഞ്ഞു. സാഹിത്യരംഗത്തെ ചര്‍ച്ച മുഴുവന്‍ ആധുനികതയില്‍ ഊന്നി. അവസാനം എഴുപതുകളുടെ അവസാനം തങ്ങളുടെ ദൗത്യം നിറവേറ്റി, വിജയത്തിന്റെ ആഹ്ലാദം അയവിറക്കി 'എന്‍കൗണ്ടര്‍' പത്തിമടക്കുകയും ചെയ്തു.

മലയാളത്തില്‍ അക്കാലത്തെ ആധുനിക ചര്‍ച്ച ഘനഗംഭീരമായിരുന്നു, നമ്മുടെ കൃതികളെപ്പറ്റിയല്ല, ഫ്രഞ്ചിലെയും സ്പാനീഷിലെയും മറ്റ് യൂറോപ്യന്‍ ഭാഷകളിലെയും എഴുത്തുകള്‍. ആധുനികതയുടെ തത്വശാസ്ത്രം സൗന്ദര്യബോധം തുടങ്ങിയവയെല്ലാം ആവര്‍ത്തിച്ചു പറഞ്ഞു.

നമ്മുടെ ഭാഷയില്‍ ആധുനികത സമകാലീന പ്രശ്‌നങ്ങളോട് പ്രതികരിച്ചില്ല എന്നായിരുന്നല്ലോ പരാതി. അതു ശരിയല്ലെന്നാണ് എന്റെ അഭിപ്രായം. ദാരിദ്ര്യത്തോട് നേര്‍ക്കുനേര്‍ പ്രതികരിക്കുന്നത് ആധുനികതയുടെ സ്വഭാവമായിരുന്നില്ല. ഇനിയും ആധുനികതക്കു ചേര്‍ന്ന പ്രശ്‌നങ്ങള്‍ നമുക്കില്ലായിരുന്നു താനും. വ്യവസായ വിപ്ലവം പോയിട്ട് ഒരു വ്യവസായം പോലും നമുക്കില്ലായിരുന്നു.

കുറേ ഉത്സവപ്പറമ്പ് കത്തിക്കുത്തുകള്‍, പള്ളിവഴക്കുകള്‍ ഇതൊക്കെയല്ലാതെ നമുക്കെവിടെ യുദ്ധം? പട്ടാളത്തില്‍  ചേരാന്‍ ആരെയും നിര്‍ബന്ധിച്ചില്ല. പട്ടാളസേവനം അത്ര എളുപ്പവുമായിരുന്നുമില്ലല്ലോ.

യഥാര്‍ത്ഥ്യത്തില്‍ യുദ്ധംകൊണ്ട് പണമുണ്ടാക്കുകയാണ് മലയാളി അക്കാലത്ത് ചെയ്തത്.

സ്വന്തം നാടിന്റേതല്ലാത്ത ഒരു പ്രസ്ഥാനം കുറേക്കഴിഞ്ഞപ്പോള്‍ ആധുനിക സാഹിത്യകാരന്മാര്‍ക്കു തന്നെ അന്യമായി തോന്നി. അതുകൊണ്ടാണ് പലരും പിന്നീട് ആധുനികതയെ തള്ളിപ്പറഞ്ഞത്. എങ്കിലും അന്നത്തെ ആധുനിക കൃതികള്‍ പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. തൊഴില്‍രഹിതരിലല്ല, തങ്ങളുടെ പ്രതീക്ഷക്കൊത്ത തൊഴില്‍ നേടാന്‍ കഴിയാതെപോയ വ്യക്തികള്‍ ആയിരുന്നു അസ്തിത്വദുഃഖം അനുഭവിച്ചിരുന്ന കഥാപാത്രങ്ങള്‍. അത് അറുപതുകളിലെ ഒരു സാമൂഹ്യപ്രശ്‌നം തന്നെയായിരുന്നു.

കഴിഞ്ഞനൂറ്റാണ്ടിലെ സ്ഥിതിഗതികള്‍ ഇന്ത്യയിലും അമേരിക്കയിലും യൂറോപ്പില്‍പോലും ഇന്നില്ല. അതുകൊണ്ട് പഴയ ആധുനിക ദര്‍ശനങ്ങളിലൂടെ ഒന്നിനോടും പ്രതികരിക്കയും വേണ്ട. വിയറ്റ്‌നാം യുദ്ധാവസാനത്തോടെ അമേരിക്കയിലെ 'ഡ്രാഫ്റ്റും' തീര്‍ന്നു. അതുപോലെ 'ഹിപ്പി' പ്രസ്ഥാനവും!

പുതിയ ഒരു പ്രസ്ഥാനമായി ആധുനികത മലയാളത്തില്‍ ഇന്നില്ല. അത് ചിത്രകലയിലെ ഒരു കൗതുകമാണ്, സാഹിത്യത്തിലും ഏറെക്കുറെ. ഇപ്പോള്‍ എഴുതുന്നവര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് ഇന്നത്തെ ലോക സ്വഭാവമനുസരിച്ചുള്ള  'പ്രസ്ഥാനങ്ങള്‍' സൃഷ്ടിക്കുക മാത്രമാണ്. അതിനുള്ള ശൈലി കണ്ടെത്തണം, പ്രമേയം കണ്ടെത്തണം, അവതരണരീതിയും. 
Join WhatsApp News
വിദ്യാധരൻ 2016-04-15 11:27:21
 ഇന്ന് അമേരിക്കയിലെ പല  പ്രസ്ഥാനങ്ങളുടെയും  ദർശനം എന്ന് പറയുന്നത് ജീവിത ദർശനം ഇല്ലാത്തവരെ സാഹിത്യകാരന്മാരാക്കുക എന്നതാണ് . അക്കാരണം കൊണ്ടാണ് സാമൂഹ്യ ദർശനം ഇല്ലാത്ത അനേകം രചനകൾ പടചൂടി പാമ്പിനെപ്പോലെ പടച്ചു വിട്ടുകൊണ്ടിരിക്കുന്നത്.  ചങ്ങമ്പുഴയുടെ വാഴക്കുല, ശ്രീനാരായണ ഗുരുവിന്റെ കവിതകൾ, കുമാരനാശാന്റെ ദുരവസ്ഥ, വയലാറിന്റെ വിപ്ലവഗാനങ്ങൾ , കെപി എ സി യുടെ നാടകങ്ങൾ, എൻ എൻ പിള്ളയുടെ നാടകങ്ങളും രചനകളും (ചില ഉദാഹരണങ്ങൾമാത്രം )  മനുഷ്യജീവിതത്തിലെ ഉഛനീചത്വങ്ങളെ തുടച്ചു നീക്കുവാനും ചിന്തിപ്പിക്കുവാനും അതിലൂടെ സാമൂഹ്യ പരിവർത്തനത്തിന് ഉദകുകയും ചെയ്യുതു. എന്നാൽ സാഹിത്യ പ്രസ്ഥാനങ്ങളോ ഒരു പുസ്തക കട മാത്രം.  അതുകൊണ്ട് പ്രസ്ഥാനങ്ങളുമായി 'ദർശനം' മഹത്തായ ഒരു വാക്കിനെ കൂട്ടിക്കുഴക്കുന്നതിനോട് ഒട്ടും യോചിക്കാൻ കഴിയില്ല.  സാഹിത്യപ്രസ്ഥാനങ്ങൾക്ക് ദർശനം ഉണ്ടെന്നു പറയുന്നതും മതങ്ങൾക്ക് ദർശനം ഉണ്ടെന്നു പറയുന്നതും കുടില ചിന്തയിൽ നിന്ന് ഉരു തിരിഞ്ഞു വരുന്നതാണ് .   ആധുനികത ഉത്തരാധുനികത ഒക്കെ നിലവിലുള്ള നിയമങ്ങളെ ലംഘിച്ചു വായിൽ വരുന്നത് കോതക്ക് പാട്ടെന്നപൊലെ' ദർശനങ്ങൾ ഇല്ലാതെ തോന്നിയപോലെ എഴുതാനുള്ള പ്രവണതയുടെ ഭാഗം മാത്രം .
നാരദന്‍ 2016-04-15 14:04:58
കയര്‍ പൊട്ടി 
വീണു തൊട്ടി 
തോട്ടി ഇട്ടു 
കിണര്‍  പൊട്ട 

ഇതും ഒരു കവിത .

വയര്‍  ഇളകി , അണ്ടര്‍വെയര്‍  കടും കെട്ടു വീണു 
ഞെളിപിരി  കൊണ്ട്  എഴുതി  കവിത 
കവി എന്നു നിഗളം , നാറ്റം കൊണ്ട്   വായനകാര്‍  ഓടുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക