Image

റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്‍ ഫാമിലി നൈറ്റ്‌ വര്‍ണ്ണാഭമായി

ജോയിച്ചന്‍ പുതുക്കുളം Published on 29 January, 2012
റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്‍ ഫാമിലി നൈറ്റ്‌ വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്‌: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തെ വിസ്‌മയിപ്പിക്കുന്ന കെട്ടുകാഴ്‌ചകളും, താളമേളങ്ങളും വേഷപ്പകര്‍ച്ചകളും ശ്രുതിഘോഷങ്ങളുമായി റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷനിലെ ഫാമിലി നൈറ്റ്‌ ജനഹൃദയങ്ങളില്‍ പെയ്‌തിറങ്ങി. കലാസന്ധ്യയില്‍ 150-ഓളം കലാപ്രതിഭകള്‍ റോക്ക്‌ലാന്റ്‌ ക്‌നാനായ സെന്ററിലെ സ്റ്റേജില്‍ താരങ്ങളായി മിന്നി.

ജനുവരി ഏഴാം തീയതി ശനിയാഴ്‌ച വൈകുന്നേരം 4.30-ന്‌ മിഷന്‍ ഡയറക്‌ടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്ത്‌ പ്രാര്‍ത്ഥനയോടെ മുഖ്യാതിഥികളായ ന്യൂയോര്‍ക്ക്‌ സഹായ മെത്രാന്‍ ബിഷപ്പ്‌ സള്ളിവനേയും, മോണ്‍ വെബ്ബറേയും സദസ്സിന്‌ പരിചയപ്പെടുത്തി. കൈക്കാരന്‍ ജോസഫ്‌ വാണിയപ്പള്ളി സ്വാഗതം ആശംസിച്ചു. മോണ്‍ വെബ്ബര്‍ സുവിശേഷം വായിച്ച്‌ ഏവര്‍ക്കും ക്രിസ്‌മസ്‌ സന്ദേശം നല്‍കി. തുടര്‍ന്ന്‌ ബിഷപ്പ്‌ സള്ളിവന്‍ ഫാമിലി നൈറ്റും ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങളും തിരികൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. തന്റെ സന്ദേശത്തിലൂടെ ബെത്‌ലഹേമിലെ പുല്‍ത്തൊഴുത്തില്‍ പിറന്ന യേശുനാഥന്‍ നമ്മളില്‍ ഓരോരുത്തരിലുമാണ്‌ വസിക്കുന്നതെന്ന്‌ ഉദ്‌ബോധിപ്പിച്ചു. കൈക്കാരന്‍ ഫ്രാന്‍സീസ്‌ ക്ലമന്റ്‌ ഏവര്‍ക്കും നന്ദി പറഞ്ഞു.

ഷൈന്‍ റോയി അണിയിച്ചൊരുക്കിയ തിരുപ്പിറവി എന്ന നൃത്തശില്‍പ്പത്തോടെ പരിപാടികള്‍ക്ക്‌ തുടക്കമായി. തുടര്‍ന്ന്‌ 150-ല്‍പരം കലാപ്രതിഭകള്‍ അണിനിരന്ന വിവിധ കലാപ്രകടനങ്ങള്‍ കുടുംബസംഗമ സന്ധ്യയ്‌ക്ക്‌ നിറംചാര്‍ത്തി. മഞ്‌ജു മുണ്ടന്‍ചിറ, സോഫിയ മണലില്‍, ലൈസി അലക്‌സ്‌, ഷൈന്‍ റോയി തുടങ്ങിയവരായിരുന്നു മുഖ്യ നൃത്തസംവിധായകര്‍. ജോമോന്‍ ജോസഫ്‌, ജോബലി ടാരാ, ടിന്റു ഫ്രാന്‍സീസ്‌, നേഹ പാണ്ടിപ്പള്ളി, സോഫി മണലില്‍, ജിയ വിന്‍സെന്റ്‌, ജൂലിയ ജോസഫ്‌ എന്നിവരുടെ ഗാനങ്ങളും, ഫ്‌ളോറന്‍സ്‌ തോമസ്‌, മഞ്‌ജു മുണ്ടന്‍ചിറ, നേഹ ആന്റണി, ഷൈന്‍ റോയി, എമി ഏബ്രഹാം എന്നിവരുടെ സംഘനൃത്തങ്ങളും ലിജോ ജോസഫും, ബെന്നി ജോസഫും ചേര്‍ന്നൊരുക്കിയ സ്‌കിറ്റും പരിപാടികളുടെ ഹൈലൈറ്റ്‌സ്‌ ആയിരുന്നു.

സിതാര്‍ പാലസ്‌ ഒരുക്കിയ സ്വാദിഷ്‌ടമായ ഭക്ഷണ പാനീയങ്ങള്‍ കലാസന്ധ്യയ്‌ക്ക്‌ ചാരുതയേകി. റബേക്ക വയലുങ്കല്‍, ജോര്‍ജ്‌ മുണ്ടന്‍ചിറ, അഘോഷ്‌ അലക്‌സ്‌, ജെല്‍വിന്‍ ജയിംസ്‌, ജോണി കതാലാരി, ഷാനാ ജോസഫ്‌, അലക്‌സ്‌ കോപ്പാറ, ആഷ്‌ലി ക്ലമന്റ്‌, ആഷ്‌ലി കടന്തോട്‌, ലിജോ ജോസഫ്‌, ടാനിയ മണലില്‍, എമി ജോര്‍ജ്‌, ഡെമി സെബാസ്റ്റ്യന്‍, നിയി കാര്‍ട്ടിനസ്‌ തുടങ്ങിയവര്‍ എം.സിമാരായി പ്രവര്‍ത്തിച്ചു.

പരിപാടികള്‍ വന്‍ വിജയമായിത്തീരാന്‍ പ്രവര്‍ത്തിച്ചത്‌ മിഷന്‍ ഡയറ്‌കടര്‍ ഫാ. തദേവൂസ്‌ അരവിന്ദത്തിന്റെ നേതൃത്വവും കൈക്കാരന്മാരായ ജോസഫ്‌ വാണിയപ്പള്ളിയുടേയും, ഫ്രാന്‍സീസ്‌ ക്ലമന്റിന്റേയും നിസ്‌തുല പ്രവര്‍ത്തനങ്ങളുമായിരുന്നു. രാത്രി 11.30-ന്‌ ഇന്ത്യന്‍ ദേശീയ ഗാനത്തോടെ പരിപാടികള്‍ക്ക്‌ തിരശ്ശീല വീണു. റോക്ക്‌ലാന്റ്‌ മിഷനുവേണ്ടി റോയ്‌ ആന്റണി അറിയിച്ചതാണിത്‌.
റോക്ക്‌ലാന്റ്‌ സീറോ മലബാര്‍ മിഷന്‍ ഫാമിലി നൈറ്റ്‌ വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക