Image

'ക്ക' വന്ന വഴിയും 'യ്ക്ക' പോയ പോക്കും: ഒരു അക്ഷര വിവാദം

ത്രേസ്യാമ്മ തോമസ് നാടാവള്ളില്‍ Published on 29 January, 2012
'ക്ക' വന്ന വഴിയും 'യ്ക്ക' പോയ പോക്കും: ഒരു അക്ഷര വിവാദം
അമേരിയ്ക്കയും അമേരിക്കയും

ഡോ.കുഞ്ഞാപ്പുവിന്റെ ഒരു ലേഖനമാണ് ഈ ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അതില്‍ പ്രധാനമായും 'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവുമാണ് പരാമര്‍ശം.
1)ആദ്യമെതന്നെ പറയട്ടെ 'യ്ക്ക',
'ക്ക' എന്ന കൂട്ടക്ഷരങ്ങളില്‍ 'യ്ക്ക' പോവുകയൊ 'ക്ക' വരികയൊ ചെയ്തിട്ടില്ല. 'യ' കാരം വേണ്ടിടത്തും വേണ്ടാത്തിടത്തും ഭാഷയറിയാത്തവര്‍ ഉപയോഗിച്ചു പോയിട്ടുണ്ടെന്നു മാത്രം. 'അമേരിക്ക' ഒരിക്കലും 'അമേരിയ്ക്ക'യായിരുന്നിട്ടില്ല. അങ്ങനെയാരെങ്കിലും പഠിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് പഠിപ്പിച്ചവരുടെ തെറ്റ്. ആരെങ്കിലും അച്ചടിച്ചിട്ടുണ്ടെങ്കില്‍ അത് അച്ചടിച്ചവരുടെ തെറ്റ്.

പാക്കിസ്ഥാന്‍ ഒരിക്കലും പാക്കിസ്താന്‍ ആകാന്‍ മലയാളഭാഷയ്ക്കു കഴിയുകയില്ല. സ്ഥാന്‍ എന്നാല്‍ സ്ഥാനം, സ്ഥിതി, നില എന്നൊക്കെയാണ്. ബലൂചിസ്ഥാന്‍ , അഫ്ഗാനിസ്ഥാന്‍ എന്തൊക്കെ പറയുമ്പോള്‍ അഫ്ഗാന്‍ എന്ന സ്ഥലം അഫ്ഗാന്‍ സ്ഥിതി ചെയ്യുന്നത് എന്നൊക്കെയാണ് വിവക്ഷ. അന്നും ഇന്നും പാക്കിസ്ഥാന്‍ ഒന്നു തന്നെ.

മലയാളം ദ്രാവിഡഗ്രോത്രത്തില്‍ നിന്നും ഉരുത്തിരിഞ്ഞ് ഒരു സ്വതന്ത്രഭാഷയായതു മുതല്‍ അതിനു നിയമങ്ങളും ഉണ്ടായിത്തുടങ്ങി. കേരള പാണിനീയത്തില്‍ അതു പൂര്‍ണ്ണമായി. പിന്നെയും വ്യാകരണഗ്രന്ഥങ്ങള്‍ ഉണ്ടായെങ്കിലും ഇന്നും കേരളപാണിനീയം തന്നെയാണ് ആധാരശിലയായി വര്‍ത്തിക്കുന്നത്. അതിനെ ആശ്രയിക്കുന്നവര്‍ക്ക് 'യ്ക്ക' 'ക്ക' എന്ന കൂട്ടക്ഷരങ്ങള്‍ ഒരു പ്രശ്‌നവും സൃഷ്ടിക്കുകയില്ല.

'ഒരു പദത്തിന്റെ ഇടയ്ക്ക് ഇകാരത്തിനും ഏകാരത്തിനും ശേഷം വരുന്ന 'ക' കാരത്തിനു മുകളില്‍ 'യ' കാരം ആവശ്യമില്ല' എന്നതാണു നിയമം. ഇത് ഹൈസ്‌ക്കൂള്‍ ക്ലാസ്സുകള്‍ മുതല്‍ മലയാള വിദ്യാര്‍ത്ഥി പഠിക്കുന്നതാണ്.
ഉദാ:- ചിരിക്കുക, കുറിക്കുക, പഠിക്കുക, കോളേജിലേക്ക്, നിന്നിലേക്ക്
2) കാക്കുക/ കായ്ക്കുക; അറക്കുക/ അറയ്ക്കുക; ഉറക്കുക/ ഉറയ്ക്കുക തുടങ്ങിയവ ക്രിയാ ജോഡികളാണ് എന്നു
പറഞ്ഞ അഭിപ്രായത്തോടും യോജിക്കാനാവില്ല. കാരണം അവ വ്യത്യസ്താര്‍ത്ഥങ്ങളുള്ള സ്വന്ത്രപദങ്ങളാണ്. അവിടെ യകാരം ചേര്‍ക്കണൊ വേണ്ടയോ എന്ന പ്രശ്‌നം ഉദിക്കുന്നില്ല. പറക്കുക, കറക്കുക, കുറയ്ക്കുക, വറക്കുക ഇവയെല്ലാം അക്കൂട്ടത്തില്‍പ്പെടുന്നു.
 'യ്ക്ക' 'ക്ക' എന്ന കൂട്ടക്ഷരങ്ങളെപ്പറ്റി പഠിക്കാന്‍ 'മുദ്രയും' കമ്മ്യൂണിസ്റ്റു പച്ചയും പഠനവിധേയമാക്കിയെന്നു പറഞ്ഞ ലേഖകനോടു പരിതപിക്കാതെ വയ്യ. കമ്മ്യൂണിസ്റ്റുപച്ച ഒരു കവിതാഗ്രന്ഥമാണ്. അതില്‍ കൃതിയുടെ കാവ്യഭംഗിയൊ കവിയുടെ ജീവിത ദര്‍ശനമൊ മറ്റേതെങ്കിലുമൊ തേടിപ്പോകാമെന്നല്ലാതെ വ്യാകരണം തിരയുന്നതില്‍ എന്തു സാംഗത്യമാണുള്ളത്. കവിതയില്‍ ഗ്രാമ്യഭാഷയൊ വായ്‌മൊഴിയൊ ഒക്കെ കവി ഉപയോഗിച്ചെന്നിരിക്കാം. അതുകൊണ്ട് അതെല്ലാം വ്യാകരണ പരമായി ശരിയായിരിക്കണമെന്നില്ല. അതില്‍ ഇരിയ്ക്ക, കുടിയ്ക്ക, ഉണ്ണിയ്ക്ക്, റോഡിലേയ്ക്ക് തുടങ്ങി മുപ്പതിലധികം വാക്കുകളില്‍ 'യ'കാരം ആവശ്യമില്ലാതെ ഉപയോഗിച്ചിട്ടുണ്ട്. പ്രണയിക്കാന്‍ , ചിരിക്കാന്‍ , തുടങ്ങി പത്തില്‍ താഴെ വാക്കുക
ള്‍ ശരിയായും പ്രയാഗിച്ചിട്ടുണ്ട്. തെറ്റ് ആരെഴുതിയാലും അതു തെറ്റു തന്നെയാണ്. മുദ്ര ഞാന്‍ കണ്ടില്ല. അതിലും അിറഞ്ഞൊ അിറയാതെയൊ തെറ്റുകള്‍ വന്നുകാണും. വ്യാകരണത്തിന്റെ സംശയത്തിന് വ്യാകരണഗ്രന്ഥങ്ങളെത്തന്നെ ശരണപ്പെടണം.
3) "ദ്വിത്വവും കൂട്ടക്ഷരവും സൃഷ്ടിക്കാന്‍ ചന്ദ്രക്കല(മീത്തല് എന്നു വ്യവഹരിച്ചു വരുന്ന രൂപം) അക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ വേണ്ടി ഉപയോഗിക്കാന്‍ തുടങ്ങി. അങ്ങനെ 'ക്ക' എന്നതിനു പകരം 'ക് ക' എന്നും 'ച്ച' എന്നതിനു പകരം 'ച്
ച' എന്നും എഴുതാന്‍ ആരംഭിച്ചു." ഇതിനോടും യോജിക്കാനാവുന്നില്ല. ചന്ദ്രക്കല അക്ഷരങ്ങളെ ചേര്‍ക്കാന്‍ വേണ്ടി പുതുതായി കൊണ്ടുവന്നതല്ല. അച്ചടിയുടെ സൗകര്യാര്‍ത്ഥം കൂട്ടക്ഷരങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനു മുമ്പുള്ള അവസ്ഥയിലേക്ക് കൊണ്ടുവന്നുവെന്നെ ഉള്ളൂ. അതായത് ഒന്നിലധികം വ്യഞ്ജനങ്ങളും ഒരു സ്വരവും കൂടിച്ചേരുമ്പോഴാണ് ഒരു കൂട്ടക്ഷരം ഉണ്ടാകുന്നത്. 'ക്ക' എന്നത് കൂടിച്ചേരുന്നതിനുമുമ്പ് ക്+ക്+അ എന്നായിരുന്നു. അങ്ങിനെ പൂര്‍വ്വരൂപത്തിലേക്കു വന്നപ്പോള്‍ 'ക് ക' എന്നായി. അകാരം അച്ചടിയുടെ സൗകര്യത്തിനുവേണ്ടി വേര്‍പ്പെടുത്തിയിരുന്നില്ല. വ്യഞ്ജനങ്ങള്‍ സ്വതന്ത്രമായി നില്ക്കുമ്പോള്‍ അതില്‍ ചന്ദ്രക്കലയുണ്ട്. ക്, ച്, ട്, ത്, പ് എന്നിങ്ങനെ അല്ലാതെ അത് പുതിയതായി തുടങ്ങിയതല്ല.
4) "'ശ'യും 'ഉ'യും ചേര്‍ന്നു 'ശു' എന്ന ശബ്ദവും 'ക' യും' ഉ'യും ചേര്‍ന്ന് 'കു' എന്ന ശബ്ദവും ഉണ്ടായി" എന്ന അഭിപ്രായവും തെറ്റാണ്.
'ശ'കാരവും 'ഉ'കാരവും ചേര്‍ന്നാല്‍ 'ശു' എന്ന അക്ഷരം ഉണ്ടാവുകയില്ല. 'ശ്' എന്ന വ്യഞ്ജനത്തോട് 'ഉ' എന്ന സ്വരം ചേരുമ്പോഴാണ് 'ശു' എന്ന അക്ഷരം ഉണ്ടാകുന്നത്. പിന്നെ ഭാഷാ സ്‌നേഹികള്‍ക്കുവേണ്ടി എഴുതുമ്പോള്‍ വായിക്കുന്നവരുടെയും എഴുതു
ന്നവരുടെയും ബഹുമാനാര്‍ത്ഥം 'ശ'കാരമെന്നും 'ഉ'കാരമെന്നും ഉപയോഗിക്കേണ്ടതായിരുന്നു. 'ക'യും 'ഉ'യും വ്യാകരണ ഭാഷയല്ല.
5) “എഴുപതുകള്‍ക്കു മുന്‍പു മലയാളം പഠിച്ചവര്‍ക്ക് നല്ല മലയാളം എഴുതാന്‍ നന്നേ പണിപ്പെടേണ്ട ഗതിയാണ് വന്നിരിക്കുന്നത്” എന്ന പ്രസ്താവനയും പരിശോധിക്കേണ്ടിയിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവര്‍ക്കാണ് മലയാളം നല്ലവണ്ണം എഴുതാനും ഉച്ചരിക്കാനും അറിയാവുന്നത്. അക്ഷരങ്ങള്‍ സ്വരങ്ങള്‍ , ചില്ലുകള്‍ , കൂട്ടക്ഷരങ്ങള്‍ തുടങ്ങി എല്ലാം വ്യക്തമായി എഴുതി പഠിക്കുകയും സ്വരസ്ഥാനങ്ങള്‍ മനസ്സിലാക്കി എല്ലാ അക്ഷരങ്ങളും ഉച്ചരിച്ചു പഠിച്ചിട്ടുള്ളവരുമാണ്; എഴുപതിനു മുമ്പുള്ളവര്‍ . ലിപി പരിഷ്‌ക്കരണം അടിസ്ഥാന ഘടനയ്ക്കു മാറ്റം വരാത്തിടത്തോളം കാലം ഗ്രഹിക്കുന്നതിനും പ്രയാസമുണ്ടാവുകയില്ല.
എന്തായാലും അമേരിക്കയും പാക്കിസ്ഥാനും എന്നും അങ്ങനെ തന്നെയായിരുന്നു. അതുപോലെ 'യ്ക്ക' പോവുകയോ 'ക്ക' വരികയോ ചെയ്തിട്ടുമില്ല

see also
SAHITHYAM
'യ്ക്ക' യുടെ പോക്കും 'ക്ക' യുടെ വരവും: അമേരിയ്ക്ക അമേരിക്ക ആയ കഥ
http://emalayalee.com/varthaFull.php?newsId=11646
'ക്ക' വന്ന വഴിയും 'യ്ക്ക' പോയ പോക്കും: ഒരു അക്ഷര വിവാദം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക