Image

വിഷുക്കണി (കവിത: ബാലാ അന്‍ഡ്രപള്ളിയാല്‍)

Published on 11 April, 2016
വിഷുക്കണി (കവിത: ബാലാ അന്‍ഡ്രപള്ളിയാല്‍)
കണി വെച്ചു മിന്നുന്നോരുരുളിയ്ക്കരികേ
ഒരു കൊച്ചു മാനസം കൊതിപൂണ്ടിരുന്നൂ
എഴുതിരീ വെട്ടത്തില്‍ മിഴിനിറയെക്കണ്ടൂ
മുഴുവന്‍ പ്രപഞ്ചത്തിന്‍ അഴകുറ്റ ചിത്രം

കനകത്തിന്‍ പ്രഭയേറും കണിവെള്ളരിയ്ക്കാ
ധവളത്തിന്‍ പരിശുദ്ധി ചൊരിയുന്ന കേരം
തളിരിട്ടോരൈശ്വര്യ്ം വിരിയുന്ന കൊന്നപ്പൂ
പലതരം കായ്കനീ താംബൂല പത്രം

കസവുള്ള പുടവയും മികവുറ്റ ഗ്രന്ഥവും
നിഴലിക്കും ദര്‍പ്പണം എല്ലാത്തിന്‍ സാക്ഷിയായ്
യദുകുല നായകന്‍ കുഴലൂതീ നിന്നൂ
നിരുപമ സൗന്ദര്യം കണിയില്‍ നിന്നൊഴുകീ

തലമുറനിരയുടെ വരദാനം തേടീ
പൈദാഹമോടിതാ കൈകള്‍ നീട്ടീ
ഹ്രുദയം നിറയെ ഞാന്‍ വാങ്ങുന്ന നാണ്യം
പകരങ്ങളില്ലാത്ത പൈത്രുക പുണ്യം

ഒരു നൂറു പുഷ്പങ്ങള്‍ വിടരുമ്പൊളംബരേ
ഒരു കോടി സ്വപ്നങ്ങള്‍ തെളിയുന്നു മാനസേ
ഒരു നൂറു സ്‌ഫോടന ധ്വനികള്‍ മുഴങ്ങവേ
ഒരു പാടു സ്പന്ദ്‌നം ആത്മാവിനുള്ളില്‍

ഉണരുമീ സംക്രമപ്പുലരിയില്‍ മേടത്തെ
നിറമാല ചാര്‍ത്തിച്ച കൊന്നകള്‍ നടുവിലായ്
നിറപറ വെച്ചു നാം വരവേറ്റു നില്‍ക്കവേ
പുതു വര്‍ഷ പിറവിതന്‍ ആശംസകള്‍ !!

========================
ബാലാ അന്‍ഡ്രപള്ളിയാല്‍
Join WhatsApp News
വിദ്യാധരൻ 2016-04-11 09:52:06
'കണിവച്ചു മിന്നുന്നോരുരുളിയ്ക്കരികെ 
കൊതിയോടെ നില്ക്കുവാനെനിക്കും മോഹം 
എഴുതിരി വെട്ടത്തിൽ മിഴിനിറയെ കാണാൻ 
അതിനുള്ളിൽ തുളുമ്പുന്ന കായ്കനി കാണാൻ '
ഇന്നലെ എന്നച്ഛൻ മിന്നുന്നോരുരുളി വിറ്റു 
കള്ളടിച്ചടിതെറ്റി കുഴഞ്ഞാടി  വീട്ടിലെത്തി  
തമിഴ്നാട്ടീന്നു കയ്കനി എത്താത്ത കൊണ്ട് 
കണികാണാൻ മോഹങ്ങൾ ബാക്കിയായി 
John Philip 2016-04-11 16:06:02
പ്രുഷ്ടം കാണിക്കുന്ന പൂച്ചയേക്കാൾ ഈ കവിത
എനിക്ക് സന്തോഷം നല്കി.  എന്തിനാണു ആധുനീകത എന്നും പറഞ്ഞ ഭാഷയെ 
അവഹേളിക്കുന്നത്. എഴുത്തുകാരുടെ 
സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയല്ല. ഇ മലയാളി വിഷുകണി പോലെയുള്ള കവിതകൾക്ക് കൂടുത്തൽ പ്രോത്സാഹനം നൽകണമെന്ന്  അപേക്ഷ. 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക