Image

ഷിക്കാഗോ ആര്‍ട് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ വിവേകാനന്ദ ഫലകം പ്രണാബ് മുഖര്‍ജി അനാച്ഛാദനം ചെയ്യും; ഷിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നര മില്യണ്‍ ഡോളര്‍ നല്‍കും

Published on 28 January, 2012
ഷിക്കാഗോ ആര്‍ട് ഇന്‍സ്റ്റിസ്റ്റ്യൂട്ടിലെ വിവേകാനന്ദ ഫലകം പ്രണാബ് മുഖര്‍ജി അനാച്ഛാദനം ചെയ്യും;  ഷിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നര മില്യണ്‍ ഡോളര്‍ നല്‍കും
ഷിക്കാഗോ: ഷിക്കാഗോ ആര്‍ട് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ സ്ഥാപിച്ചിട്ടുള്ള സ്വാമി വിവേകാനന്ദന്റെ ഫലകം ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി 28ന് അനാച്ഛാദനം ചെയ്യും. 1893ലെ ലോകമത മഹാസമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തിന്റെ ഓര്‍മകളുറങ്ങുന്ന ആര്‍ട് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ അനാച്ഛാദനം ചെയ്യപ്പെടുന്ന രണ്ടാമത്തെ വിവേകാനന്ദ ഫലകമാണിത്. 1995ല്‍ യുഎസിലെ ഇന്ത്യന്‍ അംബാസഡറായിരുന്ന സിദ്ധാര്‍ഥ് ശങ്കര്‍ റേ ആര്‍ട് ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ വിവേകാനന്ദന്റെ വെങ്കല ഫലകം അനാച്ഛാദനം ചെയ്തിരുന്നു.

അതേസമയം, പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ആര്‍ട് ഇന്‍സ്റ്റിസ്റ്റ്യൂട്ട് അധികൃതര്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രണാബിന്റെ സന്ദര്‍ശന പരിപാടികളെക്കുറിച്ചുള്ള വിവരങ്ങളും ഇന്ത്യന്‍ കോണ്‍സുലേറ്റ് പുറത്തുവിട്ടിട്ടില്ല. എങ്കിലും ഒരു ദിവസത്തെ സന്ദര്‍ശനത്തിനിടെ ഷിക്കാഗോ കൗണ്‍സില്‍ ഓഫ് ഫോറിന്‍ അഫയേഴ്‌സ് സംഘടിപ്പിക്കുന്ന വ്യവസായികളുടെ യോഗത്തെയും മുഖര്‍ജി അഭിസംബോധന ചെയ്യും.അടുത്തവര്‍ഷം ഷിക്കാഗോയിലെ വിവേകാനന്ദ വേദാന്ത സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിവേകാനന്ദന്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തിന്റെ 150-#ാ#ം വാര്‍ഷികം ആഘോഷിക്കാനിരിക്കുകയാണ്.

ഷിക്കാഗോ യൂണിവേഴ്‌സിറ്റിക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നര മില്യണ്‍ ഡോളര്‍ നല്‍കും

ഷിക്കാഗോ: ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ ഇന്ത്യന്‍ സ്റ്റഡീസില്‍ പുതിയ വിസിറ്റിംഗ് പ്രഫസര്‍ തസ്തിക സൃഷ്ടിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ഒന്നര മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കും. ലോകമതസമ്മേളനത്തില്‍ പങ്കെടുത്ത് സ്വാമി വിവേകാനന്ദന്‍ നടത്തിയ ചരിത്രപരമായ പ്രസംഗത്തിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണിത്. ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി 28ന് ഷിക്കാഗോ യൂണിവേഴ്‌സിറ്റിയില്‍ സന്ദര്‍ശനം നടത്തുന്ന അവസരത്തില്‍ തുക കൈമാറും. ചടങ്ങില്‍ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരുപമാവു, പ്രമുഖ യൂണിവേഴ്‌സിറ്റി അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്ന തുക ഇന്ത്യയെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനായി ഫലപ്രദമായി വിനിയോഗിക്കാനാകുമെന്ന് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് റോബര്‍ട്ട് ജെ.സിമ്മര്‍ പറഞ്ഞു. ഇന്ത്യന്‍ തത്വശാസ്ത്രത്തെക്കുറിച്ചും വിവേകാനന്ദ ദര്‍ശനങ്ങളെക്കുറിച്ചും ആഴത്തില്‍ അറിവുള്ളവരെയാവും വിസിറ്റിംഗ് പ്രഫസര്‍മാരായി തെരഞ്ഞെടുക്കുക. നിലവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചുമെല്ലാം പഠിക്കുന്നതിനായി യൂണിവേഴ്‌സിറ്റിയില്‍ വിപുലമായ സജ്ജീകരണങ്ങളാണുള്ളത്. ദക്ഷിണേഷ്യയുടെ ചരിത്രത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഭാഷകളെക്കുറിച്ചുമുള്ള പഠനങ്ങളുമായി അറുപതോളം അധ്യാപകര്‍ നിലവില്‍ സജീവമാണ്. ഒമ്പതോളം ആധുനിക ഭാഷകളിലും രണ്ടു ഇന്ത്യന്‍ ക്ലാസിക് ഭാഷകളിലും യൂണിവേഴ്‌സിറ്റിയില്‍ പഠന സൗകര്യമുണ്ട്. ഇതില്‍ മലയാളം, തെലുങ്ക്, മറാഠി ഭാഷകളും ഉള്‍പ്പെടുന്നു.

ലാദനെക്കുറിച്ച്
പാക്ക് ഡോക്ടര്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയതായി യുഎസ്

വാഷിംഗ്ടണ്‍: അല്‍ക്വയ്ദ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിച്ച അബട്ടാബാദിലെ സൈനിക നടപടിയിലേക്കു നയിച്ച നിര്‍ണായക വിവരങ്ങള്‍ പാക്കിസ്ഥാന്‍കാരനായ ഡോക്ടറില്‍ നിന്നു തന്നെയാണ് ലഭിച്ചതെന്ന് ഒടുവില്‍ യുഎസ് സമ്മതിച്ചു. പാക്ക് ഡോക്ടര്‍ ഷക്കീല്‍ അഫ്രീദിയാണ് ലാദന്റെ അബട്ടാബാദിലെ വസതിയെക്കുറിച്ചു വിവരങ്ങള്‍ നല്‍കിയതെന്ന് പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റ വെളിപ്പെടുത്തി. ലാദന്റെ ഡിഎന്‍എ ലഭ്യമാക്കാന്‍ ഡോ. അഫ്രീദി ഈ മേഖലയില്‍ വാക്‌സിനേഷന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ലാദന്റെ കുടുംബാംഗങ്ങളിലാരുടെയെങ്കിലും ഡിഎന്‍എ സാംപിള്‍ അവിടെനിന്നു ശേഖരിക്കുകയായിരുന്നു ലക്ഷ്യം. ലാദന്റെ സഹോദരിയുടേത് ഉള്‍പ്പെടെ ഏതാനും കുടുംബാംഗങ്ങളുടെ ഡിഎന്‍എ സാംപിള്‍ നേരത്തെ സിഐഎയ്ക്ക് ലഭിച്ചിരുന്നു. അബട്ടാബാദില്‍നിന്നു ലഭിക്കുന്ന സാംപിള്‍ ഇവയുമായി ഒത്തുനോക്കി ലാദന്റെ സാന്നിധ്യം ഉറപ്പാക്കാമെന്നതായിരുന്നു ഉദ്ദേശ്യം.

മേയില്‍ ലാദന്‍ കൊല്ലപ്പെട്ട് രണ്ടുമാസങ്ങള്‍ക്കു ശേഷം ഇക്കാര്യം 'ദ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെങ്കിലും യുഎസ് പ്രതികരിച്ചിരുന്നില്ല.പാക്കിസ്ഥാനില്‍ വഞ്ചനാകുറ്റം ചുമത്തപ്പെട്ട് കസ്റ്റഡിയില്‍ കഴിയുന്ന ഷക്കീല്‍ അഫ്രീദിയുടെ കാര്യത്തില്‍ ആശങ്കയുണെ്ടന്നും പനേറ്റ പറഞ്ഞു. അബട്ടാബാദിലെ കോട്ടയില്‍ കഴിയുന്ന ആളുടെ പ്രാധാന്യം പാക്ക് സര്‍ക്കാരിലെ ചിലരെങ്കിലും മനസിലാക്കിയിട്ടുണ്ടാവണം എന്ന് ഷക്കീല്‍ അഫ്രീദി അന്നു സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അത് ഉസാമ ബിന്‍ ലാദന്‍ ആണെന്ന് പാക്കിസ്ഥാന് അറിയാമായിരുന്നു എന്നതു സംബന്ധിച്ച് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും പനേറ്റ കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക