Image

എങ്കിലും എന്റെ ശോഭനേ! - രാജു മൈലപ്ര

രാജു മൈലപ്ര Published on 07 April, 2016
എങ്കിലും എന്റെ ശോഭനേ! - രാജു മൈലപ്ര
ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. കഷ്ടമായിപ്പോയി. പക്ഷേ വിടാതെ എന്തു ചെയ്യും? കുറേനാളായി കോണ്‍ഗ്രസ് തറവാടിന്റെ പിന്നാമ്പുറത്തും, അകത്തേക്കു ക്ഷണം കിട്ടുമെന്നുള്ള പ്രതീക്ഷയോടെ ചുറ്റിപ്പറ്റി നടക്കുകയായിരുന്നല്ലോ. ആരും ഒന്നും തിരിഞ്ഞു നോക്കിയതുപോലുമില്ല. ഒരു കാലത്ത് ലീഡറുടെ എല്ലാമെല്ലാമായിരുന്ന ശോഭനയാണ് കോണ്‍ഗ്രസ് കിച്ചനിലെ കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്. ഇന്നവിടെ സരിതയും, ജോപ്പനും, കോപ്പനും, ഗണ്‍മോനുമെല്ലാ കേറിയിറങ്ങി നിരങ്ങുന്നു. തരം താണാല്‍ ഇത്രക്കങ്ങു താഴാമോ?

എന്തു പറഞ്ഞാലും ശോഭന ആളൊരു മര്യാദക്കാരിയാണ്. തറവാടു വിടുന്ന കാര്യം മുഖ്യനേയും, സുധീരനേയും അറിയിച്ചിരുന്നു. അയ്യോ ശോഭനേ പോകല്ലെ-അയ്യോ ശോഭനേ പോകല്ലെ! എന്നു കരഞ്ഞവര്‍ കാലുപിടിക്കുമെന്നാണ് കരുതിയത്? എവിടെ? മദാമ്മയെ അവരുടെ തട്ടകത്തില്‍ച്ചെന്നു മുട്ടുകുത്തിച്ച ഉമ്മച്ചന്റെ മുന്നില്‍ ഈ ശോഭന ആരാണ്.

ഒരു കാലത്തു കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ഗേളും, ചെങ്ങന്നൂര്‍ക്കാരുടെ പൊന്നോമന പുത്രിയുമായിരുന്നു ഈ ഓമന ശോഭന. ജനപ്രതിനിധിയായപ്പോള്‍ മണ്ഡലത്തോടൊപ്പം വികസിച്ചു. അധികാരം തലക്കു പിടിച്ചെങ്കിലും, അല്പം അഹങ്കാരം കൂട്ടിനുണ്ടായിരുന്നു എന്ന് ചിലര്‍ അടക്കം പറയുന്നു.
'വിനാശകാലേ വിപരീതബുദ്ധി'- എന്നു പറഞ്ഞതു പോലെ ലീഡര്‍ജിയും, മോന്‍ജിയു കോണ്‍ഗ്രസ് വിട്ടു 'ഡിക്കു' മായി പോയപ്പോള്‍ ശോഭനയും അവരുടെ പിന്നാലെ വെച്ചു പിടിച്ചു. പിന്നീട് ഇതുവരെ ക്ലച്ചു പിടിച്ചിട്ടില്ല. മാനഹാനിയും ധനനഷ്ടവും ഫലം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിമതയായി മത്സരിക്കുവാന്‍ ശോഭന തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നു കോണ്‍ഗ്രസ് നേതാക്കള്‍ കരഞ്ഞുകാലു പിടിച്ചതുകൊണ്ട് ആ തീരുമാനം മാറ്റി. സ്ത്രീ അമ്മയല്ലേ, ഭാര്യയല്ലേ, സഹോദരിയല്ലേ, മകളല്ലേ- ഹൃദയം അലിയാതിരിക്കുമോ?

പക്ഷേ അന്നു നല്‍കിയ മോഹന വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, തുടര്‍ന്നും വലിയ അവഗണനയാണു പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്നത്.

ചെങ്ങന്നൂരില്‍ താന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ ആകെ മുരടിച്ചു പോയി എന്നു വിലപിക്കുന്ന ശോഭന, ഈ മണ്ഡലത്തെ ഒന്നു പുനരുദ്ധരിക്കുവാന്‍ വീണ്ടുമൊരു അങ്കത്തിനിറങ്ങുകയാണ്.

ചെങ്ങന്നൂര്‍ വികസനമുന്നണിയെന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാനാണു പ്ലാന്‍. കെട്ടി വെയ്ക്കുവാനുള്ള തുകയ്ക്കായി ഒരു രൂപാവീതം സ്ത്രീകളില്‍ നിന്നും വാങ്ങിത്തുടങ്ങി. തന്റെ സ്ഥാനാര്‍ത്ഥി പദവിയില്‍, നാട്ടിലെ സ്ത്രീകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകേണ്ട എന്നാണ്, പണ്ടൊരു ഊമക്കത്തിന്റെ പേരില്‍ ബലിയാടക്കപ്പെട്ട ഈ ശോഭന എന്ന ആണ്‍കുട്ടിയുടെ നിലപാട്.
നാണം കെടാന്‍ മറ്റ് എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട് ശോഭനേ!

എങ്കിലും എന്റെ ശോഭനേ! - രാജു മൈലപ്ര
Join WhatsApp News
Ponmelil Abraham 2016-04-07 07:50:16
A very good and humor filled message.
thomachen 2016-04-07 08:43:32
It is good to see Mylapra back on the pages of emalayalee. Good humor.
Aniyankunju 2016-04-07 12:04:23
രാജു മൈ ല പ്ര യുടെ ലേഖന ത്തിന്റെ ഹെഡ് ലൈൻ കണ്ടപ്പോൾ തന്നെ അതിൽ അശ്ലീല ചുവ യുള്ള എന്തെങ്കിലും കാണും എന്ന് തോന്നി!  വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി ആ വാക്ക് - Democratic Indira Congress (Karunakaran).
Thomas 2016-04-07 22:23:16
Excellent article on Shobana
Alex Vilanilam 2016-04-12 06:47:17

ENKILUM ENTE RAJUVE! PAVAM SOBHANAYE VERUTHE VIDU AMMACHA!!!! 
PUNARVASAM ENGANE  ONDU ?!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക