Image

മേല്‍ത്തട്ട് വിഭാഗത്തെ സംവരണത്തില്‍ നിന്ന് ഒഴിവാക്കണം: സിപിഎം

Published on 28 January, 2012
മേല്‍ത്തട്ട് വിഭാഗത്തെ സംവരണത്തില്‍ നിന്ന് ഒഴിവാക്കണം: സിപിഎം
ന്യൂഡല്‍ഹി: മേല്‍ത്തട്ട് വിഭാഗത്തെ സംവരണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സിപിഎം കരട് രാഷ്ട്രീയപ്രമേയം. മുസ്‌ലിം വിഭാഗങ്ങള്‍ക്ക് 10% സംവരണം നടപ്പാക്കണമെന്നും മുസ്‌ലിം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ ദലിത് വിഭാഗങ്ങള്‍ക്ക് പ്രത്യേക സംവരണം വേണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.  സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന സുപ്രീംകോടതി വിധി മറികടക്കാന്‍ ആവശ്യമെങ്കില്‍ ഭരണഘടന ഭേദഗതി ചെയ്യണം. ഭൂരിപക്ഷ വര്‍ഗീയതയെ എതിര്‍ക്കുന്നതിനൊപ്പം ന്യൂനപക്ഷ വര്‍ഗീയതക്കെതിരെയും ജാഗ്രത പാലിക്കണമെന്നും പ്രമേയത്തില്‍ പറയുന്നു. 

കേരളത്തിലും ബംഗാളിലും ഭരണം നഷ്ടപ്പെട്ടത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയങ്ങള്‍ക്കുള്ള തിരിച്ചടിയല്ലെന്ന് കരട് രാഷ്ട്രീയപ്രമേയം പറയുന്നു.കേരളത്തില്‍ തൊഴിലാളികള്‍ സിപിഎമ്മിനെ പിന്തുണച്ചു.ബംഗാളിലെ പ്രശ്‌നങ്ങള്‍ മുന്നണിക്കുള്ളില്‍ തീര്‍ക്കണമായിരുന്നുവെന്ന് പ്രമേയം പറയുന്നു.

കോണ്‍ഗ്രസും ബിജെപിയും ഉള്‍പ്പെടാത്ത ഇടതുജനാധിപത്യ ബദലിനായി ശ്രമിക്കും. പാര്‍ട്ടിക്കു പുറത്തുള്ള സമാനചിന്താഗതിക്കാരെ ഒരുമിച്ചു നിര്‍ത്തും.ഇടതുപാര്‍ട്ടികളുടെ ഐക്യം ശക്തിപ്പെടുത്തും. ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടം തുടരും.

പത്രം നടത്തുന്ന മാനേജ്‌മെന്റുകളെ ചാനല്‍ തുടങ്ങാന്‍ അനുവദിക്കരുത്. പ്രസ് കൗണ്‍സിലിന്റെ മാതൃകയില്‍ ചാനലുകള്‍ക്കായി മാധ്യമ കൗണ്‍സില്‍ വേണം.

ന്യൂനപക്ഷം,ഗിരിവര്‍ഗം,സത്രീകള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കണം. ജനകീയ ജനാധിപത്യവും സോഷ്യലിസവുമാണ് ലക്ഷ്യമെന്ന് പ്രമേയം വ്യക്തമാക്കുന്നു. പാര്‍ലമെന്ററി ജനാധിപത്യം പണത്തിനു കീഴടങ്ങുന്നുവെന്ന് പ്രമേയം ആരോപിച്ചു.

മുസ്‌ലിംകള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനം നടക്കുന്നുവെന്നും തീവ്രവാദ കേസുകളില്‍ മുസ്‌ലിം യുവാക്കള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും കരടു രാഷ്ട്രീയ പ്രമേയം പുറത്തിറക്കവേ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മാര്‍ച്ച് 10വരെ പ്രമേയത്തിനു മേലുള്ള ഭേദഗതി നിര്‍ദേശങ്ങള്‍ സ്വീകരിക്കും.

ബംഗാളില്‍ പാര്‍ട്ടി അടിമുടി മാറണമെന്ന് ബിമന്‍ ബോസ് പറഞ്ഞത് സ്ഥാനമാറ്റത്തെക്കുറിച്ചല്ലെന്ന് ഒരു ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു. സമീപനത്തില്‍ വരുത്തേണ്ട മാറ്റങ്ങളാണ് ബിമന്‍ ബോസ് ഉദ്ദേശിച്ചതെന്ന് കാരാട്ട് വിശദീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക