Image

ജയസൂര്യയുടെ പുതിയ ചിത്രം പിഗ്മാന്‍

Published on 28 January, 2012
ജയസൂര്യയുടെ പുതിയ ചിത്രം പിഗ്മാന്‍
അക്ഷരങ്ങളുടെ ലോക ത്തു നിന്നും കശാപ്പുശാലയിലേക്ക് എത്തപ്പെടുന്ന ഒരു യുവാവിന്റെ ജീവിതകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് പിഗ്മാന്‍. അവിരാ റബേക്കയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ശ്രീകുമാറിനെ അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ മറ്റൊരു വ്യത്യസ്തമായ വേഷമായിരിക്കും പിഗ്മാനിലെ ശ്രീകുമാര്‍. സാധാരണ ജീവിതത്തിന്റെ ഒരു നേര്‍കാഴ്ചയിലൂടെയാണ് ഇതിലെ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയിരിക്കുന്നത്. 

നവകേരളം പ്രസ് നടത്തിയിരുന്ന വ്യക്തിയാണ് മാധവന്‍. അങ്ങനെ അയാള്‍ക്ക് അച്ചുകൂടം മാധവേട്ടന്‍ എന്ന് പേര് വീണു. മാധവേട്ടന്റെ മകനാണ് ശ്രീകുമാര്‍. ശ്രീക്കുട്ടിയും, ശ്രീദേവിയും ശ്രീകുമാറിന്റെ സഹോദരിമാരാണ്. ഓഫ്‌സെറ്റ് പ്രസുകള്‍ രംഗത്തെത്തിയതോടെ മാധവേട്ടന്റെ നവകേരളം പ്രസിന്റെ പ്രസക്തി നഷ്ടമായി. ഏറെ ബാധ്യതകളുണ്ടായിരുന്നിട്ടും ശ്രീകുമാറിനെ ഭാഷയില്‍ ഡോക്ടറേറ്റ് എടുപ്പിക്കുവാന്‍ വേണ്ടി മാധവേട്ടന്‍ ഏറെ പരിശ്രമിച്ചു. 

സര്‍വ്വകലാശാലയില്‍ തന്റെ റിസര്‍ച്ച് പുരോഗമിക്കുമ്പോഴാണ് ശ്രീകുമാറിന്റെ വിശ്വാസങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും എതിരായി ചില സംഭവങ്ങള്‍ അരങ്ങേറുന്നത്. ഇതിന് വഴങ്ങാന്‍ അവന്റെ മനസ് അനുവദിച്ചില്ല. അതോടെ അവന്റെ പ്രബന്ധങ്ങള്‍ തിരസ്‌കരിക്കപ്പെട്ടു. അതോടെ കലാശാലയുടെ പടിയിറങ്ങിയ ശ്രീകുമാറിന് താത്കാലികമായി തുണയായത് തന്റെ പഴയ സഹപാഠിയായ സ്‌നേഹയാണ്. സ്‌നേഹയുടെ സഹായത്തോടെ ഏഷ്യയിലെ ഏറ്റവും വലിയ പിഗ്ഫാം ആയ ഗേറ്റ് വേ ഇന്‍ഡ്യാ ലിമിറ്റഡ് എന്ന പിഗ്ഫാമില്‍ ഒരു ജോലി തരപ്പെടുത്തി. പന്നികളുടെയും മൃഗങ്ങളുടെയും ആധുനിക കശാപ്പുശാലയാണത്. ആ ചോരയുടെ ലോകത്തായി ശ്രീകുമാറിന്റെ പിന്നീടുള്ള ജീവിതം. ഇതിന്റെ ഉദ്വേഗജനകമായ ചലച്ചിത്രാവിഷ്‌കാരമാണ് പിഗ്മാന്‍ എന്ന ചിത്രം. രമ്യാനമ്പീശനാണ് സ്‌നേഹയെ അവതരിപ്പിക്കുന്നത്. 

സുരാജ്, ബാബുരാജ്, ഹരിശ്രീ അശോകന്‍, ടി.പി മാധവന്‍, റീനാ ബഷീര്‍ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന താരങ്ങളാണ്. ശ്രീസൂര്യാ ഫിലിംസിന്റെ ബാനറില്‍ ടി.എസ് ശ്രീരാജ് ഈ ചിത്രം നിര്‍മ്മിക്കുന്നു. 

ജയസൂര്യയുടെ പുതിയ ചിത്രം പിഗ്മാന്‍ജയസൂര്യയുടെ പുതിയ ചിത്രം പിഗ്മാന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക