Image

ട്രെയിനിലെ റാഗിംഗ് അക്രമം: വിദ്യാര്‍ഥികളെ കോളജില്‍ നിന്നു പുറത്താക്കി

Published on 28 January, 2012
ട്രെയിനിലെ റാഗിംഗ് അക്രമം: വിദ്യാര്‍ഥികളെ കോളജില്‍ നിന്നു പുറത്താക്കി
കൊച്ചി: തമിഴ്‌നാട്ടില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ റാഗിംഗിന്റെ പേരില്‍ ട്രെയിനില്‍ വച്ച് ആക്രമിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ നാലു വിദ്യാര്‍ഥികളില്‍ മുഖ്യപ്രതിയെ കോളജില്‍ നിന്ന് പുറത്താക്കുകയും മൂന്നുപേരെ സസ്‌പെന്‍ഡ് ചെയ്തതായും കോളജ് അധികൃതര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ നാമയ്ക്കലുള്ള എന്‍ജിനീയറിംഗ് കോളജിലെ നാല് സീനിയര്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കോളജ് അധികൃതര്‍ നടപടിയെടുത്തത്. സംഭവുമായി ബന്ധപ്പെട്ട് ഒരു വിദ്യാര്‍ഥിയെ തമിഴ്‌നാട് പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ മുഖ്യപ്രതി അഖില്‍ ബാബുവിനെയാണ് കോളജില്‍ നിന്ന് പുറത്താക്കിയത്.

പൊങ്കല്‍ അവധി പ്രമാണിച്ച് നാട്ടിലേക്ക് തിരിച്ചുപോരുകയായിരുന്ന സേലം ജ്ഞാനമണി എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികളായ എറണാകുളം സ്വദേശി ഗീവര്‍ഗീസ് ജോണ്‍, അരൂര്‍ സ്വദേശി അരുണ്‍രാജ് എന്നിവരെയാണ് സേലത്തെ എന്‍ജിനീയറിംഗ് കോളജിലെ സീനിയര്‍ വിദ്യാര്‍ഥികള്‍ ട്രെയിനില്‍ വച്ച് ആക്രമിച്ചത്. 

പരിക്കേറ്റ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് കേരളാ പോലീസ് പ്രതികളെക്കുറിച്ചുള്ള വിവരം കോളജ് അധികൃതരെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഇവരെ പുറത്താക്കാന്‍ കോളജ് അധികൃതര്‍ തീരുമാനിച്ചത്. പ്രതികളായ വിദ്യാര്‍ഥികള്‍ ഒളിവിലാണ്. ഇവര്‍ക്ക് ബന്ധുക്കള്‍ പണം എത്തിച്ചുനല്‍കുന്നുണ്‌ടെന്ന് വിവരം കിട്ടിയതിനെതുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം ബാങ്ക് അധികൃതര്‍ ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന് പോലീസ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക