കോട്ടയം: കോട്ടയം നാഗമ്പടത്ത് കഴിഞ്ഞ ദിവസം യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി അറസ്റ്റിലായി. കുമരകം തെക്കുംഭാഗം കളത്തില്ചിറ കുഞ്ഞുമോന്റെ മകന് ഹരിദാസാ(40)ണ് അറസ്റ്റിലായത്. ചാലുകുന്നു തൈപ്പറമ്പില്‍ സദാനന്ദ(സദന്-35)നെയാണ് മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട മുന്‍വൈരാഗ്യമാണു കൊലപാതകത്തില്‍ കലാശിച്ചത്.
ഉറങ്ങിക്കിടന്ന ഹരിദാസിന്റെ തലയിലേക്കു കല്ല് ഇടുകയായിരുന്നുവെന്നു പ്രതി പോലീസിനോടു പറഞ്ഞു. ഇതാണു മരണത്തിനിടയാക്കിയത്. കുട്ടിക്കാലം മുതല്‍ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരുന്ന ഹരിദാസ് കോട്ടയം സബ് ജയിലില്‍ വച്ചാണ് സദനുമായി പരിചയപ്പെടുന്നത്. കുട്ടിക്കാലത്തു ഹരിദാസിന്റെ അച്ഛനും അമ്മയും മരണപ്പെട്ടു. പിന്നീട് കോട്ടയത്തു എത്തിയ ഹരിദാസ് നാഗമ്പടത്തു ചുറ്റിത്തിരിഞ്ഞു നടക്കുകയായിരുന്നു.
പിതാവിനുവേണ്ടി കഞ്ചാവ് മേടിച്ചു പരിചയമുള്ള ഹരിദാസ് കുട്ടിക്കാലം മുതല്‍ ഉപയോഗിക്കാനും തുടങ്ങി. ഇതിനിടയില്‍ സദനുമായി ഹരിദാസ് തെറ്റിപ്പിരിഞ്ഞതോടെ ഇരുവരും ശത്രുക്കളുമായി. കൈയില്‍ കുറുവടിയുമായി നടക്കുന്ന ഹരിദാസിന് കഞ്ചാവ് ഉപയോഗിച്ചാല്‍ അക്രമകാരിയാകുന്ന സ്വഭാവമുണ്ട്. കഞ്ചാവ് ഉപയോഗിച്ചശേഷം നാഗമ്പടത്തു എത്തിയ ഹരിദാസ് ഉറങ്ങിക്കിടക്കുന്ന സദനെ കണ്ടപ്പോള്‍ മുന്‍വൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് നല്കുന്ന വിവരം.