Image

ക്രിക്കറ്റ്: ഇന്ത്യയുടെ കീഴടങ്ങല്‍ സമ്പൂര്‍ണം

Published on 28 January, 2012
ക്രിക്കറ്റ്: ഇന്ത്യയുടെ കീഴടങ്ങല്‍ സമ്പൂര്‍ണം
അഡ്‌ലെയ്ഡ്: ഇംഗ്ലണ്ടിനു പുറമ ഓസ്‌ട്രേലിയയിലും ടീം ഇന്ത്യ വേരോടെ പിഴുതെറിയപ്പെട്ടു. ആദ്യ മൂന്നു ടെസ്റ്റുകളും വന്‍മാര്‍ജിനില്‍ തോറ്റ ഇന്ത്യ അവസാന ടെസ്റ്റില്‍ 298 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി. സീനിയര്‍ താരങ്ങള്‍ ഒരിക്കല്‍കൂടി നാണക്കേടിന്റെ പ്രതിരൂപമായപ്പോള്‍ സമ്പൂര്‍ണ തോല്‍വിയുടെ രണ്ടാമൂഴമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ തേടിയെത്തിയത്. ഇംഗ്ലണ്ടില്‍ നാലു ടെസ്റ്റും തോറ്റു മടങ്ങിയ ഇന്ത്യ ഓസ്‌ട്രേലിയയിലും പല്ലവി ആവര്‍ത്തിച്ചതോടെ വിദേശത്ത് തുടരെ എട്ടു തോല്‍വിയെന്ന മറ്റൊരു നാണക്കേടും ഏറ്റുവാങ്ങി.

ആറിന് 166 റണ്‍സെന്ന നിലയില്‍ ശനിയാഴ്ച കളി പുനരാരംഭിച്ച ഇന്ത്യ 201 റണ്‍സിന് പുറത്തായി. 500 റണ്‍സായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. രവിചന്ദ്ര അശ്വിന്‍ 15 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയയ്ക്കുവേണ്ടി നഥാന്‍ ലയണ്‍ നാലും റയാന്‍ ഹാരിസ് മൂന്നും വിക്കറ്റ് വീഴ്ത്തി. ബെന്‍ ഹില്‍ഫനോസ്, പീറ്റര്‍ സിഡില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മത്സരത്തില്‍ മൊത്തം ആറ് വിക്കറ്റ് വീഴ്ത്തിയ സിഡില്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയില്‍ അറുന്നൂറിലേറെ റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് ആണ് മാന്‍ ഓഫ് ദ സീരീസ്.

തിരിച്ചടികള്‍ക്കിടയിലും ടെസ്റ്റിലെ കന്നി സെഞ്ച്വറി നേടി ടീമിന്റെ മാനംകാത്ത യുവതാരം വിരാട് കോലിയുടെ പ്രകടനമാണ് നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ ഏക ആശ്വാസം. ഒന്നാമിന്നിങ്‌സില്‍ 272 റണ്‍സിന് പുറത്തായ ഇന്ത്യ 332 റണ്‍സിന്റെ ലീഡു വഴങ്ങിയിരുന്നു. ബൗളര്‍മാര്‍ക്ക് വിശ്രമം നല്കുന്നതിനായി ഫോളോ ഓണ്‍ ചെയ്യിക്കുന്നതിനു പകരം രണ്ടാംവട്ട ബാറ്റിങ്ങിനിറങ്ങുകയായിരുന്നു ആതിഥേയര്‍. വിരാട് കോലിയുടെ സെഞ്ച്വറിയായിരുന്നു ഒന്നാമിന്നിങ്‌സിന്റെ സവിശേഷത. ഇന്ത്യന്‍ ടീമിന്റെ രണ്ടാമത്തെ മികച്ച സ്‌കോര്‍ പരമ്പരയില്‍ ആദ്യമായി കളിക്കാനിറങ്ങിയ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (35)യുടെപേരില്‍ കുറിക്കപ്പെട്ടു. നാലു മണിക്കൂര്‍ ക്രീസില്‍ നിന്ന കോലി 213 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 116 റണ്‍സെടുത്തു. പരമ്പരയില്‍ ഇന്ത്യക്കാരന്റെ പേരില്‍ കുറിക്കുന്ന ആദ്യത്തെ സെഞ്ച്വറിയാണിത്. നൂറാം അന്താരാഷ്ട്ര സെഞ്ച്വറി തികയ്ക്കാനായി ഓസ്‌ട്രേലിയയിലെത്തിയ സൂപ്പര്‍ താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ രണ്ടിന്നിങ്‌സിലും (25, 13) പരാജയപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക