Image

വിദ്യാധരന് കൂപ്പുകൈ (തോമസ് കൂവള്ളൂര്‍)

Published on 30 March, 2016
വിദ്യാധരന് കൂപ്പുകൈ (തോമസ് കൂവള്ളൂര്‍)
2016-ലെ ഉയിര്‍പ്പുനാളുകളില്‍ വിദ്യാധരന് ഒരു തുറന്ന കത്ത്

ന്യൂയോര്‍ക്ക് : അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ചില സാഹിത്യകാരന്മാര്‍ കഴിഞ്ഞവര്‍ഷം 'ആരാണീ വിദ്യാധരന്‍' എന്ന തലക്കെട്ടോടെ വലിയൊരു ചര്‍ച്ച നടത്തിയതായും, ഒടുവില്‍ അവര്‍ മഷിയിട്ടു നോക്കിയിട്ടും വിദ്യാധരനെ കണ്ടുപിടിക്കുന്നതിനോ, അയാള്‍ ഏതു ദേശക്കാരനെന്നോ, എവിടെ ഇരുന്നാണ് എഴുതുന്നതെന്നോ അറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും കേള്‍ക്കുകയുണ്ടായി. അങ്ങിനെ ആര്‍ക്കും പിടികൊടുക്കാത്ത, അദൃശ്യനായ വിദ്യാധരന് ഇത്തരത്തില്‍ ഒരു തുറന്ന കത്ത് എഴുതാന്‍ കാരണം യേശുക്രിസ്തുവിന്റെ പീഢാനുഭവവും, കുരിശുമരണവും, ഉയിര്‍പ്പും കൊണ്ടാടുന്നതിനുവേണ്ടി ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ നോമ്പുനോറ്റിരിക്കുന്ന വേളയില്‍ കൂവള്ളൂരിനെ പരാമര്‍ശിച്ച് ഇ-മലയാളിയില്‍ പ്രസിദ്ധീകരിച്ച 'യേശു സംസാരിക്കുന്നു' എന്ന പദ്യശകലമാണെന്നു പറഞ്ഞു കൊള്ളട്ടെ.

കൂവള്ളൂരിനെ പുകഴ്ത്തിപ്പാടാന്‍ വിദ്യാധരന്‍ രംഗത്തുവന്നപ്പോള്‍ വാസ്തവത്തില്‍ ഒരല്പം ആശ്വാസമുണ്ടായി എന്നു പറയാതെ വയ്യ.
ഇ-മലയാളി വായിക്കാനുള്ള ഈ ലേഖകന് ഒരു കാര്യം വ്യക്തമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതായത്, ഇ-മലയാളി തുറന്നാല്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ആദ്യം നോക്കുന്നത് വിദ്യാധരന്‍ എന്തെങ്കിലും കമന്റുകോളത്തില്‍ എഴുതിയിട്ടുണ്ടോ എന്നാണ്. വിദ്യാധരന്‍ നല്ല കമന്റ് എഴുതിയാല്‍ രക്ഷപ്പെട്ടു. മോശമായെഴുതിയാല്‍ നോക്കേണ്ട, രക്ഷപ്പെടുക വിഷമമാണ്. സാധാരണക്കാരായ മലയാളി എഴുത്തുകാര്‍ക്ക് വിദ്യാധരന്‍ ഒരു പേടിസ്വപ്നം പോലെയാണെന്നു ചുരുക്കം.
പൊതുരംഗത്തു വരാന്‍ മടിക്കുന്ന, മലയാളികളുടെ കാര്യങ്ങളില്‍ പൊതുവെ തല്‍പരനായ അല്ലയോ വിദ്യാധരാ, താങ്കള്‍ക്ക് എന്റെ കൂപ്പൂകൈ!
പണ്ടൊരിക്കല്‍ ഏതോ ഒരു കവി ഫേസ്ബുക്ക് തുടങ്ങുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്ന 'കൂട്ടം' എന്ന സോഷ്യല്‍മീഡിയയില്‍ കൂവള്ളൂരിനെപ്പറ്റി എഴുതിയത് ഓര്‍ക്കുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍.

“കൂവള്ളൂര്‍കാരെല്ലാം
കൂവി വിളിക്കുന്നവരാണേ”എന്നായിരുന്നു. അതിനു മറുപടിയായി
“കൂവള്ളൂര്‍കാരെല്ലാം
കൂവി വിളിക്കുന്നവരല്ലേ
കൂവളം നില്‍ക്കും ദേശത്തു നിന്നും പോയവരാണേ” എന്നായിരുന്നു മറുപടി.
കേരളക്കാരായ മിക്കവര്‍ക്കും കൂവള്ളൂരിന്റെ ഉത്ഭവസ്ഥാനം അറിയാമെന്നു തോന്നുന്നില്ല. മലയാളികളില്‍ പലരും ഒരുപക്ഷേ, തിരുവള്ളൂരിനെപ്പറ്റി കേട്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ തിരുക്കുറളിനെപ്പറ്റി കേട്ടിരിക്കും. മറ്റു പല പേരുകളും പോലെ കൂവള്ളൂരിനും ഒരു ചരിത്രമുണ്ട് എന്നുള്ള കാര്യം പറഞ്ഞു കൊള്ളട്ടെ.

കൂവള്ളൂര്‍ എന്നു പേരുള്ളവര്‍ ഇന്നു കേരളത്തിന്റെ വിവിധഭാഗങ്ങളിലുണ്ട്. എന്നുതന്നെയല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആ പേരുള്ളവര്‍ ഉണ്ടെന്ന് ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളില്‍ പോകുന്നവര്‍ക്കറിയാം. യഥാര്‍ത്ഥ കൂവള്ളൂരിന്റെ ഉത്ഭവസ്ഥാനം ഈ അവസരത്തില്‍ വെളിപ്പെടുത്തിക്കൊള്ളട്ടെ. കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ കിടങ്ങൂര്‍ പഞ്ചായത്തിലാണ് കൂവള്ളൂര്‍ എന്ന പുരയിടം സ്ഥിതി ചെയ്തിരുന്നത്. ആ പുരയിടത്തില്‍ വലിയൊരു കൂവളം ഉണ്ടായിരുന്നതായും ആ കൂവളത്തിന്റെ കിഴക്കുഭാഗത്ത് ഒരു മനയും, ആ മനയോടു ചേര്‍ന്ന് ഒരു വലിയ കുളവും ഉണ്ടായിരുന്നതായും, കുളക്കരയില്‍ വലിയൊരു പാലമരം നിന്നിരുന്നതായും ആ പ്രദേശത്തെ നിവാസികളായ 65 വയസ്സിനുമേല്‍ പ്രായമുള്ളവരില്‍ ചിലര്‍ക്കെങ്കിലും അറിയാം.

ഏഴാം കടലിനക്കരെയുണ്ടോരേഴിലംപാല…. സാഗരകന്യക നട്ടുവളര്‍ത്തിയോരേഴിലംപാല…. ആ പാട്ടിനെ ദ്യോതിപ്പിക്കുന്ന തരത്തിലുള്ള വലിയൊരു ഏഴിലംപാല ആ കുളത്തിന്റെ വടക്കുപടിഞ്ഞാറെ കരയില്‍ നിന്നിരുന്നു. രാത്രികാലങ്ങളില്‍ ആ കുളത്തിന്റെ കരയിലൂടെ പോകാന്‍ പണ്ടത്തെ കാരണവന്മാര്‍ ധൈര്യപ്പെട്ടിരുന്നില്ല. വലിയൊരു കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്തിരുന്ന ആ കുളത്തിലെ വെള്ളം ഒരിക്കലും വറ്റാത്തതായിരുന്നു. ഏതു കടുത്ത വേനലിലും കുളത്തില്‍ നിറയെ വെള്ളമുണ്ടായിരുന്നു.

സമീപവാസികള്‍ക്കെല്ലാം ആ കുളത്തിന്റെ തെക്കേകരയിലുണ്ടായിരുന്ന ചെറിയ കിണര്‍ വേനല്‍ക്കാലത്ത് ആശ്രയമായിരുന്നു. ആ കുളത്തില്‍ നിന്നും ഒരു ചെറിയ ഓവുചാലിലൂടെ സദാവെള്ളം പുറത്തേയ്ക്കു പൊയ്‌ക്കൊണ്ടിരുന്നു. കുന്നില്‍ നിന്നും പുറപ്പെടുന്ന ആ വെള്ളം മലയടിവാരത്തിലൂടെ താഴേയ്ക്കുപോയി ഒരു വലിയ തോടായി രൂപാന്തരപ്പെട്ട് ഒടുവില്‍ അത് മീനച്ചാറ്റില്‍ എത്തിയിരുന്നു എന്ന സത്യം അറിയാവുന്നവരില്‍ ഒരാളാണ് ഈ ലേഖകന്‍. ഒരിക്കലും വറ്റാത്ത വെള്ളമുണ്ടായിരുന്ന ആ കുളത്തില്‍ നിറയെ ആമ്പല്‍പ്പൂക്കളും, താമരപ്പൂക്കളും വിരിഞ്ഞു നില്‍ക്കുന്നതു കാണാന്‍ എന്തുരസമായിരുന്നെന്നോ. നീലനിറത്തിലുള്ള വെള്ളത്തിലേയ്ക്കു നോക്കിയാല്‍ വലിയ മത്സ്യങ്ങളെയും, ചിലപ്പോള്‍ പാമ്പുകളെയും കാണാമായിരുന്നു.

രാത്രികാലത്ത് ആ കുളത്തിനരികെ കൂടി പോകുന്നവര്‍ പാലമരത്തില്‍ നിന്നും യക്ഷികള്‍ തെരുതെരെ ചാടുന്നതു കണ്ടിട്ടുണ്ടത്രേ. കൂടാതെ പൂര്‍വ്വികരില്‍ ചിലര്‍ ചെമ്പുകുടത്തില്‍ നിറയെ നിധി ആ കുളത്തില്‍ ഉണ്ടെന്നും, പാലമരത്തില്‍ ഒളിഞ്ഞിരിക്കുന്ന യക്ഷികളാണ് നിധികാക്കുന്നതെന്നും വിശ്വസിച്ചിരുന്നു. ആ പാലമരം ആരെങ്കിലും നശിപ്പിച്ചാല്‍ അവര്‍ക്കു നാശമായിരിക്കുമെന്നും അന്നത്തെ കാരണവന്മാര്‍ വിശ്വസിച്ചിരുന്നു. അതുപോലെ തന്നെ കൂവളവും നശിപ്പിക്കാന്‍ പാടില്ലാത്ത, ഹിന്ദുക്കളുടെ പൂജ്യവൃക്ഷമാണെന്നും, അന്നത്തെ കാരണവന്മാര്‍ പറഞ്ഞതു കേള്‍ക്കാന്‍ ഈ ലേഖകന് ഇടയായിട്ടുണ്ട്. ശ്രിപത്മനാഭസ്വാമിക്ഷേത്രത്തിലുള്ളതുപോലെ തന്നെ നിധി ഈ കുളത്തിലും ഉണ്ടുപോലും.

കിടങ്ങൂര്‍ പഞ്ചായത്തിലെ ആദ്യത്തെ ഗവണ്‍മെന്റ് ഡിസ്‌പെന്‍സറികളിലൊന്ന് കടപ്ലാമറ്റം എന്ന പേരില്‍ അറിയപ്പെടുന്ന സ്ഥലത്തായിരുന്നു. അത് കൂവള്ളൂര്‍ കുന്നിന്റെ അടിവാരത്തിലും. മീനച്ചാറിന്റെ വാട്ടര്‍ സപ്ലൈ സ്‌കീം വരുന്നതിനുമുമ്പ് കടപ്ലാമറ്റം ഗവണ്‍മെന്റ് ഡിസ്‌പെന്‍സറിയോടനുബന്ധിച്ച് ഏതാനും കിടക്കകളോടുകൂടി ഒരു വാര്‍ഡു പണിതപ്പോള്‍ വെള്ളം ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ അതിന് അനുമതി കൊടുക്കുകയുള്ളൂ എന്ന അവസ്ഥ വന്നു. കൂവള്ളൂര്‍ കുന്നില്‍ മുകളിലുള്ള കുളത്തിലെ വെള്ളമാണ് അന്ന് ഇക്കാര്യത്തില്‍ വാട്ടര്‍ സപ്ലൈ സ്‌കീമിനായി തെരഞ്ഞെടുത്തത്.

പിന്നീടെന്തുണ്ടായി ? ആ കുളത്തിന്റെ അവസ്ഥ ഇന്നെന്താണ് ? ആ പാലമരവും, കൂവളമരവും വെട്ടിയപ്പോള്‍ അതിനുത്തരവാദികളായവര്‍ക്ക് എന്തു സംഭവിച്ചു ? ആ പ്രദേശത്തുനിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്കു പോയവര്‍ കൂവള്ളൂര്‍ എന്ന പേരു നിലനിര്‍ത്താന്‍ ശ്രമിച്ചതായും കാണാന്‍ കഴിയും. അവിടെ നിന്നും പോയ നമ്പൂതിരി കുടുംബം എറണാകുളം ജില്ലയില്‍ പോത്താനിക്കാടിനടുത്തു താമസമാക്കിയതായും, ഇന്ന് ആ പ്രദേശം കൂവള്ളൂര്‍ എന്ന് അറിയപ്പെടുന്നതായും ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. ചുരുക്കത്തില്‍ ഹിന്ദുപുരാണങ്ങളിലെ പൂജ്യവൃക്ഷമായ കൂവള്‍ + ഊര് - ലോപിച്ചാണ് കൂവള്ളൂര്‍ എന്നായത് എന്ന് കാണാന്‍ കഴിയും. എന്തിനേറെ വൃക്ഷങ്ങള്‍ക്കുവരെ അതിന്റേതായ ചരിത്രമുണ്ട്. ആ ചരിത്രം ഇല്ലാതാക്കാന്‍ മനുഷ്യര്‍ ശ്രമിക്കാതിരുന്നെങ്കില്‍ എന്നോര്‍ത്തു പോകുന്നു.
ഈ ഉയിര്‍പ്പുനാളില്‍ ചരിത്രത്തിലേയ്ക്കു വിരല്‍ ചൂണ്ടുവാന്‍ ഇടയാക്കിയ വിദ്യാധരന് കൂപ്പുകൈ.

തോമസ് കൂവള്ളൂര്‍
വിദ്യാധരന് കൂപ്പുകൈ (തോമസ് കൂവള്ളൂര്‍)
Join WhatsApp News
vayanakaran 2016-03-30 19:23:46
തുടക്കം കണ്ടപ്പോള്‍  തോന്നി  കൂവള്ളുവര്‍  ബ്രാമണന്‍ ആണ് എന്നു സ്ഥാപിക്കാന്‍ തുടങ്ങുന്നു എന്ന് . എതായാലും കൊള്ളം .
കവി തിലകൻ 2016-03-31 06:14:15
കൂവള്ളൂരുള്ള പാലയിൽ  അങ്ങ്  വിദ്യാധരനെ തറച്ചിട്ടു വേണം എനിക്ക് എന്റെ കാവ്യ രചന പുനരാംഭിക്കാൻ
SchCast 2016-03-31 06:34:20
വിദ്യാധരൻ 2016-03-25 08:53:28 News
യേശു സംസാരിക്കുന്നു
 
ഞാൻ കാട്ടിയ മാതൃക പിന്തുടരാതെ
നീ കാട്ടും ഭോഷത്വം മൗഡ്യം
ക്രൂശിൽ തൂങ്ങുന്നു ചിലർ
ചാട്ടവാറടികൊള്ളുന്നു
ക്രൂശും വഹിച്ചുഴുറന്നു കൂടാതെ.
നെറ്റൊട്ടോം ഓടുന്നു ദേവാലയത്തിൽ
ദുഖിതരായിരിക്കുന്നു ദുഃഖ വെള്ളിയാഴച്
കാത്തിരിക്കുന്നുയർപ്പിനായി
ആർത്തുല്ലസിക്കാൻ
അടിച്ചു (ക ള്ള്) തിമിർക്കുവാൻ
ഓർക്കണം എന്നാൽ നിങ്ങൾ
വഴിയോരത്തിൽ നിന്ന്
ചില്ലറക്കായ് യാചിക്കും മർത്ത്യരെ '
നഗ്നത മറയ്ക്കാൻ വസ്ത്രം ഇല്ലാത്തോരെ
വിശന്നു ദാഹിപ്പോരെ
പോയികാണണം രോഗിയെ
തടവിൽ കിടപ്പോരെ
ആകണം നിങ്ങളും കൂവള്ളൂരിനെപ്പോലെ
നീട്ടണം സഹായ ഹസ്തം മടിയാതെ .
ഓർക്കുന്നില്ലേ നിങ്ങൾ പണ്ട്
ഓടിച്ചു കൊണ്ടെന്റെ മുന്നിൽ നിറുത്തിയ
നിങ്ങൾ ചവച്ചു തുപ്പിയ വേശ്യയെ?
ഓർക്കുന്നില്ലേ മുട്ടൻ കല്ലുമായവളുടെ
പിന്നാലെ ഓടിയ ദിനങ്ങളൊക്കയും?
വേണ്ട വെറുതെ ചിന്തിച്ചു സമയം കളയണ്ട
നാറും കഥകൾ ചികഞ്ഞെടുക്കണ്ട
ആകുമെങ്കിൽ കൂവള്ളൂരിനൊരു
കയ്യ് താങ്ങൽ നൽകുക
സ്വർണ്ണ കുരിശും പേറി കറങ്ങും
'അച്ചായന്മാരെ ' നിങ്ങൾ .
ഞാൻ വരില്ലൊരിക്കലും തിരികെ
നിങ്ങളാണിനി ഞാൻ കത്തിച്ച
ദീപശിഖയുമായി ഊര് ചുറ്റേണ്ട
വിശ്വസ്തരാം എൻ പിൻഗാമികൾ.
സ്നേഹ കാരുണ്യ പ്രവർത്തികൾ
കൂട്ടികലർത്തി ജീവിതം
ആനന്ദദായകമാക്കുക നിങ്ങൾക്കും
നിങ്ങളുടെ അയൽവാസികൾക്കും നിത്യം

വിദ്യാധരൻ മേൽ പ്പറഞ്ഞ കവിത എഴുതിയത്കൊണ്ട് ക്രിസ്ത്യാനിയാണെന്ന് വാദിക്കുന്നതുപോലെയാണ് നമ്പൂതിരിയെക്കുരിച്ച് കൂവള്ളൂർ പറഞ്ഞപ്പഴേക്കും 'വായനക്കാരൻ' അതിനെ വളചോടിച്ച് കൂവള്ളൂരിന് ബ്രാഹ്മണ പാരമ്പര്യം ഉണ്ടെന്നതു വരുത്തി തീർക്കാനുള്ള ശ്രമം ആണെന്നുള്ള തെറ്റ് ധാരണ വായനക്കാരുടെ ഇടയിൽ പരത്തുന്നത്  എല്ലാം RSSൽ  ചാലിച്ച് വർഗ്ഗീയതയുടെ ഒരു ചിത്രം വരയ്ക്കാൻ ശ്രമിക്കുന്നത്. അന്തപ്പനും ആണ്ട്രൂസും ഇതൊക്കെയാണ് ചെയ്യുന്നത് . ക്രൈസ്റ്റിന്റെ  പഠനങ്ങളിലെ കാതലായ ഒരു ഭാഗം എടുത്താണ് വിദ്യാധരൻ കവിത എഴുതിയത്.  ആ കവിതയുടെ അർത്ഥനൊത്ത് കൂവള്ളൂരിനു ഉയരാൻ കഴിഞ്ഞതുകൊണ്ടാണ് കൂവള്ളൂരിന്റെ പേര് അതിൽ വന്നത്. അല്ലാതെ അതിനു ഒരു  RSS പരിവേഷം കൊടുക്കുന്നത് മനസിലാക്കാനുള്ള ബുദ്ധി വായനക്കാർക്ക് ഉണ്ടായിരിക്കും എന്ന് ഞാൻ കരുതുന്നു .

Vaayanakkaaran 2016-03-31 07:38:18
SchCast  വിദ്യാധരന്റെ കവിത കോപ്പി ചെയ്ത് ഇവിടെ പ്രസിദ്ധീകരിച്ചും കൂവള്ളൂരിനു വക്കാലത്ത് പറഞ്ഞും മത പരിവർത്തനത്തിനുള്ള പരിപാടിയാണെന്ന് തോന്നുന്നു 
John Varghese 2016-03-31 08:42:28
ചോദിക്കാനും പറയാനും ആളില്ലാതെ തോന്നുന്നെതെന്തും എഴുതി പ്രസിദ്ധീകരിച്ച് അതിനു കവിതയെന്നും കഥയെന്നും ഒക്കെ പറഞ്ഞു നടന്ന അമേരിക്കയിലെ ചില എഴുത്തുകാരുടെ സ്വൈരിയത കെടുത്തിയ ഒരു വ്യക്തിയാണ് വിദ്യാധരൻ എന്ന് ശ്രീ കൂവള്ളൂർ പറഞ്ഞതിനോട് ഞാനും യോചിക്കുന്നു. പൂച്ച ഇല്ലാത്തിടത്ത് എലിയുടെ വിളയാട്ടം എന്ന് പറഞ്ഞു നടക്കുന്ന കാലത്താണ് വിദ്യാധരൻ എന്ന മായാവി രംഗത്ത് വരുന്നത്.  അജ്ഞാതനായ ഇയാളുടെ പ്രഹരം ഏറ്റു പുളഞ്ഞപ്പോളാണ് ഇദ്ദേഹത്തെ കുറിച്ച് പുസ്തകം എഴുതിയതും ചർച്ചകൾ സംഘടിപ്പിച്ചതും.  കൂടാതെ വിദ്യാധരൻ ഇന്ന ആളായിരിക്കും എന്ന് ഗണിച്ചു രാത്രിയിൽ ഫോണിൽ വിളിച്ചു  പുളിച്ച തെറി വിളിക്കുമായിരുന്നു എന്ന് എന്റെ ന്യുയോർക്കിലുള്ള ഒരു സുഹൃത്ത് പറയുമായിരുന്നു.  പക്ഷേ ഇപ്പോൾ അവർ പറഞ്ഞു നടക്കുന്നത് അത് റ്റെക്സ്സിലുള്ള ഏതോ ഒരുത്തനാനെന്നാണ്.  ലാനയുടെ ഡാലസിൽ വച്ച് നടന്ന സമ്മേളനത്തിലും വിദ്യാധരൻ ഒരു ചർച്ചാ വിഷയം ആയിരുന്നു എന്നറിയാൻ കഴിഞ്ഞു.  എന്തായാലും അയാളുടെ വിമർശനങ്ങൾ കാര്യകാരണങ്ങൾ ഉള്ളതും വായിക്കാൻ രസകരവുമാണ്‌.  ഓരോ എഴുത്തുകാർ ചിന്തിക്കുന്നതിനും അപ്പുറത്തേക്ക് അദ്ദേഹം ചിലപ്പോൾ നമ്മളെ കൂട്ടികൊണ്ട് പോകാറുണ്ട്.  ഇപ്പോൾ തന്നെ നമ്പി മഠം എന്ന എഴുത്തുകാരന്റെ കഥക്ക് എഴുതിയ അഭിപ്രായം പണ്ട് തുടങ്ങി എഴുത്തുകാരും അവരുടെ കാമാസക്തിയും തമ്മിലുള്ള ബന്ധത്തെ എടുത്തു കാണിക്കുന്നതുമാണ്.  അത് വായിച്ചു കഴിഞു കഥ വായിച്ചപ്പോൾ ആ കഥ കൂടുതൽ അർഥം ഉള്ളതായി തോന്നി .  
കൂവള്ളൂർ ജാതി മത ഭേദം ഇല്ലാതെ സഹായിക്കാൻ തയാറാകുന്നത് ക്രിസ്തു വിഭാവനം ചെയ്ത ലോകത്തിന്റെ ഒരു പ്രതിഫലനമാണ്.  ഇത് തിരിച്ചരിഞ്ഞിട്ടായിരിക്കും വിദ്യാധരൻ കൂവള്ളൂരിന്റെ പേര് അതിൽ ചേർത്തത്.  എന്തായാലും ആള് അവാർഡുകളുടെ പ്രഭിയിൽ മയങ്ങാതയും പുകഴ്ത്തലുകളിൽ വീഴാതയും തെറിവിളിയിൽ പ്രകോപിതനാകതയും ഭീഷണിയിൽ ഭയപ്പെടാതെയും മലയാള ഭാഷയോട് കാണിക്കുന്ന ഈ സ്നേഹം ആർക്കും അവഗണിക്കാവുന്നതല്ല.. മലയാള ഭാഷയെ ദുരുപയോഗം ചെയ്യുന്നവരെ നിലയ്ക്ക് നിറുത്താൻ ഇദ്ദേഹം നടത്തുന്ന സേവനം ആധരണീയമാണ്. ഈ അജ്ഞാത എഴുത്തുകാരന് എന്റെയും കൂപ്പുകൈ 
ന്യുയോർക്കൻ 2016-03-31 08:53:44
വിദ്യാധരനെ ഇത്രയും വളർത്തി വലുതാക്കിയത് ഡോക്ടർ. കുഞ്ഞാപ്പുവും വിചാര വേദിയുമാണ്. ഇപ്പോൾ വായനക്കാർ അദ്ദേഹത്തെ സ്വീകരിച്ചു കഴിഞ്ഞു. ഇനി കിടന്നു ബഹളം വച്ചിട്ട് കാര്യം ഇല്ല .  

നാരദർ 2016-03-31 09:37:47
എഴുത്ത്കാരെല്ലാം കാമാസക്തരാണെന്ന ജോൺ വരുഗീസിന്റെ വാദത്തോട് എഴുത്തുകാർ യോചിക്കും എന്ന് തോന്നുന്നില്ല.  
Observer 2016-03-31 10:37:03
വിദ്യാധരൻറെ അപഗ്രഥനവും നമ്പി മഠത്തിന്റെ കഥയും ചേർത്തു വായിച്ചപ്പോൾ ജോൺ വറുഗീസ് പറഞ്ഞതിൽ കാര്യം ഉണ്ടെന്നാണ് എന്റെ അഭിപ്രായം
പാസ്റ്റർ മത്തായി 2016-03-31 11:55:33
ഇതാണ് സുപ്രാധാന കാലം വിദ്യാധരാ . കര്ത്താവിനെ സ്വന്ത രക്ഷിതാവായി സ്വീകരിച്ചു നീ രക്ഷ പ്രാപിക്കു.  പേരുമാറ്റി ഒരു ക്രിസ്ത്യാനി ആകു.  പോൾ എന്ന പേര് നന്നായി യോചിക്കും .  ദയവ് ചെയ്യുത് SchCast  എന്ന് ഇടരുത് .  ദൈവം വെളിപ്പെട്ടിട്ടും ഇപ്പോഴും SchCast  എന്ന അധമ ചിന്തയിൽ കഴിയുന്ന ഇവർ പരമാര്‍ത്ഥത്തിൽ കര്ത്താവിന്റെ രക്ഷ അറിഞ്ഞിട്ടുണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. എഴുത്തുകാർ നീല പടം കാണുന്നത് നിറുത്തി ര്ക്ഷയിലേക്ക് മടങ്ങി വരണം.  


thresiamma thomas 2016-03-31 15:20:41
വിദ്യധരന്‍ നീണാള്‍ വാഴട്ടെ.....ആശംസകള്‍!
കപ്യാര് 2016-03-31 17:30:19
കൂട്ട മണിയടി!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക