Image

ശ്രീനാരായണ ഗുരുവിന്റെ മതാതീത ആത്മീയതയും കീഴാളര്‍ വിമോചനവും ( ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം­ ­-6: ജോസഫ് പടന്നമാക്കല്‍)

Published on 30 March, 2016
ശ്രീനാരായണ ഗുരുവിന്റെ മതാതീത ആത്മീയതയും കീഴാളര്‍ വിമോചനവും ( ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം­ ­-6: ജോസഫ് പടന്നമാക്കല്‍)
ഈഴവ സമുദായത്തില്‍ ജനിച്ച മഹാത്മാവായ ശ്രീനാരായണ ഗുരു പത്തൊമ്പതാം നൂറ്റാണ്ടിലെ വര്‍ണ്ണ വ്യവസ്തകള്‍ക്കെതിരെ പോരാടിയ സാമൂഹിക പരിഷ്കര്‍ത്താവും വേദ പണ്ഡിതനും ഹൈന്ദവാചാര്യനുമായിരുന്നു. എല്ലാ സത് ഗുണങ്ങളുടെയും നന്മകളുടെയും മൂര്‍ത്തികരണമായ ശ്രീ നാരായണ ഗുരുവിനെപ്പോലുള്ള ഒരു ദിവ്യനായ മഹാന്‍ മനുഷ്യ വര്‍ഗത്തില്‍ വിരളമായേ കാണുകയുള്ളൂ. അദ്ദേഹം ആത്മജ്ഞാനിയും ഗുരുവും തത്ത്വജ്ഞാനിയും കാല്പ്പനിക ചിന്തകനും, യുക്തിവാദിയും വിശുദ്ധനും മാനവികതാവാദിയും സാമൂഹിക പരിഷ്കര്‍ത്താവും കവിയുമെല്ലാമായിരുന്ന അമാനുഷിക വ്യക്തിത്വത്തിന്റെ ഒരു ഉടമയായിരുന്നു. ഗുരു പഠിപ്പിച്ചതെല്ലാം ലളിതവും ആദ്ധ്യാത്മികവും സാമൂഹിക വിപ്ലാവാത്മകവുമായിരുന്നു. ഈഴവര്‍ക്കും അക്കാലങ്ങളില്‍ വര്‍ണ്ണ ജാതികളില്‍നിന്നു സാമൂഹികമായ പീഡനങ്ങള്‍ സഹിക്കണമായിരുന്നു. അധകൃതരായവരുടെ പുരോഗതിയും വര്‍ണ്ണ ജാതികള്‍ക്കൊപ്പം അഭിമാനത്തോടെ ജീവിക്കാനുള്ള സാഹചര്യങ്ങളും ലക്ഷ്യമിട്ടുള്ള ഒരു ജീവിതമായിരുന്നു ആ മഹാത്മാവ് നയിച്ചിരുന്നത്. ഈഴവരുടെ ഉന്നമനത്തിനായി നാടാകെ അമ്പലങ്ങളും സ്കൂളുകളും സ്ഥാപിച്ചുകൊണ്ടു ആ കര്‍മ്മ യോഗി ജനങ്ങളെ സേവിച്ചു കൊണ്ടിരുന്നു.

വര്‍ണ്ണ വിവേചനത്തിന്റെ ഉറവിടം പൂജാ വിഗ്രഹങ്ങള്‍ പ്രതിഷ്ടിച്ചിരിക്കുന്ന അമ്പലങ്ങളെന്നു പൂര്‍വ കാല സാമൂഹിക ചരിത്രം വ്യക്തമാക്കുന്നു. അവിടെ അവര്‍ണ്ണര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നത് മാനുഷിക പരിഗണനകളോടുള്ള ഒരു വെല്ലുവിളിയായിരുന്നു. കേരളത്തിലും സാമൂഹിക ഉച്ഛനീചത്വങ്ങള്‍ ഭീകരമായി തന്നെയുണ്ടായിരുന്നു.കേരളവും മറ്റുള്ള സംസ്ഥാനങ്ങളെപ്പോലെ വ്യത്യസ്തമല്ലാതെ സവര്‍ണ്ണരും അവര്‍ണ്ണരുമായി രണ്ടു തട്ടില്‍ ജീവിച്ചിരുന്ന ഒരു ഭ്രാന്താലയമായിരുന്നു. ഭൂരിഭാഗമുള്ള അവര്‍ണ്ണരെ തൊട്ടു തീണ്ടാ ജാതികളായി സവര്‍ണ്ണ ജനത കണക്കാക്കിയിരുന്നു.

ഗുരുവിന്റെ ജന്മത്തെപ്പറ്റി ഐതിഹിക നൂലാമാലകള്‍ പലതുമുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ജനന ദിവസത്തെപ്പറ്റി വ്യക്തമായ ഒരു ചരിത്രമില്ല. തിരുവനന്തപുരം സമീപമുള്ള ചെമ്പഴന്തിയില്‍ മദന്‍ ആശാന്റെയും കുട്ടിയമ്മയുടെയും മകനായി 1856­ല്‍ ജനിച്ചുവെന്നു അനുമാനിക്കുന്നു. അദ്ദെഹത്തെ കുട്ടിക്കാലങ്ങളില്‍ നാണുവെന്നു വിളിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പിതാവ് മദനന്‍ ആശാന്‍ ഒരു അദ്ധ്യാപകനായിരുന്നു. കൂടാതെ ആയുര്‍വേദത്തിലും ജ്യോതിര്‍ ശാസ്ത്രത്തിലും പ്രാവിണ്യവും നേടിയിരുന്നു.

വയല്‍വാരമെന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ കുടുംബം സാമ്പത്തികമായി വളരെ മെച്ചപ്പെട്ടതായിരുന്നു. സമൂഹത്തിലും ബഹുമാനിതരായിരുന്നു. നാണു കുട്ടിയായിരുന്നപ്പോള്‍ രാമായണ കഥകളും മഹാഭാരത കഥകളും നാണു വിന്റെ അച്ഛന്‍ വായിച്ചു കേള്പ്പിക്കുമായിരുന്നു. അച്ഛനും അമ്മാവന്‍ കൃഷ്ണന്‍ വൈദ്യനും ഒന്നുപോലെ വിദ്യ അഭ്യസിപ്പിച്ചിരുന്നു. അമ്മാവന്‍ കൃഷ്ണന്‍ വൈദ്യന്‍ അക്കാലത്തെ പ്രസിദ്ധനായ ഒരു ആയുര്‍വേദ വൈദ്യനും സംസ്കൃത പണ്ഡിതനുമായിരുന്നു.

ഒരിയ്ക്കല്‍ നാണു മറ്റു കുട്ടികളുമൊത്ത് സ്കൂളില്‍ പോവുകയായിരുന്നു. വഴിയില്‍ ചെട പിടിച്ച തലമുടികളുള്ള കീറിയ കുപ്പായങ്ങളും ധരിച്ച ഭ്രാന്തനെ പ്പോലുള്ള ഒരു സന്യാസി നില്പ്പുണ്ടായിരുന്നു. സന്യാസിയെ കണ്ടു കുട്ടികള്‍ പരിഹസിക്കുകയും കല്ലെറിയുകയും ചെയ്തു. അതൊന്നും ഗൗനിക്കാതെ സന്യാസി നടന്നു പോയി. നാണു ആ ദയനീയ രംഗം നോക്കി പൊട്ടി കരഞ്ഞു. കരഞ്ഞു കൊണ്ട് പുറകെ വരുന്ന നാണുവിനെ സന്യാസി കണ്ടു. 'എന്തിനാ കുട്ടി നീ കരയുന്നതെന്ന്' സന്യാസി നാണുവിനോട് ചോദിച്ചു. അങ്ങയെപ്പോലെ നല്ലയൊരു മനുഷ്യനെ മറ്റു കുട്ടികള്‍ എറിയുന്നത് കണ്ടിട്ടും തനിയ്ക്ക് സഹായിക്കാന്‍ സാധിച്ചില്ലെന്നു നാണു പറഞ്ഞു.നാണുവിന്റെ വാക്കുകള്‍ കേട്ട് സന്യാസി അദ്ദേഹത്തെ എടുക്കുകയും തോളില്‍ കയറ്റി അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ അടുത്തു കൊണ്ടുവരുകയുമുണ്ടായി. 'ഇവന്‍ ഭാവിയില്‍ ഒരു മഹാത്മാവാകുമെന്നു' നാണുവിനെയനുഗ്രഹിച്ച് സന്യാസി പറഞ്ഞു.

അഞ്ചു വയസില്‍ ഗുരുകുലം മോഡലില്‍ വിദ്യ അഭ്യസിക്കാന്‍ തുടങ്ങി. െ്രെപമറി സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് തെക്കേ തിരുവിതാംകൂറിലുള്ള വാരണാപ്പള്ളി കുടുംബത്തിലെ സംസ്കൃത പണ്ഡിതനായ രാമന്‍ പിള്ള ആശാന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. കുമ്മാം പള്ളി ആശാനില്‍ നിന്ന് കവിതയും, നാടകവും തത്ത്വ ശാസ്ത്രവും വ്യാകരണവും പഠിച്ചു. വരണാപ്പള്ളി താമസക്കാലത്ത് നാണു കവിത പാരായണത്തിലും രചനയിലും താല്പ്പര്യം കാണിച്ചിരുന്നു. ഭക്ത ഗാനങ്ങള്‍ രാഗ ഭാവങ്ങളിലാക്കി രചിക്കുമായിരുന്നു. വരണാപ്പള്ളിയില്‍ താമിസിക്കുന്ന കാലത്ത് അദ്ദേഹത്തെ ചട്ടമ്പി നാണുവെന്നായിരുന്നു വിളിച്ചിരുന്നത്­. ചട്ടമ്പിയെന്നാല്‍ ഗുരു സഹായിയെന്നും മുതിര്‍ന്ന വിദ്യാര്‍ത്ഥിയെന്നും അക്കാലത്ത് അര്‍ത്ഥം കല്പ്പിച്ചിരുന്നു.

കുസൃതിത്തം മുറ്റിയ കൗമാര നാളുകളില്‍ അദ്ദേഹത്തിന്‍റെ മനസ്സ് ചാഞ്ചല്ല്യം നിറഞ്ഞതായിരുന്നു. ഏതോ അജ്ഞാതമായ കഴിവുകള്‍ നിറഞ്ഞിരിക്കുന്നതായും ചുറ്റുമുള്ളവര്‍ക്ക് തോന്നുമായിരുന്നു. ബന്ധു ജനങ്ങളോ കുടുംബ ബന്ധങ്ങളോ നാണുവിനെ ആകര്‍ഷിച്ചിരുന്നില്ല. മുനി കുമാരനെ പ്പോലെ ജീവിക്കാനും ഏകനായി സഞ്ചരിക്കാനും ആ ബാലന്‍ ഇഷ്ടപ്പെട്ടിരുന്നു. പശുക്കളും പശു കിടാങ്ങളും നാണുവിന്റെ തോഴരും ലോകവുമായിരുന്നു. വൃന്ദാ വനത്തിലെ ഗോപാലകനായിരുന്ന ഭഗവാന്‍ ശ്രീ കൃഷ്ണനെപ്പോലെ ഇലകള്‍ നിറഞ്ഞ മരക്കൊമ്പുകളിലിരുന്നുകൊണ്ട് താഴെ മരുതക പച്ച വിരിച്ച പുല്ത്തകിടിയില്‍ക്കൂടി പശുക്കള്‍ മേയുന്നതു കാണുമായിരുന്നു. പ്രകൃതിയും മലകളും കുന്നുകളും വൃക്ഷലതാതികളും നാണുവിന്റെ കൂട്ടുകാരായിരുന്നു. സദാ ഏകനായി സഞ്ചരിക്കുന്നതിലും ആനന്ദം കണ്ടെത്തിയിരുന്നു. കൃഷ്ണനെപ്പോലെ നാണുവെന്ന കുമാരനും ഓടക്കുഴല്‍ വായിക്കുമായിരുന്നു. മധുരമായ ഈണത്തില്‍ ഭഗവാന്റെ സ്തുതി ഗീതങ്ങള്‍ സ്വയം രചിച്ച് പാടുമായിരുന്നു.

ഒരിയ്ക്കല്‍ മരക്കൊമ്പിലിരുന്നു പാട്ടു പാടുന്ന നാണുവിന്റെ ശബ്ദം അവന്റെ അമ്മാവന്‍ ശ്രവിച്ചു കൊണ്ടിരുന്നു. നിശബ്ദതയുടെ പരിശുദ്ധിയില്‍ പാട്ടു തീരുന്നവരെ അമ്മാവനും ആ ഗാനം മനസില്‍ ആലപിച്ചിരുന്നു. നാണം കുണുങ്ങിയായിരുന്ന നാണുവിന്റെ സമീപമെത്തി ആരാണ് ഈ ഗാനം പഠിപ്പിച്ചതെന്നു ചോദിച്ചു. അവന്‍ ആ ഗാനം സ്വയം രചിക്കുകയും പാടുകയുമായിരുന്നുവെന്നു അമ്മാവന്‍ മനസിലാക്കി. നാണുവിനെ പാട്ടു പഠിപ്പിക്കാനായി ഒരു ഗുരുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അക്കാലങ്ങളില്‍ ആ കുമാരന്‍ പൂക്കള്‍ നിറഞ്ഞ പൂന്തോട്ടത്തില്‍ കൂടി നടന്നു പ്രകൃതിയുമായി സല്ലാപത്തിലേര്‍പ്പെടുമായിരുന്നു. കായ്കളും കനികളും വിത്തു മുളയ്ക്കുന്നതും സസ്യലതാതികളും കണ്ടുകൊണ്ടുള്ള ജീവിതവും അദ്ദേഹത്തിന്‍റെ കൗമാര കൊച്ചു ലോകത്തിലുണ്ടായിരുന്നു.

അക്കാലങ്ങളിലെ ആചാരങ്ങളനുസരിച്ച് വരന്റെ പെങ്ങള്‍ വരന്റെ അഭാവത്തിലും ഒരു താലിമാല വധുവിന്റെ കഴുത്തില്‍ അണിയിച്ചാല്‍ വിവാഹമാകുമായിരുന്നു. 1882­ല്‍ നാണു ആശാന്റെ വിവാഹവും അങ്ങനെയുള്ള ആചാരത്തില്‍ നടന്നു. എല്ലാ കുടംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുത്തിരുന്നു. ചരിത്ര രചയിതാക്കള്‍ ഗുരുവിന്റെ വൈവാഹിക ജീവിതത്തെപ്പറ്റി അറിഞ്ഞുകൂടെന്നും ഭാവിക്കുന്നു. നാണു ആശാന്‍ പിന്നീട് സ്വന്തം വീട്ടില്‍ പോവില്ലായിരുന്നു. രണ്ടു മാസങ്ങള്‍ക്കു ശേഷം അദ്ദേഹം സ്ഥിരമായി നാടു വിട്ടു സന്യാസിയായി.

നാണു ആശാന്‍ സത്യത്തെ തേടി ഒരു ദേശാടന സന്യാസിയായി നാടു ചുറ്റാന്‍ തുടങ്ങി. വനങ്ങളിലും ഗുഹകളിലും സമുദ്ര തീരങ്ങളിലും അമ്പല നടകളിലും രാത്രികാലങ്ങളില്‍ അഭയം കണ്ടെത്തിയിരുന്നു. വിശക്കുമ്പോള്‍ അപരിചിതര്‍ നീട്ടുന്ന ഭക്ഷണം കഴിക്കുമായിരുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന കാലഘട്ടത്തില്‍ അദ്ദേഹം പണ്ഡിതനായ ആയുര്‍വേദ ഭിഷ്വഗ്രന്‍ പെരുന്നള്ളി കൃഷ്ണ വൈദ്യരൊപ്പം താമസിച്ചു. അവിടെ നിന്ന് അപൂര്‍വ മെഡിക്കല്‍ ഗ്രന്ഥങ്ങള്‍ വായിച്ച് അറിവ് നേടി. ചട്ടമ്പി സ്വാമിയെ അവിടെ വെച്ചാണ് കണ്ടുമുട്ടിയത്­. പിന്നീടുള്ള കാലങ്ങളില്‍ ഈ രണ്ടു ഗുരുക്കന്മാര്‍ തമ്മില്‍ വലിയ ചങ്ങാതികളായിരുന്നു. 1884­ല്‍ പ്രസിദ്ധനായ യോഗാ ഗുരു തയ്ക്കാട്ടു അയ്യാവൂവിനെ കണ്ടുമുട്ടുകയും അദ്ദേഹത്തില്‍ നിന്ന് യോഗാ വിദ്യാ വശമാക്കുകയും ചെയ്തു. ഗുരുദേവന്റെ പിതാവ് മദനന്‍ ആശാന്‍ 1884­ല്‍ മരിച്ചു. മരുതുവാ മലയുടെ ഉപരി ഭാഗത്തുള്ള പിള്ളതടം ഗുഹയില്‍ ഗുരു ദേവന്‍ തപസനുഷ്ടിച്ചിരുന്നു. അവിടം സത്യം അന്വേഷിക്കാന്‍ അനുയോജ്യമായ ഭൂപ്രദേശമെന്നും ഗുരു മനസിലാക്കിയിരുന്നു. കായ് കനികള്‍ ഭക്ഷിച്ചും മലകളില്‍ നിന്നു വരുന്ന നീരുറവകളില്‍ നിന്ന് വെള്ളം കുടിച്ചും അദ്ദേഹം തപസനുഷ്ടിച്ചിരുന്നു. ഒരേ നില്‍പ്പില്‍ അനേക മണിക്കൂറുകള്‍ നിന്നുകൊണ്ട് ശിവനെ ഭജിക്കുമായിരുന്നു.

ദൈവത്തിന്റെ പേരില്‍ നടക്കുന്ന ചൂഷണങ്ങളെയും അനീതികളെയും ഗുരുവിനു ഉള്‍ക്കൊള്ളാന്‍ സാധിച്ചിരുന്നില്ല. അതിനു ഒരു ശ്വാശ്വതമായ പരിഹാരം തേടാനും ഗുരു ആഗ്രഹിച്ചു. ഗ്രാമങ്ങളും താഴ്വരകളും കുന്നുകളും ഗുരു കാല്‍ നടയായി സഞ്ചരിച്ച് നാനാ വിധ ജനങ്ങളുമായി ഇക്കാര്യം ചര്‍ച്ചകള്‍ നടത്തുന്നുണ്ടായിരുന്നു. അവരുമായി ഒപ്പം താമസിക്കുകയും ധ്യാനങ്ങളില്‍ പങ്കു ചേരുകയും ചെയ്തു. അവര്‍ണ്ണ ജാതികള്‍ക്ക് പ്രവേശിക്കാവുന്ന സ്വന്തമായി അമ്പലങ്ങള്‍ പണിയുകയാണ് യുക്തമായ മാര്‍ഗമെന്നും അദ്ദേഹം മനസിലാക്കി. അമ്പലങ്ങള്‍ മൂലമാണ് മനുഷ്യന് ഐത്യം കല്പ്പിക്കുന്നതെങ്കില്‍ അതേ അമ്പലങ്ങളെ എല്ലാ ജാതികള്‍ക്കും പ്രവേശനമുള്ള ദൈവത്തിന്റെ ആലയങ്ങളായി പുനരുദ്ധരിക്കാനും ഗുരു തീരുമാനിച്ചു.

അവര്‍ണ്ണര്‍ ഭൂരിഭാഗമായിരുന്നെങ്കിലും അവരെ സമൂഹത്തിന്റെ എല്ലാ തലങ്ങളില്‍ നിന്നും ഐത്യം കല്പ്പിച്ച് മാറ്റി നിര്‍ത്തിയിരുന്നു. വര്‍ണ്ണ വ്യവസ്ഥകളും തൊട്ടു കൂടാ സ്ഥിതി വിശേഷങ്ങളും തലമുറകളായി നില നിന്നിരുന്നു. യാതൊരു പരാതിയുമില്ലാതെ കന്നുകാലികളെ പോലെയുള്ള ഒരു ജീവിതമായിരുന്നു അവര്‍ നയിച്ചിരുന്നത്. മാനസികമായ വളര്‍ച്ചക്കുതകുന്ന എല്ലാത്തരം വിദ്യകളും അവര്‍ക്ക് നിരസിച്ചിരുന്നു. അവരുടെതായ ഭാഷാ ശൈലിയല്ലാതെ സംസ്ക്കാരമുള്ള വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ സാധിക്കില്ലായിരുന്നു. അവരുടെ വേഷങ്ങളും പെരുമാറ്റങ്ങളും സംസാരവും സവര്‍ണ്ണ ജാതികളുടെ മുമ്പില്‍ താഴ്മയായി വേണമായിരുന്നു. അവര്‍ സവര്‍ണ്ണരോട് സംസാരിക്കുമ്പോള്‍ താണവരെന്ന നിലവാരത്തില്‍ വേണമായിരുന്നു. അവര്‍ണ്ണരുടെ താല്പ്പര്യമനുസരിച്ചുള്ള വീടുകള്‍പോലും പണിയാന്‍ അനുവാദമുണ്ടായിരുന്നില്ല. പൊതുവഴികളില്‍ സ്വതന്ത്രമായി നടക്കാനും സാധിക്കില്ലായിരുന്നു. സ്ത്രീകള്‍ക്ക് മാറിടം മറയ്ക്കാനോ, സ്വര്‍ണ്ണാഭരണം ഇടുവാനോ അനുവാദമുണ്ടായിരുന്നില്ല. കൂടാതെ അന്യായമായ നികുതിയും അവര്‍ക്ക് ചുമത്തിയിരുന്നു. ചെറിയ കുറ്റങ്ങള്‍ക്കു പോലും ­ ക്രൂരമായി അവരെ ദേഹോപദ്രവം ചെയ്തു ശിക്ഷിക്കുമായിരുന്നു.

അദ്വൈതത്തിലും വേദാന്ത തത്ത്വങ്ങളിലും പേരും പെരുമയുമാര്‍ജിച്ച ആദി ശങ്കരന്റെ നാട്ടില്‍ വര്‍ണ്ണ വ്യവസ്ഥകളില്‍ വിവിധ ജാതികള്‍ക്കായി ദൈവങ്ങളെ തന്നെ തരം തിരിച്ചിരിക്കുകയാണ്. ശിവനും ഗണേശനും പാര്‍വതിയും സുബ്രഹ്മണ്യവും ആര്യ ദൈവങ്ങളുടെ കുത്തകയാക്കിക്കൊണ്ട് അവര്‍ണ്ണര്‍ക്ക് വന്ദിക്കാന്‍ പാടില്ലായെന്ന ബ്രാഹ്മണ മാമൂലുകളും നിലവിലുണ്ടായിരുന്നു. അവര്‍ണ്ണര്‍ക്കു താണ ദൈവങ്ങളെ ആരാധിക്കാനെ സാധിച്ചിരുന്നുള്ളൂ.അമ്പല നടകളുടെ സമീപം പോലും അവര്‍ണ്ണര്‍ വരാന്‍ അനുവദനീയമല്ലായിരുന്നു. എന്നാല്‍ അവര്‍ നല്കുന്ന പണം യാതൊരു സങ്കോജവും കൂടാതെ മേടിക്കുന്നതിനും സവര്‍ണ്ണര്‍ക്ക് പ്രശ്‌നമില്ലായിരുന്നു. ചാത്തനും മാടനും യക്ഷിയും അവര്‍ണ്ണരുടെ ദൈവങ്ങളായിരുന്നു. ആരാധന രീതികള്‍ക്കും വ്യത്യാസമുണ്ടായിരുന്നു. സവര്‍ണ്ണര്‍ പൂക്കളും ഫലങ്ങളും നല്ല രുചിയുള്ള ഭക്ഷണവും ദൈവത്തിന് അര്‍പ്പിച്ചിരുന്നു. അതേ സമയം അവര്‍ണ്ണര്‍ വിചിത്രവും ക്രൂരവുമായ രീതിയിലായിരുന്നു ദൈവങ്ങള്‍ക്ക് ആര്‍ച്ചനകള്‍ നല്കിയിരുന്നത്. മൃഗങ്ങളുടെ രക്തവും ചാരായവും ലഹരി നല്കുന്ന മറ്റു വസ്തുക്കളും ചാത്തന്‍ സേവയ്ക്ക് അര്‍പ്പിക്കണമായിരുന്നു. ആരാധനയ്ക്കു ശേഷം വിശുദ്ധ ഭക്ഷണമായി ലഹരി പദാര്‍ത്ഥങ്ങളുള്‍പ്പടെ അവര്‍ക്ക് ഭക്ഷിക്കുകയും ചെയ്യണമായിരുന്നു. അവരുടെ ആചാരമുറകള്‍ താഴ്ത്തി കാണിക്കാന്‍ സവര്‍ണ്ണര്‍ നിര്‍ദേശിച്ച ആരാധന സമ്പ്രദായമായിരുന്നു അവര്‍ണ്ണരായവര്‍ പിന്തുടര്‍ന്നിരുന്നത്. ആരാധന ക്രമങ്ങളില്‍ക്കൂടി അവരില്‍ അപകര്‍ഷാ ബോധവും താണവരെന്ന ചിന്തകളും ഉത്തേജിപ്പിക്കാന്‍ സവര്‍ണ്ണര്‍ക്കു കഴിഞ്ഞുവെന്നതാണ് സത്യം. അങ്ങനെ അവര്‍ യജമാനനു തുല്യമായുള്ള 'സമത്വം' അവര്‍ണ്ണര്‍ക്കു നല്കാന്‍ ചിന്തിക്കില്ലായിരുന്നു. എന്നും അവരുടെ കീഴാളര്‍ എന്ന മാനസികാവസ്ഥ താണ ജാതികളില്‍ ഉണ്ടാവുകയും ചെയ്തു.

അമ്പലങ്ങള്‍ പൂജാരികളുടെയും സവര്‍ണ്ണ ജാതികളുടെയും നിയന്ത്രണത്തിലായതു കൂടാതെ രാജ്യ ഭരണ സംവിധാനങ്ങളും അവര്‍ കൈവശമാക്കി. ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ സവര്‍ണ്ണരും പൂജാരികളും വഴി മാത്രമേ ലഭിക്കുകയുള്ളൂവെന്ന ഒരു മാനസികാവസ്ഥ അവര്‍ണ്ണരുടെ മനസിലുമുണ്ടായി. ദൈവ പ്രീതി ലഭിക്കാന്‍ അവര്‍ണ്ണരായവര്‍ സവര്‍ണ്ണര്‍ക്ക് കീഴ്‌പ്പെട്ടു ജീവിച്ചിരുന്നു. അവഹേളനവും ലജ്ജാവഹവുമായ ജീവിതം സാഹചര്യ സമ്മര്‍ദ്ദം മൂലം നയിക്കേണ്ടിയും വന്നു. അമ്പലങ്ങളില്‍ പ്രവേശനമില്ലാതെയും ഇഷ്ട ദൈവത്തെ തൊഴാന്‍ സാധിക്കാതെയും പ്രതീക്ഷകളില്ലാതെയുള്ള ജീവിതം തള്ളി നീക്കി. സവര്‍ണ്ണര്‍ക്ക്കീഴ്‌പ്പെട്ടു ജീവിക്കുകയെന്നത് അവര്‍ണ്ണരായവരുടെ ജീവിതത്തിന്റെ ഭാഗമായി കരുതി ചിന്തിച്ചു പോന്നു. സവര്‍ണ്ണരെ അനുസരിച്ചാലെ ഐശ്വര്യം ഉണ്ടാവുകയുള്ളൂവെന്ന മാനസിക ബോധം അവരില്‍ സൃഷ്ടിക്കപ്പെട്ടു. അവര്‍ണ്ണരുടെ ഇടയില്‍ വന്നു പെട്ട ഈ മാനസികാവസ്ഥ ഇല്ലാതാക്കാനും ശ്രീ നാരായണ ഗുരു ശ്രമിച്ചുകൊണ്ടിരുന്നു.

1888­ല്‍ തിരുവനന്തപുരം സമീപമുള്ള അരുവിപുരത്തു ആദ്യമായി അമ്പല പ്രതിഷ്ഠയും ശിവന്റെ വിഗ്രഹവും ഗുരുവിന്റെ സാമിപ്യത്തില്‍ സ്ഥാപിച്ചു. നൂറുകണക്കിന് ഭക്ത ജനങ്ങള്‍ അന്നവിടെ സമ്മേളിച്ചിരുന്നു. 'ജാതിയും മത വിദ്വേഷവുമില്ലാതെ മനുഷ്യരെല്ലാം സഹോദരങ്ങളായി, നന്മയുടെ വഴിയേ മാതൃകാപരമായി വാഴുന്ന പുണ്യ സങ്കേത' മെന്ന് ഗുരു അമ്പലത്തിന്റെ ഭിത്തിയില്‍ എഴുതി. കേരളത്തില്‍ അതിനുശേഷം ഒരു സാമൂഹിക വിപ്ലവം തന്നെ പൊട്ടി പുറപ്പെട്ടു. കാട്ടുതീ പോലെ വാര്‍ത്ത എവിടെയും പരന്നു. ഒരു അവര്‍ണ്ണന്‍ അമ്പലത്തിനു മുപ്പത്തിരണ്ടടി ദൂരെ നില്‍ക്കണമെന്നുള്ള സാമൂഹിക വ്യവസ്ഥയ്ക്ക് പുത്തനായി പ്രതിഷ്ടിച്ച ശിവ പ്രതിമയും അമ്പലവും ഒരു വെല്ലുവിളിയായി മാറി. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബ്രാഹ്മണ പുരോഹിത നേതൃത്വത്തിനെ വിദ്വേഷം പിടിപ്പിക്കത്തക്ക വിധം അതൊരു വെല്ലുവിളിയായിരുന്നു. പണ്ഡിതനായ ഒരു ബ്രാഹ്മണന്‍ ഗുരുവിനെ ചോദ്യം ചെയ്തുകൊണ്ട് 'ബ്രാഹ്മണനല്ലാത്ത താങ്കള്‍ക്ക് അമ്പല പ്രതിഷ്ഠ നടത്താന്‍' എന്തവകാശമെന്നു ചോദിച്ചു. 'ഞങ്ങളുടെ ശിവനെ ഞങ്ങള്‍ പ്രതിഷ്ടിച്ചു. അത് പാടില്ലായെന്ന വേദ വാക്യം എവിടെയെന്നും' ഗുരു മറു ചോദ്യം ആ ബ്രാഹ്മണനോട് ചോദിച്ചു. പണ്ഡിതനായ ആ ബ്രാഹ്മണന് വേദ ശാസ്ത്രങ്ങള്‍ പറയുംപ്രകാരം മറുപടി പറയാന്‍ കഴിഞ്ഞില്ല. അതിനു ശേഷം നാരായണ ഗുരു ഗ്രാമങ്ങള്‍ തോറും യാത്ര ചെയ്ത് ഒരു സന്യാസിയായ ജീവിതമായിരുന്നു പിന്തുടര്‍ന്നത്. പിന്നീട് ഒരു സ്കൂള്‍ അദ്ധ്യാപകനായും സാമൂഹിക, മത പരിഷ്കര്‍ത്താവായും അറിയപ്പെട്ടു. ജാതി മത വര്‍ഗ ഭേദമേന്യേ സാധുക്കളായ കുട്ടികള്‍ക്കും അനാഥര്‍ക്കുമായി വര്‍ക്കലയില്‍ ഒരു സംസ്കൃത സ്കൂള്‍ തുടങ്ങി. തൃശൂര്‍, കണ്ണൂര്‍, അഞ്ചുതെങ്ങ്, തലശേരി, കോഴിക്കോട് മുതലായ സ്ഥലങ്ങളില്‍ അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ അമ്പലങ്ങളും നിര്‍മ്മിച്ചു. ശാരദാ ദേവിയുടെ പേരില്‍ 1912 ­ല്‍ ശിവഗിരിയില്‍ ഒരു അമ്പലവും പണുതു. ആഗോള സാഹോദര്യം മുദ്രാവാക്യമാക്കി ആലുവയില്‍ 1921 ­ല്‍ ഒരു അദ്വൈതാശ്രമവും സ്ഥാപിച്ചു.

ശ്രീ നാരായണ ഗുരുവിന്റെ പ്രസംഗങ്ങളുംതത്ത്വ ചിന്തകളും പ്രവര്‍ത്തികളും യാഥാസ്ഥിതികരായ ഉന്നത ജാതികളില്‍ എതിര്‍പ്പുണ്ടാക്കിക്കൊണ്ടിരുന്നു. ഒരുവന്റെ ആഗ്രഹമനുസരിച്ചുള്ള ദേവനെ വന്ദിക്കുകയെന്നത് ഒരു മതവിശ്വാസിയുടെ മൗലിക തത്ത്വമെന്നും ഗുരു വിശ്വസിച്ചിരുന്നു. ദൈവത്തിന്റെയും മരണ മണി മുഴുക്കുന്ന പുരോഹിത കപടരായവരുടെയും മദ്ധ്യേ നിലവിലുണ്ടായിരുന്ന മറ അവിടെ തകര്‍ക്കപ്പെടുകയായിരുന്നു. ആഗോള സാഹോദര്യത്തിനുള്ള ആദ്യത്തെ ചവുട്ടു പടിയായി ഗുരു പ്രതിഷ്ടിച്ച ശിവ പ്രതിഭയെ അന്ന് ഭക്ത ജനങ്ങള്‍ ദര്‍ശിച്ചു. ഗുരു, അമ്പല ഭിത്തിയില്‍ ലിഖിതം ചെയ്ത ശ്ലോകം ശിവനെ ആരാധിക്കുക മാത്രമായിരുന്നില്ല, ഒപ്പം സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്നീ മൗലിക ചിന്തകളുടെ അടിസ്ഥാന തത്ത്വങ്ങളും മാനവിക ചൈതന്യവും അവിടെ പ്രസരിച്ചിരുന്നു. ഗുരുവില്‍ അന്ന് ദര്‍ശിച്ചത് വര്‍ഗ വിവേചനത്തിനെതിരെയുള്ള ഒരു വിളംബരം കൂടിയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി അറുപതില്‍പ്പരം അമ്പലങ്ങള്‍ അക്കാലങ്ങളില്‍ പ്രതിഷ്ഠിക്കുകയുണ്ടായി. അമ്പലങ്ങളുടെ ചുറ്റുപാടുമായി ജനങ്ങള്‍ക്ക് വിദ്യയും നല്കിയിരുന്നു. ദേവീ ദേവന്മാര്‍ ഒരു പ്രത്യേക ജാതിയുടെയോ പുരോഹിതരുടെയോ കുത്തകയല്ലെന്നുള്ള ബോധോദയം ജനങ്ങളില്‍ ഉണ്ടാകാന്‍ തുടങ്ങി. അതിനായി ഗുരു അവര്‍ണ്ണരെയും അമ്പല പൂജാദികള്‍ പഠിപ്പിക്കാന്‍ തുടങ്ങി. സംസ്കൃത പണ്ഡിതനായ ഗുരുവിന്റെ നേതൃത്വത്തില്‍ അവര്‍ണ്ണര്‍ക്കായും ജാതി മത ഭേദമില്ലാതെ എല്ലാ മതത്തിലുള്ളവര്‍ക്കായും സംസ്കൃത സ്കൂളുകളും ആരംഭിച്ചു. മത കാര്യങ്ങളില്‍ താല്പര്യമുള്ള അവര്‍ണ്ണരായ കുട്ടികള്‍ ഗുരുവിന്റെ വിദ്യാലയങ്ങളില്‍ നിന്നും ആത്മീയ പാത തെരഞ്ഞെടുക്കുകയും ചെയ്തു. ഉപനിഷത്തുകളും വേദങ്ങളും അവര്‍ നല്ലവണ്ണം ഉരുവിടുമായിരുന്നു.

അമ്പലങ്ങളില്‍ ശിവനെ പ്രതിഷ്ഠിക്കുന്നതൊപ്പം ദളിതരുടെ പ്രാകൃത ദൈവങ്ങളായ ചാത്തനെയും യക്ഷിയേയും ആ പ്രദേശങ്ങളില്‍ നിന്ന് നീക്കവും ചെയ്യുന്നുണ്ടായിരുന്നു. പകരം ശിവനെയും സുബ്രഹ്മണിയനെയും പ്രകൃതിയുടെ ദൈവങ്ങളെയും പ്രതിഷ്ടിച്ചു. ജനങ്ങളുടെ ജീവിത രീതികളിലുള്ള ചിന്താഗതികള്‍ക്കു മാറ്റങ്ങള്‍ ആവശ്യമെന്നു ഗുരു ചിന്തിച്ചു. ദളിതരുടെ രക്തക്കുടിയരായ ദേവന്മാരും പരദേവതകളും മൃഗ ബലികളും ലഹരി ഉപയോഗിക്കുന്ന ദേവതകളും ദളിത പുരോഗതിയ്ക്ക് സഹായകമാകില്ലെന്നും ഗുരു മനസിലാക്കിയിരുന്നു. ഈ ദൈവങ്ങളെ പൂജിക്കുക വഴി ദളിതര്‍ അപരിഷ്ക്രുതമായി തന്നെ ജീവിതം തുടരുമെന്നും ചിന്തിച്ചു. പഴയവ മറന്ന് മനുഷ്യര്‍ പ്രാകൃത ദൈവങ്ങളെ പരിത്യജിച്ച് നവീകരണ മനസ്ഥിതി സൃഷ്ടിക്കാന്‍ ഗുരുവിന്റെ പ്രയത്‌നങ്ങള്‍ സഫലമായിക്കൊണ്ടിരുന്നു.

തനതായ വ്യക്തിത്വത്തെ തിരിച്ചറിയാനും മനുഷ്യരെയെല്ലാം സാഹോദര്യത്തോടെ കാണാനും ബഹുമാനിക്കാനും ഗുരുവിന്റെ സന്ദേശങ്ങള്‍ പ്രയോജനപ്പെട്ടു. നാല്‍പ്പതില്‍പ്പരം വര്‍ഷങ്ങള്‍ അദ്ദേഹത്തിന്‍റെ മിഷനറി പ്രവര്‍ത്തനങ്ങള്‍ സമൂഹ താല്‍പര്യങ്ങള്‍ക്കായി തുടര്‍ന്നു കൊണ്ടിരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ ഗുരു സന്ദേശങ്ങളില്‍ ആകൃഷ്ടരായിരുന്നു. സാമൂഹിക പരിഷ്കര്‍ത്താക്കളും, സ്വാതന്ത്ര്യ സമര യോദ്ധാക്കളും, വിദ്യാഭ്യാസ പ്രവര്‍ത്തകരും, ചിന്തകരും, കവികളും, പത്ര പ്രവര്‍ത്തകരും സമൂഹത്തില്‍ പരിത്യാഗങ്ങള്‍ സഹിച്ചവരും അക്കൂടെയുണ്ടായിരുന്നു. ഉപദേശങ്ങള്‍ക്കായി നാനാ ദിക്കില്‍ നിന്നും ജനങ്ങള്‍ ആദ്ദേഹത്തെ സമീപിച്ചിരുന്നു. 1936­ല്‍ എല്ലാ ജാതികള്‍ക്കും അമ്പലങ്ങളില്‍ പ്രവേശിക്കാമെന്നുള്ള രാജ വിളംബരം ഉണ്ടായതും അദ്ദേഹത്തിന്‍റെ വിപ്ലവ ചൈതന്യത്തിന്റെ പ്രത്യാഘാതമായിരുന്നു. അമ്പലങ്ങള്‍ പണിയുന്നത് ലളിതമായിരിക്കണമെന്നും ഉപദേശിക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ കാലങ്ങളില്‍ പണം ചെലവഴിച്ച് ആഡംബര രീതികളില്‍ നാടാകെ അമ്പലങ്ങള്‍ പണിയുന്ന പ്രവണതയുണ്ടായിരുന്നു. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അമിതമായി പണം ചെലവാക്കരുതെന്നും നിര്‍ദ്ദേശിച്ചിരുന്നു. അമ്പലത്തിനു സമീപം സ്കൂളുകളും, വായനശാലയും, സമൂഹ നന്മയ്ക്കായി ചെറു കിട വ്യവസായങ്ങളും സ്ഥാപിക്കാന്‍ നേതൃത്വവും നല്കിയിരുന്നു. ആരാധാനാലയത്തിനൊപ്പം വിദ്യ നേടാനും തൊഴില്‍ നേടാനുമുള്ള അവസരങ്ങള്‍ നല്കിക്കൊണ്ട് ഒരു സാമൂഹിക വിപ്ലവം ജനങ്ങളുടെ മനസില്‍ സൃഷ്ടിക്കാനും കഴിഞ്ഞു.

"ഞാന്‍ പ്രത്യേകമായ ഒരു ജാതിയുടെ ദൈവത്തെയല്ല നിങ്ങള്‍ക്ക് നല്കുന്നത്, എന്നാല്‍ ദൈവത്തെ അന്വേഷിക്കുന്ന സര്‍വര്‍ക്കും ആ ദൈവമുണ്ട്, വാതില്‍ക്കല്‍ മുട്ടുന്നവരായ ഏവര്‍ക്കും ദൈവത്തിന്റെ പരിപാവനമായ അമ്പല വാതിലുകള്‍ തുറക്കപ്പെടുമെന്ന്" ഗുരു പറയുമായിരുന്നു. കുറച്ചു പേര്‍ കേട്ടു. സംശയിച്ചു. കവാടത്തില്‍ പ്രവേശിക്കാതെ വാതിലടച്ച് അവര്‍ മടങ്ങി പോയി. മറ്റു ചിലരും കേട്ടു. തലകള്‍ കുനിച്ചുകൊണ്ട് അമ്പല വാതില്‍ തുറന്നുകൊണ്ട് അകത്തു പ്രവേശിച്ചു. ഗുരു വീണ്ടും പറഞ്ഞു, "നിങ്ങള്‍ക്ക് ഈ അമ്പലങ്ങള്‍ മതി. സവര്‍ണ്ണരായവരുടെ അമ്പല ദൈവങ്ങളില്‍ മനുഷ്യനുള്ള വിശ്വാസം നശിച്ചു. അമ്പല നിര്‍മ്മതികള്‍ക്കായി ചെലവഴിക്കുന്ന പണം നിരര്‍ത്ഥകമെന്നും പാഴായ ചെലവുകളെന്നും ജനങ്ങള്‍ക്ക് ബോധ്യമാകാന്‍ തുടങ്ങി. ദൈവത്തെ എവിടെയും ആരാധിക്കാന്‍ സാധിക്കും. അവിടുത്തേയ്ക്ക് ഒരു ചെറിയ പ്രാര്‍ത്ഥനാലയം മതിയാകും. അത് പണിയാനും സംരക്ഷിക്കാനും എളുപ്പമുണ്ട്. ഈ ബിംബങ്ങള്‍ നമുക്കാവശ്യമില്ല. ആദര്‍ശങ്ങളാണ് മനുഷ്യ ജീവിതത്തിനു വേണ്ടത്. ഉത്കൃഷ്ട മാതൃകയാണ് നമ്മെ നയിക്കേണ്ടത്. സത്യം നമ്മുടെ മുദ്രാവാക്യമായിരിക്കണം. മറ്റുള്ളവരെ സ്‌നേഹിക്കുകയും നന്മയുടെ അമ്പല കവാടങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ടിക്കുകയും വേണം. ലോകത്തിലെ എല്ലാ ബിംബങ്ങളെക്കാളും ശ്രേഷ്ഠമായതും അതായിരിക്കും."

ഗുരു, അമ്പലങ്ങള്‍ക്കു ചുറ്റും സ്കൂളുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി. മലയാളവും തമിഴും ഇംഗ്ലീഷും സംസ്കൃതവും സ്കൂളുകളില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. തയ്യല്‍, കയറുകള്‍ ഉണ്ടാക്കല്‍, കയറ്റു പാ, മുതലായ കുടില്‍ വ്യവസായങ്ങളും ആരംഭിച്ചു. ഒരു അമ്പല പൂജാ വേളയില്‍ അദ്ദേഹത്തെ ക്ഷണിക്കാന്‍ വന്നവരോടായി 'ഒരു പ്രകാശിക്കുന്ന വിളക്കു മാത്രം അവിടെ പ്രകാശിപ്പിച്ചാല്‍ മതിയില്ലേ'യെന്നു ചോദിച്ചു. 'ദൈവം സത്യവും പ്രകാശമാകുന്നു'വെന്നും ഗുരു പറഞ്ഞു. തൃശ്ശൂര്‍ കരമുക്കു അമ്പലത്തില്‍ അദ്ദേഹം ആഗതനായപ്പോള്‍ 'തമസോ മ ജ്യോതി ഗമയാ' എന്ന ഉപനിഷത്തിലെ പ്രസിദ്ധമായ ശ്ലോകം ചൊല്ലി.

ശ്രീ നാരായണ ഗുരു തുടങ്ങി വെച്ച ആദ്ധ്യാത്മിക വിപ്ലവം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരങ്ങള്‍ക്കും ഉത്തേജനമായിരുന്നു. നാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ ഉയര്‍ന്ന ജാതികളുടെ അഹങ്കാരത്തിനു ശമനമാകാന്‍ കാരണമായി. സാമൂഹികവും മതപരവുമായ ജീവിതത്തില്‍ ദളിതരുടെ നിലവാരം ഉയരുകയും ചെയ്തു. വര്‍ണ്ണ ജാതികളുടെ ചൂഷണത്തിനെതിരെ അക്രമവും കലാപവുമില്ലാത്ത ഒരു വിപ്ലവം അദ്ദേഹത്തിനു നയിക്കാന്‍ സാധിച്ചു. ചൂഷകരെ നശിപ്പിക്കാതെ ചൂഷണം അവസാനിപ്പിക്കാന്‍ സാധിച്ചു. അതുമൂലം ചൂഷകരും ചൂഷകരായവരും ഒരു പോലെ സാമൂഹിക സാമ്പത്തിക, ബൌദ്ധിക നിലവാരങ്ങളില്‍ ഉയര്‍ന്നു.

1928 സെപ്റ്റംബര്‍ ഇരുപതാം തിയതി മഹാനായ ശ്രീ നാരായണ ഗുരു സമാധിയടഞ്ഞു. ഗുരുവിന്റെ ഓര്‍മ്മകള്‍ പുതുക്കിക്കൊണ്ട് ആ ദിനം ആത്മീയതയുടെ പരിമളമായി ഭക്തര്‍ ആഘോഷിച്ചു വരുന്നു. ഭൌതികമായി ഈ ലോകത്തില്‍നിന്നും ഗുരു പോയെങ്കിലും കോടാനുകോടി അനുയായികളില്‍ അദ്ദേഹത്തിന്‍റെ ചൈതന്യം കുടികൊള്ളുന്നുണ്ട്. വര്‍ക്കലയിലുള്ള ശിവഗിരിയില്‍ സമാധി മന്ദിരം നിലകൊള്ളുന്നു. കേരളത്തിന്റെ അപരിഷ്കൃതമായ സാമൂഹിക വ്യവസ്ഥിതികളെ തുടച്ചു മാറ്റിയ ആ മഹാത്മാവിന്റെ കുടീരത്തിന്റെ മുമ്പില്‍ ദിനം പ്രതി ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ വന്നെത്താറുണ്ട്. (തുട­രും)
ശ്രീനാരായണ ഗുരുവിന്റെ മതാതീത ആത്മീയതയും കീഴാളര്‍ വിമോചനവും ( ദളിതരുടെ ചരിത്രം, ഒരു പഠനം (ലേഖനം­ ­-6: ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
SchCast 2016-03-30 10:17:58
Great article. There is no doubt that Sri Narayana Guru is the foremost of all philosophers Kerala (even India) ever produced. He is not recognized at national level at par with Guru Nanak or philosophers of the era. Government of India should at least make an effort through the educational medium to promulgate the histroy and teachings of Sir Narayana Guru all accross India. It would probably be the best tribute to an exemplary life of a 'Mahatma'.
Anthappan 2016-03-30 13:36:17
Sree Narayana Guru tried to get the people out of their low thinking by encouraging them to believe that they are not inferior to anyone or superior to anyone.   Unfortunately people like SchCast have no escape. They are trapped eternally.    It is like when Abraham Lincoln   announced freedom for the slaves they didn't understand the meaning of freedom. I feel sorry for SchCast  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക