Image

സ്റ്റാറ്റന്‍ഐലന്റില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കമിട്ടു

ജോയിച്ചന്‍ പുതുക്കുളം Published on 28 January, 2012
സ്റ്റാറ്റന്‍ഐലന്റില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കമിട്ടു
ന്യൂയോര്‍ക്ക്‌: ആദ്ധ്യാത്മിക ചൈതന്യം നിറഞ്ഞുനിന്ന്‌ പ്രൗഡമായ ചടങ്ങില്‍ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച്‌ ഒത്തുകൂടിയ നൂറുകണക്കിന്‌ വിശ്വാസികളെ സാക്ഷിനിര്‍ത്തി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ നോര്‍ത്ത്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ മെത്രാപ്പോലീത്ത ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ കര്‍മ്മം നിര്‍വഹിച്ചുകൊണ്ട്‌ സ്റ്റാറ്റന്‍ഐലന്റിലെ പ്രഥമ ഓര്‍ത്തഡോക്‌സ്‌ ഇടവകയായ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയുടെ പുതിയ ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കംകുറിച്ചു.

പ്രസ്‌തുത ചടങ്ങില്‍ മൈക്കിള്‍ ഗ്രിം (കോണ്‍ഗ്രസ്‌മാന്‍), ജയിംസ്‌ എസ്‌ ഓഡ്ഡോ (കൗണ്‍സില്‍മാന്‍), സഭയിലെ വന്ദ്യ കോറെപ്പിസ്‌കോപ്പമാര്‍, വൈദീക ശ്രേഷ്‌ഠര്‍, ശെമ്മാശന്മാര്‍, ആത്മീയ പ്രമുഖര്‍, ഭദ്രാസന ഭാരവാഹികള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, എക്യൂമെനിക്കല്‍ കൗണ്‍സില്‍ അംഗങ്ങള്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേര്‍ ചരിത്ര മുഹൂര്‍ത്തത്തിന്‌ സാക്ഷ്യംവഹിച്ചു.

ജനുവരി 21-ന്‌ ശനിയാഴ്‌ച രാവിലെ 8 മണിക്ക്‌ ദേവാലയത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ്‌ ചടങ്ങുകള്‍ക്ക്‌ ആരംഭം കുറിച്ചത്‌. തുടര്‍ന്ന്‌ 11 മണിക്ക്‌ പുതിയ ദേവാലയ നിര്‍മ്മാണ സ്ഥലത്ത്‌ താത്‌കാലികമായി നിര്‍മ്മിച്ച പന്തലില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അഭിവന്ദ്യ തിരുമേനി മോര്‍ നിക്കളാവോസ്‌ അധ്യക്ഷതവഹിച്ചു.

ഇടവയുടെ വര്‍ദ്ധിച്ചുവരുന്ന അംഗത്വംമൂലം അനിവാര്യമായ ബഹൃത്തായ ദേവാലയ നിര്‍മ്മാണം ദൈവാശ്രയത്തിലൂന്നിയ കൂട്ടായ പരിശ്രമത്തിലൂടെയും, നിരന്തര പ്രാര്‍ത്ഥനയിലൂടെയും കൈവരിക്കാന്‍ കഴിയുമെന്ന്‌ പ്രത്യാശിക്കുന്നതായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിക്കുന്ന ഇടവകയുടെ സാരഥി റവ.ഫാ. അലക്‌സ്‌ കെ. ജോയി ഉദ്‌ഘാടനത്തിനായി മെത്രാപ്പോലീത്തയെ ക്ഷണിച്ചുകൊണ്ട്‌ നടത്തിയ സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു.

പ്രവാസി സമൂഹത്തിലെ സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക കാല്‍വെയ്‌പ്‌ നടത്തിയ സ്റ്റാറ്റന്‍ഐലന്റ്‌ സെന്റ്‌ ജോര്‍ജ്‌ ദേവാലയം പുരോഗതിയുടെ പുതിയ പന്ഥാവിലെത്തി നില്‍ക്കുന്ന ഈ സുദിനം ഇടവകാംഗങ്ങളുടെ ആത്മസമര്‍പ്പണത്തിന്റേയും വിശ്വാസ സ്ഥിരതയുടേയും തെളിവായി കാണുന്നുവെന്നും, വലിപ്പമേറിയ മന്ദിരത്തിലെന്നതിനുപരി ദൈവത്തെ അനുഭവിച്ചറിയുന്ന ആത്മീയ സ്രോതസ്‌ ആയിത്തീരുവാനും വിശ്വാസികളുടെ അഭയകേന്ദ്രം ആകുവാനും പുതിയ ദേവാലയത്തിനു കഴിയണമെന്ന്‌ മെത്രാപ്പോലീത്ത ഉത്‌ബോധിപ്പിച്ചു. ഗ്രൗണ്ട്‌ ബ്രേക്കിംഗ്‌ കര്‍മ്മത്തിന്‌ മുമ്പായി വിശ്വാസികളെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അഭിവന്ദ്യ സക്കറിയാസ്‌ മാര്‍ നിക്കളാവോസ്‌ തിരുമേനി.

ഈ അനുഗ്രഹീതമായ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞത്‌ ഈശ്വരാനുഗ്രഹം കൊണ്ടാണെന്നും സ്റ്റാറ്റന്‍ഐലന്റിന്റെ നാനാവിധമായ വളര്‍ച്ചയിലും സമസ്‌ത മേഖലകളിലും ഗണ്യമായ സംഭാവന നല്‍കിവരുന്ന, ഉന്നത സംസ്‌കാര മൂല്യം കാത്തുസൂക്ഷിക്കുന്ന മലയാളി സമൂഹവുമായി സഹകരിക്കാന്‍ സാധിക്കുന്നതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്‌ സഹായ സഹകരണങ്ങള്‍ വാഗ്‌ദാനം ചെയ്‌തുകൊണ്ട്‌ കോണ്‍ഗ്രസ്‌മാന്‍ മൈക്കിള്‍ ഗ്രിം, കൗണ്‍സില്‍മാന്‍ ജയിംസ്‌ എസ്‌ ഓഡോ എന്നിവര്‍ ആശംസാ പ്രസംഗത്തില്‍ പറഞ്ഞു.ഇടവകയുടെ മുന്‍ വികാരിമാരായ വെരി റവ. പൗലോസ്‌ ആദായി കോര്‍എപ്പിസ്‌കോപ്പ, റവ.ഫാ. ഫിലിപ്പ്‌ സി. ഏബ്രഹാം എന്നിവരും ആശംസകള്‍ നേര്‍ന്നു.

സെന്റ്‌ ജോര്‍ജ്‌ ദേവാലയത്തിലെ സ്ഥാപകാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. കാലയവനികയ്‌ക്കുള്ളില്‍ മറഞ്ഞുപോയ ആദ്യകാല അംഗങ്ങളെ അനുസ്‌മരിക്കുകയും അവരുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്‌തുകൊണ്ട്‌ ഇടവക സെക്രട്ടറി ജോണ്‍ ചെറിയാന്‍ അവതാരക പ്രസംഗം നടത്തി.

ഈ ചരിത്രമുഹൂര്‍ത്തത്തിന്‌ സാക്ഷ്യംവഹിക്കാനെത്തിയ ഇതര ദേവാലയങ്ങളിലെ പുരോഹിതന്മാരായ റവ.ഫാ. ബേബി ജോണ്‍, റവ.ഫാ. ഡോ. സി.കെ. രാജന്‍, റവ.ഫാ. ആന്‍ഡ്രൂസ്‌ ഇടിക്കുള, റവ.ഫാ. ജോര്‍ജ്‌ ചെറിയാന്‍, ആര്‍ക്കിടെക്‌ട്‌ വാലസ്‌ കുബെക്‌, അറ്റോര്‍ണി റിച്ചാര്‍ഡ്‌ കുറേഷ്‌, നോര്‍ത്ത്‌ ഫീല്‍ഡ്‌ ബാങ്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഐഡാ കാഹില്‍, ഭദ്രാസന കൗണ്‍സില്‍ മെമ്പര്‍ രാജു ഫിലിപ്പ്‌, മാധ്യമ പ്രവര്‍ത്തകരായ മധു രാജന്‍ (അശ്വമേധം), സുനില്‍ ട്രൈസ്റ്റാര്‍ (മലയാളം ഐ.പി.ടിവി), രാജു പള്ളത്ത്‌ (ഏഷ്യാനെറ്റ്‌), ജോസ്‌ കാടാപുറം (കൈരളി) എന്നിവര്‍ക്കും മറ്റ്‌ സഹായസഹകരണം നല്‍കിയ എല്ലാ ആളുകളോടും മലയാളി അസോസിയേഷന്റേയും കേരള സമാജത്തിന്റേയും പ്രസിഡന്റുമാരോടുള്ള പ്രത്യേക നന്ദിയും കടപ്പാടും ഇടവക ട്രസ്റ്റി ഈപ്പന്‍ തോമസ്‌ പ്രകടിപ്പിക്കുകയുണ്ടായി.

പി.ആര്‍.ഒ റെജി വര്‍ഗീസ്‌ അറിയിച്ചതാണിത്‌.
സ്റ്റാറ്റന്‍ഐലന്റില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ ദേവാലയ നിര്‍മ്മാണത്തിന്‌ തുടക്കമിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക