Image

ഒ.സി.ഐ കാര്‍ഡ്‌ പേര്‌ മാറ്റംമൂലം ആനുകൂല്യം കുറയില്ല: മന്ത്രി രവി

emalayalee exclusive Published on 28 January, 2012
ഒ.സി.ഐ കാര്‍ഡ്‌ പേര്‌ മാറ്റംമൂലം ആനുകൂല്യം കുറയില്ല: മന്ത്രി രവി
ന്യൂയോര്‍ക്ക്‌: ഓവര്‍സീസ്‌ സിറ്റിസണ്‍ഷിപ്പ്‌ ഓഫ്‌ ഇന്ത്യ കാര്‍ഡിന്റെ (ഒ.സി.ഐ കാര്‍ഡ്‌) പേര്‌ ഓവര്‍സീസ്‌ ഇന്ത്യന്‍ കാര്‍ഡ്‌ ഹോള്‍ഡര്‍ എന്നാക്കുന്നതുകൊണ്ട്‌ നിലവിലുള്ള ആനുകൂല്യങ്ങള്‍ കുറയില്ലെന്ന്‌ പ്രവാസികാര്യ വകുപ്പ്‌ മന്ത്രി വയലാര്‍ രവി വ്യക്തമാക്കി.

ഒ.സി.ഐ കാര്‍ഡില്‍ സിറ്റിസണ്‍ഷിപ്പ്‌ എന്ന വാക്കുവന്നത്‌ ചില രാജ്യങ്ങളില്‍ പ്രശ്‌നമായി. ജര്‍മ്മനിയില്‍ ഒ.സി.ഐ കാര്‍ഡുള്ളവരുടെ പൗരത്വം തന്നെ റദ്ദാകുമെന്ന സ്ഥിതിവന്നു. ഒടുവില്‍ താന്‍ വിശദീകരണം നല്‍കിയാണ്‌ പ്രശ്‌നം അവസാനിപ്പിച്ചത്‌. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ റിപ്പബ്ലിക്‌ ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്തശേഷം പത്രക്കാരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

ഒ.സി.ഐ കാര്‍ഡ്‌, ആജീവനാന്ത വിസയാണ്‌. എന്നാല്‍ പി.ഐ.ഒ കാര്‍ഡ്‌ ആകട്ടെ 15 വര്‍ഷത്തെ വിസയും. ഗയാനയിലും, ട്രിനിഡാഡിലും മറ്റുമുള്ള ഇന്ത്യന്‍ വംശജരാണ്‌ ഈ സംവിധാനം കൂടുതലായി ഉപയോഗപ്പെടുത്തുന്നത്‌.

ഒ.സി.ഐ കാര്‍ഡിന്റെ പേര്‌ മാറുന്നതോടൊപ്പം അവര്‍ക്കും ഒ.സി.ഐ കാര്‍ഡ്‌ ലഭ്യമാകും. രണ്ടുതരം കാര്‍ഡ്‌ ഇല്ലാതാകും. ഒ.സി.ഐ കാര്‍ഡ്‌ ഉള്ളവരുടെ ആനുകൂല്യം കുറയുകയല്ല, മറ്റുള്ളവര്‍ക്കുകൂടി ആ ആനുകൂല്യം നല്‍കുകയാണ്‌ ചെയ്യുന്നത്‌.

പേരുമാറ്റത്തെക്കുറിച്ച്‌ ആശങ്കയൊന്നും വേണ്ടെന്ന്‌ മന്ത്രി പറഞ്ഞു. ഇന്നലെ വരെ ഇന്ത്യന്‍ പൗരന്മാരായിരുന്നവരും നാലോ അഞ്ചോ തലമുറയ്‌ക്ക്‌ മുമ്പ്‌ ഇന്ത്യയില്‍ നിന്നു പോയവരും തുല്യരാണെന്ന്‌ പുതിയ നിയമം പറയുന്നതില്‍ കുറച്ച്‌ അസാംഗത്യമില്ലേ എന്ന ചോദ്യത്തിന്‌ ഒരു അസാംഗത്യവുമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

റിപ്പബ്ലിക്‌ ദിന സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത മന്ത്രി 62 വര്‍ഷത്തെ ഇന്ത്യയുടെ നേട്ടങ്ങളും കോട്ടങ്ങളും ചിത്രീകരിച്ചു. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കൂട്ടുകക്ഷി ഭരണമാണ്‌ ഇന്ത്യയില്‍ നടക്കുന്നത്‌. അതിനര്‍ത്ഥം കക്ഷികള്‍ തമ്മില്‍ പരസ്‌പരം വിട്ടുവീഴ്‌ച ചെയ്‌തുവേണം ഒന്നിച്ചുനില്‍ക്കണമെന്നാണ്‌. ഭിന്നതകള്‍ക്കിടയിലും, അഭിപ്രായ ഐക്യം സ്വരൂപിക്കാന്‍ അവര്‍ക്കാകുന്നു. സര്‍വ്വോപരി ജനാധിപത്യം നിലനില്‍ക്കണമെന്ന്‌ ജനം ആഗ്രഹിക്കുന്നു.

ഇന്ത്യയിലുള്ളവരേക്കാള്‍ ഇന്ത്യയെപ്പറ്റി കൂടുതല്‍ അറിയാവുന്നത്‌ വിദേശ ഇന്ത്യക്കാര്‍ക്കാണ്‌. ഇന്ത്യയില്‍ വാര്‍ത്തകള്‍ ജനം വായിക്കും മുമ്പേ ഇലക്‌ട്രോണിക്‌ മാധ്യമം മുഖേന വിദേശ ഇന്ത്യക്കാര്‍ വായിച്ചുകഴിഞ്ഞിരിക്കും.

മിക്ക രാജ്യങ്ങളേയും ഗ്രസിച്ച സാമ്പത്തിക പ്രശ്‌നത്തിന്റെ തുടക്കം വാള്‍സ്‌ട്രീറ്റില്‍ നിന്നാണ്‌. പക്ഷെ ഇന്ത്യയെ അത്‌ ബാധിച്ചില്ല. കാരണം നമ്മുടേത്‌ നിയന്ത്രണവിധേയമായ (റഗുലേറ്റഡ്‌) സമ്പദ്‌വ്യവസ്ഥയാണ്‌. ബാങ്കുകള്‍ക്കും മറ്റും തോന്നിയപോലെ പ്രവര്‍ത്തിക്കാനാവില്ല. അതിനു പുറമെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സമര്‍ത്ഥമായ നേതൃത്വവും ഇന്ത്യയ്‌ക്ക്‌ അനുഗ്രഹമായി.

ഇന്ത്യയുടെ മുഖച്ഛായ മാറ്റിയ ജനകീയ പരിപാടിയാണ്‌ മഹാത്മാഗാന്ധി റൂറല്‍ എംപ്ലോയ്‌മെന്റ്‌ പ്രോഗ്രാം. ഗ്രാമങ്ങളിലെ സാധാരണക്കാര്‍ക്കെല്ലാം ജോലി ലഭ്യമാക്കുന്ന പദ്ധതിയാണിത്‌. ഇതു വന്നതോടെ പരമ്പരാഗതമായ പല ജോലികള്‍ക്കും ആളെ കിട്ടാതായി. ഉദാഹരണത്തിന്‌ കേരളത്തിലെ കയര്‍-കശുവണ്ടി മേഖലകള്‍. അവിടെ സ്‌ത്രീ തൊഴിലാളികളെ ജോലിക്കു കിട്ടാനില്ല. ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ സെക്യൂരിറ്റി പ്രോഗ്രാമാണിത്‌- അദ്ദേഹം പറഞ്ഞു.

62 വര്‍ഷമായി നമ്മുടെ രാഷ്‌ട്രീയാധികാരത്തില്‍ കൈവയ്‌ക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന്‌ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. വലിയതോതില്‍ പുരോഗതി നാം കൈവരിക്കുന്നുണ്ടെങ്കിലും ജനപ്പെരുപ്പം മൂലം അതു പൂര്‍ണ്ണമായി ഫലവത്താകുന്നില്ല. യൂറോപ്പിലും മറ്റും പണ്ടും ഇന്നും ഒരേ ജനസംഖ്യയാണ്‌. അതായിരുന്നു ഇന്ത്യയുടെ സ്ഥിതിയെങ്കില്‍ ഇന്ത്യ ആയിരുന്നേനേ ഏറ്റവും സമ്പന്നമായ രാജ്യം.

അഴിമതി ഒരു പ്രശ്‌നം തന്നെയാണ്‌. താഴെ തട്ടിലുള്ള വില്ലേജ്‌ ഓഫീസ്‌ മുതല്‍ അഴിമതിയുണ്ട്‌.അവയ്‌ക്കെതിരായ നടപടികളും ശക്തമാക്കുന്നുണ്ട്‌.

മുല്ലപ്പെരിയാര്‍ പോലുള്ള പ്രശ്‌നങ്ങള്‍ ഇന്ത്യയുടെ ഐക്യത്തെ ബാധിക്കില്ലേ എന്ന സന്ദേഹം ഏഴാംകടലിനക്കരെ നിന്ന്‌ നോക്കുന്നതുകൊണ്ടാണ്‌. ചര്‍ച്ചകള്‍ വഴി ഇത്‌ തീര്‍ക്കാവുന്നതേയുള്ളൂ. വെള്ളം കിട്ടണമെന്ന്‌ തമിഴ്‌നാടും, കൊടുക്കാമെന്ന്‌ കേരളവും പറയുന്നു. പുതിയ അണക്കെട്ട്‌ കെട്ടിയാല്‍ ആര്‌ നിയന്ത്രിക്കുമെന്നത്‌ പ്രശ്‌നമാണ്‌. ഇപ്പോള്‍ തമിഴ്‌നാടിനാണ്‌ അണക്കെട്ടിന്റെ നിയന്ത്രണം- മന്ത്രി ചൂണ്ടിക്കാട്ടി.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതില്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വലിയ പങ്കുവഹിക്കുന്നുവെന്ന്‌ കോണ്‍സല്‍ ജനറല്‍ പ്രഭു ദയാല്‍ ചൂണ്ടിക്കാട്ടി.

യു.എസിലെ മുന്‍ അംബാസിഡര്‍ ലളിത്‌ മാന്‍ സിംഗ്‌ നടത്തിയ പ്രസംഗത്തില്‍ ഇന്ത്യയുടെ പുരോഗതി എടുത്തുകാട്ടി. ഇന്ത്യ തകരാന്‍ പോകുന്നു എന്ന്‌ ആശങ്കപ്പെടുന്നവരുണ്ട്‌. മറ്റു ചിലര്‍ പഴയകാലമാണ്‌ നല്ലതെന്ന്‌ വിലപിക്കുന്നു. എന്നാല്‍ പഴയകാലം ഒരിക്കലും ഇന്നത്തേതിന്‌ തുല്യമല്ല. ഇപ്പോഴാണ്‌ നല്ല കാലം.

ഒറീസയില്‍ 1950-കളില്‍ താന്‍ വിദ്യാര്‍ത്ഥിയായിരിക്കെ മണ്ണെണ്ണ വിളക്കായിരുന്നു വെളിച്ചത്തിനുള്ള ഏക ആശ്രയം. ഗോതമ്പും അരിയും പാലും ഒക്കെ കിട്ടാന്‍ വിഷമമായിരുന്നു. ഇന്ന്‌ സ്ഥിതി മാറി. ഒന്നിനും ദൗര്‍ലഭ്യമില്ല. പണ്ട്‌ ടെലിഫോണ്‍ കണക്ഷന്‍ കിട്ടാനും കാര്‍ കിട്ടാനും പണമടച്ച്‌ ദീര്‍ഘകാലം കാത്തിരിക്കണമായിരുന്നു. ഇന്നിപ്പോള്‍ അങ്ങോട്ടു ചെന്നാല്‍ മതിയെന്നായി സ്ഥിതി. എന്നാല്‍ റോഡുകള്‍ നിറഞ്ഞൊഴുകുന്ന വാഹനങ്ങളും അതില്‍ നിന്നുള്ള പുകയുമെല്ലാം പ്രശ്‌നങ്ങളായിരിക്കുന്നു. വികസനം വരുമ്പോഴുണ്ടാകുന്ന അനിവാര്യമായ കാര്യങ്ങളാണിവ.

ഐക്യരാഷ്‌ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗത്വമാണ്‌ ഇപ്പോള്‍ നമുക്കില്ലാത്ത ഒരു കാര്യം. അമേരിക്കയാണ്‌ അതിനു എതിര്‌ നില്‍ക്കുന്നത്‌. നമുക്ക്‌ അത്‌ തന്നില്ലെങ്കില്‍ നഷ്‌ടം നമ്മുടേതല്ല, ലോകത്തിന്റേതാണ്‌- അദ്ദേഹം പറഞ്ഞു. ഗ്ലോബലൈസേഷന്‍ അല്ല ഇപ്പോള്‍ നടക്കുന്നത്‌. മറിച്ച്‌ ആഗോള രംഗത്ത്‌ ഇന്ത്യനൈസേഷനാണ്‌ സംഭവിക്കുന്നത്‌.

യു.എന്‍ സെക്രട്ടറി ജനറലിലെ മ്യാന്‍മറിലേക്കുള്ള പ്രത്യേക പ്രതിനിധിയായി നിയമിതനായ വിജയനുണ്ണി നമ്പ്യാര്‍, കണക്‌ടിക്കട്ടിലെ നിയമസഭാംഗവും മലയാളിയുമായ ഡോ. പ്രസാദ്‌ ശ്രീനിവാസന്‍, ക്യൂന്‍സില്‍ നിന്നുള്ള ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ അസംബ്ലിമാന്‍ ഡേവിഡ്‌ വെപ്രിന്‍, ട്രിനിഡാഡിലെ കോണ്‍സല്‍ ജനറല്‍ ഇന്ത്യന്‍ വംശജയായ റാംഗുലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍, ഫൊക്കാന നേതാക്കളായ പോള്‍ കറുകപ്പള്ളില്‍, ലീല മാരേട്ട്‌, ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം തുടങ്ങി ഒട്ടേറെ മലയാളികളും പങ്കെടുത്തു.
ഒ.സി.ഐ കാര്‍ഡ്‌ പേര്‌ മാറ്റംമൂലം ആനുകൂല്യം കുറയില്ല: മന്ത്രി രവി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക