Image

കുന്നപ്പിള്ളില്‍ രാജഗോപാലിന്റെ ആത്മദളങ്ങള്‍: ഭക്തിയുടെ അനന്തമായ അനുഭൂതി (സുധാ കര്‍ത്താ)

സുധാ കര്‍ത്താ Published on 26 March, 2016
കുന്നപ്പിള്ളില്‍  രാജഗോപാലിന്റെ ആത്മദളങ്ങള്‍: ഭക്തിയുടെ അനന്തമായ അനുഭൂതി (സുധാ കര്‍ത്താ)
ആലാപന സുഖവും ശ്രവണ സുഖവും ഒരുമിച്ച് കോര്‍ത്തിണക്കിയ ഹൈന്ദവ ഭക്തിഗാനങ്ങളുടെ ഒരു സമര്‍പ്പണമാണ്, കുന്നപ്പിള്ളില്‍  രാജഗോപാലിന്റെ 'ആത്മദളങ്ങള്‍' എന്ന ഭക്തിഗാന സമാഹാരം.
മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ഭക്തിയുടെ അനന്തമായ അനുഭൂതി, ചിന്ത ഇവയെ ഉണര്‍ത്തുന്ന വാക്കുകളും വരികളും ചേര്‍ന്ന മനോഹരമായ ഒരു കാവ്യസമാഹാരമാണ് കുന്നപ്പിള്ളിയുടെ ഭക്തിഗാന സിഡി. ഭക്തി ഒരു ദര്‍ശനമായി മാറുമ്പോള്‍, മനസ്സിനുമപ്പുറം ആത്മീയതയുടെ വിഹായസ്സിലേക്ക് മനുഷ്യനെ ഉയര്‍ത്തുമ്പോള്‍ ഭക്തിസാന്ദ്രമായ ഉറവിടങ്ങളിലേക്കുള്ള മാര്‍ഗ്ഗദര്‍ശിയാണ് കുന്നപ്പിള്ളിയുടെ ഭക്തിഗാനസമാഹാരം.

ഭക്തിയുടെ ബഹൃര്‍സ്പുരണം മാത്രമല്ല, സംഗീതത്തോടും മലയാളഭാഷയോടുമുള്ള നീതിപൂര്‍വ്വമായ ഒരു സമീപനമാണ് ഈ ഉദ്യമത്തിലുടനീളം ദര്‍ശിക്കാവുന്നത്.

ഹൈന്ദവരും ഹൈന്ദവേതരും ഒരു പോലെ ആരാധിക്കുന്ന വിഘ്‌നേശ്വരനായ ശ്രീഗണപതിഭഗവാന്റെ ഭക്തിഗാനവുമായി തുടങ്ങി, ശ്രീകൃഷ്ണന്‍, ഭഗവതി, അയപ്പന്‍ തുടങ്ങി എല്ലാ ദേവി-ദേവന്മാരുടേയും സ്തുതി കീര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി ചിട്ടപ്പെടുത്തിയതാണ് ഈ ഭക്തിഗാനങ്ങള്‍.

ഭക്തിഗാന രചനയും സംഗീതവും ഒരു സ്റ്റീരിയോ ടൈപ്പായി മാറുന്ന ഈ കാലഘട്ടമാണിന്ന്. കുറെ വാക്കുകളും ഇമ്പവുമുള്ള ഈണവുമുണ്ടെങ്കില്‍ ഒരു സിഡി പ്രസിദ്ധീകരിക്കുവാനുള്ള ചേരുവയായി. എന്നാല്‍ ഇത്തരക്കാര്‍ക്ക് പുതിയൊരു വഴിത്താരയിലേതാണ് രാജഗോപാലിന്റെ കാവ്യധര്‍മ്മം വിരല്‍ ചൂണ്ടുന്നത്.

വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം പ്രയോഗിക്കുകയും ഒരു നീര്‍ധാരയായി ചിട്ടപ്പെടുമ്പോഴുമാണ് കവിയുടെ മനസ്സും ശ്രവിതാവിന്റെ അനുഭൂതിയും ഒരേ തലത്തിലെത്തുന്നതെന്ന് ഒരഭിപ്രായമുണ്ട്. ഗാനവും ഈണവും മനസ്സില്‍ തറക്കുകയും, ഗാനശകലങ്ങള്‍ പലപ്പോഴി മനസ്സില്‍ ഉയര്‍ന്നുവരുന്നതുമെല്ലാം രചനയുടെയും സംഗീതത്തിന്റെയും മികവും തിട്ടപ്പെടുത്തുന്നു.

ദേവി-ദേവ സങ്കല്പങ്ങളെക്കുറിച്ച് എഴുതുന്ന ഓരോ വരിയും മനസ്സിലൂടെ പോകുമ്പോള്‍ ദൈവീക ഇതിഹാസങ്ങളിലെ കഥാപുരുഷന്മാര്‍ യഥാര്‍ത്ഥ ജീവിതത്തിലെത്തിയ തോന്നാലാണ് ഈ ഗാനോപഹാരത്തിലൂടെ അനുഭവപ്പെട്ടത്.

കുന്നപ്പിള്ളിയുടെ കാവ്യരചനാ ശൈലി സരളമാണ്, അര്‍ത്ഥവത്താണ്, മനോഹരമാണ്. അദ്ദേഹത്തിന്റെ തൂലിക ഭക്തരുടെ മനസ്സിലൂടെ പോകുന്ന ആത്മീയ ചിന്തകളെ ശാക്തീകരിക്കുവാനും പുതിയ തലങ്ങളിലേക്ക് നയിക്കുവാനും സഹായിക്കും.
പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീത സംവിധാനം നിര്‍വഹിച്ചു ജി.വേണുഗോപാല്‍, സുജാത, വിധു പ്രതാപ്, തുടങ്ങിയ പ്രമുഖരായ ഗായകര്‍ ആലാപനം ചെയ്ത 'ആത്മദളങ്ങള്‍' പൊതുവിപണിയില്‍ ലഭിക്കുന്നതാണ്.

അമേരിക്കന്‍ സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദമുള്ള കുന്നപ്പിള്ളില്‍ ന്യൂയോര്‍ക്കിലെ നായര്‍ ബെനവലെന്റ് അസ്സോസിയേഷന്റെ പ്രസിഡന്റാണ്. കഴിഞ്ഞ മൂന്നു ദശകങ്ങളായി വിവിധ സംഘടനകളിലൂടെ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന രാജഗോപാല്‍ കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കാ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കാ, മലയാളി ഹിന്ദു മണ്ഡലം, കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ തുടങ്ങി നിരവധി സംഘടനകളില്‍ ഉത്തരവാദിത്വം വഹിച്ചിട്ടുണ്ട്.
ഇതൊരു നല്ല തുടക്കമാണ്. വരും കാലങ്ങളില്‍ കാവ്യരചനയില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കുവാന്‍ കുന്നപ്പിള്ളില്‍ രാജഗോപാലിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

കുന്നപ്പിള്ളില്‍ രാജഗോപാല്‍- 917-4414-0466

കുന്നപ്പിള്ളില്‍  രാജഗോപാലിന്റെ ആത്മദളങ്ങള്‍: ഭക്തിയുടെ അനന്തമായ അനുഭൂതി (സുധാ കര്‍ത്താ)
kunnappillil
കുന്നപ്പിള്ളില്‍  രാജഗോപാലിന്റെ ആത്മദളങ്ങള്‍: ഭക്തിയുടെ അനന്തമായ അനുഭൂതി (സുധാ കര്‍ത്താ)
Join WhatsApp News
manorama 2016-03-26 09:12:30
what is the correct phone number., of shri rajagopal
vayanakaran 2016-03-26 14:14:31
ജനനി ജയിക്ക നീണാൾ മലയാളമേ...നീ അമേരിക്കയിൽ.. പുതിയ പുതിയ എഴുത്തുകാർ പ്രതിദിനം ഉണ്ടാകുന്നു. ശ്രീ കുന്നപ്പിള്ളിൽ
സരസ്വതി പ്രസാദം ധാരാളം താങ്കള്ക്ക്
ഉണ്ടാകട്ടെ.  അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക