Image

വിശുദ്ധവാരത്തിലും തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ "കടുംവെട്ട്' (ഷോളി കുമ്പിളുവേലി)

Published on 25 March, 2016
വിശുദ്ധവാരത്തിലും തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ "കടുംവെട്ട്' (ഷോളി കുമ്പിളുവേലി)
ലോകംമുഴുവനുള്ള സത്യക്രിസ്ത്യാനികള്‍ സത്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് വിശുദ്ധവാരം ആചരിക്കുമ്പോള്‍, സ്വന്തം നിലനില്‍പ്പിനുവേണ്ടി ദൈവത്തേയും, മനസാക്ഷിയേയും എപ്പോഴും കൂട്ടുപിടിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉണര്‍ന്നിരുന്ന് ഒരു ഉളുപ്പുമില്ലാതെ, അഴിമതിയുടെ "കടുംവെട്ട്' നടത്തി വിശുദ്ധവാരം ആഘോഷിക്കുകയാണ്.

കാലാവധി തീരുവാന്‍ വെറും 45 ദിവസങ്ങള്‍ മാത്രം ബാക്കിയുള്ള ഒരു സര്‍ക്കാര്‍, കാലമിത്രയും കേരളം കാണാത്തതും കേള്‍ക്കാത്തതുമായ കൊടിയ അഴിമതി നടത്തുകയാണ്. തലചായ്ക്കാന്‍ പാവങ്ങള്‍ക്ക് അഞ്ചു സെന്റ് സ്ഥലം കൊടുക്കാനില്ലാത്ത സര്‍ക്കാര്‍, നമ്മുടെ വയലും, വനവും, കായലും ഒക്കെ വന്‍കിട ഭൂമാഫിയകള്‍ക്ക് പതിച്ചു നല്‍കി, തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള "വക' കണ്ടെത്തുന്ന കാഴ്ചകള്‍ക്കാണ് കേരളം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്!

കരുണ എസ്റ്റേറ്റ്, ഫോപ്‌സ് പ്ലാന്റേഷന്‍, കടമക്കുടി, വൈക്കം, മെത്രാന്‍കായല്‍ അങ്ങനെ എത്രയെത്ര അഴിമതികള്‍! ഏറ്റം ഒടുവില്‍ പീഡന കേസില്‍ ജയിലില്‍ കിടന്ന സന്തോഷ് മാധവനും കൊടുത്തു 127 ഏക്കര്‍ വയല്‍!! അതും വില്ലേജ് ഓഫീസറുടേയും, തഹസീല്‍ദാരുടേയും, കളക്ടറുടേയും വിലക്ക് മറികടന്നുകൊണ്ട്!!! സന്തോഷ് മാധവനെപ്പോലുള്ള "ഉടായിപ്പ്' സ്വാമിമാര്‍ക്ക് വരെ ഉമ്മന്‍ചാണ്ടിയിലും സര്‍ക്കാരിലുമുള്ള സ്വാധീനം എത്ര വലുതാണെന്ന് കാണിക്കുവാന്‍ ഇതിലും വലിയ ഉദാഹരണം വേണോ? സരിതയ്ക്കും ഇതുപോലെ തന്നെ സ്വാധീനം ഉണ്ടായിരുന്നല്ലോ? ഒരുകാലത്ത് ജനങ്ങള്‍ നെഞ്ചിലേറ്റി നടന്ന ഉമ്മന്‍ചാണ്ടിയെന്ന നേതാവിന്റെ ധാര്‍മികമായ അധ:പതനം ദുഖത്തോടുകൂടി മാത്രമേ നമുക്ക് കാണുവാന്‍ സാധിക്കൂ. ഈ അവസരത്തില്‍, കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഏതോ ഒരു വിമുക്തഭടന് ഒന്നര ഏക്കര്‍ സ്ഥലം മലബാറിലെ ഒരു കുഗ്രാമത്തില്‍ കൊടുത്തതിന് അച്യുതാനന്ദനെ എത്ര തവണ 'അഴിമതി'ക്കാരനെന്ന് ഉമ്മന്‍ചാണ്ടി വിളിച്ചിട്ടുണ്ട്. കെ. കരുണാകരനെ "കള്ളന്‍ കരുണാകരന്‍' എന്നു ആയിരം തവണ വിളിച്ചിട്ടുള്ള ആ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലാണ് കേരളത്തില്‍ അഴിമതിയുടെ പരമ്പര തന്നെ നടക്കുന്നത്. കേരളത്തിലെ ചില മുഖ്യധാരാ പത്രങ്ങള്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയുടെ അഴിമതി തുറന്നുകാണിക്കാന്‍ ശ്രമിക്കുന്നില്ല എന്നത്, നമ്മുടെ ജനാധിപത്യത്തിന്റെ നാലാംതൂണായ മാധ്യമങ്ങളും അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നു ഖേദത്തോടുകൂടി പറയേണ്ടിവരും.

അപ്പോഴും, പ്രതികരണം നഷ്ടപ്പെടാത്ത കോണ്‍ഗ്രസുകാരുടെ പ്രതിനിധികളായി ഒരു പ്രതാപനും, വി.ഡി. സതീശനുമൊക്കെ തല ഉയര്‍ത്തി നില്‍ക്കുന്നത് സാക്ഷരകേരളത്തിന് അഭിമാനകരമാണ്. കേരളത്തില്‍ നടക്കുന്നത് കൊള്ളയാണെന്ന് തുറന്നു പറഞ്ഞ കെ.പി.സി.സി അധ്യക്ഷനേയും അഭിനന്ദിക്കണം. പക്ഷെ, അദ്ദേഹത്തിന് കിട്ടിയത് കല്ലേറാണ്! സത്യം പറഞ്ഞവന് കല്ലേറ്. അസത്യം പറയുകയും കാണിക്കുകയും, ചെയ്യുന്നവര്‍ക്ക് "ലൈക്കു'കളും, ആശംസകളും.!!

സത്യത്തിന്റെ കൂടെ നില്‍ക്കാന്‍ മലയാളിക്ക് എന്നിനി ആര്‍ജ്ജവം ഉണ്ടാകും?

ഷോളി കുമ്പിളുവേലി
വിശുദ്ധവാരത്തിലും തുടരുന്ന ഉമ്മന്‍ചാണ്ടിയുടെ "കടുംവെട്ട്' (ഷോളി കുമ്പിളുവേലി)
Join WhatsApp News
Jyothis 2016-03-26 14:48:24
Good.... well said 
Ninan Mathullah 2016-03-27 05:39:22
Truth is far from it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക