Image

അമേരിക്കന്‍ ശകലങ്ങള്‍ : അമേരിക്കന്‍ രാഷ്ട്രീയത്തിലും 'പെരുച്ചാഴികള്‍' (വാല്‍ക്കണ്ണാടി) കോരസണ്‍

കോരസണ്‍ Published on 24 March, 2016
അമേരിക്കന്‍ ശകലങ്ങള്‍ : അമേരിക്കന്‍ രാഷ്ട്രീയത്തിലും 'പെരുച്ചാഴികള്‍' (വാല്‍ക്കണ്ണാടി) കോരസണ്‍
ഈ വര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെടുന്ന പ്രൈമറികളും കോക്കസുകളും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല - പൊതു തിരഞ്ഞെടുപ്പ് നവംബറിലാണ്, അതിനു മുമ്പായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും സംഘടിപ്പിക്കുന്ന ഘട്ടംഘട്ടമായ ഉള്‍പാര്‍ട്ടി തിരഞ്ഞെടുപ്പും, അതില്‍ നിന്നു ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിക്കുന്ന നിശ്ചിത പ്രതിനിധികളുടെ എണ്ണവും ഏറ്റവും ഒടുവില്‍ നടത്തപ്പെടുന്ന പാര്‍ട്ടി കണ്‍വെന്‍ഷനില്‍ നിര്‍ണ്ണായകമാണ്.

പ്രൈമറി-കോക്കസ് തിരഞ്ഞെടുപ്പുകള്‍ക്കു ഇടക്കു നടത്തപ്പെടുന്ന പൊതുചര്‍ച്ചകളിലൂടെയാണ് സ്ഥാനാര്‍ത്ഥികളുടെ നിലപാടുകളും, കഴിവും ശ്രദ്ധിക്കപ്പെടുന്നത്. അത്യധികം ശ്രമകരവും പണച്ചിലവുള്ള ഈ തിരഞ്ഞെടുപ്പു പ്രക്രിയ തന്നെ ജനാധിപത്യവിരുദ്ധമാണെന്ന അഭിപ്രായവും കേള്‍ക്കുന്നുണ്ട്. ഓരോ പാര്‍ട്ടിയും ഓരോ സ്റ്റേറ്റിന്റെ പ്രതിനിധികളുടെ എണ്ണവും തീരുമാനിക്കും. ഇതിന്റെ കൂടെ നിലവിലുളളവരും മുന്‍ തിരഞ്ഞെടുക്കപ്പെട്ടവരും ഒദ്യോഗിക ഭാരവാഹികള്‍ എന്നിവരും പ്രതിനിധി മണ്ഡലത്തിന്റെ ഭാഗമാണ്. കോക്കസുകള്‍ വെറും സ്വകാര്യ പാര്‍ട്ടി സമ്മേളനങ്ങളാണ്. ഓരോ സംസ്ഥാന പാര്‍ട്ടികള്‍ക്കും അവരുടെതായ കീഴ്  വഴക്കങ്ങളും നിയമങ്ങളും ഉണ്ട്.

ചെറിയ സംസ്ഥാനങ്ങളിലാണ് ആദ്യം മത്സരം നടക്കുന്നത്. മാര്‍ച്ച് 1-ാം തിയതി നടത്തപ്പെട്ട സൂപ്പര്‍ ട്യൂസ്‌ഡേ ഒറ്റ ദിവസം കൊണ്ട് കുറെ ഏറെ പ്രതിനിധികളെ സ്വരൂപിക്കാനായി. ഏതാണ്ട് പാര്‍ട്ടി നോമിനേഷന്റെ ചിത്രം കുറച്ചു കൂടി വ്യക്തമാകാനും ആയി ഈ സൂപ്പര്‍ ട്യൂസ്‌ഡേ പരിപാടി. വിരല്‍ത്തുമ്പിലെ മാദ്ധ്യമപ്രവര്‍ത്തനകാലത്ത് ഓരോ ചെറിയ തിരഞ്ഞെടുപ്പും രാജ്യം ഒന്നാകെ വീക്ഷിച്ചുകൊണ്ടിരിക്കയായിരിക്കും.

ഇന്ത്യയിലെ തിരഞ്ഞെടുപ്പു പ്രക്രിയയും അമേരിക്കന്‍ തിരഞ്ഞെടുപ്പു  പ്രക്രിയയും വളരെ വ്യത്യസ്തമാണ്. പോയി വോട്ടു ചെയ്യുന്നതല്ലാതെ അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളും രൂപകല്പനയും മനസ്സിലാക്കുക ഏളുപ്പമല്ല. വളരെ ആയാസകരമായ പ്രക്രിയയാണു തിരഞ്ഞെടുപ്പുകള്‍ എന്നതിനാല്‍  ഈര്‍ക്കലി പാര്‍ട്ടികള്‍ക്കു ഇവിടെ യാതൊരു സാധ്യതയുമില്ല. എന്നാല്‍, മൂന്നാമതൊരു ദേശീയ പാര്‍ട്ടി സംഘടിപ്പിക്കുവാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. പ്രതിനിധികളുടെ വലിപ്പംകൊണ്ട് സ്ഥാനാര്‍ത്ഥിയാവാന്‍ സാധിക്കുമെന്നും കരുതണ്ട. 

ദേശീയ പാര്‍ട്ടി സമ്മേളനത്തിന് പുതിയ ഒരു ആളെ തിരഞ്ഞെടുക്കാനും വകുപ്പുണ്ട്.
അതാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചാ വിഷയമായിരിക്കുന്നത്. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനു വേണ്ടി മത്സരിക്കുന്ന ബേര്‍ണി സാന്‍ഡേഴ്‌സ്, അമേരിക്കയില്‍ വിപ്ലവം അനിര്‍വാര്യമായിരിക്കുന്നു എന്നു വെട്ടിത്തുറന്നു പറയുന്നുണ്ട്. വിപ്ലവം എന്നു കേട്ടാല്‍ അമേരിക്കക്കാരുടെ കണ്ണു ചുമക്കുകയും തലമുടി വടിയായി ഉയര്‍ന്നു നില്‍ക്കയും ചെയ്യുമായിരുന്നു. എന്നിരുന്നാലും വിപ്ലവഭാഷ്യം ദിവസവും കേള്‍ക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥ വിപ്ലവം നടക്കുന്നത് ഏറ്റവും യാഥാസ്ഥിതിക പരിവേഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലാണ്. യാതൊരു രാഷ്ട്രീയപാരമ്പര്യവും പരിചയവും അവകാശപ്പെടാനാവാത്ത തികഞ്ഞ ബിസിനസ്സുകാരനായ ഡൊണാള്‍ഡ് ട്രമ്പ്, മുന്‍നിരയില്‍ കുതിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടിസ്ഥാനസംവിധാനങ്ങളെ ആകെ വിറപ്പിച്ചുകൊണ്ടാണ് ട്രമ്പ് അശ്വമേധം നടത്തപ്പെടുന്നത്. എങ്ങനെ തടയണമെന്നു പാര്‍ട്ടിക്കും പിടിയില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടുകളെ ചോദ്യം ചെയ്തും റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് കള്ളം പറഞ്ഞ് രാജ്യത്തെ യുദ്ധത്തിലിറക്കിയെന്നും, സദ്ദാം ഹുസൈന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അമേരിക്കക്ക് ഇത്രയും പേടിക്കേണ്ടി വരില്ലയെന്നും തുടങ്ങി സ്വന്തം പാര്‍ട്ടിയെത്തന്നെ അടിമുടി വെടിവെച്ചുകൊണ്ടാണ് ട്രമ്പ് രംഗത്ത് പൊടിപൊടിക്കുന്നത്.

ഇതിനിടെ എന്തൊക്കെ വിഢിത്തമാണ് ഇദ്ദേഹം പുലമ്പിയത്, അമേരിക്കക്കു തന്നെ നാണക്കേടാണ് ഇത്തരം ഒരു സ്ഥാനാര്‍ത്ഥി എന്നു തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പരസ്യമായി പറയുന്നത്. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മെക്‌സിക്കക്കാരെക്കൊണ്ടു മതിലു കെട്ടിക്കുക, നിയമപരമല്ലാതെ രാജ്യത്തെ തുടരുന്നതുവരെ കയറ്റി അയക്കുക, ചൈനയും ഇന്ത്യയും അമേരിക്കക്കാരുടെ ജോലി അടിച്ചു മാറ്റുന്നു, ഒറ്റ മുസ്ലീമിനെയും രാജ്യത്ത് പ്രവേശിപ്പിക്കരുത് തുടങ്ങി പടക്ക കമ്പനിക്കു തന്നെ ട്രമ്പ് തീകൊളുത്തി. നാക്കിനു എല്ലില്ലാത്ത പ്രയോഗങ്ങളും പുളിപ്പില്ലാത്ത സംസാരവും ഒരു പക്ഷേ, നിരാശരും അരക്ഷിതാവസ്ഥയിലുമായിരുന്ന വെള്ളക്കാരില്‍ ട്രമ്പ് ഒരു രക്ഷക പരിവേഷം ജനിപ്പിച്ചു.

മലയാളത്തിലെ പെരുച്ചാഴി സിനിമ ഇവിടെ തനിയാവര്‍ത്തനം ചെയ്യപ്പെടുകയാണ്. ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും മറയില്ലാതെ പുറത്തുവരുന്നുണ്ട്. വിദ്യാഭ്യാസമില്ലാത്തവരേ, ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു ഇതു ട്രമ്പ് പറഞ്ഞപ്പോള്‍ പിന്നോക്കം നിന്ന, അനുഭാവികളായി മാറി. കഴിഞ്ഞ ചില സമ്മേളനങ്ങളില്‍ കയ്യാങ്കളിയിലാണ് അവസാനിച്ചത്. സമ്മേളനം കലക്കാന്‍ വന്നവരെ ശരിക്കു കൈകാര്യം ചെയ്തുകൊള്ളൂ. 'എന്തു ചിലവു വന്നാലും ഞാന്‍ വഹിച്ചുകൊള്ളാം' ട്രമ്പ് സമ്മേളനത്തില്‍  വിളിച്ചു പറയുന്നത് ടെലിവിഷനില്‍ മുറക്കു കേള്‍ക്കുമ്പോള്‍, പെരുച്ചാഴികള്‍ അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു എന്നു തീര്‍ച്ചയായി.


അമേരിക്കന്‍ ശകലങ്ങള്‍ : അമേരിക്കന്‍ രാഷ്ട്രീയത്തിലും 'പെരുച്ചാഴികള്‍' (വാല്‍ക്കണ്ണാടി) കോരസണ്‍
Join WhatsApp News
വിദ്യാധരൻ 2016-03-25 12:52:49
ആഹന്ത കേറി തലയ്ക്കു പിടിച്ചിട്ട്
അന്ധനായി തീർന്ന പെരുച്ചാഴി ട്രമ്പ്‌.
കാണുന്നതൊക്കെയും തട്ടിത്തെറുപ്പിച്ചു 
പായുന്നു വൈറ്റു ഹൗസ് ലാക്കാക്കി 
പെണ്ണുങ്ങൾ മുസ്ലീംങ്ങൾ ന്യുനപക്ഷങ്ങൾ 
പിന്നെ ഏതു വിടുവേല ചെയ്യാൻ 
തയാറുള്ള മെസ്ക്കിക്കാരെയും 
ചവുട്ടി മെതിച്ചു കശക്കിയെറിഞ്ഞവൻ 
പോകുന്ന് സൗഗന്ധിക പുഷ്പം പറിക്കുവാൻ- 
ഭീമസേനൻ പോയ  കണക്കെ കശ്മലൻ ട്രമ്പ് 
ഉണരൂ മലയാളി ഉറക്കത്തിൽ നിന്നുടൻ 
അലസനായി കിടന്നുറങ്ങാതെ ഇങ്ങനെ 
നിൻ തറവാടിന്റെ അടിത്തറ മാന്തുവാൻ 
ജന്മമെടുത്ത .വികൃതജന്തുവാണിവൻ 
ആരോടും കടപ്പാടില്ലാരെയും സ്നേഹിപ്പതില്ല .
സ്വന്തഗുണങ്ങളിൽ മതിമറക്കുന്നവൻ ഇവൻ 
കൊല്ലുക തല്ലുക കൊന്നുടൻ മൂടുക 
ഇങ്ങനെ സ്‌ഫോടനവാക്കുകൾ പുലമ്പുന്നവൻ 
കൈവിട്ടുപൊയൊരു ബൂമറാങ്ങാണിവൻ 
നൂനം നശിപ്പിക്കും അധികാരം ഏറിയാൽ 
നിന്നെ പുറത്താക്കി വാതിൽ അടച്ചിടും .
വോട്ടു ചെയ്യുക ആയതിനാലേവരും 
'ഹില്ലരി' ബഹുമുഖ കഴിവിനുടമായാമവൾ 
ഉണ്ടാവൾക്ക് ന്യുന പ്കഷത്തോടൊരു 
കരുതലും കരുണയും മറക്കൊല്ലേ കൂട്ടരേ. 

Tom abraham 2016-03-26 09:11:00

Poetry is appreciated. Facts, not comprehensive. America never closed its doors to anybody. Open, transparent national history, never started a war but for the defense of all nations. Let us be more rational in not giving misinformation about Trump, comparing him with BJP. Mixing apples with oranges. Bill and Hill puppet show is on again. Wall Street ties will kill Hill. 


Jegi 2016-03-26 09:21:26
ശ്രീ കൊരസൻ, ആവിഷ്കാര സ്വാതന്ത്രം ചോദ്യം ചെയ്യുക അല്ല എന്നാൽ മറ്റു മതങ്ങളെ ബഹുമാനിചില്ലെങ്ങിലും അവഹേളിക്കരുത്. ട്രംപിനെ പെരുംചാഴിയോടു ഉപമിച്ചത് തികച്ചും ഡിങ്ക മത നിന്ദ അല്ലെ. പക്ഷെ ഞങ്ങൾക്ക് പരാതി ഇല്ല. നമ്മളെ നിന്നിക്കുനവരെ കൂടുതൽ സ്നേഹിക്കണം എന്നാണല്ലോ ഡിങ്ക വചനം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക