Image

തോമയുടെയും മഗ്ദലന മറിയത്തിന്റെയും സുവിശേഷങ്ങള്‍ (പുസ്‌തക പരിചയം)

സുധീര്‍ പണിക്കവീട്ടില്‍ Published on 27 January, 2012
തോമയുടെയും മഗ്ദലന മറിയത്തിന്റെയും സുവിശേഷങ്ങള്‍ (പുസ്‌തക പരിചയം)
പുസ്‌തക പരിചയം

(പുതിയ സഹസ്രാബ്‌ദത്തിനു ഒരു പുതിയ ബൈബിള്‍)

ശ്രീ സി. ആന്‍ഡ്രുസിന്റെ രണ്ട്‌ പുസ്‌തകങ്ങള്‍ (തോമയുടെ സുവിശേഷം (ഒരപഗ്രഥനം), മഗ്‌ദലന മറിയത്തിന്റെ സുവിശേഷം (ഒരപഗ്രഥനം) ഈയിടെ വായിക്കാന്‍ അവസരം ലഭിച്ചു. ശ്രദ്ധാപൂര്‍വ്വം അത്‌ വായിച്ചപ്പോള്‍ മനസ്സിലായത്‌ അവയെല്ലാം ഒരു മതസ്‌ഥാപനത്തിനു വേണ്ടി എഴുതപ്പെട്ടവയല്ല മറിച്ച്‌ ഈ ലോകത്തിലെ മുഴുവന്‍ മനുഷ്യരുടെ നന്മയും സമാധാനവും ലക്ഷ്യമാക്കി എഴുതപ്പെട്ടവയാണെന്നാണ്‌. അത്‌ വായനക്കാരുമായി പങ്കു വക്കുകയാണു ഈ ലേഖനത്തില്‍.. ക്രിസ്‌തീയ വിശ്വാസത്തില്‍ ജീവിക്കുന്ന പരിചയമുള്ള കുറച്ച്‌ പേരോട്‌ ഇതെഴുതുന്നതിനു മുമ്പു പ്രസ്‌തുത പുസ്‌തകങ്ങളിലെ ഉള്ളടക്കത്തെ കുറിച്ച്‌ അറിയാമോ എന്നു ചോദിച്ചപ്പോള്‍ അവര്‍ക്ക്‌ അങ്ങനെ ഒരു സംഭവം അറിയില്ലെന്നായിരുന്നു മറുപടി.. അവര്‍ക്ക്‌ വേദപുസ്‌തകം തന്നെ വേദ വാക്യം. മറ്റു ചിലര്‍ പറഞ്ഞു ഇതൊക്കെ കേട്ടിട്ടുണ്ട്‌., അതെല്ലാം മത നിന്ദ ചെയ്യുന്നവരുടേയും അവിശ്വാസികളുടേയും പ്രവര്‍ത്തിയാണെന്നാണു്‌. വാസ്‌തവത്തില്‍ ഈ പുസ്‌തകങ്ങള്‍ സത്യാന്വേഷികളെ പ്രബുദ്ധരാക്കുന്നവയാണ്‌. `പ്രബോധനം' എന്ന ഒരവസ്‌ഥ മനുഷ്യനെ അജ്‌ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ പ്രകാശലോകത്തേക്ക്‌ കൊണ്ട്‌ വരുന്നു. പുതിയ സഹസ്രാബ്‌ദത്തില്‍ ഒരു പുതിയ ബൈബിള്‍ എന്നു പ്രഖ്യാപിച്ചുകൊണ്ട്‌ ശ്രീ ആന്‍ഡ്രുസ്‌ അദ്ദേഹത്തിന്റെ കണ്ടെത്തലുകളെ പ്രയോജനകരമാകുംവിധം പുസ്‌തക രൂപത്തില്‍ മനുഷ്യരാശിക്ക്‌ മുന്നില്‍ കാഴ്‌ച്ച വക്കുന്നു. സാഹസികമായ ഈ കര്‍മ്മമനുഷ്‌ഠിച്ച്‌ അദ്ദേഹത്തെ ആദ്യമായി അനുമോദിക്കാം. ഏതാണു സത്യം അല്ലെങ്കില്‍ ഏതാണു സത്യമല്ലാത്തതെന്നു തിരിച്ചറിയാന്‍ ഇന്നു വളരെ സൗകര്യവും സാഹചര്യവുമുണ്ടായിരിക്കെ പരമ്പരാഗതമായി ആചരിക്കുന്നത്‌ തന്നെ ശരി എന്നു ജനങ്ങള്‍ ശഠിക്കുന്നുണ്ടെങ്കില്‍ അത്‌ കഷ്‌ടം തന്നെ!!

''അറിവ്‌` എന്നര്‍ഥം വരുന്ന ഗ്രീക്ക്‌ വാക്കില്‍ നിന്നുത്ഭവിച്ചതാണ്‌ ജ്‌ഞാനവാദം എന്ന പദം. വിശുദ്ധ വേദപുസ്‌തകത്തില്‍പ്പെടാത്ത സുവിശേഷങ്ങളെ ജ്‌ഞാനവാദികളുടെ സുവിശേഷങ്ങള്‍ എന്നു വിളിച്ച്‌ പോന്നു. അത്‌ കൊണ്ട്‌ തോമയുടേയും മഗ്‌ദലന മറിയത്തിന്റേയും സുവിശേഷങ്ങള്‍ ഈ വിഭാഗത്തില്‍ പ്പെടുത്തിയിരിക്കുന്നു. വേദം എന്ന പദത്തിനും അറിവ്‌ എന്നാണര്‍ഥം. ഹൈന്ദവ വേദങ്ങള്‍ മനുഷ്യനു അറിവ്‌ പകര്‍ന്നു കൊടുക്കുവാന്‍ വേണ്ടിയുള്ളതാണു. എന്നാല്‍ ജനങ്ങള്‍ അങ്ങനെ പ്രബുദ്ധരും അറിവുള്ളവരുമാകുന്നത്‌ അധികാരം കൊതിക്കുന്നവര്‍ക്ക്‌ ഭീഷണിയാവുന്നത്‌കൊണ്ടായിരിക്കും വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയ്യം ഉരുക്കിയൊഴിക്കണമെന്നു അധികാരമോഹികള്‍ എഴുതി വച്ചത്‌. അത്‌ പിന്നീട്‌ പ്രമാണമായി.. തങ്ങളുടെ കാല്‍ക്കീഴില്‍ കുറെ പേരേയെങ്കിലും അന്ധവിശ്വാസത്തിന്റെ അടിമകളാക്കി ബന്ധിക്കുക, അവരുടെ അദ്ധ്വാനത്തിന്റെ ഫലം മേലനങ്ങാതെ ആസ്വദിക്കുക, അവരുടെ ഉള്ളില്‍ ഭയത്തിന്റെ വിത്തുകള്‍ പാകുക. എല്ലാ മതങ്ങളിലും പുരോഹിത വര്‍ഗ്ഗം, അല്ലെങ്കില്‍ ഈശ്വരന്റെ സ്വന്തം ജനങ്ങല്‍ എന്നു വിശ്വസിക്കുന്നവര്‍ ഇങ്ങനെ മനുഷ്യരെ കബളിപ്പിച്ച്‌ കൊണ്ടിരിക്കുന്നുണ്ട്‌. ജന്മനാല്‍ തെറ്റ്‌ പറ്റാന്‍ വളരെ സാദ്ധ്യതകളുള്ള പാവം മനുഷ്യനു മുമ്പില്‍ അവര്‍ `നരകം' എന്ന ഒരു ഭീകര സങ്കല്‍പ്പം സൃഷ്‌ടിച്ച്‌ അവരെ ചൊല്‍പ്പടിക്ക്‌ നിര്‍ത്തുന്നു. ഈ സത്യം വിളിച്ച്‌ പറയുന്നവരെ ഈശ്വര നിന്ദ ചെയ്യുന്നവരെന്നും സാത്താന്റെ സ്വാധീനമുള്ളവര്‍ എന്നും അവര്‍ മുദ്ര കുത്തുന്നു. സാധാരണ മനുഷ്യന്‍ ഇതൊന്നും അന്വേഷിക്കുന്നില്ല, കണ്ടെത്തുന്നുമില്ല.

വേദപുസ്‌തം വളരെ ശ്രദ്ധയോടെ പഠിച്ച്‌ അതിലുള്‍പ്പെടാത്ത മറ്റു സുവിശേഷങ്ങളെ പറ്റി ആധികരികമായ്‌ പഠനങ്ങള്‍ നടത്തി ശ്രീ ആന്‍ഡ്രുസ്‌ എഴുുതിയ ഈ പുസ്‌തകങ്ങള്‍ ഏത്‌ മതവിശ്വസിക്കും ഗൗരവപൂര്‍വ്വം സ്വീകരിക്കാവുന്നതാണ്‌. വഴിയോരത്ത്‌ നിന്നു ഉപജീവനാര്‍ഥമോ അല്ലാതെയോ ദൈവ വചനങ്ങള്‍ വിളിച്ച്‌ പറയുന്നവര്‍ യഥാര്‍ത്‌ഥ സത്യമാണോ അറിയിക്കുന്നത്‌ എന്ന്‌ ആരെങ്കിലും അന്വേഷിക്കുന്നുണ്ടൊ? ക്ര്‌സുതുവിന്റെ ശരിയായ വചനങ്ങള്‍ ജനങ്ങളിലെത്തിക്കുമ്പോള്‍ അവര്‍ അത്‌ മനസ്സിലാക്കുമ്പോള്‍ ഈ ലോകത്തിലെ സ്‌ഥിതിഗതികള്‍ക്ക്‌ മാറ്റമുണ്ടാകാം. തോമയുടേയും മഗ്‌ദലന മറിയയുടേയും സുവിശേഷങ്ങള്‍ അതാണു ഉദ്‌ബോദിപ്പിക്കുന്നത്‌.. മുമ്പെ ഗമിച്ചീടിന ഗോവ്‌ തന്റെ പിമ്പെ ഗമിക്കും ബഹുഗോക്കളെല്ലാം എന്ന പഴമൊഴി അന്വര്‍ഥമാക്കികൊണ്ട്‌ മുമ്പോട്ട്‌ ഗമിക്കുന്ന മനുഷ്യര്‍ ഒന്നാലോചിക്കുന്നത്‌ നല്ലതാണ്‌. എന്തുകൊണ്ട്‌ തോമയുടേയും, മറിയയുടേയും സുവിശേഷങ്ങള്‍ ആരും അറിയാതെ മറഞ്ഞ്‌ കിടന്നു. കണ്ടു കിട്ടിയപ്പോള്‍ എന്തു കൊണ്ട്‌ അതിനു മുഴുവന്‍ പേരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞില്ല. സംഗതി വളരെ വ്യക്‌തം. ദൈവീക പരിവേഷമില്ലാത്ത ഒന്നും സാധാരണ ജനങ്ങള്‍ ഗൗരവപൂര്‍വ്വം സ്വീകരിക്കുകയില്ല. ആ ദൗര്‍ബല്യം കൂര്‍മ്മബുദ്ധിയുള്ളവര്‍ ദുരുപയോഗപെടുത്തുന്നു. എല്ലാ മതങ്ങളിലും ഇങ്ങനെ ഒരു ശോചനീയാവസ്‌ഥ കാണാവുന്നതാണു. എല്ലാം അങ്ങേ ലോകത്താണു ഇവിടെയൊന്നുമില്ലെന്നു പഠിപ്പിക്കുകയും ആ അറിവില്‍ അരിയെത്തി ചാകുകയും ചെയ്യുന്ന ജനതക്ക്‌ സത്യം അറിയണമെന്നില്ല. മരിച്ച ശേഷം എന്തു സംഭവിക്കുന്നു എന്ന്‌ ആര്‍ക്കും അറിയില്ലല്ലോ.

അഹം ബ്രഹ്‌മാസ്‌മി എന്ന്‌ വേദങ്ങള്‍ ഉദ്‌ഘോഷിക്കുന്ന പോലെ തോമയുടേയും മഗ്‌ദലനമറിയയുടേയും സുവിശേഷങ്ങള്‍ `സ്വര്‍ഗ്ഗരാജ്യം' നിന്നിലുണ്ടെന്നും അത്‌ വേറിട്ട്‌ അന്വേഷിക്കണ്ടെന്നും പറയുന്നു. അങ്ങനെയെങ്കില്‍ കാക്കതൊള്ളായിരം ആചാരങ്ങളും, അനുഷ്‌ഠാനങ്ങളും ഒരു പ്രത്യേക മതത്തിന്റെ പ്രതിനിധിയെന്ന അവകാശവുമായി മനുഷ്യരാശിക്ക്‌ മറ്റുള്ളവരില്‍ നിന്ന്‌ വിഭജിച്ച്‌ കഴിയേണ്ട ആവശ്യമില്ല. വസുധൈവ കുടുംബകം. എന്ന സിദ്ധാന്തത്തില്‍ വിശ്വസിച്ച്‌ എല്ലാവര്‍ക്കും ഒരുമയോടെ കഴിയാം.

സ്വര്‍ഗ്ഗരാജ്യം നമ്മളില്‍ ഉള്ളപ്പോള്‍ പിന്നെ അത്‌ തേടി പുരോഹിതന്റേയും, പള്ളികളുടേയും, അമ്പലത്തിന്റേയും ആശ്രയം തേടേണ്ട ആവശ്യമില്ല.. ജനങ്ങള്‍ അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയാല്‍ കോടികണക്കിനു വരവുള്ള പുണ്യസ്‌ഥാപനങ്ങള്‍ ഒരു രാത്രി കൊണ്ട്‌ പാപ്പരാകും. ശബരിമലയില്‍ ദര്‍ശനത്തിനു ചെല്ലുന്ന ഭക്‌തന്‍ പതിനെട്ടാം പടി കയറുമ്പോള്‍ വായിക്കുന്നത്‌ `തത്വമസി' എന്ന ബോര്‍ഡാണ്‌. എന്നാല്‍ എത്ര പേര്‍ അതു ശ്രദ്ധിക്കുന്നു, അതിന്റെ അര്‍ഥം മനസ്സിലാക്കുന്നു. എല്ലാവരും ഒരു ഒഴുക്കില്‍ അങ്ങനെ ഒഴുകി പോകുന്നു. അതു കൊണ്ട്‌ ലോകത്തിലെ എല്ലാ വ്യവസ്‌ഥിതികള്‍ക്കും അസന്തുലിതാവസ്‌ഥയുണ്ടാകുന്നു. ഹൃദയം ഒരു ക്ഷേത്രവും അവിടെ ഈശ്വരനെയും പ്രതിഷ്‌ഠിക്കുന്ന മനുഷ്യരാല്‍ ഈ ഭൂമി നിറഞ്ഞാല്‍ സ്വര്‍ഗരാജ്യം വേറിട്ട്‌ അന്വേഷിക്കേണ്ട കാര്യമില്ല. അങ്ങനെ സംഭവിച്ചാല്‍ മതങ്ങളുടെ പ്രസക്‌തി നഷ്‌ടപ്പെടും, മതമേധാവികള്‍ക്ക്‌ അത്‌ പ്രിയകരമാകാന്‍ ഇടയില്ല.


വിശ്വാസം ഒരിക്കലും പൂര്‍ണ്ണമല്ല. കാരണം ഓരോ വിശ്വാസിയുടേയും വിശ്വാസങ്ങള്‍ അയാളുടെ ബുദ്ധിശക്‌തിയും അറിവും അനുസരിച്ചാണ്‌. അറിവിനും ബുദ്ധിശക്‌തിക്കും പരിമിതികളുണ്ട്‌. അതുകൊണ്ട്‌ പലരും ഭൂരിപക്ഷത്തെ അല്ലെങ്കില്‍ അറിവുള്ളവര്‍ എന്ന്‌ അറിയപ്പെടുന്നവരെ പിന്തുടരുന്നു. ഈ പിന്തുടരല്‍ തലമുറകളിലേക്ക്‌ വ്യാപിക്കുമ്പോള്‍ പലതും നഷ്‌ടപെടുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ വിശ്വാസങ്ങള്‍ക്ക്‌ പല രൂപങ്ങള്‍ , അര്‍ഥങ്ങള്‍ വരുന്നു. ഈ വ്യവസ്‌ഥിതിയില്‍ നിന്നും മത നേതൃത്വ സ്‌ഥാനങ്ങളില്‍ ഉള്ളവര്‍ പലരും സ്വാര്‍ഥ ലാഭം നേടുന്നു. നമ്മുടെ നാട്ടിലെ രാഷ്‌ട്രീയക്കാരെപോലെ. അങ്ങനെ തൊണ്ണൂറ്റി ഒമ്പത്‌ കുഞ്ഞാടുകളും വഴിതെറ്റി പോയി. ഒരു കുഞ്ഞാട്‌ മാത്രം സത്യത്തിന്റെ വിജനതയില്‍ നിന്നും നിലവിളിച്ചാല്‍ ആരു കേള്‍ക്കാന്‍. ഭൂരിപക്ഷം കുഞ്ഞാടുകളും പറയും ഞങ്ങളുടെ കൂടെ കൂടിക്കോ അല്ലെങ്കില്‍ അങ്ങനെ ഒറ്റപ്പെട്ടു പോകും. തോമയും മഗ്‌ദലന മറിയവും നമ്മോടെ പറയുന്ന സുവിശേഷങ്ങളാണോ സത്യമായിട്ടുള്ളത്‌ അല്ലെങ്കില്‍ ഇന്നു ലോകത്തിലെ ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുന്ന വേദ പുസ്‌തകത്തിലെ വചനങ്ങളാണോ സത്യമായിട്ടുള്ളത്‌. ശ്രീ ആന്‍ഡ്രുസ്‌ ആ സുവിശേഷങ്ങള്‍ മലയാളത്തില്‍ തര്‍ജ്‌ജമ്മ ചെയ്‌തു വച്ചിരിക്കുന്നു. ചെവിയുള്ളവര്‍ക്ക്‌ കേള്‍ക്കാം.കണ്ണുള്ളവര്‍ക്ക്‌ കാണാം. അന്വേഷിക്കാം.

തോമയുടെ സുവിശേഷത്തില്‍ 114 വചനങ്ങളാണുള്ളത്‌. മഗ്‌ദലന മറിയത്തിന്റെ 19 വചനങ്ങള്‍, അതില്‍ ഒന്നു മുതല്‍ ആറു വരേയും പതിനൊന്നു മുതല്‍ 14 വരെയും ഉള്ള പുറങ്ങള്‍ കണ്ടു കിട്ടിയിട്ടില്ല. മറിയത്തിന്റെ സുവിശേഷം 1896ലും തോമയുടെ 1945ലുമാണൂ കണ്ടു കിട്ടിയത്‌. അപ്പോഴേക്കും ഇന്നു കാണുന്ന ബൈബിള്‍ രൂപപ്പെടുകയും ലോകം മുഴുവന്‍ പ്രചരിക്കുകയും ചെയ്‌ത്‌ കഴിഞ്ഞിരുന്നു എന്നു നമുക്കറിയാം. നാലാം നൂറ്റാണ്ടില്‍ കോന്‍സ്‌റ്റന്റയിന്‍ ചക്രവര്‍ത്തി ക്രിസ്‌തു മതത്തെ റോമിലെ ആധികാരികമായ മതമായ്‌ അംഗീകരിച്ചു. ദൈവത്തിന്റെ വചനങ്ങള്‍ എന്ന പേരില്‍ ലോകത്തിന്റെ നാന ഭാഗത്തും കഴിയുന്ന മനുഷ്യര്‍ ഭക്‌തിപൂര്‍വ്വം വിശ്വസിച്ചു വരുന്ന ഒരു വിശുദ്ധ പുസ്‌തകത്തില്‍ മനുഷ്യര്‍ കൂട്ടി ചേര്‍ത്തത്‌ ഒന്നുമുണ്ടാകില്ലെന്നു അവര്‍ ധരിക്കുമ്പോള്‍ പിന്നീട്‌ കണ്ടെത്തുന്നതൊന്നും സ്വീകാര്യമാവില്ല. മൂന്നു തവണ കര്‍ത്താവിനെ തള്ളി പറഞ്ഞ ഒരാളുടെ പേരില്‍ പണിത പള്ളിക്ക്‌ എന്തുറുപ്പുണ്ടാകാന്‍ എന്നു ഒരു സംശയാലു ചോദിച്ചാലൊന്നും ആ പാറ ഇളകുകയില്ല. ദിവ്യ വചനങ്ങള്‍ യാതൊരു മാറ്റവുമില്ലാതെ സത്യസന്ധമായി ഇന്നു ലഭിക്കുന്ന ബൈബിളില്‍ പകര്‍ത്തിയിരിക്കുന്നു എന്നാണു യാഥാസ്‌ഥികരായിട്ടുള്ളവര്‍ വിശ്വസിക്കുന്നത്‌.

എന്നാല്‍ തോമയുടേയും മറിയയുടേയും വചനങ്ങള്‍ സ്വാര്‍ഥ ലാഭത്തിനു വേണ്ടി ആര്‍ക്കും വളച്ചൊടിക്കാന്‍ സാദ്ധ്യമാണെന്നു തോന്നുന്നില്ല. അതില്‍ കര്‍ത്താവിന്റെ ജനനം (ദിവ്യ), മാമോദീസ, അത്ഭുത പ്രവ്രുത്തികള്‍, മരണം (പീഡന) ജഢിക ഉയര്‍ത്തെഴുന്നേല്‍പ്പു ഇവ പറയുന്നില്ല. കര്‍ത്താവില്‍ കൂടി മാത്രമേ സ്വര്‍ഗ്ഗ രാജ്യം പ്രാപ്യമാകു എന്നു ബൈബിളിലെ സുവിശേഷകര്‍ ഘോഷിക്കുമ്പോള്‍ ദൈവം മനുഷ്യനു നല്‍കിയ കഴിവനുസരിച്ച്‌, അവനെ ദൈവത്തിന്റെ പ്രതിഛായയില്‍ സൃഷ്‌ടിച്ചതു കൊണ്ടു ദൈവത്തെ കണ്ടെത്താന്‍ തന്നത്താന്‍ ശ്രമിക്കുക എന്നാണു തോമയുടെ സുവിശേഷം പറയുന്നത്‌. അങ്ങനെയെങ്കില്‍ പുരോഹിതന്മാരുടെ ആവശ്യമി#്‌സ, പള്ളികളും ആരാധനാലയങ്ങളും ആവശ്യമില്ല. എന്നാണ്‌ മരിച്ചവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കുന്നത്‌, എന്നാണ്‌ പുതിയ ലോകം വരുന്നത്‌ എന്ന ചോദ്യത്തിനു കര്‍ത്താവു മറുപടി പറയുന്നു ( തോമയുടെ സുവിശേഷത്തില്‍) നോക്കി കാത്തിരുന്നാല്‍ രാജ്യം വരുകയില്ല. ലോകം വന്നു കഴിഞ്ഞു എന്നാല്‍ നിങ്ങള്‍ തിരിച്ചറിയുന്നില്ല. നമ്മള്‍ കൃപ കൊണ്ടല്ല രക്ഷപ്പെടുന്നത്‌, മോക്ഷം ഒരു ദാനമല്ല, മറിച്ച്‌ നമ്മള്‍ നിരന്തരം സത്യത്തെ അന്വേഷിക്കണം. സ്വര്‍ഗ്ഗരാജ്യം നിങ്ങളിലാണ്‌. അതു നിങ്ങള്‍ അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്യണം. കാരണം വെളിവാകപ്പെടാത്ത രീതിയില്‍ ഒന്നും മറക്കപ്പെട്ടിട്ടില്ല. നിങ്ങള്‍ സ്വയം കണ്ടെത്തുമ്പോള്‍ നിങ്ങള്‍ രക്ഷ പ്രാപിക്കുന്നു. നിങ്ങള്‍ സ്വയം കണ്ടെത്തുന്നില്ല എങ്കില്‍ നിങ്ങള്‍ക്ക്‌ മരണം സംഭവിക്കും. തോമയുടെ സുവിശേഷം ഒന്നാം വാക്യത്തില്‍ യേശു ഉപദേശിക്കുന്നു. ഈ വാക്കുകളുടെ അര്‍ഥം മനസ്സിലാക്കുന്നവര്‍ മരണം രുചിക്കുകയില്ല.

ഈ സുവിശേഷങ്ങളില്‍ എല്ലാം എന്നിലൂടെ എന്ന്‌ യേശു പറയുന്നില്ല. ദൈവത്തെ കണ്ടെത്താന്‍ സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ ഒരു മദ്ധ്യസ്‌തനെ ആവശ്യമില്ലെന്നു യേശു പറയുന്നു. അതു കൊണ്ട്‌ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ എന്നു തോമയുടെ സുവിശേഷം അറിയിക്കുന്നു. തോമയുടെ സുവിശേഷ പ്രകാരം യേശു ആരാണു്‌. വചനം 61- സലോമി ചോദിച്ചു. മനുഷ്യാ നീ ആരാകുന്നു......യേശു അവളൊടു പറഞ്ഞു. ഒരിക്കലും മാറ്റം ഉണ്ടാകാത്ത നിത്യനായവനില്‍ നിന്ന്‌ ഞാന്‍ വരുന്നു. പിതാവിന്റെ നിത്യത എനിക്കും കുറെ ലഭിച്ചിരിക്കുന്നു. ഞാന്‍ ശിഷ്യന്‍. അതിനാല്‍ ഞാന്‍ പറയുന്നു ഒരുവന്‍ ദൈവത്തെപോലെ ആയാല്‍ അവന്‍ വെളിവ്‌ നിറഞ്ഞവനായി മാറുന്നു. എന്നാല്‍ ദൈവത്തില്‍ നിന്നും അകന്നവന്‍ അന്ധകാരം നിറഞ്ഞവന്‍ ആകുന്നു. വചനം 77 - യേശു പറഞ്ഞു - എല്ലാറ്റിലും ഉപരിയായ പ്രകാശം ഞാന്‍ ആകുന്നു. ഞാന്‍ എല്ലാം ആകുന്നു. എല്ലാം എന്നില്‍ നിന്ന്‌ ഉളവായി. എല്ലാം എന്നിലേക്ക്‌ തിരികെ ചേരും. ഒരു മരകഷണം കീറി നോക്കുക, എന്നെ നിങ്ങള്‍ക്ക്‌ കാണാം. ഒരു കല്ല്‌ പൊക്കി നോക്കിയാല്‍ എന്നെ അവിടെ കാണാം.

തോമയുടെ സുവിശേഷത്തില്‍ ആദ്യപാപത്തെ കുറിച്ച്‌ പറയുന്നില്ല, അതു കൊണ്ട്‌ തന്നെ കുരിശു മരണത്തെപ്പറ്റിയും പരാമര്‍ശമില്ല. ലോകത്തിലെ പാപം എന്താണെന്ന മറിയയുടെ ചോദ്യത്തിനു യേശുവിന്റെ മറുപടി ഃ പാപം,എന്നതില്ല, പാപം നിലനില്‍ക്കുന്നത്‌ നിന്റെ (മനുഷ്യന്റെ) ഉള്ളില്‍ മാത്രമാണെന്നാണു. സ്വര്‍ഗ്ഗരാജ്യവും, പാപവും, നന്മയും തിന്മയും മനുഷ്യന്റെ ഉള്ളില്‍ തന്നെ എന്നു യേശു പറയുന്നു. അപ്പോള്‍ പിന്നെ നമ്മുടെ പാപത്തിനു വേണ്ടി കുരിശ്ശില്‍ മരിച്ച യേശുവിനെ പറ്റി മറ്റു സുവിശേഷകര്‍ പറയുന്നത്‌ എത്രമാത്രം ശരിയെന്ന സംശയം സാധാരണ മനുഷ്യരുടെ മനസ്സില്‍ ഉദിക്കുന്നു. ക്രിസ്‌തു കുരിശ്‌ മരണത്തിനു ശേഷം ഉയര്‍ത്തെഴുന്നേട്ടില്ല എന്നത്‌ സത്യമാണെങ്കില്‍ ക്രിസ്‌തു മതത്തിന്റെ നിലനില്‍പ്പു തന്നെ അവതാളത്തിലാവുന്നതാണു. അതു കൊണ്ടു മറിയയുടേയും, തോമയുടേയും സുവിശേഷങ്ങള്‍ പറഞ്ഞ്‌ നടക്കാന്‍ ആളെ കിട്ടുകയില്ല., ആരും വിശ്വസിക്കാനും പോകുന്നില്ല. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ എന്നു അതില്‍ പറയുന്നത്‌ ചെവിയുള്ളവര്‍ക്കാണു. ഭക്‌തി കൊണ്ടു കണ്ണും കാതും പ്രവര്‍ത്തിക്കാത്തവര്‍ നിറഞ്ഞ ഈ ലോകത്ത്‌ മതത്തിന്റെ പേരില്‍ ചോര പുഴകള്‍ ഒഴുകി, ഇനിയും ഒഴുകും.

അന്ധവിശ്വസങ്ങളുടെ സുഖ ശീതളഛായയില്‍ ഭൂരിപക്ഷത്തിന്റേയും ചെപ്പടി വിദ്യക്കാരുടേയും പുറകെ സഞ്ചരിക്കാനാണ്‌ ജനങ്ങള്‍ക്ക്‌ താല്‍പ്പര്യം.. സത്യം അന്വേഷിക്കാനോ, കണ്ടെത്താനോ അവര്‍ ശ്രമിക്കുന്നില്ല. തോമയുടെ സുവിശേഷത്തില്‍ അന്വേഷിക്കുന്നത്‌ കണ്ടെത്തുംവരെ അന്വേഷണം തുടരണം. കണ്ടെത്തുമ്പോള്‍ നമ്മള്‍ അതിശയപൂരിതരാകുമെന്നും യേശു പറയുന്നുണ്ട്‌. നമ്മുടെ വിശ്വാസങ്ങള്‍ക്കുപരിയായി എന്തെങ്കിലും കണ്ടെത്തുമ്പോള്‍ തീര്‍ച്ചയായും നമുക്ക്‌ അതിശയമുണ്ടാകും. മതത്തിന്റെ ബന്ധനത്തില്‍ നിന്നും രക്ഷപ്പെടാന്‍ അനുവദിക്കുന്ന അതെസമയം യേശുവിന്റെ വചനങ്ങള്‍ അനുസരിച്ച്‌ ജീവിക്കാവുന്ന ഒരു നല്ല ജീവിതം തോമയുടേയും മറിയയുടേയും സുവിശേഷങ്ങള്‍ നല്‍കുന്നു.

വല്ലവരും അന്വേഷിച്ച്‌ കണ്ടെത്തിയത്‌ വിശ്വസിക്കണമെന്നാണ്‌ യേശു പറഞ്ഞതിനര്‍ഥം എന്ന്‌ ഈ ലേഖകന്‍ കരുതുന്നില്ല. ഭൂമി സൂര്യനു ചുറ്റും തിരിയുന്നു എന്നു പുരാണ ഭാരതത്തിലെ യജുര്‍വേദത്തില്‍ പറയുന്നുണ്ട്‌. സഹസ്രാബ്‌ദങ്ങള്‍ക്ക്‌ ശേഷം ആ സത്യം ഭാരതത്തിനു പുറത്തുള്ളവര്‍ പറഞ്ഞപ്പോള്‍ അവരെ അവിടെയുള്ളവര്‍ കൊന്നു കളഞ്ഞു. രോഗങ്ങള്‍ വരുത്തുന്നത്‌ പിശാചാണെന്നും യജുര്‍വേദം പറയുന്നില്ല. പഞ്ചഭൂതാത്മകമായ ശരീരത്തിലെ വാത-പിത-കഫങ്ങളുടെ ക്രമകേടുകൊണ്ടാണെന്ന്‌ അത്‌ പറയുന്നു. അങ്ങനെയിരിക്കെ വേദങ്ങളും ഹൈന്ദവ സിദ്ധാന്തങ്ങളും വെറും സാത്താനിക്കാണെന്നു ഒരു ബൈബിളിന്റെ ബലത്തില്‍ ഭാരതത്തിലെ തെരുവീഥികളിി നിന്നും ഒരാള്‍ക്ക്‌ പറയാന്‍ കഴിയുന്നത്‌ ബൈബിളില്‍ മനുഷ്യര്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ ബലം കൊണ്ടാണ്‌. എന്നാല്‍ തോമയുടേയും, മറിയയുടേയും സുവിശേഷങ്ങള്‍ ജനങ്ങളിലേക്ക്‌ എത്തിയാല്‍ അവര്‍ക്ക്‌ വിവരം വച്ചാല്‍ ഒരു ആത്മീയ വിസ്‌ഫോടനം സംഭവിക്കും. ഞങ്ങള്‍ പ്രാര്‍ഥിക്കണോ, ഉപവസിക്കണോ എന്ന ശിഷ്യന്മാരുടെ ചോദ്യത്തിനു യേശുവിന്റെ മറുപടി - നിങ്ങള്‍ കള്ളം പറയരുത്‌, നിങ്ങള്‍ സ്വയം വെറുക്കുന്ന പ്രവൃത്തികള്‍ ചെയ്യരുതെന്നാണ്‌.. പ്രാര്‍ഥന, ഉപവാസം എന്ന പേരില്‍ എത്രയോ ജനലക്ഷങ്ങള്‍ കബളിപ്പിക്കപ്പെടുന്നതായി നമ്മള്‍ ഇന്നു വാര്‍ത്താ മദ്ധ്യമങ്ങളില്‍ നിന്നും മനസ്സിലാക്കുന്നു. യേശു വലിയ വില കല്‍പ്പിക്കാത്ത ഈ പ്രവൃത്തികള്‍ ചെയ്‌തു സ്വര്‍ഗ്ഗം നേടാമെന്നു പാവം മനുഷ്യര്‍ കരുതുന്നു.

ശ്രീ ആന്‍ഡ്രുസ്‌ അവര്‍കള്‍ ഈ വിഷയത്തില്‍ പല പുസ്‌തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. അതെല്ലാം മനുഷ്യരാശിക്ക്‌ ഉപകാരപ്രദമായി അവരെ അന്ധവിശ്വസത്തില്‍ നിന്നും രക്ഷിക്കുമെന്നു പ്രത്യാശിക്കാം, ദൈവീക പരിവേഷം ചാര്‍ത്തി ആരെങ്കിലും അവരെ ചൂഷണം ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ നിന്നും അവര്‍ മോചിപ്പിക്കപ്പെടുമെന്നും ആശിക്കാം.

സത്യം എപ്പോഴും സ്വര്‍ണ്ണ പാത്രത്താല്‍ മൂടിയിരിക്കുന്നു എന്ന്‌ വേദങ്ങള്‍ പറയുന്നു. തോമയുടേയും, മറിയയുടേയും സുവിശേഷങ്ങളിലെ തത്വങ്ങള്‍ക്ക്‌ ഭാരതീയ ദര്‍ശനങ്ങളുടെ ചായ്‌വുണ്ട്‌. അതായത്‌ `തത്വമസി'യെന്നും `അഹം ബ്രഹ്‌മസ്‌മി എന്നും ഉത്‌ഘോഷിക്കുന്ന വേദങ്ങളെപോലെ സ്വര്‍ഗവും, പാപവും എല്ലാം നമ്മളില്‍ ആണു, നമ്മള്‍ കണ്ടെത്തണമെന്ന ചിന്ത അതു സാധാരണ മനുഷ്യര്‍ക്ക്‌ എത്രമാത്രം സുഗ്രഹം ആകുമെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. യജുര്‍വേദത്തിന്റെ രത്‌ന ചുരുക്കം തന്നെ അത്‌ മനുഷ്യന്രെ കര്‍മ്മനിരതനാക്കാന്‍ പ്രേരിപ്പിക്കുന്നു എന്നാണു. തോമയുടേയും, മറിയയുടേയും സുവിശേഷത്തില്‍ യേശു പറയുന്നു - എഴുന്നേറ്റു മുന്നോട്ടു നടക്കുക എന്നാണു. (മറിയയുടെ സുവിശേഷം വചനം 8)

തോമയുടെ സുവിശേഷം വാക്യം 88 ഃ ഉദ്ധരിച്ച്‌ കൊണ്ടു ഈ ലേഖനം അവസാനിപ്പിക്കുന്നു. യേശു പറഞ്ഞുക പ്രവാചകന്മാരും സന്ദേശവാഹകരും നിങ്ങളുടെ അടുത്ത്‌ വന്ന്‌ നിങ്ങള്‍ക്കുള്ളതിനെ നിങ്ങള്‍ക്കു തരുന്നു. പകരം നിങ്ങളുടെ കയ്യില്‍ ഉള്ളത്‌ നിങ്ങള്‍ അവര്‍ക്ക്‌ കൊടുക്കുന്നു. സുവിശേഷ വേലയെന്ന പേരില്‍ പലര്‍ക്കും സ്വന്തം അദ്ധ്വാനത്തിന്റെ ഫലം നല്‍കുന്നവര്‍ ഈ വാക്യം ശ്രദ്ധിച്ചാല്‍ ഒന്നും പ്രത്യേകമായി നേടാതെ എന്താണു അവര്‍ നഷ്‌ടപ്പെടുത്തികൊണ്ടിരിക്കുന്നത്‌ എന്നു മനസ്സിലാക്കാവുന്നതാണ്‌.

പുസ്‌തകത്തിന്റെ കോപ്പികള്‍ക്ക്‌ ശ്രീ ആന്‍ഡ്രുസ്‌, e-mail- gracepub@yahoo.com
വിലാസത്തില്‍ ബന്ധപ്പെടുക.

മഗ്‌ദലന മറിയത്തിന്റെ സുവിശേഷം ഒരപഗ്രഥനം - വില US$ 10.00


തോമായുടെ സുവിശേഷം ഒരപഗ്രഥനം - വില US$5.00


ആമേന്‍

തോമയുടെയും മഗ്ദലന മറിയത്തിന്റെയും സുവിശേഷങ്ങള്‍ (പുസ്‌തക പരിചയം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക