Image

അമേരിക്ക (നോവല്‍-3) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 22 March, 2016
അമേരിക്ക (നോവല്‍-3) മണ്ണിക്കരോട്ട്
വിയറ്റ്‌നാം യുദ്ധം പല രാജ്യങ്ങളില്‍ നിന്നുമുള്ള നേഴ്‌സുമാര്‍ക്ക് അമേരിക്കയില്‍ കടക്കാനുള്ള കവാടം തുറന്നു കൊടുത്തു.

വിയറ്റ്‌നാമില്‍ ആയിരക്കണക്കിന് അമേരിക്കന്‍ ഭടന്മാര്‍ മരിച്ചു വീണു. അതിലേറെപേര്‍ മുറിവേറ്റും. അവരെ ശുശ്രൂഷിക്കുവാന്‍ അനേകം അമേരിക്കന്‍ നേഴ്‌സുമാര്‍ക്ക് അങ്ങോട്ടു പോകേണ്ടതായി വന്നു.

മുറിവേറ്റവരെ ക്രമേണ അമേരിക്കയിലേയ്ക്ക് കൊണ്ടുവന്നു തുടങ്ങി. അതിനാല്‍ മറ്റ് രാജ്യങ്ങളിലെ നേഴ്‌സുമാരെ അമേരിക്കയ്ക്ക്് ആവശ്യമായി. ഫിലിപ്പൈന്‍സ്, മെക്‌സിക്കോ, ലാറ്റിന്‍ അമേരിക്ക, ഇംഗ്ലണ്ട്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവയ്‌ക്കൊപ്പം ഇന്ത്യയ്ക്കും അവസരം കിട്ടി. അത് 

അമ്മിണിക്കും അതുപോലെ ഇന്ത്യന്‍ നേഴ്‌സുമാര്‍ക്കും ഭാഗ്യം തെളിയുന്നതിന് ഹേതുവായി. പ്രത്യേകിച്ച്, മലയാളി നേഴ്‌സുമാര്‍ക്ക്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം മറ്റു കാരണങ്ങളുമുണ്ട്. ഇന്ത്യയോട് സൗഹാര്‍ദ്ദം പുലര്‍ത്തി പല രാഷ്ട്രീയ നേട്ടങ്ങളും കണ്ടെത്താമെന്ന പ്രസിഡന്റ് നിക്‌സന്റെയും ഹെന്റിസിന്‍ജറിന്റെയും അതിമോഹവും നമ്മുടെ നേഴ്‌സുമാര്‍ക്ക് അക്കരെ കടക്കാന്‍ സഹായമായി.

രാജ്യത്തിന്റെ പല ഭാഗത്തും ഏജന്റ്‌സ് ഉണ്ടായി. കിട്ടിയ അവസരം കൈവിട്ടു പോകാതെ കിട്ടുന്നത്രയും പണം തട്ടിയെടുക്കാനായി അവര്‍ തിടുക്കപ്പെട്ടു. അതിനായി നഴ്‌സുമാരെ കണ്ടുപിടിക്കാനും അമേരിക്കന്‍ കോണ്‍സുലേറ്റുകളില്‍ കയറി ഇറങ്ങി വേണ്ട എഴുത്തുകുത്തുകള്‍ നടത്താനുമായി അവര്‍ ഓട്ടമായി.

റോസിയും ലില്ലിക്കുട്ടിയും ആരില്‍ നിന്നോ ഏജന്റ് പീറ്ററിനെ പരിചയപ്പെട്ടു. അവര്‍ അയാളെ അമ്മിണിക്കു പരിചയപ്പെടുത്തി കൊടുത്തു.

ഡല്‍ഹിയിലെ മറ്റെല്ലാ ഏജന്റ്‌സിനേയും കടത്തി വെട്ടിയ മഹാനാണ് പീറ്റര്‍. അതിന് കാരണമുണ്ട്. അയാളുടെ കുട്ടേജന്റ് അമേരിക്കയിലും പ്രവര്‍ത്തിക്കുന്നുണ്ട്- പോള്‍ പനവേലി.

അമേരിക്കയില്‍ സ്വന്തമായി സഹായത്തിന് ആരുമില്ലാത്ത നേഴ്‌സുമാര്‍ക്ക് പോള്‍ തല്‍ക്കാലം വേണ്ടതെല്ലാം ചെയ്തുകൊടുക്കും. താമസസൗകര്യങ്ങള്‍, ജോലിക്കു വേണ്ട പ്രാരംഭനടപടികള്‍ അങ്ങനെ ഓരോന്നും. റോസിക്കും ലില്ലിക്കുട്ടിക്കും പീറ്ററും പോളും അഭയമായി. അമ്മിണിക്കും ആ അഭയം ആവശ്യമായി.

അമ്മിണി ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ നേഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി. സ്റ്റാഫായിട്ട് ഏഴു വര്‍ഷമായി.

അന്നുമുതലുള്ള ആഗ്രഹമായിരുന്നു ഇന്ത്യയ്ക്ക് പുറത്തുപോയി ജോലി ചെയ്യണമെന്നത്. കൂടുതല്‍ പണം വേണം. അത്യാഗ്രഹം കൊണ്ടല്ല, ആവശ്യമായിരുന്നു. എത്ര ഓവര്‍ടൈം ചെയ്തിട്ടും പണം തികയുന്നില്ല. സ്വന്തം ആവശ്യങ്ങളല്ല, വീട്ടില്‍ ആവശ്യങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല.

പാവപ്പെട്ട വീട്ടിലെ എട്ടുമക്കളില്‍ മൂത്തവള്‍. അമ്മയപ്പ•ാരില്‍ നിന്ന് അകാരമണായ ശാസനകള്‍ പതിവായിരുന്നു. വീട്ടിലെ എല്ലാ കുറവിനും കുഴപ്പങ്ങള്‍ക്കും കാരണം അവളായിരുന്നു.
കഷ്ടപ്പെട്ട് പഠിച്ചു.

അവള്‍ സുന്ദരിയായിരുന്നു. ഇന്നുമതേ.

പത്താംക്ലാസ് കഴിഞ്ഞ് ഡല്‍ഹിയില്‍ നേഴ്‌സിംഗിന് കിട്ടി. സ്റ്റാഫായി കഴിഞ്ഞുള്ള നാല് വര്‍ഷങ്ങള്‍. വിശ്രമമില്ലാതെ ജോലി ചെയ്തു. രണ്ട് അനുജത്തിമാരുടെ വിവാഹം നടത്തി. എന്നിട്ടും 
മാതാപിതാക്കള്‍ അമ്മിണിയെപ്പറ്റി ചിന്തിച്ചില്ല.

രണ്ടാമത്തെ അനുജത്തിയുടെ വിവാഹം കഴിഞ്ഞ് മനസും ശരീരവും നന്നെ ക്ഷീണിച്ചിരുന്ന അവസരത്തിലാണ് ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ആന്റണിയെ ആദ്യമായി കണ്ടുമുട്ടുന്നത്.

അവിചാരിതമായിരുന്നു ആ കൂടിക്കാഴ്ച. ഒരു കൂട്ടം വടക്കെ ഇന്ത്യന്‍ ചെറുപ്പക്കാര്‍ അവളോട് 

അപമര്യാതയായി പെരുമാറാന്‍ തുടങ്ങി. തക്കസമയത്ത് ആന്റണി അവളെ രക്ഷിച്ചു.

അവര്‍ പരിചയപ്പെട്ടു. ആ പരിചയം പ്രേമമായി.

മാതാപിതാക്കളുടെ എതിര്‍പ്പോടെയെങ്കിലും ദീര്‍ഘമായ നാലു വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വിവാഹിതരായി. പിന്നെ മൂന്നുവര്‍ഷങ്ങള്‍ ഇന്നലെയെന്നപോലെയാണ് കടന്നുപോയത്. അമ്മിണി രണ്ടു കുട്ടികളുടെ മാതാവായി. റൂബിനും റൂബിയും.

അവരുടെ ദാമ്പത്യജീവിതം ആനന്ദഭരിതമായിരുന്നു. ഭര്‍ത്താവിനെ മനസ്സിലാക്കി സ്‌നേഹിച്ച് കു
ടുംബവിളക്കായി പ്രകാശിക്കുന്ന ഭാര്യ. ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ്. 

അമ്മിണിക്ക് ആറുമാസം കൊണ്ട് വിസാകിട്ടി.

വിസാ കിട്ടാറായപ്പോഴാണ് ഏജന്റ് പീറ്റര്‍ കണക്കും കരാറുമായി ചെല്ലുന്നത്. അതുവരെ ചെയ്തിട്ടുള്ള ഓരോന്നിനും കൊള്ളക്കണക്ക്. മാത്രമല്ല, അയാള്‍ ട്രാവല്‍ ഏജന്റുകൂടിയാണ്. 

അയാളില്‍ നിന്നുതന്നെ ടിക്കറ്റെടുക്കണം. അതും ചോദിക്കുന്നതാണ് വില.  അമേരിക്കയില്‍ ചെന്നിട്ട് പോളിന്റെ സഹായങ്ങള്‍ക്ക് വേറെ. അത് അവിടെ ജോലിയായിട്ട് കൊടുത്താല്‍ മതി. കണക്കു കണ്ടാല്‍ ആരുടെയും കണക്ക് തീരും.

അമ്മിണിക്കും അതുപോലെയുള്ളവര്‍ക്കും എങ്ങനെയായാലും ഒഴിയാനൊക്കുകയില്ലെന്ന് ഏജന്റ്‌സിനറിയാം.

അമ്മിണിക്കു പോകാനുള്ള ദിവസം തീരുമാനിച്ചു. റോസിക്കും ലില്ലിക്കുട്ടിക്കും എഴുതി.

1973 ജൂണ്‍ 15 അമ്മിണിയെ യാത്രയാക്കാനായി ന്യൂഡല്‍ഹി പാലം എയര്‍പോര്‍ട്ടില്‍ ആന്റണിയും തന്റെ ഓമനക്കുഞ്ഞുങ്ങളും കൂട്ടുകാരും എല്ലാം കൂടി.

ഭര്‍ത്താവിനെയും കുഞ്ഞുങ്ങളേയും വിട്ടുപോകാന്‍ അവളുടെ മനസ്സനുവദിച്ചില്ല. അവരോടു യാത്ര പറയുമ്പോള്‍ അമ്മിണി പൊട്ടിക്കരഞ്ഞു.

കയ്യില്‍ എട്ടു ഡോളറും പെട്ടിയില്‍ ചില്ലറ സാധനങ്ങളും മനംനിറയെ സ്വപ്നങ്ങളുമായി അമ്മിണി അമേരിക്കന്‍ മണ്ണില്‍ കാലുകുത്തി. 

ആ സ്വപ്നങ്ങളുടെ കടിഞ്ഞാണ്‍ പോളിന്റെ കയ്യിലാണെന്ന് അവള്‍ സ്വപ്നത്തില്‍ പോലും കരുതിയില്ല.

അമ്മിണി ഭയന്നുവിറച്ചു. എന്തുചെയ്യണമെന്ന് മനസ്സിലാകുന്നില്ല. ലിവിങ്ങ്‌റൂമിന്റെ ഒരു കോണില്‍ ഒതുങ്ങിനിന്നു.

എന്തുകൊണ്ടോ പോള്‍ അവളെ കടന്നുപിടിച്ചില്ല. പകരം തുറിച്ചു നോക്കി. അടി മുതല്‍ മുടി വരെ അരിച്ചുപെറുക്കുന്ന നോട്ടം. ശരീരത്തില്‍ തുളച്ചു കയറുന്ന ശരംപോലെ.

അപ്പോള്‍ അമ്മിണിയുടെ നയനങ്ങള്‍ ഡല്‍ഹിയിലെ തങ്ങളുടെ വീട്ടിലുള്ള യേശുക്രസ്തുവിന്റെ തിരുഹൃദയത്തില്‍ ഉറപ്പിച്ചിരുന്നു. 

'ഊൗംം.'

അയാള്‍ അര്‍ത്ഥം വച്ച് ഒന്ന് നീട്ടിമൂളി.

'നല്ല പരുവം'

അത് അമ്മിണി കേള്‍ക്കാനായിട്ടാണ് പറഞ്ഞത്.

'ഒരു നീണ്ടയാത്ര കഴിഞ്ഞു വന്നതല്ലേ. ക്ഷീണം കാണും.' പോള്‍ സംസാരിക്കാന്‍ തുടങ്ങി. 'നീ പോയി കുളിയ്ക്ക്. എന്നിട്ട് ഭക്ഷണം കഴിക്കാം.'

അതൊരു നിര്‍ദ്ദേശമായിരുന്നു.

അവളുടെ തൊണ്ട വരണ്ടുണങ്ങി. നിന്നിടത്തുനിന്ന് അനങ്ങാന്‍ കഴിഞ്ഞില്ല.

നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി.

'പറഞ്ഞത് കേട്ടില്ലേ?'

അയാളുടെ ശബ്ദത്തില്‍ അധികാരശക്തി അലതല്ലിയിരുന്നു. അമ്മിണി ധൈര്യം സംഭരിച്ചു.

'ഇവിടെ മറ്റാരുമില്ലേ?'

അവള്‍ ആരാഞ്ഞു.

'ങാ-ഇല്ല.എന്താ...? തല്ക്കാലം നീയും ഞാനും മാത്രം. പോയി കുളിയ്ക്കാനല്ലേ പറഞ്ഞത്. എന്നിട്ട് മറ്റുള്ളവരെ കാണുന്ന കാര്യം ആലോചിക്കാം.'

പറഞ്ഞുകൊണ്ട് പോള്‍ കിച്ചനിലേക്ക് നടന്നു. മദ്യക്കുപ്പിയുമായി തിരികെ വന്നു. ഗ്ലാസ്സില്‍ ഐസിട്ട് മദ്യം പകര്‍ന്നു. സോഡാ നിറച്ച് പതുക്കെ കുടിക്കാന്‍ തുടങ്ങി.

അമ്മിണി അതേ നില്‍പുതന്നെ

പോള്‍ വീണ്ടും മദ്യം പകര്‍ന്നു.

'എന്താ കുളിയ്ക്കുന്നില്ലേ?' മദ്യം വലിച്ചു കുടിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. 'അല്ലെങ്കില്‍ വേണ്ടാ ഞാന്‍ കുളിപ്പിച്ചു തരാം. എന്താ? ഇതില്‍ അല്പം സേവിച്ചിട്ടാകാം. നല്ല ഉ•േഷം കിട്ടും.'

അയാളുടെ സ്വരത്തില്‍ പരിഹാസം കലര്‍ന്നിരുന്നു. 

ഒരു ചെന്നായുടെ അടുത്താണ് താന്‍ വീണിരിക്കുന്നത്.

ആപത്ത് മുന്നില്‍ കണ്ടിട്ടും ഒഴിഞ്ഞുമാറാന്‍ കഴിയുന്നില്ല.

ദൈവമേ! ഈ സ്ഥിതി മറ്റാര്‍ക്കും ഉണ്ടാകരുതേ! ഈ ചെന്നായെ ഞാനെങ്ങനെ നേരിടുമോ? അവളുടെ 
നീറുന്ന മനസ്സ് ദൈവത്തോടപേക്ഷിച്ചു.

അയാള്‍ വീണ്ടും കുടിച്ചു. കുടി തീര്‍ന്നപ്പോള്‍ പതുക്കെ പുറത്തേക്കുള്ള കതകിനടുത്തേക്കു നടന്നു. എന്നിട്ട് അമ്മിണിയുടെ നേര്‍ക്ക് തിരിഞ്ഞു.

'ഞാന്‍ ഉടനെ തിരികെ വരും. അതിനകം പറഞ്ഞതുപോലെ ചെയ്യുന്നതായിരിക്കും നല്ലത്.' അതൊരു താക്കീതായിരുന്നു.

അയാള്‍ പുറത്തേക്കിറങ്ങി.

അമ്മിണി ഓടിച്ചെന്ന് കത് വലിച്ചിതുറക്കാന്‍ ശ്രമിച്ചു. അതില്‍ പലപ്രാവശ്യം പിടിച്ചു കുലുക്കി നോക്കി. കഷ്ടം! പുറത്ത് നിന്ന് പൂട്ടിയിരിക്കുന്നു.

താന്‍ കൂട്ടിലടച്ച ഒരു പക്ഷിതന്നെ. ചിറകറ്റ, പ്രാണനുവേണ്ടി പിടയുന്ന പക്ഷി.

എന്തു ചെയ്യണമെന്നറിയില്ല. കുറേനേരത്തേക്ക് ആ കതകില്‍ ചാരി അവള്‍ നിന്നുപോയി. ഹൃദയം വല്ലാതെ പിടയുന്നു. കണ്ണുകള്‍ നിറഞ്ഞൊഴുകി.

നിമിഷങ്ങള്‍ കടന്നുപോയി. അവള്‍ പുറത്തേക്കുള്ള ജനാലയ്ക്കരികെ ചെന്നു. ജനാല തുറന്ന് കീഴോട്ട് നോക്കി.

മുപ്പത്തിയേഴാം നിലയില്‍ നിന്ന് താഴോട്ട് നോക്കിയപ്പോള്‍ പാതാളത്തിലേക്കാണോ താന്‍ നോക്കുന്നതെന്ന് തോന്നിപ്പോയി. പട്ടണം ഏതാണ്ട് ഇരുട്ടിലായിരിക്കുന്നു. എങ്ങും വൈദ്യുതവിളക്കുകള്‍ പ്രകാശിക്കുന്നു. റോഡില്‍ അപ്പോഴും വാഹനങ്ങള്‍ പായുന്നു.

ദൈവമേ! ആ പോക്കില്‍ അവന് എന്തെങ്കിലുമങ്ങ് സംഭവിച്ചിരുന്നെങ്കില്‍! അവള്‍ മനം നൊന്ത് ചിന്തിച്ചുപോയി. കുറച്ചു കഴിഞ്ഞ് ആ അപ്പാര്‍ട്ടുമെന്റിനകമൊക്കെ ഒന്ന് ചുറ്റിക്കറങ്ങി നോക്കി.
ഒരു ബഡ്‌റൂം മാത്രം. ഒരു വലിയ കിടക്കയും. അയാളുടെ സാധനങ്ങളേയുള്ളൂ. 

-ഇത് അയാളുടെ മാത്രം അപ്പാര്‍ട്ടുമെന്റാണ്. ഇതു ചതിയാണ്.

അവളുടെ അന്തരംഗം ഉരുവിട്ടു. ഹൃദയമിടിപ്പിന്റെ വേഗത കൂടി. ഭര്‍ത്താവും കുഞ്ഞുങ്ങളും മനസ്സിലോടിയെത്തി.

ആരോ കതക് തുറക്കുന്നതുപോലെ. 

അമ്മിണി പഴയപടി ലിവിങ്ങ് റൂമിന്റെ കോണില്‍ പോയി നിന്നു. പോള്‍ അകത്തു കടന്നു. കയ്യില്‍ എന്തോ പൊതിയുമുണ്ട്.

അമ്മിണിയെ പഴയ പടി കണ്ടപ്പോള്‍ പോളിന് കോപം ജ്വലിച്ചു. 'നീ പറഞ്ഞതൊന്നും കേട്ടില്ല, അല്ലേടീ? എന്നാല്‍ അല്ലാതെ മതി.'

കയ്യിലിരുന്ന പൊതി താഴെ വച്ചിട്ട് അയാള്‍ അമ്മിണിയോടടുത്തു. അവള്‍ ഓടി മാറി. അയാള്‍ വിട്ടില്ല. കടന്നു പിടിച്ചു. അവള്‍ കുതറി പിടിവിടുവിച്ചു.

'എന്നെ തൊട്ടുപോകരുത്.' അമ്മിണി അലറി. 'ഇതാണോ നിങ്ങളുടെ പരിപാടി. എന്നെ മറ്റുള്ളവരുടെ അടുത്തു കൊണ്ടുപോയി വിടണം. പറഞ്ഞേക്കാം.

'കൊണ്ടുവിടാമെടീ. ഇതുവരെ ഞാന്‍ കൊണ്ടുവന്നിട്ടുള്ള പെണ്ണുങ്ങളൊന്നും എന്റെ ഇഷ്ടം കഴിയാതെ പോയിട്ടില്ലെടീ.'

പോളിന്റെ അരിശം ഇരട്ടിയായി. അവളെ കടന്നു പിടിക്കാനായി വീണ്ടും അടുത്തു.

'പോള്‍ നിങ്ങളെന്നോട് അനാവശ്യമായി പെരുമാറരുത്. ഞാന്‍ ഭര്‍ത്താവും കുട്ടികളും ഉള്ളവളാണ്.' അമ്മിണി അപേക്ഷിച്ചു.

'അതിനു വേറെ ആളിനെ നോക്കണം.'

അതു പറഞ്ഞുതീര്‍ന്നില്ല പോള്‍ അവളെ കടന്നു പിടിച്ച് ചുംബിക്കാനുള്ള ശ്രമമായി.

അവളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരുന്നു. സകലദൈവങ്ങളേയും മനസ്സിലോര്‍ത്തു സകല ശക്തിയും ഉപയോഗിച്ച് അയാളുടെ പിടിയില്‍ നിന്ന് വിട്ടുമാറി.

പോളിന്  തോല്‍ക്കാന്‍ ഭാവമില്ല. വീണ്ടും അവളോടടുത്തു.

അമ്മിണിയുടെ തീരുമാനം പെട്ടെന്നായിരുന്നു. അവള്‍ ഓടി പുറത്തേക്കുള്ള ജനാലയ്ക്കരികെ ചെന്നു. അതിന്റെ രണ്ടുവശത്തും പിടിച്ചു കൊണ്ട് വലതുകാല്‍ പുറത്തേക്കിട്ടു.

'ഇനിയും എന്നെ തൊട്ടുപോയാല്‍ ഇവിടെ നിന്ന് എടുത്തുചാടി എന്റെ ജീവന്‍ കളയും. അതു നിശ്ചയം.' അവള്‍ അലറി.

****************************

അമേരിക്ക (നോവല്‍-3) മണ്ണിക്കരോട്ട്
Join WhatsApp News
James Thomas 2016-03-22 14:31:44
സ്വയം ഒരു നേഴ്സും, അമേരിക്കയിൽ വന്നു ആ ജോലിയിൽ പ്രവേശിക്കയും ചെയ്ത ശ്രീ മണ്ണികരോട്ടിനു
നേഴുമാരുടെ ജീവിതത്തെക്കുരിച്ച് ഫസ്റ്റ് ഹാൻഡ്
ഇൻഫർമേഷൻ ഉണ്ടായിരിക്കുമല്ലോ. തന്നെയുമല്ല
സഹപ്രവർതകളായ വനിതാ നേഴ്സുമാർ
ഇദ്ദേഹത്തോട് അവരുടെ ജീവിത കഥകൾ
പറഞ്ഞും കാണും. ആ നിലയ്ക്ക് മണ്ണിക്കരോട്ട്
അതൊക്കെ കഥാരൂപത്തിൽ എഴുതുന്നതിൽ
തെറ്റൊന്നുമില്ല. പക്ഷെ പേരു മാറ്റിയെഴുതിയാലും എളുപ്പം പിടികിട്ടുന്ന
കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ അവരുടെ സ്വകാര്യതയെ മാനിക്കുന്നത് മണ്ണിക്കരൊട്ടിന്റെ അന്തസ്സ് വര്ദ്ധിപ്പിക്കും. മുൻ തലമുറക്ക് ഈ കഥകളൊക്കെ അറിയാവുന്നത്കൊന്റ്റ്   കഥാ കഥനത്തിൽ സൂക്ഷ്മത പാലിക്കുക,.
Mohan Parakovil 2016-03-23 07:22:14
ഇത് ഒരു വായനകാരന്റെ അഭിപ്രായമാണ് ചില കമനുറ്റ്കൾ ഇ മലയാളി ഇടാറില്ല അത് കൊണ്ട് ഇതും ഇടുമോ എന്ന് സംശയമാണു. ഇത് വരെ വായിച്ചേടത്തോളം  നോവലിന് എന്തിനാണു അമേരിക്ക എന്ന് പേരിട്ടത് എന്ന് മനസ്സിലാകുന്നില്ല .ഇത് അവിടെ കുടിയേറിയ നിസ്സഹായരായ നേഴ്സുമാരുടെ കഥയാണു. അമേരിക്കയിലെ മലയാളി നേഴ്സുമാർ എന്നായിരിക്കും ഉചിതം .മണ്ണികരൊട നോവൽ എന്ന് തലക്കെട്ടിൽ  ചില കാര്യങ്ങൾ വെറുതെ പറയുകയാണ്‌. ക്ഷമിക്കണം ആളുകളെ കുറ്റം പറയുന്ന പോലെ ഒരു ലവലിലേക്ക് രചന  താഴുന്നു അതായത് ഇതൊക്കെ
അവിടെ നിന്നും ഇവിടെ വരുന്നവർ തട്ടിവിടുന്ന
കഥ പോലെ അനുഭവപ്പെടുന്നു . കണ്ടതും കേട്ടതുമായ കാര്യങ്ങൾ അങ്ങനെ തന്നെ   പകർത്തുമ്പോൾ കലാമൂല്യം നഷ്ടപ്പെടുന്നു . പരദൂഷണം ഇഷ്ടപ്പെടുന്നവര്ക്ക് ഇത് വായിക്കാൻ താല്പ്പര്യം കാണും . പത്രാധി പരെ ,   എന്റെ ഈ അഭിപ്രായം  ഇങ്ങനെ തന്നെ ഇടാൻ പ്രയാസമാണെങ്കിൽ  മാണികരോട്ടിന്റെ  നോവലിനെപ്പറ്റി  മോഹൻ പാറക്കോവിൽ അഭിപ്രായം എഴുതി അത് മണ്ണികരോട്ടിനു ഇഷടമാകാൻ വഴിയില്ലെന്ന് ഞങ്ങൾ കരുതുന്നു അത് കൊണ്ട് ഇടുന്നില്ല എന്നാ ഒരു കുറിപ്പ് കൊടുക്കാൻ അപേക്ഷ  . അല്ലാതെ വെട്ടി നുറുക്കി നിങ്ങളുടെ ഇഷ്ടത്തിനു ഇടരുത് പ്ലീസ്. വിദ്യാധരൻ മാഷ് മിണ്ടാതെയിരിക്കുന്നത് നോവൽ അവസാനിക്കട്ടെ എന്ന് കരുതിയായിരിക്കും. അദ്ദേഹത്തിന്റെ അഭിപ്രായം കാത്തിരിക്കുന്നു

അമ്മിണി 2016-03-23 09:44:54
മണ്ണിക്കരോട്ട് ചേട്ടൻ എഴുതിക്കോ. ധൈര്യമായി എഴുതിക്കോ.  പെണ്ണുങ്ങളെ സഹായിക്കാനെന്ന ഭാവത്തിൽ കൂടെ കൂടി അവമാനിക്കാൻ നോക്കുന്ന ചെറ്റ വാപൊളിയൻ മലയാളികൾ ഇഷ്ടംപ്പോലെയാ.  ഡബിൾ ഡ്യൂട്ടി ചെയ്ത് നടുവൊടിഞ്ഞ ഭാര്യയുടെ അടുത്ത്  കുറച്ചു വെള്ളം അകത്താക്കി ആക്രാന്തത്തിനു ചെന്നാൽ വിവരം അറിയും. അതുകൊണ്ട് ഇങ്ങനെ ഒറ്റ തിരിഞ്ഞു വരുന്നതിനെ ഒക്കെ തിരഞ്ഞു പിടിച്ചു അവരുടെമേൽ ചാടിവീഴുന്ന പോളിനെപ്പോലെയുള്ള നാറികൾക്ക് എന്ത് സ്വകാര്യതയാ ഉള്ളത് ജെയിംസ് ചേട്ടാ.  നിങ്ങൾതന്നെയാണോ പോൾ അതോ നിങ്ങളുടെ ആരെങ്കിലുംമാണോ ? എന്തിനാ ഈ നാറ്റ കേസിന് വക്കാലത്ത് പിടിക്കാൻ പോകുന്നത്? എന്തായാലും മണ്ണിക്കരോട്ട് ചേട്ടൻ എഴുതിയപ്പോൾ ജയിംസ് ചെട്ടന് വല്ലാതെ പൊള്ളിയെന്നു തോന്നുന്നു 

വിദ്യാധരൻ 2016-03-23 12:03:09
പ്രിയ മോഹൻ പാറക്കൊവിലിനു 

താങ്കളുടെ വിമർശനം ഞാൻ വായിച്ചു.  അമേരിക്കൻ മലയാളികൾ നാടിനെക്കുറിച്ച് ഓർത്ത് ഉറക്കം കളയുന്നത് പോലെ താങ്കൾ അമേരിക്കൻ മലയാളികളുടെ സാഹിത്ത്യ പ്രവർത്തനത്തെക്കുറിച്ച് ആകുലപ്പെടുന്നത്, സാഹിത്യത്തോടുള്ള താത്പര്യം കൊണ്ടാണെന്ന് ഞാൻ കരുതുന്നു. ഞാനും അതുപോലത്തെ ഒരു ചിന്താഗതിക്കാരനാണ്.   അമേരിക്കൻ എഴുത്തുകാർ അമേരിക്കയിലുള്ള അസംസ്കൃത പദാർത്ഥങ്ങൾ എടുത്തു വേണം കഥയും കവിതയും ഒക്കെ എഴുതണം എന്ന മൺമറഞ്ഞുപോയ കട്ടിക്കൽ എന്ന പ്രൊഫസറുടെ വാദഗതിയോടു ഞാനും ഒരു അളവ് വരെ യോചിക്കുന്നു.  നോവലിന്റെ തുടക്കം കുറ്റം പറയുന്നതുപോലെ വായനക്കാർക്ക് അനുഭവപ്പെടുന്നു എങ്കിൽ അതിൽ കുറ്റം പറയാനാവില്ല. കാരണം അങ്ങനെയുള്ള കഥാപാത്രങ്ങളെയല്ലേ എഴുത്തുകാരൻ അവധരിപ്പിക്കുനന്നതു. പോൾ എന്ന കഥാപാത്രത്തിന്റെ വായിൽ നിന്ന് വരുന്ന തറ വർത്തമാനം   കേൾക്കുമ്പോൾ  കലിപ്പ് കഥാപാത്രത്തോട്  തോന്നണം.  അതിനു ആ കഥാപാത്രത്തെ സൃഷ്‌ടിച്ച എഴുത്ത് കാരനെ അഭിനന്ദിക്കുന്നതിൽ എനിക്ക് മടിയില്ല.  വയലാറിന്റെ സൗഗന്ധികപുഷ്പത്തിൽ ഭീമസേനനെക്കൊണ്ട് വഴിൽ കിടക്കുന്ന മർക്കടത്തെ 'മാറി കിടക്കെടാ തെണ്ടി" എന്ന് കവി പറയിപ്പിക്കുന്നുണ്ട്. ആദ്യം അത് വായിച്ചപ്പോൾ ഞാൻ വിചാരിച്ചു വയലാർ ആ ഭാഗം എഴുതിയപ്പോൾ വെള്ളം അടിച്ചിട്ട് എഴുതിയതെന്ന്.  പിന്നീട് വായിച്ചപ്പോൾ തോന്നി ആഹന്തകൊണ്ട് തലപൊക്കി നടന്നടുക്കുന്ന ഭീമ സേനന്റെ അഹങ്കാരത്തെ കാണിക്കാനും, അഹങ്കാരവും ഹുങ്കും മനുഷ്യരെ എത്ര മാത്രം നീചമായ അവസ്ഥയിൽ കൊണ്ട് ചെന്നെത്തിക്കാനും കഴിയും  എന്നതിനെ മറ്റേതു തരത്തിൽ അവതരിപ്പിച്ചാൽ ഫലിക്കും എന്നും ഓർത്തുപോയി.  പോളെന്ന കഥാപാത്രത്തിന്റെ അവതരണം ഒരു കുറ്റം പറച്ചിലായി എനിക്ക് തോന്നിയില്ല നേരെ മറിച്ചു ചിലർ രാത്രിയിൽ  ഭാര്യ അടക്കം സ്ത്രീകളോട്പോക്രിത്തരം കാണിച്ചിട്ട് സമൂഹത്തിലെ മാന്യന്മാരായി നടക്കുന്ന ഒരു പൊയ്മുഖധാരിയുടെ അവധാരണമായിട്ട് തോന്നി .  എന്തായാലും സോക്രട്രീസിനേം,  നേപ്പോളിയെനം ഒക്കെ നോവലാക്കുന്നതിലും, വായിച്ചാൽ മനസിലാകാത്ത കവിത രചിച്ചു വായനക്കാരെ മിനക്കെടുത്തുന്നതിലും എത്രയോ നല്ലതാണ്  ഇത്തരം കഥാപാത്രങ്ങൾ. ഇത്തരക്കാർ ഇന്നും, അമേരിക്കയിൽ  ഞങ്ങളുടെ  ഇടയിൽ സിംഹാസനങ്ങളിൽ വാണരുളുന്നു എന്നത് നാട്ടിലിരിക്കുന്ന നിങ്ങളെപ്പോലുള്ളവർ അറിഞ്ഞിരിക്കുന്നത് നല്ലതാണ് .  ഇവന്മാര് നാട്ടിൽ വന്നു ചില വേലത്തരം കാണിക്കുമ്പോൾ ഒന്ന് സൂക്ഷിച്ചോണേ 

സസ്നേഹം 
വിദ്യാധരൻ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക