Image

കാക്കി നിക്കറില്‍ നിന്നും കടുംതവിട്ടു കളസത്തിലേക്ക്-ആര്‍.എസ്.എസ് (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 21 March, 2016
കാക്കി നിക്കറില്‍ നിന്നും കടുംതവിട്ടു കളസത്തിലേക്ക്-ആര്‍.എസ്.എസ് (ഡല്‍ഹികത്ത് : പി.വി.തോമസ്)
'സിക്കര്‍വാല' അല്ലെങ്കില്‍ 'കട്ടികാക്കി' എന്നൊക്കെയാണ് രാഷ്ട്രീയ സ്വയം സേവക് സംഘാഗംങ്ങളെ അതിന്റെ അനുഭാവികളായ ഉദ്യോഗസ്ഥന്മാരെയും മാധ്യമപ്രവര്‍ത്തകരെയും സാധാരണയായി ഡല്‍ഹിയിലും മറ്റും വിളിക്കാറ്. ഇനി അത് ഉണ്ടാവുകയില്ല. കാരണം ആര്‍.എസ്.എസ്. സ്വയം സേവകര്‍ കഴിഞ്ഞ 91 വര്‍ഷമായി ധരിക്കുന്ന 'കാക്കി ബെലൂണ്‍ നിക്കര്‍' ഉപേക്ഷിക്കുവാനും പകരം കടും തവിട്ടുനിറമുള്ള കളസത്തിലേക്ക് മാറുവാനും തീരുമാനിച്ചതായി ആര്‍.എസ്.എസിന്റെ അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യ പ്രഖ്യാപിച്ചിരിക്കുന്നു. ഇത് വലിയൊരുമാറ്റം ആണ്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ഈ മാറ്റത്തെ അധിക്ഷേപിച്ച് സംസാരിച്ചുവെങ്കിലും-91 വര്‍ഷം വേണ്ടിവന്നു ആര്‍.എസ്.എസിന് നിക്കറില്‍ നിന്നും കളസത്തിലേക്ക് മാറുവാന്‍ ഇത് വസ്ത്രപരമായി വലിയ ഒരു വ്യതിയാനം ആണ്. രാഷ്ട്രീയ ജനതദള്‍ നേതാവ് ലാലുപ്രസാദ് യാദവ് ഈ മാറ്റത്തിന്റെ ക്രെഡിറ്റ് ഭാര്യ റാബരിദേവിക്ക് നല്‍കുകയുണ്ടായി. കാരണം റാബരി ദേവി കുറെ നാളുകള്‍ക്ക് മുമ്പ് ആര്‍.എസ്.എസിനെ പരിഹസിക്കുകയുണ്ടായി ഇത്രയും പ്രായം ചെന്ന സംഘികള്‍പോലും നിക്കര്‍ ധരിക്കുവാന്‍ നാണം ഇല്ലേയെന്ന്! ഏതായാലും ആര്‍.എസ്.എസ്. ആ കുറവ് നികത്തുകയാണ്. ആ പേരു ദോഷം മാറ്റുകയാണ്. ഇനി മുതല്‍ ബലൂണ്‍ കാക്കി നിക്കര്‍ ഇല്ല. പകരം കടുംനിറമുള്ള തവിട്ടു കളസം മാത്രം. ഇത് വലിയ ഒരു മാറ്റം ആണ്. പരിഷ്‌ക്കാരം ആണ്. ചരിത്രപരമായ വ്യതിയാനം ആണ്. പ്രത്യയശാസ്ത്രപരമായ ഒരു മാറ്റത്തിന്റെ ഭാഗം ആണ്. എന്നൊക്കെയാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുവാന്‍ വെമ്പുന്നത്. ശരിയോ?
ആര്‍.എസ്.എസ്. ലോകത്തിലെ ഏറ്റവും സന്നദ്ധ-സാംസ്‌ക്കാരിക സംഘടനകളില്‍ ഒന്നാണ്. 56,859 ശാഖകള്‍ ഇന്‍ഡ്യയുടെ 36,867 സ്ഥലങ്ങളിലായിട്ടുണ്ട്. അത്രക്ക് ബൃഹത്തായ ഒരു സംഘടനയാണിത്. അത് ഒരു സാംസ്‌ക്കാരിക സംഘടനയായിട്ടാണ് ജന്മമെടുത്തതെങ്കിലും തെരഞ്ഞെടുപ്പില്‍ നേരിട്ട് ഇടപെടാതെതന്നെ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുകയും ഗവണ്‍മെന്റിന്റെയും ഭരണത്തിന്റെയും ചുക്കാന്‍ പിടിക്കുകയും ചെയ്യുന്നു. ആര്‍.എസ്.എസ്. മോഡി ഗവണ്‍മെന്റിന്റെ നയങ്ങളെ രൂപപ്പെടുത്തുന്ന പ്രധാനശക്തികളില്‍ ഒന്നാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ ഒരു പ്രധാന ആര്‍.എസ്.എസ്. ഭാരവാഹിയായിരുന്നു. അതുകൊണ്ടൊക്കെതന്നെയാണ് ആര്‍.എസ്.എസിന്റെ ഈ വേഷപ്പകര്‍ച്ച ദേശീയ തലത്തില്‍ ചര്‍ച്ചാവിഷയം ആയിരിക്കുന്നത്.

ആര്‍.എസ്.എസ്. അതിന്റെ യൂണിഫോറം മാറ്റുവാനുള്ള തീരുമാനം പ്രഖ്യാപിച്ചത് നാഗ്പൂരില്‍(രാജസ്ഥാന്‍) നടന്ന വാര്‍ഷിക സമ്മേളനത്തില്‍ വച്ചാണ്(മാര്‍ച്ച് 11-13, 2016). എന്തുകൊണ്ടാണ് ആര്‍.എസ്.എസ്. ഇങ്ങനെ ഒരു മനപരിവര്‍ത്തനത്തിന് തയ്യാറായത്? ആര്‍.എസ്.എസ്. തന്നെ സമ്മതിക്കുന്നു ഇത് പൊടുന്നനെയുള്ള ഒരു തീരുമാനം അല്ല. വര്‍ഷങ്ങളായി ആലോചനയിലും അജണ്ടയിലും ഉള്ളകാര്യം ആണ്. പക്ഷേ, കാരണം വ്യക്തമാക്കിയിട്ടില്ല. ചെറുപ്പക്കാരെ ആര്‍.എസ്.എസിലേക്ക് ആകര്‍ഷിക്കുവാനുള്ള നയം ആണെന്ന് ചില നിരീക്ഷകര്‍ ഇതിനെ വ്യാഖ്യാനിക്കുന്നു. ആയിരിക്കാം. ആര്‍.എസ്.എസ്. വക്താക്കള്‍ പറയുന്നു കാലത്തിനൊപ്പം നീങ്ങുവാനുള്ള സംഘടനയുടെ കര്‍മ്മപരിപാടിയുടെ ഭാഗം ആണ് ഇതെന്ന്. ഇതും ശരിയായിരിക്കാം.
കാലത്തിനൊപ്പം എന്നത് എത്രമാത്രം? ഇതാണ് ഇവിടെ പ്രശ്‌നം. 1925-ല്‍ വിജയദശമി ദിവസത്തിലാണ് നാഗ്പൂരില്‍ ആര്‍.എസ്.എസ്. രൂപം കൊള്ളുന്നത്. ഏകദേശം 15-20 യുവാക്കള്‍ ഡോ.കേശവ് ബലിറാം ഹെഡ്്‌ഗെവാറിന്റെ(ഡോക്ടര്‍ജി) ഭവനത്തില്‍ ഒത്തുചേര്‍ന്നു. അതില്‍ അന്ന സോണി, വിശ്വനാഥറാവു കേല്‍ക്കല്‍, ബാലാജി ഹൂഢര്‍, ബാപ്പുറാം ബേഡി, ബൗജി കാവറെ എന്നിവര്‍ പ്രമുഖരായിരുന്നു. 

ആര്‍.എസ്.എസിന്റെ ലക്ഷ്യം, സ്ഥാപകനേതാവ് ഹെഡ്‌ഗെവാര്‍ പ്രഖ്യാപിച്ചതുപോലെ ഹിന്ദുരാഷ്ട്രരൂപീകരണം ആയിരുന്നു. 'അതിനായി എല്ലാവരും ശാരീരിമായും ബൗദ്ധീകമായും സജ്ജരും സന്നദ്ധരും ആയിരിക്കണം' അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. ഹിന്ദു രാഷ്ട്രം എന്നത് ആര്‍.എസ്.എസിന്റെ അടിസ്ഥാനപ്രമാണം ആണ്. അതിനാല്‍ മഹാത്മജി മഹാത്മജിയുടെ സ്വാതന്ത്ര്യ സമരത്തില്‍ പോലും അത് പങ്കെടുത്തില്ല. കാരണം സ്വാതന്ത്ര്യ സമ്പാദനാന്ത്രം ഒരു ഹിന്ദു രാഷ്ട്രം ലഭിക്കുമെന്നതിന് ഉറപ്പില്ലാത്തതിനാല്‍. എന്നാല്‍ കോണ്‍ഗ്രസിനും മഹാത്മജിക്കും സമാന്തരമായി ഒരു ബ്രിട്ടീഷ് വിരുദ്ധ മുന്നേറ്റം ആര്‍.എസ്.എസ്. പടുത്തുയര്‍ത്തിയതുമില്ല. മറിച്ച് പലപ്പോഴും ബ്രിട്ടീഷുകാരുമായി രഹസ്യധാരണയിലും ആയിരുന്നു. കമ്മ്യൂണിസ്റ്റുകാരുടെ പോലും സംഭാവന സ്വാതന്ത്ര്യസമരത്തിന് അമൂല്യമായിരുന്നു. 1942 ലെ ക്യാറ്റ് ഇന്‍ഡ്യപോലുള്ള ചില ചരിത്രസംഭവങ്ങള്‍ ഒഴിച്ചാല്‍. സ്വാതന്ത്ര്യസമരത്തെ എവിടെയെല്ലാം അ്ട്ടിമറിക്കാമോ അവിടെയെല്ലാം ആര്‍.എസ്.എസ്. പ്രവര്‍ത്തിച്ചു എന്നത് ഒരു ചരിത്ര വസ്തുതയാണ്. 1947-ലെ സ്വാതന്ത്ര്യലബ്ദിയോടെ ആര്‍.എസ്.എസ്. കടുത്ത മുസ്ലീം വിരോധിയായി. ചരിത്രത്തിന്റെ ആ വിഴുപ്പ് ഭാണ്ഡം ഇന്നും ആര്‍.എസ്.എസിന്റെ തോളില്‍ ഉണ്ടോ? നാഗ്പൂരിലെ പുതിയ വേഷപ്രച്ഛന്നം ഇതിനെ ഉള്‍ക്കൊള്ളുന്നുണ്ടോ? ഉണ്ടെന്നാണ് ചില ശുദ്ധഗതിക്കാരായ രാഷ്ട്രീയ നിരീക്ഷകര്‍ വിശ്വസിക്കുവാന്‍ ആഗ്രഹിക്കുന്നത്. 1948-ലെ മഹാത്മജിയുടെ വധത്തോടെ ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയ മുഖം കൂടുല്‍ വെളിപ്പെട്ടു. മഹാത്മജിയുടെ വധത്തെ തുടര്‍ന്ന് അന്നത്തെ ഗൃഹമന്ത്രിയായിരുന്ന സര്‍ദാര്‍ പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചു. ഇതിനുശേഷം രണ്ട് പ്രാവശ്യം കൂടെ ആര്‍.എസ്.എസ്. സ്വതന്ത്ര ഇന്‍ഡ്യയില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്- അടിയന്തിരാവസ്ഥ കാലത്തും(1975-77) ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴും(1992).

കാക്കിനിക്കറില്‍ നിന്നും കടുംതവിട്ട് കാല്‍സ്രയിലേക്ക് വേഷം മാറുക വഴി ആര്‍.എസ്.എസ്. ഒരു ആശയ മനപരിവര്‍ത്തനത്തിന് വിധേയം ആവുകയാണോ? ആണെന്ന് വിശ്വസിക്കുന്നവരും അങ്ങനെ വാദിക്കുന്നവരും ഉണ്ട് രാഷ്ട്രീയ നിരീക്ഷകരില്‍. അവര്‍ ചൂണ്ടികാണിക്കുന്നത് നാഗ്പ്പൂര്‍ വാര്‍ഷീക സമ്മേളനത്തില്‍ അയോദ്ധ്യയിലെ രാംമന്ദിരമോ, ജമ്മുകാശ്മീരിന് പ്രത്യേകാവകാശങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്നും എടുത്തുകളയുന്നത് സംബന്ധിച്ച പ്രമേയമോ കോമണ്‍ സിവിള്‍ കോട്ട് വേണമെന്ന നിലപാടോ ഒന്നും ഉണ്ടായിരുന്നില്ലെന്നതാണ്. ആ സമ്മേളനത്തിലെ പ്രമേയങ്ങള്‍ സംവരണത്തെ പിന്തുണക്കുന്നതായിരുന്നു. സ്ത്രീ-പുരുഷ സമത്വത്തെ അംഗീകരിക്കുന്നതായിരുന്നു. സാമുദായിക സമാധാനത്തെയും അത് ഗൗരവത്തോടെ വീക്ഷിച്ചു. ഇതൊക്കെ വലിയ മാറ്റങ്ങള്‍ തന്നെയാണ്. അതുപോലെ തന്നെ സ്വവര്‍ഗ്ഗ ലൈഗീകതയെ പിന്തുണച്ചും ആര്‍.എസ്.എസ്. പ്രചാരകന്‍ ദത്താത്രെയ ഹോസ്‌ബെയില്‍ പ്രസ്താവന നടത്തിയതും ശ്രദ്ധേയമായി. പക്ഷേ, ഇതെല്ലാം ഒരു മാറ്റത്തിന്റെ തുടക്കം ആണോ?

എന്ന് വിശ്വസിക്കാറായിട്ടില്ല. അല്ലെങ്കില്‍ അങ്ങനെ വിശ്വസിക്കുവാന്‍ പ്രയാസം ആണ്. ഹൈദ്രാബാദ് യൂണിവേഴ്‌സിറ്റി- ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി സംഭവങ്ങളും (പൂനഫിലിം ഇന്‍സ്റ്റിട്ട്യൂട്ട് ഉള്‍പ്പെടെ) ഭാദ്രി ഗോമാംസവധവും എല്ലാം വിരല്‍ചൂണ്ടുന്നത് വിട്ടുവീഴ്ചയില്ലാത്ത മതമൗലീക ഭ്രാന്തിലേക്കാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഝാര്‍ഖണ്ടില്‍ രണ്ട് മുസ്ലീങ്ങളെ എരുമയെ വില്‍ക്കുവാന്‍ കൊണ്ടുപോയതിന്റെ പേരില്‍ തല്ലിക്കൊന്ന് കെട്ടിതൂക്കിയത്. എന്ത് ഇന്‍ഡ്യയാണ് ഇത്? കുറ്റാവാളികള്‍ ആര്‍.എസ്.എസ്.കാര്‍ ആണെന്ന് ആരും തെളിയിച്ചിട്ടില്ല. പക്ഷേ, അവര്‍ ആര്‍.എസ്.എസ്. പ്രതിനിധാനം ചെയ്യുന്ന വലതുപക്ഷ തീവ്രവാദികള്‍ ആണെന്ന കാര്യത്തില്‍ സംശയം ഇല്ല. ഇതിനിടെയാണ് ആര്‍.എസ്.എസ്. പ്രചാര്‍ പ്രമുഖ് മന്‍മോഹന്‍ വൈദ്യയുടെ വിവാദപരമായ പ്രസ്താവന. അദ്ദേഹം പറഞ്ഞു. എല്ലാ ഭാരതീയരും നിര്‍ബ്ബന്ധമായി 'ഭാരത് മാതാ കീ ജയ്' എന്ന് വിളിക്കുവാന്‍ ബാദ്ധ്യസ്ഥര്‍ ആണെന്ന്. ഇതിനോട് പ്രതികരിച്ചുകൊണ്ട് ഹൈദ്രാബാദ് ആസ്ഥാനമായിട്ടുള്ള മുസ്ലീം രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവും എം.പി.യും ആയ സലാവുദ്ദീന്‍ ഒവേയ്‌സി അദ്ദേഹം ഒരിക്കലും 'ഭാരത മാതാകീ ജയ് ജയ്' എന്ന് പറയുകയില്ലെന്ന് തിരിച്ചടിച്ചു. ഇത് പറയുവാന്‍ വിസമ്മതിച്ച ഒവേയ്‌സിയുടെ പാര്‍ട്ടി നേതാവും മഹാരാഷ്ട്ര നിയമസഭയിലെ അംഗവുമായ ഒരു വ്യക്തിയെ സഭയില്‍ നിന്നും ബഹിഷ്‌ക്കരിച്ചു. എന്തൊക്കെയാണ് ഈ രാജ്യത്ത് നടക്കുന്നത്? ആരാണ് ആര്‍.എസ്.എസ്ിന് ഈ വക ഭരണഘടനേതര അധികാരം നല്‍കിയത്? 'ഭാരത് മാതാകീ ജയ്' എന്ന് വിളിക്കുവാന്‍ ഏതൊരു ഇന്‍ഡ്യാക്കാരനും അഭിമാനം ഉണ്ടാകണം. വയര്‍ വിശക്കുന്നവന്റെ ഭാരത് മാതാകി ജയ് എന്ത് പ്രസക്തി? ആര്‍.എസ്.എസിന്റെ സൂപ്പര്‍ ദേശീയതയുടെയും ദേശസ്‌നേഹത്തിന്റെ നിര്‍ബ്ബന്ധം ആവശ്യം ഇല്ല. മനസു തുറന്ന് ഇത് വിളിക്കുവാന്‍ ഒവേയ്‌സിയെ പോലുള്ള മതമൗലീക വാദികള്‍ ആണ് വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ വളര്‍ത്തുന്നത്.

ആര്‍.എസ്.എസിനെപ്പോലുള്ള ഒരു സംഘടനയ്ക്ക് അടിസ്ഥാനപരമായ ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട് ഈ രാജ്യത്തോട്. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, മതസൗഹാര്‍ദ്ദം, ഇവയൊക്കെ ഇതില്‍ വരുന്നതാണ്.
ഇന്‍ഡ്യയുടെ സംസ്‌ക്കാരത്തെ പുനരുജ്ജീവിപ്പിച്ച് ഇന്‍ഡ്യയെ അതിന്റെ പഴയ പ്രതാപത്തില്‍ തിരിച്ചെത്തിക്കുക ആണല്ലോ ആര്‍.എസ്.എസിന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഇന്‍ഡ്യയുടെ സംസ്‌ക്കാരം നാനാത്വത്തില്‍ ഏകത്വമാണെന്ന് അത് മനസിലാക്കണം. പശുവിന്റെ ജീവന് വില നല്‍കുന്നതുപോലെ മനുഷ്യന്റെ ജീവനു വിലനല്‍കണമെന്ന് അത് മനസിലാക്കണം. വീര്‍സവര്‍ക്കറും മോഡിയും വിശ്വസിക്കുന്നതുപോലെ ഇന്‍ഡ്യയുടെ ദേശീയത 'ഹിന്ദുദേശീയത' അല്ല. മറിച്ച് അതു ഇന്‍ഡ്യന്‍ ദേശീയത ആണ്. ഇവിടെ ഹിന്ദു ദേശീയ തയോ, മുസ്ലീം ദേശീയതയോ, ക്രിസ്ത്യന്‍ ദേശീയതയോ പാടില്ല. ഇന്‍ഡ്യന്‍ ദേശീയത മാത്രം. യൂണിഫോറങ്ങള്‍ ഫാസിസത്തിന്റെ അടയാള ചിഹ്നങ്ങള്‍ ആണ്. ഒരു പക്ഷേ, ഖാദിയും ഗാന്ധി തൊപ്പിയും വരെ. ബാഹ്യ ചിഹ്നങ്ങല്‍ വലിച്ചെറിഞ്ഞ് ആത്മചിന്തനം നടതതി ശുദ്ധിയാകൂ.

'ഭാരത് മാതാകീ ജയ്' എന്നത് അപ്പോള്‍ അര്‍ത്ഥവത്താകും.

കാക്കി നിക്കറില്‍ നിന്നും കടുംതവിട്ടു കളസത്തിലേക്ക്-ആര്‍.എസ്.എസ് (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
MOhan Parakovil 2016-03-21 11:23:10
ഈ വക ഭരണഘടനേതര അധികാരം ആർ എസ് എസ്സിന് ആര് നല്കി ?  ശ്രീ തോമസ് തന്നെ അത്
കണ്ടു പിടിച്ച് എഴുതുക. താലിബാൻ പോലെ
ഇന്ത്യയിൽ ഒരു ഹിന്ദു -ച്ഛാത്ര് സംഘടന ഉണ്ടായികൂട. ഭാരത മാതാ കീ ജയ്‌ എന്നുള്ളത് ആർ എസ് എസ്സിന്റെ ആഹ്വാനം ഇല്ലാതെ തന്നെ എല്ലാ ഭാരതീയരും പറഞ്ഞിരുന്നു . അതിൽ മതമോന്നുമില്ല. ഒരു മുല്ലാക്കാക്ക് അത് പറയുന്നത ഹറാമാണെങ്കിൽ മുല്ലാക്കയെ വെറുതെ വിടുക. എന്തിനാണു നിസ്സാര കാര്യങ്ങള്ക്ക് ഭാരതം പോലുള്ള ഒരു രാഷ്ട്രത്തിലെ ജനം തമ്മിൽ തല്ലുന്നത്. 
pappachi 2016-03-21 16:14:43
Mr. PV Thomas always an -anti Hindu. He never write anything good against RSS or Modi government. Since the  Modi came in power  he is wiring against Modi all the time.He always praise Sonia/Rahul who are responsible for all kid of problems in India.
indian 2016-03-22 04:38:37
ആര്‍.എസ്.എസിനു എതിരെ എഴുതിയാല്‍ ഹിന്ദു വിരുദ്ധന്‍. അതെങ്ങനെ ശരിയാകും? ആര്‍.എസ്.എസും മോഡിയുമൊക്കെ ഹിന്ദു മതത്തെ ഉപയോഗിച്ച് അധികാരം നേടാന്‍ നോക്കുന്നു. അതു ശരിയാണോ? ഹിന്ദുക്കള്‍ മതത്തെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കാമോ? മുസ്ലിമിനെയും ക്രിസ്ത്യാനിയേയും ശത്രുക്കളാക്കി രാജ്യം വീണ്ടും വിഭജിക്കാനൊരുങ്ങുന്ന ദുഷ്ട ശക്തികള്‍ എങ്ങനെ മതത്തിന്റെ ആളുകളാകും?
ജിഹാദികളും നല്ല മുസ്ലിംകളാണെന്നാണു പറയുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക