Image

അമേരിക്ക (നോവല്‍-2) മണ്ണിക്കരോട്ട്

മണ്ണിക്കരോട്ട് Published on 14 March, 2016
അമേരിക്ക (നോവല്‍-2) മണ്ണിക്കരോട്ട്
അമ്മിണിയുടെ പുറത്തു നിര്‍ത്തിയിട്ട് പോള്‍ പാര്‍ക്ക് ചെയ്തിരുന്ന കാറെടുക്കാന്‍ പോയി. നോക്കെത്താത്ത ദൂരത്തില്‍ കാറുകള്‍ പാര്‍ക്കു ചെയ്തിരിക്കുന്നത് അവള്‍ ശ്രദ്ധിച്ചു. പല നിറത്തില്‍. പല തരത്തില്‍. തൊട്ടു മുമ്പിലുള്ള റോഡില്‍ കൂടി കാറുകള്‍ ഒന്നിനു പുറകെ ഒന്നായി നിര്‍ത്തലില്ലാതെ ഒഴുകുന്നതുപോലെ. അമേരിക്ക കാറുകളുടെ ലോകമോ ? അമ്മിണി സംശയിച്ചു.

പോള്‍ കാറുമായി തിരിച്ചെത്താന്‍ ഏതാണ്ട് ഒരു മണിക്കൂറോളമെടുത്തു. അല്‍പദൂരമെങ്കിലും അനേകം കാറുകളെ തരണം ചെയ്യണം.  പലയിടത്തും കറങ്ങിത്തിരിയണം.

സമയം പോയത് അവള്‍ അറിഞ്ഞില്ല. കാഴ്ചകള്‍ കണ്ട് എല്ലാം മറന്ന് നിന്നുപോയി. തൊട്ടുമുമ്പില്‍ കാറുകള്‍ നില്‍ക്കുന്നു. യാത്രക്കാര്‍ ഇറങ്ങുന്നു. ചിലര്‍ കയറുന്നു. എങ്ങും യാതൊരു ബഹളവുമില്ല. കൂലികളുടെ കൂക്കുവിളിയില്ല.

'പോകാം'

പോളിന്റെ കാര്‍ തൊട്ടടുത്ത് വന്നുനിന്നത് ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോഴാണറിഞ്ഞത്.

അയാള്‍ കാറിന്റെ വാതില്‍ തുറന്നുകൊടുത്തു. പെട്ടി അവിടെ വച്ചു.

മനസില്ലാമനസോടെയാണ് അവള്‍ അയാളുടെ കാറില്‍ കയറിയത്. മറ്റാരും കൂടെയില്ലാത്ത അയാളുടെ കൂടെ പോകാന്‍ അവളുടെ മനസനുവദിച്ചില്ല.

അവള്‍ പുറകിലത്തെ സീറ്റില്‍ കയറിയിരുന്നു.

ഇതെന്തൊരു ഭയങ്കര കാര്‍!

അമ്മിണി മനസ്സിലോര്‍ത്തു. ഇത്ര വലിയ കാര്‍ നാട്ടിലെങ്ങും കണ്ടിട്ടില്ല.

അത് 'ഇംപാല' ആണെന്ന് അവള്‍ അറിഞ്ഞില്ല. നാട്ടില്‍ ആ പേര് അതിഗംഭീരമെങ്കില്‍ അമേരിക്കയില്‍ അത് അത്രയും സാധാരണമെന്നും അവള്‍ അറിഞ്ഞില്ല.

ആ പണ്ടാരം കാറിന്റെ ഒരു കോണില്‍ അവള്‍ ഒതുങ്ങി. അതിനുള്ളില്‍ താന്‍ വെറുമൊരു കൊതുകുപോലെയാണെന്ന് അവള്‍ക്ക് തോന്നി.

പോള്‍ കാറിന്റെ താക്കോല്‍ തിരിച്ചു. ഇംപാല ഇരച്ചു. കാര്‍ നീങ്ങി. ഇനിയും ഗിയര്‍ മാറ്റേണ്ട കാര്യമില്ല.

അവിടെ പതുക്കെയാണ് പോകുന്നത്. കാര്‍ എയര്‍പോര്‍ട്ട് കോംപൗണ്ടിന് പുറത്തായി. പട്ടണത്തിലേയ്ക്കുള്ള പ്രധാന റോഡിലിറങ്ങി.

വാന്‍വിക്ക് എക്‌സ്പ്രസ് വേ. അല്പം മുമ്പെ ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്ന കാര്‍ വേഗത്തില്‍ ഓടാന്‍ തുടങ്ങി. ഇനിയും പറക്കും.

പക്ഷേ, ഒരു കൂട്ടിയിടി ഉണ്ടായാല്‍ ഒന്നിനുപുറകെ മറ്റൊന്നായി അനേകം കാറുകള്‍ തകരും. മൈലുകള്‍ നീളത്തില്‍, മണിക്കൂറുകളോളം സഞ്ചാരം സ്തംഭിക്കും.

വാന്‍വിക്ക് എക്‌സ്പ്രസ് വേ. പണ്ടത്തെ നമ്മുടെ വലിയ ഉറക്കക്കാരന്‍ റിപ്പ് വാന്‍വിങ്കിളിന്റെ ഓര്‍മ്മയെ കുറിക്കുന്ന പേരാണെന്ന് പറയുന്നു. പണ്ടെങ്ങോ ന്യൂയോര്‍ക്കില്‍ ഹഡ്‌സന്‍ നദിയുടെ കരയില്‍ കിടന്ന് ഇരുപതുവര്‍ഷം തുടരെ ഉറങ്ങിയ മഹാന്‍.

റോഡ് പല വരികളായിട്ടാണ്. പോകാനും വരാനും പ്രത്യേകം പാതകള്‍. ഓരോ ഭാഗത്തും അഞ്ചും ആറും വരികളിലായി വാഹനങ്ങള്‍ നിരന്നു പറക്കുന്നു.

പോളിന്റെ ഇംപാല ട്രൈബ്രോ ബ്രിഡ്ജ് (Tribro Bridge) കടന്നു. ആ പാലത്തില്‍ കടന്നപ്പോള്‍ അതൊരു മഹാത്ഭുതമോ എന്ന് അമ്മിണിക്ക് തോന്നി. അത്ര വലിയ പാലമോ, അതുപോലെയുള്ള പണിയോ അവള്‍ നാട്ടിലെങ്ങും കണ്ടിട്ടില്ല. എന്നാല്‍ ന്യൂയോര്‍ക്കിനെ സംബന്ധിച്ചിടത്തോളം അത് വെറുമൊരു ചെറിയ പാലം മാത്രമാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല.

അമ്മിണി പാലത്തിന്റെ ഇരുവശത്തും ആര്‍ത്തിയോടെ നോക്കി. ഇടതുവശത്തെ കാഴ്ചയാണ് അവളെ കൂടുതല്‍ ആകര്‍ഷിച്ചത്. ശാന്തമായ ഹഡ്‌സന്‍ നദീതീരത്ത് ഉന്നതങ്ങളായ കെട്ടിടങ്ങളുടെ കൂട്ടങ്ങള്‍. പലതും ആകാശം തൊട്ടുനില്‍ക്കുന്നതുപോലെ. ആകാശത്തെ ആ കെട്ടിടങ്ങള്‍ താങ്ങിനിര്‍ത്തിയിരിക്കുന്നുവോ? അതോ ആകാശം ആ കെട്ടിടങ്ങളുടെ അഗ്രങ്ങളില്‍ തലചായിച്ച് വിശ്രമിക്കുന്നുവോ?

വനങ്ങളിലെ വൃക്ഷക്കൂട്ടം പോലെ ഇവിടെ കെട്ടിടങ്ങളുടെ കൂട്ടങ്ങള്‍. വനങ്ങളില്‍ കെട്ടിടങ്ങള്‍ കാണാത്തതുപോലെ. ഈ കെട്ടിടങ്ങളുടെ ഇടയില്‍ ഒരു പച്ചിലപോലും കാണാനില്ല. 
കാര്‍ ബ്രെക്‌നര്‍ എക്‌സ്പ്രസ് വേയില്‍ ഇറങ്ങി. അതു വഴി തെക്കന്‍ ബ്രോണ്‍സിന്റെ ഉള്‍ഭാഗത്തേയ്ക്കു കടന്നു. ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെ പ്രധാന കരയോടു ചേര്‍ന്നു കിടക്കുന്ന ഭാഗം. ബ്രോണ്‍സ്.

ഹൈവേ വിട്ട് പട്ടണത്തിനുള്ളിലായപ്പോള്‍ കാറിന്റെ വേഗത കുറഞ്ഞു. തെരുവുകളില്‍ ഇടയ്ക്കിടയ്ക്ക് ട്രാഫിക്ക് ലൈറ്റ്. കാര്‍ നിര്‍ത്തി നിര്‍ത്തിയാണ് പോകുന്നത്. അല്പം മുമ്പ് കണ്ട തിരക്കൊന്നും അവിടെയില്ല.

അപ്പോഴും അമ്മിണിയുടെ കണ്ണുകള്‍ പുറത്തേയ്ക്കു തന്നെ. തൊട്ടുമുമ്പെ കണ്ട പട്ടണം പെലെയല്ല ആ സ്ഥലം. അംബരചുംബകളായ ഉഗ്ര ഹര്‍മ്മ്യങ്ങളൊന്നും അവിടെയില്ല. പകരം ജീര്‍ണ്ണിച്ച് ചില്ലുപൊട്ടിയ കെട്ടിടങ്ങള്‍, തെരുവിന്റെ ഇരുവശങ്ങളിലും കപ്പയും കുപ്പിച്ചില്ലുകളും. 
ഭിത്തിയിലൊക്കെ അനാവശ്യമായ എഴുത്തുകളും; ചായങ്ങള്‍ തേച്ച് പിടിപ്പിക്കുകയും ചെയ്തിരിക്കുന്നു.

നിരത്തിന്റെ ഇരുവശത്തും കൂടി ആളുകള്‍ അലഞ്ഞു നടക്കുന്നു. മിക്കവരുടെ കയ്യിലും പുകയുന്ന സിഗരറ്റും ചെറിയ മദ്യക്കുപ്പികളും കാണാം.

കറുമ്പരാണധികവും, പ്രാകൃതവേഷം. ക്ഷൗരം ചെയ്യാത്ത മുഖം. പാറിപ്പറക്കുന്ന ചുരുളന്‍ മുടി. 
'ഇനിയും അപ്പാര്‍ട്ടുമെന്റിലെത്താന്‍ അധികം ദൂരമില്ല.'

അവിടെ എത്തിയപ്പോള്‍ പോള്‍ സംസാരിക്കാന്‍ തുടങ്ങി. കാറില്‍ കയറിയതിനുശേഷം ആദ്യം. അയാള്‍ മുഖം തിരിച്ച് അമ്മിണിയെ നോക്കിക്കൊണ്ട് തുടര്‍ന്നു. 'ഇതാണ് സൗത്ത് ബ്രോണ്‍സ്. ഒരു വൃത്തികെട്ട അഴിമതി പിടിച്ച സ്ഥലം.'

അത് മനസ്സിലാക്കാന്‍ പ്രയാസമില്ല. ന്യൂയോര്‍ക്ക് പട്ടണത്തെ സംബന്ധിച്ചിടത്തോളം പരിതാപം തോന്നിക്കുന്ന അന്തരീക്ഷം. ആ പട്ടണത്തെക്കുറിച്ചുള്ള ആരുടെയും അഭിപ്രായത്തെ തകിടം മറിക്കുന്ന വികാരം. 

'അവര്‍ വലിക്കുന്നതും കുടിക്കുന്നതുമൊക്കെ ഡ്രഗ്‌സാണ്.' പോള്‍ വാചാലനായി.  ഇവിടെ പിടിച്ചുപറിയും കൊലപാതകങ്ങളും കുറവല്ല. അവരുടെ കയ്യിലൊക്കെ തോക്കുകാണും. സ്ത്രീകളെ കിട്ടിയാല്‍ പിടിച്ചു കൊണ്ടുപോയി ബലാല്‍സംഗം ചെയ്യും. തിന്നുക, കുടിയ്ക്കുക, സുഖിക്കുക ഇതൊക്കെയാണ് ഇവരുടെ ജീവിതരീതി. സെക്‌സാണ് ഇവരുടെ പ്രധാന തൊഴില്‍. സെക്‌സെന്ന് പറഞ്ഞാല്‍ എന്താണെന്ന് നിനക്ക് മനസ്സിലായോ?

അമ്മിണിയില്‍ നിന്ന് യാതൊരു മറുപടിയും ഉണ്ടായില്ല. അയാളുടെ സംസാരം അവള്‍ക്ക് വളരെ അരോചകമായി തോന്നി.

'ഭോഗം, സംഭോഗം. മനസ്സിലായോ...?'

അയാള്‍ തന്നെ മറുപടി പറഞ്ഞു. 

അവള്‍ ചൂളിപ്പോയി.

അയാള്‍ നിര്‍ത്തിയില്ല. രതിക്രീഡയെപ്പറ്റി ഒരു വലിയ വിശദീകരണം തന്നെ നടത്തി. പ്രത്യേകിച്ച് അമേരിക്കന്‍ രീതിയെപ്പറ്റി, അതില്‍ ബ്ലൂഫിലിമും ഉള്‍പ്പെടും.

അമ്മിണി തലയും കുനിച്ചിരുന്നതേയുള്ളൂ. ഈ മനുഷ്യന്‍ എന്തൊക്കെയാണ് തന്നോട് പറയുന്നെന്നോര്‍ത്തു. വിശ്വസിക്കാന്‍ കഴിയുന്നില്ല. കണ്ടാല്‍ സുന്ദരന്‍. സുമുഖന്‍. കയ്യിലിരിക്കുന്നത് ചന്തത്തരവും. അവള്‍ ചിന്തിച്ചുപോയി.

എന്തായിരിക്കും ഇയാളുടെ ഉള്ളിലിരുപ്പ്? അവള്‍ക്ക് പരിഭ്രമമായി. പക്ഷേ, പോളിന് നിര്‍ത്താന്‍ ഭാവമില്ല.

'ദേ, അതുകണ്ടോ, നീ അങ്ങോട്ട് നോക്കിക്കേ?'

അയാള്‍ നിര്‍ദ്ദേശിച്ചു. കാര്‍ തെരുവിന്റെ അരിക് ചേര്‍ന്നു പതുക്കെ നീങ്ങി. അയാള്‍ ആ വശത്തേയ്ക്ക് മുഖം തിരിച്ചു കാണിച്ചു.

അയാളുടെ നിര്‍ദ്ദേശം അവള്‍ക്ക് ഇഷ്ടമായില്ല. എങ്കിലും ന്യൂയോര്‍ക്കിലെ എന്തെങ്കിലും കാഴ്ച ആയിരിക്കുമോ എന്ന് സംശയിച്ചു. പതുക്കെ അങ്ങോട്ട് നോക്കി.

അവള്‍ക്ക് ഒന്നേ നോക്കാന്‍ കഴിഞ്ഞുള്ളൂ. ചൂളിപ്പോയി. 

ഒരു സ്ത്രീയും പുരുഷനും കൂടി കെട്ടിപ്പിടിച്ച് നില്‍ക്കുന്നു. ചുംബനങ്ങള്‍ കൈമാറുന്നു. മുഖമെല്ലാം കടിച്ചു പറിക്കുന്നതുപോലെ. അവരുടെ കൈകള്‍...

അതും പൊതുനിരത്തിന്റെ അരികില്‍, തൊട്ടടുത്തുകൂടി വാഹനങ്ങള്‍ പോകുന്നു. ആളുകള്‍ അടുത്തുകൂടി നടക്കുന്നു. ആര്‍ക്കും പ്രത്യേകിച്ച് എന്തെങ്കിലും കണ്ടതായ ഭാവം പോലുമില്ല.
അമ്മിണിക്ക് കാണണ്ടാന്ന് തോന്നിയില്ലെങ്കിലും ഒന്നുകൂടി നോക്കിപ്പോയി.

അവരുടെ ശരീരങ്ങള്‍ ഒന്നായിരിക്കുന്നതുപോലെ, പാമ്പുകള്‍ ആടുന്നതുപോലെ നിന്നാടുന്നു.
'കണ്ടോ അതാണ് ഞാന്‍ പറഞ്ഞത്.'

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പോള്‍ പറഞ്ഞു.

അമ്മിണി ഒന്നും കണ്ടില്ല എന്ന മട്ടില്‍ തലയും കുനിച്ച് ഒതുങ്ങിയിരുന്നു. 

പിന്നെ അയാള്‍ അതേപ്പറ്റിയുള്ള ഒരു വിവരണമായി. അതുപോലെ പല ഭാഗത്തേയ്ക്കും നോക്കാന്‍ അമ്മിണിക്ക് നിര്‍ദ്ദേശം കൊടുത്തു. 

അവള്‍  എങ്ങോട്ടും നോക്കിയില്ല. സംഗതി എന്തായിരിക്കുമെന്ന് മനസ്സിലായി.

'ഒന്ന് കണ്ടെങ്കിലും സുഖിച്ചോടീ.'

അയാളുടെ സംബോധന അവള്‍ക്ക്  തീരെ ഇഷ്ടപ്പെട്ടില്ല. നാട്ടിലായിരുന്നെങ്കില്‍ ചെരിപ്പൂരി അടിക്കുമായിരുന്നു.

അവള്‍ ദേഷ്യം അടക്കിയിരുന്നു. എത്രയും വേഗം മറ്റുള്ളവരുടെ അടുത്തെത്തിയിരുന്നെങ്കില്‍ എന്നാശിച്ചു.

കാര്‍ ഓടിക്കൊണ്ടിരുന്നു. ബ്രോണ്‍സിന്റെ കുറെക്കൂടി ഉള്ളിലേയ്ക്ക് കടന്നു. ഇപ്പോള്‍ നേരത്തെ കണ്ടതിലും മെച്ചമായ സ്ഥലങ്ങളിലായി. തെരുവുകളില്‍ ആദ്യം കണ്ടതുപോലെ അഴുക്കില്ല.

അവിടെയും അങ്ങിങ്ങായി സ്ത്രീപുരുഷ•ാര്‍ ഒന്നുചേര്‍ന്ന് നില്‍ക്കുന്നു. അതെല്ലാം കാണാന്‍ പോള്‍, അമ്മിണിയെ നിര്‍ദ്ദേശിക്കുകയും ചെയ്തു.

കാര്‍ റോഡിന്റെ ഒരു വശത്ത് അരികുചേര്‍ന്ന് നിന്നു. അയാള്‍ ഇറങ്ങി. മറുവശത്ത് ചെന്ന് അമ്മിണിയോട് ഇറങ്ങാന്‍ പറഞ്ഞു. അവളും ഇറങ്ങി.

റോഡിന് ചേര്‍ന്ന് നില്‍ക്കുന്ന ഒരു വലിയ അപ്പാര്‍ട്ടുമെന്റ് കോംപ്ലക്‌സിലേയ്ക്ക് അയാള്‍ നടന്നു. യാന്ത്രികമായി അമ്മിണിയും അയാളെ പിന്തുടര്‍ന്നു.

താന്‍ മറ്റുള്ളവരുടെ അടുത്തെത്താന്‍ പോകുന്നു എന്ന തോന്നല്‍ അമ്മിണിയുടെ ഉള്ളില്‍ ആശ്വാസത്തിന്റെ അലകള്‍ വീശി.

അയാള്‍ തിരിഞ്ഞു നോക്കുന്നതേയില്ല. പെട്ടി കാറില്‍ ഇരിക്കുന്നതേയുള്ളൂ. 

'പെട്ടി.'

അമ്മിണി അയാള്‍ കേള്‍ക്കാനായി പറഞ്ഞു.

'നിന്റെ പെട്ടി ഞാനങ്ങ് വിഴുങ്ങത്തൊന്നുമില്ല. അല്ലെങ്കില്‍ അതിലെന്തോ കോപ്പിരുന്നിട്ടാ. വരണം പിന്നെടുക്കാം.'

അയാള്‍ തിരിഞ്ഞു നിന്ന് അമ്മിണിയുടെ മുഖത്തു നോക്കിക്കൊണ്ടാണ് അതു പറഞ്ഞത്. കടിച്ച് പറിക്കുന്ന സ്വരം. അയാള്‍ തിരിഞ്ഞു നോക്കി.

അവള്‍ പിന്നീട് ഒരക്ഷരം പറഞ്ഞില്ല. പുറകെ നടന്നു.

അവിടെ എഴുതി വെച്ചിരുന്ന ബോര്‍ഡ് അമ്മിണി വായിച്ചു. ബ്ലൂ ഹെവന്‍ അപ്പാര്‍ട്ടുമെന്റ്‌സ് (Blue Heaven Appartments) നാല്‍പത്തഞ്ച് നിലയില്‍ ഒരു വലിയ കോംപ്ലക്‌സ്.

അതിന്റെ ഗെയ്റ്റു തുറന്നു പോള്‍ അകത്തു കയറി. പ്രധാനവാതിലിനടുത്തു ചെന്നു. വാതിലിനടുത്തുള്ള കീ ബോര്‍ഡില്‍ ഏതൊക്കെയോ നമ്പരുകള്‍ കുത്തി. അപ്പോള്‍ വാതില്‍ തുറന്നു കിട്ടി. അവര്‍ അകത്തു കയറി. എലിവേറ്ററില്‍ 37- നിലയില്‍ ഇറങ്ങി.

അവിടെ നിന്ന് അറുപത്തിയാറാമത്തെ അപ്പാര്‍ട്ടുമെന്റിന്റെ മുന്‍പിലെത്തി. 

അയാള്‍ ഒന്നു തിരിഞ്ഞു നോക്കുന്നതുപോലുമില്ല.

അപ്പാര്‍ട്ടുമെന്റ് തുറന്നു. രക്ഷപെട്ടെന്ന് അമ്മിണിക്കു തോന്നി. റോസിയും ലില്ലിക്കുട്ടിയും മറ്റെല്ലാവരും തന്നെ നോക്കി കാത്തിരിക്കുന്നുണ്ടാവും.

അകത്തു കയറിയ അമ്മിണി അന്തം വിട്ടുപോയി. അവിടെ മറ്റാരുമില്ല. ആരെങ്കിലും താമസിക്കുന്ന സ്ഥലമാണോ എന്നു തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. എങ്ങും നിശബ്ദത.

അയാള്‍ കതകടച്ചു.

അവളുടെ ഹൃദയം പിടഞ്ഞു.
*****************************


അമേരിക്ക (നോവല്‍-2) മണ്ണിക്കരോട്ട്
Join WhatsApp News
Tom abraham 2016-03-14 13:39:10

Chapter two has meaningful symbols, sexy talk, great contrast, and ends in suspense. From a jet aircraft, to Impala, and now to room number 66.. Open the door, knock and knock..... 


G. Puthenkurish 2016-03-14 21:04:15
ശ്രീ മണ്ണിക്കരോട്ടിന്റെ മനോഹരമായ ഈ നോവൽ ഇ-മലയാളിയിൽ പ്രസിദ്ധീകരിച്ചു കണ്ടതിൽ വളരെ സന്തോഷം ഉണ്ട്.  വളരെ വർഷങ്ങൾക്ക് മുൻപ് ഞാൻ ഇത് വായിച്ചപ്പോൾ വളരെ ആവേശത്തോടെയാണ് വായിച്ചത്.  അമേരിക്കയിലെ കുടിയേറ്റചരിത്രത്തിൽ നിന്നും ഒരിക്കലും മായിച്ചു കളയാൻ കഴിയാത്ത ഒരു വിഭാഗമാണ്‌ മലയാളി നഴ്സ്മാർ. 'അമേരിക്കൻ ഡ്രീംസ്' എന്ന പ്രയോഗത്തിന്റെ യഥാർത്ഥമായ അർത്ഥത്തെ സാക്ഷാത്‌കരിച്ചവരുടെ കൂട്ടത്തിൽ ആദ്യകാല കുടിയേറ്റക്കാരായ നഴ്സ്മാർക്ക് മറ്റുള്ള കുടിയേറ്റ വര്ഗ്ഗത്തെപ്പോലെ തുല്യമായ ഒരു സ്ഥാനമാണുള്ളത്‌.  എഴുത്ത്കാരന്റെ വാക്കുകൾ കടമെടുത്തു പറയട്ടെ " ഏഴാം കടലിനക്കരെയുള്ള പറുദീസായിലെത്തി ദൗർഭാഗ്യത്താലോ അതിമോഹത്താലോ സ്വപ്ന ചിറകു കരിഞ്ഞ'' ആദ്യകാല കുടിയേറ്റക്കാരികളായ ചിലരുടെ  ജീവിതാനുഭാവങ്ങളെ കൊരുത്താണ് കഥാകൃത്ത് ഈ കഥ മെനെഞ്ഞെടുത്തിരിക്കുന്നത്.  ഇത് വായിക്കുമ്പോൾ,  പ്രത്യേകിച്ചു, ആദ്യകാല കുടിയേറ്റക്കാരിൽ ചിലരുടെയെങ്കിലും സ്മൃതികളിൽ ചാരം മൂടിക്കിടക്കുന്ന ചില ഓർമകളുടെ കനൽ എരിയാതിരിക്കില്ല.  വന്നവഴികളെ  മറന്നു  ഇരട്ട വ്യക്തിത്വം നയിക്കുന്ന ചിലരെ ഈ നോവൽ അലോസരപ്പെടുത്തിയെന്നിരിക്കും.  അമേരിക്കയുടെ പശ്ചാത്തലത്തിൽ രചിച്ചിരിക്കുന്ന ഈ നോവൽ, ഈ നാടുമായി ബന്ധപ്പെട്ട നോവലുകളും കഥകളും ഉണ്ടാകുന്നില്ല എന്ന് പരാതി പറയുന്നവരുടെ നാവടക്കാൻ പരിയാപ്തമാണ്.  അനേക ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ഈ  നോവൽ ലളിതവും വായനാസുഖം നല്കുന്നതുമാണ്.  പ്രിയ സുഹൃത്ത് ശ്രീ മണ്ണിക്കരോട്ടിനു എല്ലാ ഭാവുകങ്ങളും നേരുന്നു .  
അമ്മിണി 2016-03-15 10:56:53
പോളിനെപ്പോലെ നനഞ്ഞടം കുഴിക്കാൻ ശ്രമിക്കുന്ന അച്ചായന്മാർ ഇന്നും സമൂഹത്തിലുണ്ട്. ചില അവന്മാരുടെ കാക്ക നോട്ടം കാണുമ്പോൾ ഒറ്റ കുത്ത് വച്ച് കൊടുക്കാൻ തോന്നും.  
വായനക്കാരന്‍ 2016-03-15 13:32:24
വരാന്‍ പോകുന്ന പൂരം പറഞ്ഞറിയിച്ചുകഴിഞ്ഞു.
Observer 2016-03-17 10:06:15
ബിൽ കൊസ്ബിയുടെ മുത്തപ്പനാണ് റയിഡ് തോമാച്ചൻ എന്ന് തോന്നുന്നു 
ചിന്നമ്മ 2016-03-17 08:45:56
ഭാര്യേ രണ്ടും മൂന്നും ജോലിക്ക് വിട്ടിട്ട് എയർപോർട്ടിൽ പോയി നാട്ടിൽ നിന്ന് വരുന്ന സ്ത്രീകൾക്ക് റയിഡ് കൊടുക്കുന്ന ഒരച്ചായനെ എനിക്കറിയാം.  ഇവനെ ഒക്കെ പിടിച്ചു കെട്ടി നല്ല അടിയാണ് കൊടുക്കണ്ടത് 

റയിഡ് തോമാച്ചൻ 2016-03-17 09:24:17
സ്റ്റാച്ചൂട്ട് ഓഫ് ലിമിറ്റ് കഴിഞ്ഞ് ഇങ്ങനെ ഒച്ചപ്പാട് ഉണ്ടാക്കിയിട്ട്  എന്താ കാര്യം ചിന്നമ്മെ ? അത് പത്ത് നാല്പത് വർഷങ്ങൾക്കു മുന്പ് നടന്ന കാര്യം അല്ലെ .  ഇപ്പോൾ എഴുന്നേല്ക്കാൻ പോലും വയ്യ.
ന്യുയോർക്കൻ 2016-03-17 11:29:51
കഥയ്ക്കുള്ളിൽ നിന്നും കഥയും കഥാപാത്രങ്ങളെയും (ചിന്നമ്മയും, റയിഡ് തോമാച്ചനും) സ്രിഷിട്ടിക്കുന്ന രസികന്മാരായ വായനാക്കാരും ഉണ്ടെന്നുള്ളത് നല്ലത് 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക