Image

സ്‌കൂള്‍ കുട്ടികള്‍ക്ക് മദ്യം വിറ്റ ബിവറേജസ് ജീവനക്കാര്‍ അറസ്റ്റില്‍

Published on 25 January, 2012
സ്‌കൂള്‍ കുട്ടികള്‍ക്ക് മദ്യം വിറ്റ ബിവറേജസ് ജീവനക്കാര്‍ അറസ്റ്റില്‍
കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മദ്യം വിറ്റ ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാരെ എകൈ്‌സസ് വിഭാഗം അറസ്റ്റ്‌ചെയ്തു. ചിന്നക്കട എകൈ്‌സസ് ഓഫീസിന് എതിര്‍വശത്തുള്ള ബിവറേജസ് ഔട്ട്‌ലെറ്റിലെ അസിസ്റ്റന്റ് ഷോപ്പ് ഇന്‍ചാര്‍ജ് രാധാകൃഷ്ണന്‍, സെയില്‍സ്മാന്‍ അനില്‍കുമാര്‍, ബില്ലിങ്ങ് വിഭാഗത്തിലെ അനില്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. 

18 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കരുതെന്ന നിയമം ലംഘിച്ചതിനാണ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തതെന്ന് എകൈ്‌സസ് അധികൃതര്‍ പറഞ്ഞു. രണ്ട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികളാണ് ബുധനാഴ്ച രാവിലെ 10ന് ചിന്നക്കട ബിവറേജസ് ഔട്ട്‌ലെറ്റില്‍ എത്തി ബിയര്‍ വാങ്ങിയത്. സ്‌കൂള്‍ ബാഗ് തോളില്‍ തൂക്കിയ രണ്ടുകുട്ടികള്‍ ബിയര്‍ വാങ്ങി വരുന്നതു കണ്ട് സംശയംതോന്നിയ എകൈ്‌സസ് ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ഇരുവരും 18 വയസില്‍ താഴെയുള്ളവരാണെന്ന് മനസ്സിലായത്. ഇവരില്‍ ഒരാള്‍ക്ക് 15ഉം മറ്റേയാള്‍ക്ക് 14ഉം വയസ്സുണ്ട്. രാവിലെ സ്‌കൂളിലേക്കു പോകുന്ന വഴിയാണ് ബിവറേജസ് ഔട്ട്‌ലെറ്റില്‍ കയറിയതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍, മാതാപിതാക്കളെ എകൈ്‌സസ് സര്‍ക്കിള്‍ ഓഫീസില്‍ വിളിച്ചുവരുത്തി കുട്ടികളെ അവര്‍ക്കൊപ്പം അയച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക