Image

സുവര്‍ണക്ഷേത്ര പരാമര്‍ശം: ജേ ലേനോയ്‌ക്കെതിരെ കേസ്‌; പണക്കാര്‍ക്ക്‌ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന്‌ ഒബാമ; സൗരവാതം വിമാന സര്‍വീസുകളെ ബാധിച്ചു

Published on 25 January, 2012
സുവര്‍ണക്ഷേത്ര പരാമര്‍ശം: ജേ ലേനോയ്‌ക്കെതിരെ കേസ്‌; പണക്കാര്‍ക്ക്‌ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന്‌ ഒബാമ; സൗരവാതം വിമാന സര്‍വീസുകളെ ബാധിച്ചു
ന്യൂയോര്‍ക്ക്‌: സിഖ്‌ വംശജരുടെ ആരാധനാലയമായ സുവര്‍ണക്ഷേത്രത്തെക്കുറിച്ച്‌ വിവാദ പരാമര്‍ശം നടത്തിയ യുഎസ്‌ ടിവി അവതാരകന്‍ ജേ ലേനോയ്‌ക്കെതിരെ യുഎസില്‍ കേസ്‌. ഇന്ത്യന്‍ വംശജനായ രണ്‍ദീപ്‌ ധില്ലനാണ്‌ ലോസ്‌ഏയ്‌ഞ്ചല്‍സ്‌ സുപ്പീരിയര്‍ കോടതിയില്‍ ലേനോയ്‌ക്കെതിരെ ഹര്‍ജി നല്‍കിയത്‌. ലേനോയുടെ പ്രസ്‌താവ സിഖ്‌ സമുദായത്തെ ആകെ അപമാനിക്കുന്നതാണെന്നും സിഖ്‌ വംശജരുടെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ധില്ലന്‍ ഹര്‍ജിയില്‍ പറയുന്നു. ഇതാദ്യമായല്ല ലേനോ സിഖ്‌ സമുദായത്തെ അധിക്ഷേപിക്കുന്നതെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. 2007ല്‍ ലേനോ സിഖ്‌ വംശജരെ `ഡയപ്പര്‍ ഹെഡ്‌സ്‌' എന്നു വിളിച്ച്‌ കളിയാക്കിയിരുന്നുവെന്നും ധില്ലന്‍ ഹര്‍ജിയില്‍ ചൂണ്‌ടിക്കാട്ടിയിട്ടുണ്‌ട്‌.

അതേസമയം സിഖ്‌ സംഘടകളും ലേനോയ്‌ക്കെതിരെയും പരിപാടി സംപ്രേഷണം ചെയ്‌ത്‌ എന്‍ബിസി ചാനലിനെതിരെയും നടപടി വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്‌ട്‌. സിഖ്‌ വംശജരുടെ ആരാധനാലയമായ സുവര്‍ണക്ഷേത്രത്തെ ചൂണ്‌ടിക്കാട്ടി പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാവാന്‍ മത്സരിക്കുന്ന മിറ്റ്‌ റോംനിയുടെ അവധിക്കാല വസതിയാണോ ഇതെന്ന്‌ ചോദിച്ച ലേനോയുടെ പ്രസ്‌താവനയാണ്‌ വിവാദമായത്‌. ലേനോയുടെ പ്രസ്‌താവനയില്‍ ഇന്ത്യ കഴിഞ്ഞദിവസം കടുത്ത പ്രതിഷേധമറിയിച്ചിരുന്നു. യുഎസ്‌ സ്ഥാനപതിയെ വിളിച്ചുവരുത്തിയാണ്‌ വിദേശകാര്യവകുപ്പ്‌ പ്രതിഷേധമറിയിച്ചത്‌. യുഎസ്‌ സന്ദര്‍ശിക്കുന്ന പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും സംഭവത്തില്‍ യുഎസിനെ പ്രതിഷേധമറിയിച്ചിരുന്നു.

പണക്കാര്‍ക്ക്‌ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന്‌ ഒബാമ

വാഷിംഗ്‌ടണ്‍: പണക്കാര്‍ക്ക്‌ കൂടുതല്‍ നികുതി ഏര്‍പ്പെടുത്തണമെന്ന്‌ യുഎസ്‌ പ്രസിഡന്റ്‌ ബറാക്‌ ഒബാമ. യുഎസ്‌ ടാക്‌സ്‌ കോഡില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വേണമെന്നും യുഎസ്‌ കോണ്‍ഗ്രസിന്റെ സംയുക്‌ത സമ്മേളനത്തെ അഭിസംബോധന ചെയ്യവെ ഒബാമ പറഞ്ഞു. രാജ്യത്ത്‌ പണക്കാരും പാവപ്പെട്ടവരും തമ്മിലുള്ള അന്തരം കൂടുകയാണെന്നും ഒബാമ പറഞ്ഞു. യുഎസിന്റെ സാമ്പത്തികനില മെച്ചപ്പെടുമെന്നു പ്രത്യശിച്ച ഒബാമ പണക്കാര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും ഗുണം ലഭിക്കുന്ന സാമ്പത്തിക സ്‌ഥിതിയാണു വരേണ്‌ടതെന്നു ചൂണ്‌ടിക്കാട്ടി. അമേരിക്കന്‍ മൂല്യങ്ങള്‍ തിരികെ പിടിക്കണമെന്നും ഒബാമ പറഞ്ഞു.

യുഎസില്‍ ഉത്‌പാദനമേഖലയില്‍ കൂടുതല്‍ സംരംഭങ്ങള്‍ കൊണ്‌ടുവരേണ്‌ടതിന്റെ ആവശ്യകത ഒബാമ എടുത്തുകാട്ടി. പുതിയ ഊര്‍ജസ്രോതസ്സുകള്‍ കണെ്‌ടത്തണം. കൂടുതല്‍ ജോലിക്കാര്‍ക്ക്‌ പരിശീലനം നല്‍കുകയും വേണം. രാജ്യപുരോഗതിക്ക്‌ ഇവ അത്യാവശ്യമാണെന്ന്‌ അദ്ദേഹം എടുത്തുപറഞ്ഞു. ഇറാഖ്‌, അഫ്‌ഗാനിസ്‌ഥാന്‍ എന്നിവിടങ്ങളിലെ യുദ്ധം അവസാനിപ്പിക്കുന്നതില്‍ നിന്നു ലാഭിക്കുന്ന പണം ഉപയോഗച്ച്‌ റോഡുകളും പാലങ്ങളും നിര്‍മിക്കണമെന്ന്‌ അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയില്‍ 22 മാസത്തിനിടെ 32 ലക്ഷം പേര്‍ക്കു തൊഴില്‍ നല്‍കാനായത്‌ നേട്ടമാണെന്ന്‌ ഒബാമ വ്യക്‌തമാക്കി.

ഇറാന്‌ അണ്വായുധങ്ങള്‍ ലഭിക്കുന്നത്‌ തടയാനുള്ള നിശ്‌ചയദാര്‍ഢ്യം യുഎസിനുണെ്‌ടന്നും ഒബാമ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ അടുത്തകാലത്ത്‌ സംഘര്‍ഷാവസ്‌ഥ വര്‍ധിച്ച സാഹചര്യത്തില്‍ ഈ ലക്ഷ്യം നേടുന്നതിനുള്ള ഒരു അവസരവും താന്‍ പാഴാക്കില്ലെന്നും ഒബാമ വ്യക്‌തമാക്കി. അതേസമയം, ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ സാമധാന ശ്രമങ്ങള്‍ക്ക്‌ ഇപ്പോഴും സാധ്യതയുണെ്‌ടന്നും ഒബാമ കൂട്ടിച്ചേര്‍ത്തു. സമാധാന ശ്രമങ്ങള്‍ക്ക്‌ ഇറാന്‍ തയ്യാറാകുന്നില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്‌ടിവരുമെന്നും ഒബാമ പറഞ്ഞു.

എന്നാല്‍ തൊഴില്‍ സംബന്ധിച്ച്‌ ഒബാമയുടെ കണക്കുകള്‍ തെറ്റാണെന്നു കാണിച്ച്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റി രംഗത്തെത്തിയിട്ടുണ്‌ട്‌. തൊഴില്‍രഹിതരായി ഒന്നര കോടി ആളുകളും ദരിദ്രരായി 4.9 കോടി ആളുകളും ഉണെ്‌ടന്നാണ്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പറയുന്നത്‌. വീണ്‌ടും തിരഞ്ഞെടുക്കപ്പെടുക എന്നതു മാത്രമാണ്‌ ഒബാമയുടെ ലക്ഷ്യമെന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കുറ്റപ്പെടുത്തുന്നു.

സൗരവാതം വിമാന സര്‍വീസുകളെ ബാധിച്ചു

വാഷിംഗ്‌ടണ്‍: സൂര്യന്റെ അന്തരീക്ഷത്തിലുണ്‌ടായ സ്‌ഫോടനത്തെ തുടര്‍ന്നുണ്‌ടായ ഉഗ്രസൗരവാതം ഭൂമിയുടെ കാന്തികമേഖലയെ ബാധിച്ചതായി നാസ സ്ഥിരീകിരിച്ചു. കൊറോണല്‍ മാസ്‌ ഇഞ്ചക്ഷന്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം ഇന്നലെ രാവിലെ മുതല്‍ ആണ്‌ ഭൂമിയില്‍ അനുഭവപ്പെട്ടു തുടങ്ങിയത്‌. ഇന്നത്തെ ദിവസം കൂടി ഇത്‌ തുടരും. 2003ന്‌ ശേഷം ആദ്യമായാണ്‌ ഇങ്ങനെയൊരു പ്രതിഭാസം ഉണ്‌ടാകുന്നത്‌. ഇതേസമയം ഇങ്ങനെയുള്ള റേഡിയേഷന്‍ മനുഷ്യര്‍ക്ക്‌ ഹാനികരമല്ലെങ്കിലും സാറ്റ്‌ലൈറ്റ്‌ കമ്മ്യൂണിക്കേഷനെയും റേഡിയോ തരംഗങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ കെല്‌പുള്ളവയാണ്‌.

ഇതുമൂലം വിമാനങ്ങള്‍ പലതും നിശ്ചിത പാതയില്‍ നിന്ന്‌ മാറിയാണ്‌ സര്‍വീസ്‌ നടത്തുന്നത്‌. ഏഷ്യന്‍ മേഖലയില്‍ നിന്ന്‌ അമേരിക്കയിലെ വിവിധ ഇടങ്ങളിലേക്ക്‌ സര്‍വീസ്‌ നടത്തുന്ന ഡെല്‍റ്റ വിമാനങ്ങള്‍ പലതും വഴി തിരിച്ചുവിട്ടതായി കമ്പനി വക്താവ്‌ പറഞ്ഞു. സൂര്യനില്‍ നിന്നുള്ള പ്രോട്ടോണ്‍ രൂപത്തിലുള്ള റേഡിയേഷന്‍ മണിക്കൂറില്‍ 9.3 കോടി മൈല്‍ വേഗതയിലാണ്‌ പ്രവഹിക്കുന്നത്‌. ഭൂമിക്കും വ്യാഴത്തിനും മദ്ധ്യേയുള്ള മേഖല പ്രോട്ടോണ്‍ പ്രവാഹപൂരിതമായിരിക്കുമെന്ന്‌ സ്‌പേസ്‌ വെതര്‍ സെന്റര്‍ ശാസ്‌ത്രജ്ഞന്‍ ഡഗ്‌ വീസേകര്‍ പറഞ്ഞു. അന്താരാഷ്‌ട്ര ബഹിരാകാശ താവളത്തിലുള്ള ആറു സഞ്ചാരികള്‍ക്കും ഈ റേഡിയേഷന്‍ മൂലം കുഴപ്പമൊന്നു സംഭവിക്കില്ലെന്നും ശാസ്‌ത്രജ്ഞര്‍ പറയുന്നു.

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന്‌ നേവി സീല്‍ രണ്‌ടു പേരെ രക്ഷപ്പെടുത്തി

വാഷിംഗ്‌ടണ്‍: സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ നിന്ന്‌ രണ്‌ടും പേരെ യുഎസ്‌ നേവി സീല്‍സ്‌ രക്ഷപ്പെടുത്തി. യുഎസ്‌ സ്വദേശിനിയും സന്നദ്ധ സംഘടനാ പ്രവര്‍ത്തകയുമായ ജെസീക്ക ബക്‌നന്‍ സ്വീഡിഷ്‌ സ്വദേശിനി പോള്‍ തിസ്റ്റെഡ്‌ എന്നിവരെയാണ്‌ നേവി സീല്‍സ്‌ അതിസാഹസികമായി രക്ഷപ്പെടുത്തിയത്‌. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 25നാണ്‌ ഇവര്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയിലായത്‌. യുഎസ്‌ നേവി സീല്‍സും കടല്‍ക്കൊള്ളക്കാരും തമ്മില്‍ നടത്തിയ ഏറ്റുമുട്ടലില്‍ ഒമ്പതോളം കടല്‍ക്കൊള്ളക്കാര്‍ കൊല്ലപ്പെട്ടു. യുഎസ്‌ നേവി സീല്‍സ്‌ പ്രകടിപ്പിച്ച ധീരതയെ പ്രസിഡന്റ്‌ ബറാക്‌ ഒബാമ നേരിട്ട്‌ അഭിനന്ദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക