Image

വിലക്കിന്‌ മറുപടി ചെയര്‍മാനും പ്രധാനമന്ത്രിയും പറയണം: മാധവന്‍ നായര്‍

Published on 25 January, 2012
വിലക്കിന്‌ മറുപടി ചെയര്‍മാനും പ്രധാനമന്ത്രിയും പറയണം: മാധവന്‍ നായര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ തസ്‌തികയില്‍ നിയമിക്കുന്നതിന്‌ വിലക്കേര്‍പ്പെടുത്തിയതിനെ കുറിച്ച്‌ മറുപടി പറയേണ്ടത്‌ പ്രധാനമന്ത്രിയും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ഡോ. രാധാകൃഷ്‌ണനുമാണെന്ന്‌ ജി. മാധവന്‍ നായര്‍ വ്യക്തമാക്കി. രാധാകൃഷ്‌ണന്‍ വ്യക്തിപരമായ അജണ്ടയാണ്‌ നടപ്പാക്കുന്നത്‌.

ആന്‍ട്രിക്‌സ്‌ എന്ന കമ്പനി നടത്തുന്ന ഇടപാടുകള്‍ തനിക്ക്‌ സര്‍ക്കാരിനെ അറിയിക്കേണ്‌ട ബാധ്യതയില്ല. രാധാകൃഷ്‌ണനും മറ്റുള്ളവരും ചേര്‍ന്ന്‌ എസ്‌-ബാന്‍ഡ്‌ ഇടപാടിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാരിന്‌ കൊടുത്തിട്ടുള്ള വിവരങ്ങള്‍ അര്‍ദ്ധസത്യങ്ങള്‍ മാത്രമാണ്‌. അഭിമാനപ്രശ്‌നമായതിനാല്‍ വിലക്കിനെതിരേ കോടതിയെ സമീപിക്കുന്ന കാര്യത്തെക്കുറിച്ച്‌ ആലോചിക്കുമെന്നും ജി. മാധവന്‍ നായര്‍ പറഞ്ഞു.

രാധാകൃഷ്‌ണന്‍ സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്‌. സാധാരണ രീതിയില്‍ ഇത്തരമൊരു ആരോപണമുയര്‍ന്നാല്‍ വിശദീകരണം തേടുകയും അന്വേഷണം നടത്തുകയും ചെയ്യേണ്‌ടതാണ്‌. എന്നാല്‍ ഇത്തരം നടപടികള്‍ ഒന്നും പാലിക്കാതെ രഹസ്യമായി ഒരു കത്ത്‌ അയയ്‌ക്കുക മാത്രമാണ്‌ ചെയ്‌തതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക