Image

അഴീക്കോടിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.

Published on 25 January, 2012
അഴീക്കോടിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു.
കണ്ണൂര്‍ : കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തില്‍ പങ്കാളികളായ നിരവധി മഹാരഥന്‍മാര്‍ അന്തിയുറങ്ങുന്ന പയ്യാമ്പലം കടപ്പുറത്തെ മണ്ണില്‍ സാംസ്‌കാരിക നായകന്‍ സുകുമാര്‍ അഴീക്കോടിന് നിത്യനിദ്ര. വിലാപയാത്രയായി പയ്യാമ്പലം കടപ്പുറത്തെത്തിച്ച ഭൗതികശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മരുമക്കളും സെക്രട്ടറി സുരേഷും ചേര്‍ന്നു ചിതയ്ക്ക് തീ കൊളുത്തി.
 
ഉച്ചയ്ക്ക് 12.15 നാണു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. പയ്യാമ്പലം വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കാന്‍ തയാറെടുപ്പുകള്‍ നടത്തിയിരുന്നുവെങ്കിലും ബന്ധുക്കളുടെ താല്‍പ്പര്യപ്രകാരം പരമ്പരാഗത രീതിയില്‍ ചിതയൊരുക്കി സംസ്‌കാരം നടത്തുകയായിരുന്നു.
ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പയ്യാമ്പലത്തെത്തിച്ച മൃതദേഹം പന്ത്രണ്ടരയോടെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങുന്നതുവരെ പയ്യാമ്പലം ജനനിബിഡമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. ആചാരവെടി ഒഴിവാക്കിയ ചടങ്ങില്‍ പോലീസ് ബ്യൂഗിള്‍ മുഴക്കി അന്ത്യാഭിവാദ്യം നല്‍കി. സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, മന്ത്രി കെ.സി. ജോസഫ് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍, മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

മുന്‍ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ സ്മൃതിമണ്ഡപത്തിനു എതിര്‍വശത്തായി സിപിഎം നേതാവ് സി. കണ്ണന്റെ ശവകുടീരത്തിനു സമീപത്തായാണു അഴീക്കോടിന് ചിതയൊരുക്കിയത്.


രാവിലെ 7.45 ഓടെ മൃതദേഹം ടൗണ്‍ സ്‌ക്വയറിലെ പ്രത്യേകം തയാറാക്കിയ പന്തലിലേക്കു മാറ്റിയതിന് ശേഷവും നിലയ്ക്കാത്ത ജനപ്രവാഹമായിരുന്നു ദൃശ്യമായത്. 11 മണിക്കായിരുന്നു സംസ്‌കാരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയവരുടെ തിരക്ക് കാരണം 11 മണിയായിട്ടും മൃതദേഹം പയ്യാമ്പലത്തേക്ക് കൊണ്ടുപോകാനായില്ല.

പിന്നീട് കാണാനെത്തിയവരെ വേഗത്തില്‍ കടത്തിവിട്ട് 11.15 ഓടെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര പയ്യാമ്പലത്തേക്ക് തിരിച്ചു. അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു മൃതദേഹം. ആയിരങ്ങള്‍ കാല്‍നടയായി വിലാപയാത്രയെ അനുഗമിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക