Image

മരണമില്ലാത്തവരുടെ താഴ് വരയിലൂടെ ഒരു ഓട്ടപ്രദക്ഷിണം -ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍

Published on 25 January, 2012
മരണമില്ലാത്തവരുടെ താഴ് വരയിലൂടെ ഒരു ഓട്ടപ്രദക്ഷിണം -ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍

വടക്കന്‍ അമേരിക്കന്‍ പ്രവാസി നോവല്‍ എഴുത്തുകാരില്‍ പ്രശസ്തനായ ശ്രീ. ജോണ്‍ ഇളമതയുടെ "മരണമില്ലാത്തവരുടെ താഴ് വര" എന്ന നോവല്‍ സാകൂതം വായിച്ചു. കഴിഞ്ഞ ഈസ്റ്റര്‍ അവധികാലത്ത് എന്റെ പത്‌നിയ്ക്കും എനിയ്ക്കും മറ്റു ചില അദ്ധ്യാപകരോടൊപ്പം ഒരു പത്തു ദിവസത്തെ പഠന പര്യടനാര്‍ത്ഥം ഈജിപ്ത് സന്ദര്‍ശിക്കാനുള്ള ഭാഗ്യമുണ്ടായി. പുകള്‍ പെറ്റ നദീതട സംസ്‌ക്കാരങ്ങളിലൊന്നായ ഈജിപ്ത്, ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായ നൈല്‍ , ചരിത്രം ഉറങ്ങുന്ന രാജാക്കന്മാരുടെ താഴ് വര, ശിലാശില്പങ്ങളാല്‍ അലംകൃതമായ ക്ഷേത്രങ്ങള്‍ , സഹസ്രാബ്ദങ്ങളെ അതിജീവിച്ച സപ്ത വിസ്മയങ്ങളിലൊന്നായ പിരമിഡുകള്‍ എന്നിങ്ങനെ സാമൂഹ്യപാഠപരമായി ജിജ്ഞാസ ഉളവാക്കുന്ന വസ്തുക്കളും വസ്തുതകളും എന്റെ വിദ്യാഭ്യാസകാലത്തും, തുടര്‍ന്ന് ഒരു അദ്ധ്യാപകനെന്ന നിലയിലും പരിചയപ്പെടേണ്ടി വന്നിട്ടുണ്ട്. ഈ വകകാര്യങ്ങള്‍ നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ സാധിച്ചപ്പോളുള്ള ആനന്ദം വാക്കുകളിലൊതുക്കാന്‍ പ്രയാസമാണ്. 'ഫെലൂക്ക'(ഒരുതരം ബോട്ട്) യാത്രയ്ക്കിടയില്‍ നൈല്‍ നദിയിലെ വെള്ളം കൈക്കുടന്നയില്‍ കോരിയെടുത്തപ്പോഴുള്ള അവാച്യമായ നിര്‍വൃതി ഒന്നു വേറെ തന്നെയായിരുന്നു. ഇത്തരം സ്വാനുഭവങ്ങളാണ് എനിക്ക് ഈ പുസ്തകം വായിക്കാനുണ്ടായ മുഖ്യപ്രചോദനം.

തൊണ്ണൂറ്റിയഞ്ച് പുറങ്ങളിലായി, ഡി.സി. ബുക്‌സ് 2011 നവംബറില്‍ പ്രകാശനം ചെയ്ത ഈ കൊച്ചു പുസ്തകം മുഷിപ്പില്ലാതെ വായിച്ചു പോകാം എന്നത് ശ്രീ. ഇളമതയുടെ രചനാ ചാരുത വിളിച്ചോതുന്നു. ഈ പ്രാചീന സംസ്‌ക്കാരത്തെക്കുറിച്ച് അപരിചിതരായ മലയാളികള്‍ ഉണ്ടെങ്കില്‍ (?) അവര്‍ ഇതേക്കുറിച്ച് മനസ്സിലാക്കുവാന്‍ ഈ പുസ്തകം സഹായകമായേക്കും. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇത് ഉത്സാഹം പകരുമെന്ന, ഗ്രന്ഥകാരന്റെ പ്രത്യാശ സഫലീകരിക്കട്ടെ എന്ന് ആശംസിക്കുന്നു. ശ്രീ. ഇളമത, തന്റെ ആമുഖത്തില്‍ “സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ ചിന്തകളുടെ തത്വചിന്താപരമായ ഒരു സമുച്ചയമല്ലേ ഈ അതിപുരാതന സംസ്‌ക്കാരം?” എന്നു ചോദിക്കുന്നു. സനാതന ധര്‍മ്മത്തിലെ ത്രിമൂര്‍ത്തികളെ പ്രതിനിധീകരിക്കുന്നത് ഇതല്ലെങ്കില്‍ മറ്റെന്താണ്? ഒരു വിധത്തില്‍ പറഞ്ഞാല്‍ എല്ലാ പ്രാചീന സംസ്‌ക്കാരങ്ങളുടേയും അന്തസ്സത്ത ഇതൊക്കെത്തന്നെയാണ്. ആത്മാവിന് നശ്വരതയില്ലെന്ന് ഹിന്ദുമതം അടിവരയിട് ഉദ്‌ഘോഷിയ്ക്കുന്നു. ദേഹവും ദേഹിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സൂക്ഷ്മമായി പഠിച്ചിട്ടുള്ളവരാണ് പ്രാചീന ഭാരതത്തിലെ ഋഷീശ്വരന്മാര്‍ . നാം ജീര്‍ണ്ണിച്ച വസ്ത്രം പരിത്യജിച്ച്, പുതുവസ്ത്രം ധരിക്കുന്നപോലെത്തന്നെയാണ് ഒരു ജീവിയുടെ അനുവദിക്കപ്പെട്ടിട്ടുള്ള കാലാവധി തീരുമ്പോള്‍ , ഈ ജഡം വിട്ട് മറ്റൊന്നിലേയ്ക്ക് പുനര്‍ജനിക്കുന്നത് എന്ന് ഗീതയില്‍ പറയുന്നു. ദേഹത്തിന്റെ നശ്വര സ്വഭാവം നല്ലപോലെ മനസ്സിലാക്കിയതിനാലാവാം ജഡത്തിന് പ്രാധാന്യം കൊടുക്കാതെ അനശ്വരമായ ആത്മാവിന് ഊന്നല്‍ കൊടുത്തത്. ബോധാവസ്ഥ, അബോധാവസ്ഥ, സുഷുമ്‌നാവസ്ഥ എന്നിവ ഈജിപ്തുകാരുടെ 'ബാ', 'കാ', 'അക്ക്' എന്നീ സമാനത പുലര്‍ത്തുന്ന മറ്റൊരു ചിന്താധാര ആയിക്കൂടെന്നില്ല. ഹിന്ദുമതത്തില്‍ പ്രബലമായി നിലനില്‍ക്കുന്ന മരണാനന്തര ജീവിതവും പുരാതന ഈജിപ്തിലെ വിശ്വാസത്തോട് ഒരു അകന്ന സാദൃശ്യം പുലര്‍ത്തുന്നു.

'ഫാറൊ'മാര്‍ പ്രധാനമായും സഹോദരിമാരേയും പെണ്‍മക്കളെ തന്നെയും പരിണയിച്ചാണ് വംശ വര്‍ദ്ധനവ് നടത്തിയിട്ടുള്ളതെന്നു കാണുമ്പോള്‍ നമുക്ക് അറപ്പു തോന്നാം. സ്വത്ത് വിഭജിക്കപ്പെടാതിരിക്കാനും രക്തശുദ്ധിയും വംശശുദ്ധിയും നിലനിര്‍ത്താനുമാണ് ഇത്തരം ബന്ധങ്ങള്‍ തുടര്‍ന്നത്, പരമ്പരാഗതമായും രോഗങ്ങള്‍ ആക്രമിച്ച് ആയുസ്സിനെ കീഴടക്കിക്കൊണ്ടിരുന്നിട്ടുപോലും എന്ന് പുസ്തകത്തിന്റെ ഉള്ളടക്കത്തിലും ആമുഖത്തിലും പ്രതിപാദിക്കുന്നുണ്ട്. മരുമക്കത്തായ മടക്കം പലതലത്തിലും ബന്ധപ്പെട്ടവരുമായുള്ള വിവാഹങ്ങള്‍ ലോകത്തിലെ പലഭാഗങ്ങളിലായി ഇന്നും തുടര്‍ന്നുവരുന്നതായി കാണാം. ജനിത
ശാസ്ത്രാവബോധം ഇത്തരത്തിലുള്ള ബന്ധം അനാശാസ്യമാണ് എന്ന് ഉദ്‌ബോധിപ്പിക്കുന്നുണ്ടെങ്കില പോലും! പ്രത്യേകിച്ചും, പല മാരക രോഗങ്ങളും പാരമ്പര്യമായി കൈമാറപ്പെടുന്നു എന്ന അറിവിന്റെ വെളിച്ചത്തില്‍ കഥയില്‍ സൂചിപ്പിക്കുന്ന 'രാജരോഗ'വും പരമ്പരാഗതമായി കൈമാറപ്പെടുന്നതാണല്ലോ.

ചരിത്ര വസ്തുകളെ ഭാവനയും പ്രണയത്തിന്റെ സ്‌നിദ്ധ മാധുര്യവും കലര്‍ത്തി തന്മയത്വത്തോടെ ആഖ്യാനം ചെയ്യുന്നതില്‍ ഗ്രന്ഥകര്‍ത്താവ് വിജയിച്ചിട്ടുണ്ട് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ചരിത്ര വസ്തുതകള്‍ സത്യസന്ധമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെങ്കില്‍ പോലും, ചരിത്രാഖ്യായിയായ ഒരു നോവല്‍ എന്ന പദവിക്കര്‍ഹമാണോ എന്ന സംശയം അവശേഷിക്കുന്നു. ഹിസ്റ്ററിയെ(History) അവന്റെ കഥയായി വിശേഷിപ്പിക്കാമെങ്കില്‍ 9-ാം വയസ്സില്‍ , ഫാറോ ആവുകയും 19-ാം വയസ്സില്‍ കൊല്ലപ്പെടുകയും ചെയ്ത ഫാറോ ടുട്ടണ്‍ കാമണിന്റെ ലഘുജീവിതകഥ സരസമായി വിവരിച്ചിട്ടുണ്ട്, ഈ നോവലില്‍. എല്ലാ സുപ്രധാന രാജവംശങ്ങളേയും കുറിച്ച് ഒരു ലഘു പുസ്തകത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ക്ഷിപ്രസാധ്യമല്ല. എങ്കിലും, ടുട്ടണ്‍ കാമണ്‍ന്റെ വംശ പരമ്പരയേയും ആ കാലഘട്ടത്തേയും കുറച്ചു കൂടി വിസ്തരിച്ചു പ്രതിപാദിച്ചിരുന്നെങ്കില്‍ ഈ പുസ്തകം കുറെ കൂടി ചരിത്രഗന്ധിയാകുമായിരുന്നു എന്നു ഒരു തോന്നല്‍ ഇല്ലാതില്ല.

ഏതു നദീതട സംസ്‌ക്കാരത്തിന്റെയും അമ്മത്തൊട്ടില്‍ അതാതു നദീതീരമാണെന്ന ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ വസ്തുത ഉള്‍ക്കൊണ്ട് ഈ നോവലില്‍ നൈല്‍ എന്ന വരദാനത്തിന്റെ വിവരങ്ങള്‍ കൊടുത്തിരിയ്ക്കുന്നതില്‍ ശ്രീ.ഇളമത അഭീനന്ദനാര്‍ഹനാണ്. പേജ് 16 ല്‍ പപ്പയറസ്സ് ഇലകള്‍ക്ക് ചിലവു കൂടുതലായ കാരണം, ഘനം കുറഞ്ഞ ശിലാപാളികളിലാണ് എഴുത്തഭ്യാസം നടന്നത് എന്ന പ്രസ്താവന ഒരു നോട്ടപ്പിശകായേ പരിഗണിക്കാവൂ. കാരണം “പപ്പയസ്സ് തണ്ടില്‍ നിന്ന്” എഴുതുവാന്‍ അനുയോജ്യമായ ചുരുളുകള്‍ നിര്‍മ്മിക്കുന്ന വിവരണം അന്യത്ര (പേജ് 27) കൊടുത്തിരിക്കുന്നതുകൊണ്ടു തന്നെ. ഞങ്ങള്‍ ഈ നിര്‍മ്മാണപ്രക്രിയ നേരില്‍ കണ്ടതുകൊണ്ട് ഈ പിശക് ശ്രദ്ധിക്കപ്പെട്ടു എന്നേ ഉള്ളൂ.

പ്രശസ്ത നിരൂപകന്‍ ശ്രീ. സുധീര്‍ പണിക്കവീട്ടില്‍ ജനുവരി 18, 2012 ലെ മലയാളം പത്രത്തില്‍ പ്രസിദ്ധീകരിച്ച തന്റെ പുസ്തക പരിചയത്തില്‍ , “പുരാവസ്തു ഗവേഷകരുടേയും ശാസ്ത്രജ്ഞന്മാരുടേയും കണ്ടു പിടിത്തങ്ങളേയും കുറിച്ച് പുസ്തകം ഒന്നും പറയുന്നില്ല; തുടക്കത്തില്‍ ഉദ്ധരിച്ചിട്ടുള്ള കാര്‍ട്ടറിന്റെ വാക്കുകളല്ലാതെ”, എന്ന അഭിപ്രായത്തോട് ഈ ലേഖകനും യോജിയ്ക്കുന്നു.

ടുട്ടണ്‍ കാമണിന്റെ കല്ലറയുടെ പ്രവേശന വാതില്‍ പടിയില്‍ കൊത്തി വെച്ചിരുന്ന വസ്തുത നേരോ നുണയോ ആകട്ടെ, ഫാറൊവിന്റെ ശവകുടീരം തുറന്ന് ഏഴ് ആഴ്ചയ്ക്കുള്ളില്‍ അതിനു കാരണക്കാരനായ കാര്‍ണര്‍വന്‍ പ്രഭു മൃതിയടഞ്ഞു എന്ന പ്രസ്താവനയ്ക്ക് സമാനമായി ഈയിടെ ശ്രീ പത്മനാഭക്ഷേത്രത്തിലെ അറകളില്‍ നിക്ഷിപ്തമായിരുന്ന അമൂല്യനിധിയും, പ്രശ്‌നം വെയ്ക്കലും, തുടര്‍ന്നുണ്ടായ വിവാദങ്ങളും, സുപ്രീം കോടതിയെ സമീപിച് പൗരപ്രമാണി ശ്രീ.ടി.പി. സുന്ദരരാജന്റെ അകാല മൃത്യുവും ഓര്‍മ്മിച്ചു പോയി. അന്ധവിശ്വാസങ്ങളെ ന്യായീകരിച്ചതല്ല; പ്രത്യുത, ആകസ്മിക സംഭവങ്ങളുടെ സമാനത ചൂണ്ടിക്കാട്ടി എന്നേ ഉള്ളൂ.

ടുട്ടണ്‍ കാമണ്‍ രാജകുമാരനും അന്‍സനാമണ്‍ രാജകുമാരിയും അവരുടെ ദാസിമാരും തമ്മിലുള്ള സംവാദത്തിലൂടെ ഫാറോ രാജാക്കന്മാരുടെ സംക്ഷിപ്ത കഥ ചുരുളഴിയുന്നതായിട്ടാണ് ഗ്രന്ഥകാരന്‍ ഈ നോവലില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇത് ആഖ്യാന രീതിയെ നല്ലവണ്ണം ഫലവത്താക്കുവാന്‍ ഗ്രന്ഥകാരന് സാധിച്ചിട്ടുണ്ട്. 9-ാം വയസ്സില്‍ രാജ്യഭരണം ഏറ്റെടുക്കേണ്ടി വന്നതുകൊണ്ട് നഷ്ടപ്പെട്ട ബാല്യകാലത്തെക്കുറിച്ച് ചെറുഫാറൊ പരിതപിക്കുന്നതു വായിച്ചപ്പോള്‍ എന്റെ മനസ്സിലേയ്ക്കു വന്നത് കൗമാരപ്രായത്തില്‍ തന്നെ പോപ് സംഗീതത്തിന്റെ രാജാവും യശഃശരീരനുമായ മൈക്കല്‍ ജാക്‌സണ്‍ ഏതോ അഭിമുഖത്തല്‍ , തന്റെ കളിച്ചു നടക്കേണ്ട ബാല്യകാലം നഷ്ടപ്പെട്ട വ്യഥ പങ്കുവെച്ച കാര്യമാണ്.

ധിഷണാശാലിയായ ഒരു ഭരണ കര്‍ത്താവോ നയതന്ത്ര വിശാരദനോ അല്ലാതിരുന്ന ബാല ഫാറൊ ടുട്ടണ്‍ കാമണ്‍ പുരാതന ഈജിപ്തിന്റെ ചരിത്രത്തില്‍ ഈ പ്രമാദത്തോടുകൂടി സ്ഥാനം പിടിച്ചത് രാജാക്കന്മാരുടെ താഴ് വരയില്‍ കൊള്ളക്കാരുടേയും കവര്‍ച്ചക്കാരുടേയും ഇരയാവാതെ കിടന്ന ഈ ഏകഭൂഗര്‍ഭ ശവകുടീരം മുവ്വായിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു വലിയ സാമ്രാജ്യത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നതിനാലാണെന്നും ശ്രീ. ഇളമത ആമുഖത്തില്‍ പറയുന്നുണ്ട്. പലകുറി ഉപേക്ഷിയ്ക്കപ്പെട്ട സാഹസിക ഗവേഷണത്തിനൊടുവില്‍ ആകസ്മികമായി ഒരു ബാല തൊഴിലാളിയുടെ കൈക്കോട്ടിലാണ് ബാലഫാറൊ ടുട്ടണ്‍ കാമണിന്റെ ആദ്യത്തെ പടി ഉടക്കിയത് എന്ന വസ്തുതയും തികച്ചും യാദൃശ്ചികമാണല്ലോ. അങ്ങിനെയുള്ള ആകസ്മിക സംഭവങ്ങള്‍ ശാസ്ത്രത്തിലും സാഹിത്യത്തിലും എന്നു വേണ്ട, മാനവ സംസ്‌കൃതിയുടെ എല്ലാ താലങ്ങളേയും സംപുഷ്ടമാക്കിയിട്ടുള്ള അനുഭവങ്ങള്‍ നിരവധിയാണ്.

മുമ്പു പ്രസ്താവിച്ചതുപോലെ, ഭാവനയും ചരിത്ര വസ്തുതകളും കൂട്ടിയിണക്കി, വിരസത കൂടാതെ വായിച്ചു പോകാവുന്ന ഒരു പുസ്തകം കൈരളിക്കു സമ്മാനിച്ചതില്‍ ശ്രീ. ജോണ്‍ ഇളമത അനുമോദനം അര്‍ഹിക്കുന്നു. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നതിനോടൊപ്പം തന്നെ, ഇനിയും നല്ലനല്ല കൃതികള്‍ രചിക്കാന്‍ കഴിയട്ടെ എന്നും ആശംസിക്കുന്നു.
മരണമില്ലാത്തവരുടെ താഴ് വരയിലൂടെ ഒരു ഓട്ടപ്രദക്ഷിണം -ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍മരണമില്ലാത്തവരുടെ താഴ് വരയിലൂടെ ഒരു ഓട്ടപ്രദക്ഷിണം -ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക