Image

എസ്.ബാന്‍ഡ് വിവാദം: മാധവന്‍നായര്‍ക്ക് വിലക്ക്

Published on 25 January, 2012
എസ്.ബാന്‍ഡ് വിവാദം: മാധവന്‍നായര്‍ക്ക് വിലക്ക്
ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍ നായര്‍ അടക്കം നാലുപേരെ സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്നും വിലക്കി. ഐ.എസ്.ആര്‍.ഒയും ദേവാസ് മള്‍ട്ടിമീഡിയ കമ്പനിയുമായിയുണ്ടാക്കിയ എസ്.ബാന്‍ഡ് സ്‌പെക്ട്രം കരാര്‍ വിവാദമായതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍  വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

മുന്‍ സയന്റിഫിക് സെക്രട്ടറി കെ. ഭാസ്‌കരനാരായണ,ആന്‍ട്രിക്‌സ് മുന്‍ മാനേജിങ് ഡയറക്ടര്‍ കെ.ആര്‍ ശ്രീധരമൂര്‍ത്തി, ഐ.എസ്.ആര്‍.ഒ സാറ്റ്‌ലൈറ്റ് സെന്ററിന്റെ മുന്‍ ഡയറക്ടര്‍ കെ.എന്‍. ശങ്കര എന്നിവരാണ് വിലക്ക് ലഭിച്ച മറ്റുമൂന്നുപേര്‍. സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു പ്രൊജക്ടുകളിലും ഇനി ഇവര്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.

മുന്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ പ്രത്യൂഷ് സിന്‍ഹയുടെ ആധ്യക്ഷ്യത്തിലുള്ള ഉന്നതാധികാര സമിതിയുടെ അന്വേഷണറിപ്പോര്‍ട്ട് പഠിച്ചശേഷമാണ് ഇവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതിനിടെ വിലക്കിനുപിന്നില്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ കെ. രാധാകൃഷ്ണന്‍ ആണെന്ന് ജി. മാധവന്‍ നായര്‍ ആരോപിച്ചു. വിലക്കിന് മുമ്പേ കുറ്റാരോപണവും, അന്വേഷണവും ഉണ്ടായില്ല. തീവ്രവാദിയേക്കാള്‍ മോശം പരിഗണിനയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ടുകള്‍ പലതും കെ.രാധാകൃഷ്ണന്‍ ഒളിപ്പിച്ചു. ആന്‍ട്രിക്‌സ് ദേവാസ് കരാര്‍ ഇല്ലാതാക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ടെന്നും ജി മാധവന്‍ നായര്‍ ആരോപിച്ചു.

ഐ.എസ്.ആര്‍.ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസ് മള്‍ട്ടിമീഡിയയും തമ്മിലായിരുന്നു എസ്.ബാന്‍ഡ് ഫ്രീക്വന്‍സികള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കാന്‍ കരാര്‍ ഉണ്ടാക്കിയത്. എന്നാല്‍ സൈന്യം, ബഹിരാകാശഗവേഷണം തുടങ്ങിയ പ്രത്യേക ആവശ്യങ്ങള്‍ക്കായി മാറ്റിവെച്ച എസ് ബാന്‍ഡ് സ്‌പെക്ട്രം സ്വകാര്യ കമ്പനിക്ക് അനുവദിച്ചത് വിവാദമായിരുന്നു. ഇക്കാര്യം വിവാദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവി 17ന് ഈ കരാര്‍ കേന്ദ്രമന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി റദ്ദാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക