Image

അഴീക്കോടിന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു

Published on 25 January, 2012
അഴീക്കോടിന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു
ന്യൂയോര്‍ക്ക്‌: ഡോ. സുകുമാര്‍ അഴീക്കോടിന്റെ വേര്‍പാടില്‍ ഫെഡറേഷന്‍ ഓഫ്‌ മലയാളി അസോസിയേഷന്‍സ്‌ ഓഫ്‌ അമേരിക്കാസ്‌ (ഫോമ) അനുശോചിച്ചു. ചിന്തകന്‍, പ്രഭാഷകന്‍, അദ്ധ്യാപകന്‍, സാമൂഹിക-സാഹിത്യ വിമര്‍ശകന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ കേരളത്തിന്റെ മനസാക്ഷിയായിരുന്നു അഴീക്കോടെന്ന്‌ ഫോമാ നേതൃത്വം അനുസ്‌മരിച്ചു.

മലയാളികളുടെ ജീവിതത്തിന്‌ പുതിയ മാനങ്ങളും മാനുഷിക ഭാവങ്ങളും നല്‍കിയ അഴീക്കോട്‌, കേരളത്തിലെ ഒരു തലമുറയെ തന്നെ സ്വാധീനിച്ച വ്യക്തിയായിരുന്നുവെന്ന്‌ ഫോമാ പ്രസിഡന്റ്‌ ബേബി ഊരാളില്‍ അനുസ്‌മരിച്ചു. ജീവിതാന്ത്യം വരെ, വാക്കിനേയും അക്ഷരത്തേയും ചിന്തയേയും പ്രണയിച്ച അഴീക്കോട്‌, പ്രഭാഷണ, പ്രസംഗ കലയില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രതിഭാധനനായിരുന്നുവെന്ന്‌ ഫോമാ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അനുസ്‌മരിച്ചു. വിജ്ഞാനവും വാക്കും അക്ഷരവുംകൊണ്ട്‌ മലയാളികളുടെ മനസ്സില്‍ പുതിയ ചക്രവാളങ്ങള്‍ തുറന്നിട്ട അഴീക്കോട്‌, കേരളത്തിലെ പ്രസംഗ വേദികളിലെ ക്ഷോഭിക്കുന്ന വ്യക്തിത്വമായിരുന്നുവെന്ന്‌ ഫോമാ ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌ അനുസ്‌മരിച്ചു.

മലയാളി സമൂഹത്തിലെ ചലനങ്ങളോട്‌ ക്രിയാത്മകമായി പ്രതികരിച്ച അഴീക്കോടിന്റെ അഭാവം മലയാള സാംസ്‌കാരിക ലോകത്തിന്‌ നികത്താനാവാത്ത വിടവാണ്‌ സൃഷ്‌ടിക്കുന്നതെന്ന്‌ പല ഫോമാ നേതാക്കളും അനുസ്‌മരിച്ചു.
അഴീക്കോടിന്റെ നിര്യാണത്തില്‍ ഫോമ അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക