Image

കാമ്പസ് കളരിയില്‍ കലാപക്കളിയാട്ടം (എ.എസ് ശ്രീകുമാര്‍)

Published on 19 February, 2016
കാമ്പസ് കളരിയില്‍ കലാപക്കളിയാട്ടം (എ.എസ് ശ്രീകുമാര്‍)
എല്ലാ വിദ്യകളും അഭ്യസിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തെയാണ് നാം സര്‍വകലാശാല, അഥവാ യൂണിവേഴ്‌സിറ്റിയെന്ന് വിശേഷിപ്പിക്കുന്നത്. ഇവിടെ പഠനത്തോടൊപ്പം ഗവേഷണവും നടക്കുന്നു. ഇന്ത്യയിലെ ചില സര്‍വകലാശാലകളില്‍ ഈയിടെയായി നടമാടുന്ന ദുരന്ത സംഭവഗതികള്‍ പരിശോധിച്ചാല്‍ ഇവിടങ്ങളില്‍ അധ്യാപകര്‍ സര്‍വ"കലാപ' വിദ്യകളും അഭ്യസിപ്പിക്കുന്നുണ്ടോ അല്ലെങ്കില്‍ പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ "ക്വട്ടേഷന്‍' പരിപാടികള്‍ക്ക് ഗവേഷണം നടത്തുന്നുണ്ടോ എന്നൊക്കെ നമ്മള്‍ ശങ്കിച്ച് സ്തംഭിച്ചു നിന്നു പോവും.

കഴിഞ്ഞ ജനുവരി മാസത്തില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമൂല എന്ന 28 കാരന്‍ തൊലി നിറത്തിന്റെയും ജാതി വിവേചനത്തിന്റെയും പേരില്‍ ജീവത്യാഗം ചെയ്ത ദാരുണ സംഭവവുമായി ബന്ധപ്പെട്ട സമരകോലാഹലങ്ങളും രാഷ്ട്രീയ പൊട്ടിത്തെറികളും അടങ്ങും മുമ്പ് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ കാമ്പസില്‍ വീണ ഒരു തീപ്പൊരി രാജ്യമാകെ വ്യാപിച്ച് ആളിപ്പടര്‍ന്നു കൊണ്ടിരിക്കുന്നു.

രോഹിത് വെമൂലയുടെ ഞെട്ടിപ്പിക്കുന്ന ആത്മഹത്യ മന:സാക്ഷിയുള്ളവരുടെ കണ്ണുകള്‍ നനച്ചു. ദരിദ്രമായ ജീവിത സാഹചര്യങ്ങളില്‍ നിന്ന് യു.ജി.സിയുടെ ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടി കാമ്പസിലെത്തിയതാണ് ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലക്കാരനായ രോഹിത്. കാള്‍ സാഗനെപ്പോലെ ഒരു ശാസ്ത്രസാഹിത്യകാരനാകണം എന്ന് മോഹിച്ച രോഹിതിന് എഴുതാന്‍ കഴിഞ്ഞതാകട്ടെ തന്റെ ആത്മഹത്യാ കുറിപ്പാണ്.

ഇനി ജവാഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി(ജെ.എന്‍.യു) കാമ്പസിലേയ്ക്ക് കടന്നു ചെല്ലുമ്പോള്‍ മറ്റൊരു ഭീകരമായ കാഴ്ച നമുക്ക് കാണേണ്ടി വരും. ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ 2013 ല്‍ വധശിക്ഷയ്ക്ക് വിധേയനാക്കിയ അഫ്‌സല്‍ ഗുരുവിനെ അനുസ്മരിച്ച് കാമ്പസില്‍ നടന്ന ചടങ്ങാണ് എല്ലാറ്റിന്റെയും തുടക്കം. ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡി.എസ്.യു) എന്ന മാവോയിസ്റ്റ് സംഘടനയാണ് ഈ മാസം ഒന്‍പതാം തീയതി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്. ഇതിനായി അവര്‍ സര്‍വകലാശാലയുടെ അനുവാദം വാങ്ങിയിരുന്നു. എന്നാല്‍ രാജ്യത്തെ ആക്രമിച്ചതിന്റെ പേരില്‍ തൂക്കിലേറ്റപ്പെട്ട ഒരു തീവ്രവാദിയെ അനുസ്മരിക്കുന്നത് രാജ്യദ്രോഹമാണെന്ന് ആരോപിച്ച് സംഘപരിവാറിന്റെ വിദ്യാര്‍ത്ഥി സംഘടന രംഗത്തു വന്നു. ഇതേ തുടര്‍ന്ന് അനുസ്മരണ ചടങ്ങിന് നല്‍കിയ അനുമതി വാഴ്‌സിറ്റി പിന്‍വലിച്ചു.

എന്നാല്‍ പരിപാടിയുമായി മുന്നോട്ടു പോകാനായിരുന്നു ഡി.എസ്.യുവിന്റെ തീരുമാനം. അനുസ്മരണ ചടങ്ങിനിടെ എ.ബി.വി.പി-ഡി.എസ്.യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമായി. എ.ബി.വി.പിയെ വിമര്‍ശിച്ച് സി.പി.എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐയും സി.പി.ഐയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എ.ഐ.എസ്.എഫും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രശ്‌നമേറ്റെടുത്തതോടെ കാര്യങ്ങള്‍ രൂക്ഷമായി. ഇതിനിടെ ചില വിദ്യാര്‍ത്ഥികള്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന ആരോപണമുണ്ടായതോടെ വിദ്യാര്‍ത്ഥിവിഭാഗങ്ങള്‍ തമ്മിലുള്ള കലാപം "രാജ്യദ്രോഹം' എന്ന അതീവ ഗുരുതര സ്വഭാവ തലത്തിലേയ്ക്ക് വളര്‍ന്നു.

വിഷയത്തില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ ഇടപെട്ടു. രാജ്യദ്രോഹ കുറ്റം ചുമത്തി സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാനും എ.ഐ.എസ്.എഫ് നേതാവുമായ കനയ്യ കുമാറിനെ അറസ്റ്റു ചെയ്തു. പത്ത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസുമെടുക്കുകയുണ്ടായി. ഇതിനിടെ ഇടതുപക്ഷത്തിന്റെ ന്യായീകരണം വന്നു. അഫ്‌സല്‍ ഗുരു അനുസ്മരണവുമായി യോജിപ്പോ ബന്ധമോ തങ്ങള്‍ക്കില്ലെന്നും അഭിപ്രായ സ്വാതന്ത്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് കനയ്യ കുമാറും മറ്റ് ഇടതുപക്ഷ നേതാക്കളും പ്രശ്‌നത്തില്‍ ഇടപെട്ടതെന്നുമാണ് അവരുടെ വിശദീകരണം.

ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തി കേന്ദ്രമായ ജെ.എ.ന്‍യു സര്‍വകലാശാലാ യൂണിയന്‍ പിടിച്ചെടുക്കാനുള്ള ബി.ജെ.പിയുടെ ഗൂഢാലോചനയാണ് കലാപം സൃഷ്ടിച്ചിരിക്കുന്നതെന്ന് ഇടതുപക്ഷം വാദിച്ചപ്പോള്‍ അഫ്‌സല്‍ ഗുരു അനുസ്മരണ പദ്ധതിക്ക് ലഷ്കര്‍ ഇ തോയ്ബയുടെ പിന്തുണയുണ്ടെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ്ങിന്റെ പ്രത്യാരോപണം. അതേസമയം രാജ്യം നാണിച്ച മറ്റൊരു സംഭവവുമുണ്ടായി. കനയ്യ കുമാറിനെ ഹാജരാക്കാന്‍ കൊണ്ടുവരുമ്പോള്‍ പട്യാല ഹൗസ് കോടതിയില്‍ ബി.ജെ.പി. അനുകൂല അഭിഭാഷകരും എതിര്‍ഭാഗം വക്കീല്‍പ്പടയും തമ്മില്‍ കഴിഞ്ഞ ദിവസം പൊരിഞ്ഞ അടി നടന്നു. പോലീസ് നോക്കി നില്‍ക്കെ നിയമം കൈയിലെടുത്ത അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും അക്രമം അഴിച്ചുവിട്ടു, ഇന്ത്യന്‍ ജുഡീഷ്യറിയെയും ജനാധിപത്യത്തെയും നിയമവാഴ്ചയെയും മാധ്യമ സ്വാതന്ത്ര്യത്തെയുമൊക്കെ അടച്ച് അവഹേളിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കാടത്തമായിപ്പോയി ഇത്. ബി.ജെ.പി-ആര്‍.എസ്.എസ് അച്ചുതണ്ട് ശക്തികളും നാടൊട്ടുക്കും അസഹിഷ്ണുതാ രാഷ്ട്രീയത്തിന്റെ കൊലവിളികള്‍ നടത്തുന്നുണ്ട്.
ഒരു ചെറിയ വിഭാഗം നടത്തിയ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനെ ദേശീയതയുടെയും ദേശവിരുദ്ധതയുടെയും വ്യവഹാരത്തില്‍പ്പെടുത്തിക്കൊണ്ട് ഉന്നതമായ ഒരു സര്‍വകലാശാലയെ ആ ഏകശിലാത്മക പ്രത്യയശാസ്ത്രത്തിനു കീഴിലാക്കാന്‍ ശ്രമിക്കുന്നത് ജനാധിപത്യപരമല്ലെന്നൊരു വാദമുയരുന്നുണ്ട്. ഭാവിയുടെ പതാകാവാഹകരായ വിദ്യാര്‍ത്ഥികളുടെ ആശയ വൈരുദ്ധ്യവും ആശയ സംവാദങ്ങളുമെന്ന പോലെ ആശയങ്ങള്‍ പിറവിയെടുക്കുന്ന കാമ്പസിനെ ശത്രുതയുടെ കണ്ണുകളാല്‍ വീക്ഷിക്കരുതത്രേ.

എന്നാലീ വീക്ഷണ ഗതിക്കൊരു മറുവാദവും നിരത്തപ്പെടുന്നു. പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവാക്കി ജെ.എന്‍.യു പോലുള്ള സര്‍വകലാശാലകള്‍ നടത്തിക്കൊണ്ടു പോകുന്നത് ദേശദ്രോഹത്തിന് വേദിയൊരുക്കാനാണോ എന്നാണാ ചോദ്യം. സര്‍വകലാശാലയുടെ അക്കാദമിക് സ്വാതന്ത്ര്യത്തിന്റെ മറവില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും അനുവര്‍ത്തിക്കുന്ന സമൂഹ വിരുദ്ധത അതിരുവിടുമ്പോള്‍ ഇടപെടാന്‍ കഴിയാത്ത സര്‍ക്കാര്‍ ജനാധിപത്യത്തിനും നിയമവാഴ്ചയ്ക്കും ഭൂഷണമല്ല. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും നേരെ പട്ടാപ്പകല്‍ വെടുയുതിര്‍ത്തും ബോംബെറിഞ്ഞും നൂറുകണക്കിന് നിരപരാധികളെ കൊലപ്പെടുത്തിയ "മഹാനെ' ആദരിക്കുന്നത് കേവലം ഒരു വ്യക്തിയായാല്‍ പോലും അത് രാജ്യദ്രോഹക്കുറ്റം തന്നെയാണ്. എന്നാലിത് അസഹിഷ്ണുതാ വാദികള്‍ക്ക് മുതലെടുക്കാനുള്ള മേച്ചില്‍പ്പുറവുമല്ല.

***
""സ്‌നേഹം നിര്‍മിക്കപ്പെടുകയാണ്. വിശ്വാസങ്ങള്‍ക്ക് നിറം പൂശപ്പെടുകയാണ്. വേദനിക്കാതെ സ്‌നേഹിക്കുക എന്നത് കഠിനമായി മാറിയിരിക്കുന്നു. മനുഷ്യന്റെ മൂല്യം വെറുമൊരു വോട്ടിലേയ്ക്ക് ഒതുങ്ങി. മാനസികമായി അവനെ വിലയിരുത്താന്‍ ആര്‍ക്കുമാവുന്നില്ല...'' ഇത് രോഹിത് വെമുലയുടെ ജീവത്യാഗ വേദനക്കുറിപ്പുകളിലെ പ്രസക്ത ഭാഗം.

""ഇന്ത്യക്കാരനെന്ന നിലയില്‍ ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും എനിക്ക് പൂര്‍ണവിശ്വാസമുണ്ട്. രാജ്യദ്രോഹിയാണെന്ന് തെളിവുണ്ടെങ്കില്‍ എന്നെ ശിക്ഷിക്കണം അല്ലെങ്കില്‍ മാധ്യമവിചാരണയ്ക്ക് വിധേയനാക്കണം...'' ഇതാകട്ടെ കനയ്യ കുമാര്‍ ഡല്‍ഹി മെട്രോ പൊളീറ്റന്‍ മജിസ്‌ട്രേറ്റ് മുമ്പാകെ എഴുതി നല്‍കിയ സാക്ഷ്യവും.

***
ജെ.എന്‍.യു പുകയുമ്പോഴും, പാട്യാല ഹൗസ് കോടതിയും പരിസരവും അനുദിനം അഭിഭാഷകഗുണ്ടാവിളയാട്ടത്തില്‍ ശബ്ദമുഖരിതമാവുമ്പോഴും, രാജ്യത്ത് പ്രതിഷേധക്കൊടുങ്കാറ്റടിക്കുമ്പോഴും കനയ്യ കുമാര്‍ ഫെബ്രുവരി 19ന് സമര്‍പ്പിച്ച ജാമ്യഹര്‍ജി പട്യാല ഹൗസ് കോടതി പരിഗണിച്ചില്ല. പരസ്പര പോര്‍വിളി അഭംഗുരം തുടരുന്നു...
കാമ്പസ് കളരിയില്‍ കലാപക്കളിയാട്ടം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
Ninan Mathullah 2016-02-19 13:41:37

A very good unbiased analysis of the situation.  When both parties are emotionally attached to the issue, it is hard to view things with an open mind. As Krishna advised skill in action is taking emotions away from the subject and do ‘Nishkama Karma’. Both groups have pre-concepts about the other group.  A recently published book by Rajiv Malhothra, “Breaking India’ has contributed to the atmosphere of intolerance on campuses.  This book prevents many from accepting and admitting the contributions of the other group and view the other group with suspicion. They author view things sprinkled with his own prejudices and myopic eyes.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക