Image

അസമില്‍ ആയുധം വെച്ച് കീഴടങ്ങിയ വിഘടനവാദികളുടെ എണ്ണം 1855 ആയി

Published on 24 January, 2012
അസമില്‍ ആയുധം വെച്ച്  കീഴടങ്ങിയ വിഘടനവാദികളുടെ എണ്ണം 1855 ആയി
ഗുവാഹത്തി: അസമില്‍ മാവോവാദിനക്‌സല്‍ ഗ്രൂപ്പുകളില്‍ ഉള്‍പ്പെട്ട ഒമ്പത് വിഭാഗങ്ങളിലെ ഭൂരിഭാഗവും ആദിവാസികളായ 1855 വിഘടനവാദികള്‍ ആയുധം വെച്ച് കീഴടങ്ങി. ''അസമിന് ഇത് ചരിത്രപരമായി പ്രാധാന്യമുള്ള ദിനമാണ്. സമാധാനത്തിന്റെ പാതയിലേക്ക് അവര്‍ വരുന്നതില്‍ വളരെ സന്തോഷമുണ്ട്'' ചടങ്ങില്‍ ആമുഖമായി കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. എല്ലാ ഭിന്നതകളേയും ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണെന്നും ഒരൊറ്റ വികാരത്തിലൂടെ ഇന്ത്യന്‍ ദേശീയതയുടെ കീഴില്‍ അടിയുറച്ചുനില്‍ക്കാന്‍ ഓരോ പൗരനേയും ഈ നടപടി പ്രചോദിപ്പിക്കുമെന്നും ചിദംബരം പറഞ്ഞു. 

ആദിവാസി പീപ്പിള്‍സ് ആര്‍മി, ഓള്‍ ആദിവാസി നാഷണല്‍ ലിബറേഷന്‍ ആര്‍മി, സന്താള്‍ ടൈഗര്‍ ഫോഴ്‌സ്, ബിര്‍സ കമാന്‍ഡോ ഫോഴ്‌സ്, ആദിവാസി കോബ്ര മിലിട്ടറി ഓഫ് അസ്സം, കുക്കി ലിബറേഷന്‍ ആര്‍മി, കുക്കി ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, ഹമര്‍ പീപ്പിള്‍സ് കണ്‍വെന്‍ഷന്‍, യുണൈറ്റഡ് കുക്കിഗാം ഡിഫന്‍സ് ആര്‍മി, കുക്കി റെവലൂഷണറി ആര്‍മി എന്നീ സംഘടനകളിലെ അംഗങ്ങളാണ് ആയുധം വെച്ച് കീഴടങ്ങിയത്. 

ഉള്‍ഫ അടക്കമുള്ള തീവ്രവാദ ഗ്രൂപ്പുകളും ഈ സമാധാനപാതയിലൂടെ വൈകാതെയെത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ചിദംബരം കൂട്ടിച്ചേര്‍ത്തു. പനിനീര്‍ പൂവ് നല്‍കിയാണ് ഇവരെ സ്വീകരിച്ചത്. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ കീഴടങ്ങലായാണ് ഈ ചടങ്ങ് വിശേഷിക്കപ്പെടുന്നത്. 

അസമിലെ സമാധാനത്തിന്റെ തുടക്കമാണിതെന്ന് പി.ചിദംബരം പറഞ്ഞു. യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) ഒഴികെയുള്ള മിക്ക തീവ്രവാദ സംഘടനകളും ഇപ്പോള്‍ വെടിനിര്‍ത്തലിലോ സര്‍ക്കാരുമായി സന്ധിയിലോ ആണ്. സമാധാനകരാര്‍ തയ്യാറാകുന്നത് വരെ കീഴടങ്ങിയ തീവ്രവാദികള്‍ക്കായി പ്രത്യേക ക്യാമ്പ് തുടങ്ങുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

അസമില്‍ ആയുധം വെച്ച്  കീഴടങ്ങിയ വിഘടനവാദികളുടെ എണ്ണം 1855 ആയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക