Image

ഗര്‍ഭഛിദ്രനിരക്ക് ഉയരുന്നതായി ലോകാരോഗ്യ സംഘടന

Published on 24 January, 2012
ഗര്‍ഭഛിദ്രനിരക്ക് ഉയരുന്നതായി ലോകാരോഗ്യ സംഘടന
ഗര്‍ഭഛിദ്ര നിരക്ക് അപകടകരമായ തോതിലേക്ക് ഉയര്‍ന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. വര്‍ഷത്തില്‍ ആയിരം സ്ത്രീകളില്‍ 28 പേര്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ 49 ശതമാനവും വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായത്തോടെയല്ല ഇതിന് വിധേയമാവുന്നതെന്നാണ് ഏറ്റവും അപകടകരമായ വസ്തുത. 2008ല്‍ ഇത് 44 ശതമാനമായിരുന്നു. 

സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം അമ്മമാരുടെ മരണ നിരക്കും വര്‍ധിപ്പിച്ചു. ആസ്പത്രിക്ക് പുറത്തും സാധാരണ ക്ലിനിക്കുകളിലും വെച്ച് ചെയ്യുന്ന ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ക്കിടെയുണ്ടാവുന്ന അണുബാധ നിരവധിപേരുടെ മരണത്തിന് കാരണമാക്കുന്നതായും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ ചൂണ്ടിക്കാണിക്കുന്നു. 2008ലെ കണക്കനുസരിച്ച് ഏഴു സ്ത്രീകളിലൊരാളെങ്കിലും ഇത്തരത്തില്‍ മരണപ്പെടുന്നുണ്ട്. അതേസമയം, സുരക്ഷിതമായ മാര്‍ഗത്തിലുള്ള ഗര്‍ഭഛിദ്രം പ്രസവ സമയത്തുണ്ടാവുന്ന അത്രയും മരണങ്ങള്‍ക്ക് കാരണമാവുന്നില്ലെന്നും വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു.

ഗര്‍ഭഛിദ്രം ഒഴിവാക്കാനാവത്ത സാഹചര്യത്തില്‍ സ്ത്രീകള്‍ ഇതിനുവേണ്ടി എന്തു വിലകൊടുക്കാനും തയ്യാറാണെന്നുള്ളതാണ് സുരക്ഷിതമല്ലാത്ത ഗര്‍ഭചിദ്രങ്ങള്‍ കൂടുന്നതിനുള്ള ഒരു കാരണം. 1990ല്‍ ഗര്‍ഭചിദ്ര നിരക്ക് കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ പഴയപടി അപകടകരമായ തോതിലേക്ക് ഉയരുന്നതായി ലാന്‍സെറ്റിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

വികസ്വര രാജ്യങ്ങളില്‍ സുരക്ഷിതമല്ലാത്ത രീതിയിലുള്ള ഭ്രൂണഹത്യാ നിരക്ക് വളരെക്കൂടുതലാണ്. ആഫ്രിക്കയാണിതില്‍ മുന്നില്‍. ലാറ്റിനമേരിക്കയില്‍ ഇത്തരത്തിലുള്ള ഭ്രൂണഹത്യ നിരക്ക് 95 ശതമാനമാണെങ്കില്‍ ഏഷ്യയിലിത് 40 ശതമാനവും ഓഷ്യനയില്‍ 15 ശതമാനവും യൂറോപ്പിലിത് 9 ശതമാനവുമാണ്. അതേസമയം, ഗര്‍ഭഛിദ്രം നിയമവിരുദ്ധമായ രാജ്യങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ കണക്ക് ലഭ്യമല്ലെന്നും ലാന്‍സെറ്റ് എഡിറ്റര്‍ ഡോ. റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ പറയുന്നു. 

വികസിത രാജ്യങ്ങളിലെ ഗര്‍ഭഛിദ്രനിരക്ക് 1995ല്‍ 36 ശതമാനമായിരുന്നെങ്കില്‍ 2008ല്‍ ഇത് 26 ശതമാനത്തിലേക്ക് ചുരുങ്ങിയിട്ടുണ്ട്. അതേസമയം, ഗര്‍ഭഛിദ്രം നിയപരമായി തടയുന്ന രാജ്യങ്ങളില്‍പ്പോലും ഇതുപോലുള്ള കുറവ് ഉണ്ടായിട്ടില്ല. 2008ല്‍ ലോകത്തുണ്ടായ ഗര്‍ഭഛിദ്ര ശസ്ത്രക്രിയകളില്‍ 86 ശതമാനവും വികസ്വര രാജ്യങ്ങളിലായിരുന്നു. ശസ്ത്രക്രിയകളില്‍ പകുതിയിലേറെയും സുരക്ഷിതമല്ലാത്ത രീതിയിലായിരുന്നുതാനും.

കെനിയയില്‍ ഡബ്ല്യു.എച്ച്.ഒ നടത്തിയ പഠനത്തില്‍ അക്കെച്ച് അയിമ്പ എന്ന 20കാരിയുടെ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാണ്. 20 വയസ്സ് മാത്രമുള്ളപ്പോള്‍ ഗര്‍ഭിണിയായ അയിമ്പ അവിവാഹിതയായിരുന്നു. മാതാപിതാക്കളോട് സത്യം വെളിപെടുത്താനുള്ള മടി അയിമ്പയെ എത്തിച്ചത് കെനിയയിലെ കിസുമുവിലുള്ള ഒരു ഗൈനക്കോളജിസ്റ്റിന്റെ അരികിലാണ്. തീര്‍ത്തും സുരക്ഷിതമല്ലാത്ത രീതിയില്‍ നടത്തിയ ശസ്ത്രക്രിയ അയിമ്പക്ക് പിന്നീട് നല്‍കിയത് വേദന നിറഞ്ഞ ജീവിതവും. പിന്നീട് വീണ്ടും ഗര്‍ഭിണിയായ അവസരത്തില്‍ അദ്യമുണ്ടായ തിക്താനുഭവങ്ങള്‍ അവരെ മാനസികമായി തളര്‍ത്തി. ഇന്ന് കെനിയയില്‍ ഗര്‍ഭിചിദ്രം നിയമവിരുദ്ധമല്ല. ഗര്‍ഭചിദ്രം കാരണമുണ്ടാവുന്ന മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീകള്‍ക്ക് കൗണ്‍സലിങ് നല്‍കുകയാണ് അയിമ്പ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക